Saturday, May 26, 2018

ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാന്‍ സോനെ കെ ഭണ്ഡാര്‍: രാജ്ഗിറിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുന്ന സ്വര്‍ണഖനി:

(ബീഹാര്‍ - ഭാഗം3)

രാവിലെ ശീതകാല പച്ചക്കറികള്‍ സമൃദ്ധമായി വളരുന്ന കൃഷിയിടങ്ങളും ആളില്ലാ ലെവല്‍ ക്രോസ്സുകളും കടന്ന് അജാതശത്രുവിന്റെ കോട്ടയും തേരുവഴിയും കാണാന്‍ പുറപ്പെട്ടു. നൂറുകണക്കിനു നെല്‍വിത്തുകള്‍ പണ്ട് ബീഹാറിലെ കര്‍ഷകരുടെ പക്കലുണ്ടായിരുന്നെന്നും അവയില്‍നിന്നും പലതരം അരിയും പല തരം അവലും ഉണ്ടാക്കാറുണ്ടെന്നും പറഞ്ഞുകൊണ്ടാണ് റാണി സാഹിബ നന്നെ ചെറിയ അവല്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് പ്രഭാതഭക്ഷണമായി വിളമ്പിയത്. നറു നെയ്യിന്റെ സുഗന്ധം ഉപ്പുമാവില്‍ നിന്നുയരുന്നുണ്ടായിരുന്നു. അപ്പോള്‍ പറിച്ചെടുത്ത ഉരുളക്കിഴങ്ങ്, സ്വാദും പുതുമയുമുള്ള ഗ്രീന്‍ പീസ്, പച്ചിലത്തളിരിന്റെ കുടുമയുള്ള ക്യാരറ്റ്, വിവിധതരം പച്ചിലകള്‍, പഞ്ചാബി മട്ടില്‍ മലായിയും (പാല്‍പ്പാട) കുങ്കുമപ്പൂവും ചേര്‍ത്ത പാല്‍, മല്ലിയിലയും പുതിനയും ചേര്‍ത്ത് സുഗന്ധവും രുചിയും കൂട്ടിയ പാല്‍ക്കട്ടി… ഭക്ഷണം അങ്ങേയറ്റം സമൃദ്ധവും പോഷകപ്രദവുമായിരുന്നു.

നെല്‍വിത്തുകള്‍ മാത്രമല്ല, പച്ചക്കറി വിത്തുകളും ഉയരം കുറഞ്ഞ നാടന്‍ പശുക്കളുമെല്ലാം ബീഹാറില്‍ നിന്ന് മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണെന്ന് പ്രഭുജി പറഞ്ഞു. ഭക്ഷണവേളകളിലെല്ലാം പലതരം കഥകളും ഓര്‍മ പുതുക്കലുകളുമായി അദ്ദേഹം സ്വന്തം അറിവുകള്‍ ഞങ്ങളോട് പങ്കുവെച്ചു.

അജാതശത്രുവിന്റെ രാജ്യമായിരുന്നു ബീഹാര്‍. ബിംബിസാരന്റെ മകനാണ് അജാതശത്രു. അച്ഛനെ ജയിലിലടച്ചാണ് അജാതശത്രു മഗധയുടെ അധിപനായത്. ബുദ്ധനും (ബി സി 563483 ) മഹാവീരനും (ബി സി 540468 ) ജീവിച്ചിരുന്ന കാലഘട്ടത്തിലാണ് അജാതശത്രുവും ജീവിച്ചിരുന്നത്. ബുദ്ധജൈന മതസ്വാധീനമാണ് ബീഹാറിന്റെ ഈ സാ മട്ടിലുള്ള വികസനത്തിനു കാരണമെന്ന്.. ഓ! ഒന്നും അനശ്വരമല്ല അതുകൊണ്ടു തന്നെ ഒന്നും നേടി വെയ്‌ക്കേണ്ടതില്ല.. എന്ന വിചാരധാരയാണ് ഈ മെല്ലെപ്പോക്ക് സ്വഭാവത്തിനു ഹേതുവെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഗയയില്‍ നിന്ന് അധികം അകലെയല്ല അജാതശത്രുവിന്റെ കോട്ട. ഗയയില്‍ നിന്ന് രാജ്ഗിറിലേക്ക് ഉള്ള യാത്രയില്‍ കോട്ട മതിലിനെ രണ്ടായി പിളര്‍ന്നു മാറ്റി, അതിനു നടുവിലൂടെ നാഷണല്‍ ഹൈവേ കടന്നു പോകുന്നു.

രാജ്ഗിര്‍ വളരെ പഴയ നഗരമാണ്. അജാതശത്രു തലസ്ഥാനം പാടലിപുത്രത്തിലേക്ക് മാറ്റുന്നതു വരെ മഗധയുടെ തലസ്ഥാനമായിരുന്നു രാജ്ഗിര്‍. മഹാഭാരതത്തില്‍ ഈ സ്ഥലം ഗിരിവ്രജമെന്ന് അറിയപ്പെടുന്നു, ജരാസന്ധന്റെ രാജ്യം. ജരാസന്ധനെ ഭീമന്‍ രണ്ടായിപ്പിളര്‍ന്ന സ്ഥലം ജരാസന്ധന്റെ അഘാട എന്നറിയപ്പെടുന്നു. സന്ദര്‍ശകര്‍ അവിടം കാണാനിഷ്ടപ്പെടുന്നു.

ചൈനീസ് സഞ്ചാരികളായ ഹ്യുയാന്‍സാങ്ങും ഫാഹിയാനും രാജ് ഗിറിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ വിവരണങ്ങള്‍ക്കനുസരിച്ച് പഴയതും പുതിയതുമായി രാജ്ഗിര്‍ വിഭജി്ക്കപ്പെട്ടിട്ടുണ്ട്. പഴയ രാജ് ഗിര്‍ കുന്നുകളാല്‍ ചുറ്റപ്പെട്ട താഴ്‌വയാണ്. പുതിയ രാജ്ഗിര്‍ കോട്ടമതിലിന്റെ വടക്കേ വാതിലിനടുത്ത് പരിഷ്‌ക്കരിച്ച രാജ്ഗിര്‍ നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
 സോനെ കാ ഭണ്ഡാര്‍  പാറക്കെട്ട്

അജാതശത്രുവിന്റെ രഥചക്രങ്ങള്‍ താഴ്ന്ന അടയാളമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകള്‍ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. അവിടെ പാലി ലിപിയില്‍ കൊത്തിയ അനവധി ശിലാലിഖിതങ്ങളുണ്ട്. ഓരോ ലിഖിതത്തിനടുത്തും കുറച്ചു പൂക്കളും ചന്ദനത്തിരിയുടെ പുകയുമെല്ലാമായി ' ഞാന്‍ ഒരു ദരിദ്ര ബ്രാഹ്മണനാണ് എന്തെങ്കിലും തരൂ' എന്ന് പറയുന്നവരും ഇരിപ്പുണ്ട്. ഓരോ ലിഖിതവും തരാതരംപോലെ രാമായണ മഹാഭാരത കഥകളായി വേഷം മാറുന്നതും കാണാം. രാജ്ഗിര്‍ പട്ടണത്തിലെ സോനെ കാ ഭ ണ്ഡാര്‍ എന്ന പാറക്കെട്ടാണ് അജാതശത്രുവിന് ഏറ്റവും അധികം ആരാധന നേടിക്കൊടുക്കുന്നത്. മഹാഭാരതത്തിലെ ജരാസന്ധന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണമത്രയും ഈ ഭണ്ഡാരത്തിലുണ്ട്. അത് അജാതശത്രു കൈവശപ്പെടുത്തി. എന്നിട്ട് രണ്ട് ഗുഹകളുള്ള ആ കൂറ്റന്‍ പാറക്കെട്ടില്‍ പാലിയിലെഴുതി ചില സൂത്ര എഴുത്തുകള്‍. അത് ഡീ കോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിന്റെ ഒരു സൂത്രത്താക്കോല്‍ രഥചക്രങ്ങള്‍ താഴ്ന്ന ശിലകളിലെ ലിഖിതങ്ങളിലുണ്ടെന്നുമാണ് കഥ. സോനേ കാ ഭണ്ഡാറിലും ഒരു ബ്രാഹ്മണനുണ്ട്. അവിടെയും ദക്ഷിണ ചോദിക്കുന്നുണ്ട്. ആ ഭണ്ഡാരം തുറക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ സമസ്ത ദാരിദ്ര്യവും മാറുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്രമാത്രം സ്വര്‍ണമുണ്ടത്രേ ആ പാറക്കെട്ടുകള്‍ക്കുള്ളില്‍… കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ പത്മനാഭസ്വാമിയുടെ പക്കലുള്ളതിലുമധികം സ്വര്‍ണമുണ്ട് ഈ പാറക്കെട്ടിലെന്ന് കാവലിരിക്കുന്ന ബ്രാഹ്മണന്‍ പുഞ്ചിരിച്ചു. എത്ര ദൂരത്തു നിന്നായാലും അളവറ്റ ധനത്തിന്റെ വാര്‍ത്തകള്‍ എല്ലാവരും അറിയുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മണിയാര്‍ മഠം ക്ഷേത്രം

അടുത്തതായി തൊട്ടരികിലുള്ള മണിയാര്‍മഠെന്ന ഒരു പ്രാചീന ക്ഷേത്രം കാണാന്‍ പോയി. തറനിരപ്പില്‍ നിന്ന് താഴോട്ടാണ് പ്രതിഷ്ഠ. ആ ക്ഷേത്രത്തില്‍ ഇന്നുവരെ പൂജ മുടങ്ങിയിട്ടില്ലെന്നും അയ്യായിരത്തിലധികം വര്‍ഷമായി എന്നും പൂജ ചെയ്യപ്പെടുന്ന ക്ഷേത്രമാണതെന്നും പൂജാരി വിശദീകരിച്ചു. അതൊരു ജൈനക്ഷേത്രമായിരുന്നു. പിന്നീട് ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമായി നാഗാരാധന നിലവില്‍ വന്നു. എന്തായാലും ക്ഷേത്രം ജീര്‍ണാവസ്ഥയിലാണ്. ചുവരുകള്‍ ഇടിഞ്ഞു തുടങ്ങി. ജീര്‍ണോദ്ധാരണമൊന്നും അങ്ങനെ കാര്യമായി നടക്കുന്നില്ല.

വിസ്തൃതമായ ഒരു താഴ്‌വരയാണ് രാജ്ഗിര്‍. ഏഴു കുന്നുകളാല്‍ ചുറ്റപ്പെട്ട അതി സുന്ദരമായ താഴ്‌വര. വൈഭവഗിരി, രത്‌നഗിരി, ശൈലഗിരി, സ്വര്‍ണഗിരി, ഉദയഗിരി, ഛാദഗിരി, വിപുലഗിരി എന്നിവയാണ് ആ കുന്നുകള്‍. രാജ്ഗിറില്‍ നിന്ന് പതിനഞ്ചു കിലോ മീറ്റര്‍ കൂടി പോയാല്‍ വിശ്വപ്രസിദ്ധമായ നളന്ദയിലെത്തിച്ചേരാം. ചെറുകുറ്റിക്കാടുകള്‍ നിറഞ്ഞ വനഭംഗിയാണ്, രാജ്ഗിറിനുള്ളത്. ബുദ്ധന്‍ നടന്ന് പോയ വഴിത്താരകളാണിവിടെ. മാസങ്ങളോളം അദ്ദേഹം ധ്യാനിച്ചിരുന്ന ഗൃദ്ധ്ര കൂടവും അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ട ജീവേകര്‍മവന്‍ ബുദ്ധവിഹാരവും (ദേവദത്തന്‍ അമ്പുകൊള്ളിച്ച് പരിക്കേല്‍പ്പിച്ചപ്പോള്‍ സിദ്ധാര്‍ഥനെ ചികില്‍സിച്ചത് ഇവിടെ ആയിരുന്നു എന്ന് കഥയുണ്ട്). രാജാവായ ബിംബിസാരന്‍, ബുദ്ധനു ദാനം ചെയ്ത വേണുവനവും രാജ്ഗിറിലുണ്ട്. ജൈനമതതീര്‍ഥങ്കരനായ വര്‍ദ്ധമാനമഹാവീരനും പതിനാലു വര്‍ഷങ്ങള്‍ രാജ്ഗിറില്‍ ചെലവാക്കിയിട്ടുണ്ട്.

ബ്രഹ്മകുണ്ഡം

കുറെ ചൂട് നീര്‍ച്ചോലകളുണ്ട് രാജ്ഗിറില്‍. വൈഭവ പര്‍വതത്തിലെ സപ്തറാണി ഗുഹകളില്‍നിന്ന് ആരംഭിക്കുന്ന സപ്തധാരകളാണ് ഈ നീര്‍ച്ചോലകള്‍. ഇവ വിവിധ കുളങ്ങളില്‍ ശേഖരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കുളിയിടങ്ങളുണ്ട്. ബ്രഹ്മകുണ്ഡമാണ് ഏറ്റവും വലുത്. നാല്‍പത്തഞ്ചു ഡിഗ്രി സെന്റിഗ്രേഡാണ് അവിടെത്തെ വെള്ളത്തിന്റെ താപനില. അഭൂതപൂര്‍വമായ തിരക്കായിരുന്നു അവിടെ. അസഹനീയമായ വൃത്തികേടും. മനുഷ്യന്‍ എത്ര വൃത്തികെട്ട പദമെന്ന് ആര്‍ക്കും തോന്നിപ്പോകും.

രാജ്ഗിറിലെ വിശ്വശാന്തിസ്തൂപം കാണുകയായിരുന്നു അടുത്ത ലക്ഷ്യം. ലോകത്തിലെ എണ്‍പതു ശാന്തി സ്തൂപങ്ങളില്‍ ഒന്നാണിത്. 1969 ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ജപ്പാന്‍ ഗവണ്മെന്റിന്റെ അധീനതയിലാണ് ഈ സ്തൂപവും സ്ഥലവും… ബുദ്ധന്‍ന്റെ അത്യപൂര്‍വമായ നാലു വിഗ്രഹങ്ങളാണ് അവിടെ ഉള്ളത്. നാനൂറു മീറ്റര്‍ ഉയരമുള്ള ഒരു കുന്നിലാണ് സ്തൂപം. ഒരു റോപ് വേയിലൂടെയാണ് സ്തൂപത്തിലെത്താന്‍ കഴിയുക. ഭയപ്പെടാന്‍ അവസരം കിട്ടും മുന്‍പേ ഞാന്‍ കയറിയ ബാസ്‌കറ്റ് സഞ്ചരിച്ചു തുടങ്ങിയതുകൊണ്ട് അത് അതീവരസകരമായ ഒരു യാത്രയായി എനിക്ക് അനുഭവപ്പെട്ടു. പാറക്കെട്ടുകള്‍ക്കും മുള്ളുള്ള കുറ്റിക്കാടുകള്‍ക്കും മീതെ ഒരു തൂങ്ങുന്ന ഇരുമ്പ് കുട്ടയിലേറിയുള്ള പോക്ക് എന്നെ ശരിക്കും ആഹ്ലാദിപ്പിച്ചു. ദേവാനന്ദും ഹേമമാലിനിയും റോപ് വേയിലൂടെ 'ഓ! മേരേ രാജാ' എന്ന പാട്ടൊക്കെ പാടി പോകുന്ന പോലെ… ഞാനും ചെറുതായി ഒന്നു പാടി നോക്കി.

വിശ്വശാന്തിസ്തൂപം

സ്തൂപത്തിലെ ക്ഷേത്രത്തില്‍ ബുദ്ധസന്യാസിമാര്‍ പിരീത് ചൊല്ലുന്നുണ്ടായിരുന്നു. പിരീതിന്റെ താളം ആ ക്ഷേത്രാന്തരീക്ഷത്തിന് അഭൗമമായ ഒരു ശാന്തി പകര്‍ന്നു. ഓം മണി പത്മേ ഹും എന്ന് ജപിക്കുമ്പോള്‍ ഒരു പക്ഷെ, വിശ്വശാന്തിയുടെ അറിയാസ്പന്ദനങ്ങള്‍ ഉണ്ടാകുന്നുണ്ടാവാം. ബുദ്ധമതാനുയായികള്‍ അതിക്രൂരരായി മാറിയ പ്രാചീനവും നവീനവുമായ സംഭവങ്ങളെ ഒന്നും മറന്നുകൊണ്ടല്ല ഇങ്ങനെ എഴുതുന്നത്. പിരീതിന്റെ താളാത്മകത നല്‍കുന്ന ശാന്തി മാത്രമാണ് എന്റെ വിവക്ഷ.

സര്‍വവും ത്യജിച്ച ബുദ്ധനെ ഇങ്ങനെ സ്വര്‍ണവര്‍ണത്തില്‍ തിളക്കമേറ്റി നിറുത്തിയിരിക്കുന്നതെന്തിനാവും എന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ലോകമാകെയുള്ള വിവിധ രാജ്യങ്ങളിലെ ബുദ്ധമതവിശ്വാസികള്‍ കൂട്ടമായും ഒറ്റയ്ക്കും വിശ്വശാന്തി സ്തൂപം കാണാന്‍ വരുന്നുണ്ടായിരുന്നു. പല വേഷങ്ങള്‍, പല ഭാഷകള്‍, പല ഫാഷനുകള്‍… എല്ലാവരും ഒരു പോലെ ബുദ്ധം ശരണം ഗച്ഛാമി.. എന്ന് മന്ത്രമുഗ്ദ്ധരായി വിശ്വശാന്തിസ്തൂപത്തെ പ്രദക്ഷിണം ചെയ്തു.

വിശ്വ ശാന്തി സ്തൂപത്തിലേക്കുള്ള റോപ് വേ

റോപ് വേയിലൂടെ താഴെയിറങ്ങിയപ്പോള്‍ ഇരുട്ട് പരക്കുകയായിരുന്നു. എങ്കിലും കുപ്പിവളക്കടകളില്‍ കയറാതെ തിരിച്ചു പോരാന്‍ എനിക്ക് മടി തോന്നി. മിനുങ്ങുന്ന വളകള്‍ തെരഞ്ഞ് ഞാന്‍ വര്‍ണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കടകളില്‍ കുറച്ചു സമയം ചെലവാക്കി. വളക്കൂടുകള്‍ക്കൊപ്പം ആട്ടയില്‍ തയാറാക്കി മടക്കുമടക്കായി വറുത്ത് പഞ്ചസാരപ്പാനിയില്‍ മുക്കിയ നാടന്‍ മധുരപലഹാരമായ ഖാജ വാങ്ങിക്കാനും മറന്നില്ല.

നിലാവു പരന്നു കഴിഞ്ഞിരുന്നു. ബിഹാറിന്റെ അതിവിസ്തൃതവും ഫലഭൂയിഷ്ഠവുമായ പച്ചക്കറിപ്പാടങ്ങളെ രാത്രിയിലെ ഇളം കാറ്റ് തീരാത്ത മോഹത്തോടെ വാരിപ്പുണര്‍ന്നു. നിലാവിന്റെ പ്രഭയില്‍ പച്ചക്കറിപ്പാടങ്ങള്‍ ലജ്ജയോടെ, രോമാഞ്ചം കൊള്ളുന്നത് കാണാമായിരുന്നു. പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ഏകാന്ത വഴിത്താരകളിലൂടെ എന്‍ഡേവര്‍ ഓടിക്കൊണ്ടിരുന്നു. ഒറ്റ വഴി വിളക്കും തെളിഞ്ഞിരുന്നില്ല. നിലാവിന്റെ ശോഭ നമ്മെ കൊതിപ്പിക്കുന്നതും ലഹരിയിലാഴ്ത്തുന്നതും അത്തരം ഇരുളിലാണ്. കാറിനുള്ളിലെ സാന്ദ്രമായ നിശ്ശബ്ദതയില്‍ തന്റെ മുഴക്കമുള്ള ശബ്ദത്തില്‍ മന്നാഡേ എനിക്കു വേണ്ടി മാത്രം പാടി.. സിന്ദഗീ… കേസി ഹെ പഹേലി..

യാത്ര അഭൗമവും അവിസ്മരണീയവുമാകാന്‍ മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ല.

(തുടരും)
ചിത്രങ്ങള്‍ അഴിമുഖം

Friday, May 25, 2018

മല്ലിപ്പൂക്കളുടെ നാട്ടില്‍: ബിഹാറിന്റെ ഹൃദയത്തിലൂടെ

(ഭാഗം-2)

രാജാവാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് രാജാസാഹേബ് ചിരിച്ചത്. ഇനി അഥവാ സ്വന്തമായി നിര്‍മ്മിച്ചില്ലെങ്കിലും പൂര്‍വികര്‍ നിര്‍മ്മിച്ചതിനെയൊക്കെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഭംഗിയായി സംരക്ഷിക്കുകയെങ്കിലും വേണമെന്ന് പിന്നെയും ചിരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. എന്തായാലും എത്ര പരിശ്രമിച്ചാലും രാജാവിന്റെ മകന്റെ മകനാകുന്നത്ര ഗമയും അധികാരവും രാജാവിന്റെ മകളുടെ മകന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ കണ്ടു മനസ്സിലാക്കി. ദരിദ്രരും വിദ്യാവിഹീനരും ആശ്രിതരും ഒക്കെത്തന്നെയാണെങ്കിലും ഈ രാജാസാഹേബ് തങ്ങളുടെ രാജാവിന്റെ മകളുടെ മകന്‍ മാത്രമാണല്ലോ എന്ന ഖേദം ഗ്രാമീണര്‍ക്കുണ്ടായിരുന്നു.

സ്തൂപികാകൃതിയില്‍ വലിയ ഗോപുരങ്ങളുള്ള നരോത്തം ക്ഷേത്രത്തിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ക്ഷേത്രത്തിനു പുറകില്‍ ഷേര്‍ഷാ സൂരിയുടെ ഇടിഞ്ഞു പൊളിഞ്ഞ കോട്ട ഷഹ് നായിയില്‍ നിന്നുതിരുന്നൊരു വിഷാദഗാനത്തെ ഓര്‍മ്മിപ്പിച്ചു. വിശാലമായ ക്ഷേത്രമുറ്റം തീറ്റപ്പുല്‍ക്കൃഷിയുടെ കടുത്ത പച്ചപ്പും പലതരം ചെമ്പരത്തികളും വെളുത്ത നിറമുള്ള അനവധി കാട്ടുപൂക്കളും പച്ചച്ചു തുടുത്തു വെളുത്ത പുഞ്ചിരികള്‍ മാറിമാറി സമ്മാനിച്ചുകൊണ്ടിരുന്നു. വയലറ്റു നിറമുള്ള ഒരു പൂപ്പാടമുണ്ടായിരുന്നു ക്ഷേത്രത്തിന്റെ വലതുഭാഗത്ത്. അവിടെ ശിവലിംഗ പ്രതിഷ്ഠയുമുണ്ടായിരുന്നു. ആ പൂപ്പാടമുണ്ടാക്കിയ കൌതുകം ചെറുതായിരുന്നില്ല. നന്നെ പരിചിതമായ ഒരു സുഗന്ധം അവിടെ പരന്നിരുന്നു. കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അതെന്തെന്ന ഉത്തരം എന്നില്‍ നിന്നു തന്നെ അടര്‍ന്നു വീണു. അത് മല്ലിയുടെ സുഗന്ധമായിരുന്നു. സാമ്പാറില്‍ വറുത്തരയ്ക്കുന്ന നമ്മുടെ മല്ലി… ഒരു മല്ലിപ്പാടമായിരുന്നു അത്. ഉരുണ്ട മല്ലി മണികള്‍ വിളയുന്ന മല്ലിച്ചെടിയും കറികളില്‍ വിതറുന്ന പച്ചമല്ലിയിലയും രണ്ടു തരം ചെടികളില്‍ നിന്നാണ് ഉണ്ടാവുന്നതെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. എന്റെ അജ്ഞത തിരിച്ചറിഞ്ഞ, നീലകണ്ഠ് എന്ന് പേരുള്ള അകത്തേക്ക് വളഞ്ഞൊട്ടിയ വയസ്സനായ ആ കര്‍ഷകന്‍ ക്ഷമാപൂര്‍വം വ്യത്യാസം വിശദീകരിച്ചു തന്നു. മനോഹരമായ വയലറ്റ് നിറത്തിലെ മല്ലിപ്പൂ വാസനിക്കാനുള്ള ആഗ്രഹം ഞാന്‍ മനസ്സില്‍ ഒതുക്കി. ആ പാടത്തേക്കിറങ്ങാന്‍ എന്നിലെ നാലുനേരം കുളിക്കുന്ന വൃത്തിക്കാരി മലയാളിക്ക് കഴിഞ്ഞില്ല. കാരണം പാടവരമ്പുകളാകെ ഗ്രാമീണരുടെ അമേധ്യത്തില്‍ മുങ്ങിനിവര്‍ന്നിരുന്നു.

 നരോത്തം ക്ഷേത്രം അത്ര കേമപ്പെട്ട സ്ഥിതിയിലൊന്നുമായിരുന്നില്ല. കുറച്ചു ജീര്‍ണോദ്ധാരണമൊക്കെ ഇടയ്ക്കും മുറയ്ക്കും ചെയ്തിട്ടുണ്ടെങ്കിലും. വലിയ കൊത്തു പണികളൊന്നും ചുവരുകളേയോ മേല്‍ക്കൂരയേയോ അലങ്കരിക്കുന്നുണ്ടായിരുന്നില്ല. ചുവരുകളിലെ വിള്ളലുകളില്‍ ആലും മറ്റു പലതരം വൃക്ഷങ്ങളും നാമ്പിട്ടു നിന്നു. തറ മാത്രം ചിലയിടത്ത് പഴയ മട്ടിലുള്ള മിനുപ്പില്‍ മിന്നുന്നുണ്ടായിരുന്നു. എന്നാല്‍ ക്ഷേത്രഗോപുരങ്ങള്‍ അലങ്കാരങ്ങളാല്‍ സമൃദ്ധമായിരുന്നു. ആടുന്ന ഒരു ഗോവണിയിലൂടെ കുറച്ചു ബുദ്ധിമുട്ടിയാണ് മേല്‍ക്കൂരയിലേക്ക് കയറിയതെങ്കിലും. ആ ശില്‍പചാതുരി എന്നെ അതിശയിപ്പിച്ചു. ഏകദേശം രാമായണകഥയാകെ ആ ഗോപുരങ്ങളില്‍ വെളിവാക്കപ്പെട്ടിരുന്നു. അംഗസൌഷ്ഠവം തികഞ്ഞ അപൂര്‍വമായ കൊത്തുപണികളായിരുന്നു എല്ലാം തന്നെ. എന്റെ കാല്‍പ്പെരുമാറ്റം ഉണ്ടാക്കിയ അലോസരത്തിലാവണം ആ മനോഹര ശില്‍പങ്ങളുടെ നിഴലില്‍ നിന്ന് അനേകം തത്തകള്‍ ചിറകടിച്ച് പറന്നുയരുന്നുണ്ടായിരുന്നു.

മാവുകളും കരിമ്പനകളും പച്ചക്കുട പിടിച്ച നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ കുറുക്കന്‍ കായച്ചെടിയെന്ന് ചെറുപ്പത്തില്‍ കേട്ടു പരിചയിച്ച കുറ്റിച്ചെടിയെ കണ്ടുമുട്ടി. രോമാവൃതമായി, ചുവന്ന നിറത്തില്‍ ഒരു കൂട്ടം ചെറു കായ്കളും പച്ചച്ച വലിയ ഇലകളുമാണ് ആ ചെടിക്കുണ്ടായിരുന്നത്. അതിനെ സിന്ദൂരച്ചെടി എന്നാണ് ബീഹാറുകാര്‍ വിളിക്കുന്നത്.എല്ലാ വീട്ടിലും അത് വെച്ചു പിടിപ്പിക്കുകയും ചെയ്യും. സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്താന്‍ ഈ കായുടെ ചുവന്ന കറ ഉപയോഗിക്കുന്നു. കടകളില്‍ സാധാരണമായി കിട്ടുന്ന ഒരു കുങ്കുമച്ചെപ്പിനു വലിയ വിലയാണെന്നും ആ പണമുണ്ടാക്കുന്നതിലും എത്രയോ എളുപ്പം സിന്ദൂരച്ചെടിയുടെ കറയുപയോഗിക്കുന്നതാണെന്നും വയലുകളില്‍ ജോലി ചെയ്തിരുന്ന മെലിഞ്ഞുണങ്ങിയ സ്ത്രീകള്‍ സാക്ഷ്യം പറഞ്ഞു. വലിയ കണ്ണാടികള്‍ പതിച്ച വന്‍കിട കോസ്‌മെറ്റിക്‌സ് ഷോപ്പുകളെ ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കാതിരുന്നില്ല. ഗയയിലും പരിസരങ്ങളിലും അത്തരം വലിയ കടകള്‍ എന്റെ യാത്രയില്‍ കാണാനായതുമില്ല.
രാജകുടുംബത്തിലെ സ്ത്രീകളെ ആകെ മൂടിമറയ്ക്കുന്നൊരു സമ്പ്രദായത്തെപ്പറ്റി റാണി സാഹിബാ പറഞ്ഞു തന്നതും അപ്പോഴാണ്. ഖട്ടാതോപ് എന്നാണ് ആ രീതിയുടെ പേര്. റാണിസാഹിബായും ആദ്യകാലത്ത് ആ രീതിയില്‍ സഞ്ചരിച്ചിരുന്നുവെത്രേ. അതൊരു ചലിക്കുന്ന മുറിയാണ്. നാലുപാടും കര്‍ട്ടണുകള്‍ ഇട്ട് പല്ലക്ക് ചുമക്കുന്നതു പോലെ നാലാളുകള്‍ റാണിയ്‌ക്കൊപ്പം നടക്കും. ക്ഷേത്രത്തിലും മറ്റും പോകുമ്പോള്‍ ഇത് നിര്‍ബന്ധമായിരുന്നു. ഖട്ടാതോപിന്റെ കര്‍ട്ടണ്‍ പിടിപ്പിക്കുന്ന കനത്ത കാലുകള്‍ കൊട്ടാരമുറ്റത്ത് വിശ്രമിക്കുകയാണ് ഇപ്പോഴെന്നും ഒരു ചെറുചിരിയോടെ അവര്‍ പറഞ്ഞു കേള്‍പ്പിച്ചു .

എന്നോട് സംസാരിക്കുമ്പോള്‍ റാണിസാഹിബാ ദില്ലിച്ചുവയുള്ള, പഞ്ചാബി വാക്കുകള്‍ ധാരാളമായി കടന്നു വരുന്ന ഹിന്ദി ഉപയോഗിച്ചു. എന്നാല്‍ അവരുടെ ജോലിക്കാരോടും മറ്റും നീട്ടലും കുറുക്കലുമായി നല്ല ബീഹാറിച്ചുവയുള്ള ഹിന്ദിയിലാണ് സംസാരിച്ചത്. ബീഹാറികളെ വൃത്തിയില്ലാത്തവര്‍, ദരിദ്രര്‍, മോഷ്ടാക്കള്‍ എന്നും മറ്റും പറഞ്ഞ് പരിഹസിക്കുന്നതില്‍ റാണി സാഹിബായ്ക്ക് എരിയുന്ന എതിര്‍പ്പാണ്. അതുകൊണ്ടുതന്നെ തന്റെ ബീഹാറിത്തം പറ്റുമ്പോഴെല്ലാം പ്രദര്‍ശിപ്പിക്കുന്നതില്‍ അവര്‍ പ്രത്യേകം താല്‍പര്യം കാണിച്ചു. അത് കേട്ടുകൊണ്ടിരിക്കുന്നതും കണ്ടുകൊണ്ടിരിക്കുന്നതും വളരെ രസകരമായി എനിക്കനുഭവപ്പെടാതിരുന്നില്ല.

അന്ന് പൌര്‍ണമിയായിരുന്നു. കൊട്ടാരത്തിലെ ക്ഷേത്രത്തില്‍ കാളിമാതാവിനെ വലിയ നഗാര കൊട്ടി ഉണര്‍ത്തി ദീര്‍ഘനേരം പൂജ ചെയ്യുന്നുണ്ടായിരുന്നു. പൂജാരി ഒരു ബ്രാഹ്മണനായിരുന്നുവെങ്കിലും സഹായി അഭ്യസ്തവിദ്യനായ ഒരു ദളിതനാണ്. തന്നെയുമല്ല അദ്ദേഹത്തിനു ഒരു അയിത്തവും കൊട്ടാരത്തില്‍ കല്‍പിച്ചിരുന്നില്ല. എല്ലായിടത്തും പ്രഭു എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പൂജ്യനായിരുന്നു. അതെന്നില്‍ അല്‍ഭുതത്തോടൊപ്പം സന്തോഷവുമുളവാക്കി.

സുഗന്ധമുള്ള പുക ഉയരുന്ന വിറക് കഷ്ണങ്ങളായിരുന്നു അത്താഴത്തിനു മുന്‍പുള്ള സായാഹ്ന സദസ്സില്‍ നെരിപ്പോടിലുപയോഗിച്ചിരുന്നത്. ചിരപരിചിതയായ ഒരു വിറകുവെട്ടുകാരിയെപ്പോലെ റാണി സാഹിബാ വിറകുകഷ്ണങ്ങള്‍ കൊത്തിച്ചെറുതാക്കി നെരിപ്പോടില്‍ നിറയ്ക്കുന്നത് ഞാന്‍ കൌതുകത്തോടെ ശ്രദ്ധിച്ചു. ധും ധും എന്ന നഗാര മുഴക്കിയുള്ള വിപുലമായ പ്രാര്‍ഥനയ്ക്കും ആരതിയ്ക്കും ശേഷം കാളിമാതാവിന്റെ പ്രസാദമായി പാല്‍പായസം എല്ലാവര്‍ക്കും വിതരണം ചെയ്യപ്പെട്ടു.

രാത്രി ഇരുളുന്തോറും പൌര്‍ണമി പിന്‍വാങ്ങുന്തോറും ആകാശത്തിലെ ആയിരം കാന്താരി പൂത്തിറങ്ങിയ നക്ഷത്ര സമൃദ്ധി വ്യക്തമായി കാണാറായി.നഗരങ്ങളിലെ വെളിച്ച മാലിന്യത്തില്‍ ഈ കാന്താരിക്കാഴ്ച എത്ര അസുലഭമാണെന്ന് കുറെക്കാലം കൂടിയാണ് എനിക്ക് മനസ്സിലായത്. പാതിരാത്രിയില്‍ എപ്പോഴോ ഉണര്‍ന്ന ഞാന്‍ ഇലകളില്‍ ഇറ്റി വീഴുന്ന മഞ്ഞുതുള്ളികളുടെ നേര്‍ത്ത ഗാനം കേള്‍ക്കാതിരുന്നില്ല. അപ്പോള്‍ ജനല്‍പ്പാളിയുടെ വിടവിലൂടെ മഞ്ഞിന്റെ തണുപ്പും പൌര്‍ണമിയുടെ കൈകളും നീണ്ടു വന്നിരുന്നു.
 (തുടരും)
(ചിത്രങ്ങള്‍ അഴിമുഖം)

Thursday, May 24, 2018

ചില തിരിച്ചുപോക്കുകള്‍; ബിഹാറിന്റെ ഹൃദയത്തിലൂടെ-


(ഭാഗം 1)


ഡല്‍ഹിയിലെ ജന്‍പഥില്‍, പഞ്ചനക്ഷത്രഹോട്ടലായ ലേ മെറിഡിയനു മുന്നില്‍ വെച്ചായിരുന്നു ഞങ്ങള്‍ കയറിയിരുന്ന ഓട്ടോറിക്ഷയില്‍ കപ്പലു പോലെയുള്ള ഒരു കാര്‍ പാഞ്ഞു വന്നിടിച്ചത്. ഭാഗ്യം കൊണ്ട് ചോരയൊഴുകുന്ന പരിക്കൊന്നും ഉണ്ടായില്ല. എന്നാലും ഇടിയുടെ ആഘാതത്തില്‍ ആകെ ഉലഞ്ഞു പോയ എന്റെ ശരീരം എവിടെയൊക്കെയോ അമര്‍ന്നു ചതഞ്ഞു... വേദനിച്ചു. രണ്ട് മാസത്തിനിപ്പുറം ഇപ്പോഴും വേദനിക്കുന്നു.

ഡല്‍ഹിയില്‍ നിന്ന് സിയാല്‍ദയിലേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസ്സില്‍ കയറണമായിരുന്നു ഞങ്ങള്‍ക്ക്. ആദ്യമായാണ് ഞാന്‍ രാജധാനിയില്‍ കയറുന്നത്. പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ബാഗും ചുമന്ന് കിതച്ച് കിതച്ച് എത്തിയപ്പോഴേക്കും ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു.

ബംഗാളികളുടെ ഒരു വലിയ മീന്‍ ചന്ത പോലെ തോന്നിച്ചു ആ രാജധാനി. കുറെ നേരത്തേക്ക് ഞാന്‍ മലയാളം പോലും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടി.

ഡല്‍ഹി വിട്ടാല്‍ ഉടനെ കുറെ ഇഷ്ടികപ്പാടങ്ങള്‍ കാണുമെങ്കിലും പിന്നീട് കാര്‍ഷിക സമൃദ്ധി പച്ചപ്പായി നമ്മുടെ കണ്ണുകളെ വിരുന്നൂട്ടാതിരിക്കില്ല. അത് ആഹ്ലാദകരമായ ഒരു കാഴ്ച തന്നെയായിരുന്നു. ഗോതമ്പ് വയലുകളും അറ്റം കാണാത്ത പച്ചക്കറിപ്പാടങ്ങളും കടുകുചെടികള്‍ പൂത്തുലഞ്ഞുണ്ടായ മഞ്ഞക്കടലും നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടന്നു. ഫെബ്രുവരി മാസമായതുകൊണ്ട് അഞ്ചുമണിയായപ്പോഴേക്കും മൂടല്‍മഞ്ഞ് തന്റെ തൂവെള്ള സാരിയുമായി താഴ്ന്നിറങ്ങി കാഴ്ചകളെ മറയ്ക്കാന്‍ തുടങ്ങി.

രാജധാനിയിലെ യാത്രയ്ക്ക് സങ്കല്‍പിച്ച അത്ര രസമൊന്നുമുണ്ടായിരുന്നില്ല. റീഡിംഗ് ലാംപ് കത്തുന്നുണ്ടായിരുന്നില്ല. ടോയ് ലറ്റും പരിതാപകരമായിരുന്നു. ഭക്ഷണം മാത്രം ആവശ്യത്തിലുമധികം കിട്ടിക്കൊണ്ടിരുന്നു. വല്ലാത്ത തണുപ്പും ബംഗാളി ഭാഷയുടെ ഷബോഷ ബഹളവും കൂടിയായപ്പോള്‍ വേഗം കിടന്നുറങ്ങാമെന്നാണ് എനിക്ക് തോന്നിയത്. രാവിലെ മൂന്നാലു മണിയാവുമ്പോഴേക്കും ഗയ എത്തുമെന്നാണറിവ്. ഫോണില്‍ ഒരു അലാം സെറ്റ് ചെയ്തു വെച്ച് പുതപ്പെടുത്ത് തല വഴി മൂടിക്കിടന്നു.

ഗയയ്ക്കടുത്ത മഖ്‌സൂദ്പൂരിലെ രാജാസാഹേബും റാണി സാഹിബയുമായിരുന്നു ആതിഥേയര്‍. എല്ലാ നിലയ്ക്കും രാജകീയമായ സ്വീകരണവും താമസവും തന്നെയായിരുന്നു കാത്തിരുന്നത്. ഗയ സ്റ്റേഷനില്‍ എന്‍ഡവര്‍ കാത്ത് നിന്നിരുന്നു. ഗയ ടൌണിലെ കൊച്ചു കൊട്ടാരത്തിലേക്കായിരുന്നു ആദ്യം പോയത്. കൊട്ടാരത്തിനു മുന്നില്‍ വലിയൊരു കുന്നും അതിന്റെ ഉച്ചിയില്‍ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്നൊരു അമ്പലവുമുണ്ടായിരുന്നു. കൊച്ചുകൊട്ടാരത്തെ ആദ്യം കോള്‍ഡ് സ്റ്റോറേജാക്കി മാറ്റി, ഇപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് കെട്ടിടത്തെ ഒരു സ്‌കൂള്‍ ആക്കി മാറ്റാനുള്ള പരിശ്രമത്തിലായിരുന്നു അവര്‍. സൂര്യനുദിക്കും മുന്‍പേ കെട്ടിടം മുഴുവന്‍ നടന്നു കണ്ടു. അനവധി കൂറ്റന്‍ മുറികള്‍ കൊട്ടാരത്തിലുണ്ടായിരുന്നു. കുറെ സഹായികളുമുണ്ടായിരുന്നു. പലരും ഇരുപത്തഞ്ചും മുപ്പതും കൊല്ലമായി രാജാസാഹേബിനൊപ്പം ജോലി ചെയ്യുന്നവരാണ്. അതിഥികളുടേയും കാലു തൊട്ട് വന്ദിക്കുക എന്നത് അവരുടെ നിത്യപ്പതിവാണെന്ന് തോന്നി. വളരെക്കൂടുതല്‍ വിനയവും മര്യാദയും പെരുമാറ്റത്തില്‍ പ്രകടിപ്പിക്കുന്നവരായിരുന്നു അവരെല്ലാവരും തന്നെ.
 


 ഗയ ഒരു വലിയ പട്ടണമല്ല, എന്നാല്‍ വലുപ്പമാര്‍ജ്ജിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടക്കുന്നുണ്ട്. വളരെ വീതി കുറഞ്ഞ വഴികളും വഴികള്‍ക്കരികില്‍ ആണ്‍-പെണ്‍ സമത്വത്തോടെ പ്രാഥമിക ദിനകൃത്യങ്ങള്‍ നിര്‍വഹിക്കുന്ന സാധാരണക്കാരും നിറഞ്ഞ ഒരു പട്ടണമായിട്ടാണ് ആ പ്രഭാതത്തില്‍ ഗയ പ്രത്യക്ഷപ്പെട്ടത്. ഫല്‍ഗു നദിയ്ക്ക് മേലെയുള്ള വലിയ പാലവും വീതി കൂടാന്‍ പരിശ്രമിക്കുന്ന വഴികളും വലിയ കുഴികളുമെല്ലാമായി എന്‍ഡവര്‍ ഓളത്തില്‍ ചാഞ്ചാടുന്ന തോണിയെപ്പോലെ മഖ്‌സൂദ്പൂര്‍ ലക്ഷ്യമാക്കി നീങ്ങി.

രാംശില കുന്നും ഫല്‍ഗു നദിയും പശുവുമായി ബന്ധപ്പെട്ട ഒരു രാമായണകഥ പറഞ്ഞു തരികയായിരുന്നു റാണി സാഹിബാ. ദശരഥന്റെ ശ്രാദ്ധത്തിനു ഫല്‍ഗു നദിയുടെ കരയില്‍ സീത എല്ലാ തയാറെടുപ്പും ചെയ്ത് ശ്രീരാമനേയും ലക്ഷ്മണനേയും കാത്തിരുന്നുവെങ്കിലും അവര്‍ നേരത്തിനു എത്താതിരുന്നതുകൊണ്ട് സീത തന്നെ എല്ലാ കര്‍മ്മങ്ങങ്ങളും ചെയ്തു, സ്ത്രീയായതുകൊണ്ട് ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ വിലക്കുള്ള സീത കര്‍മ്മങ്ങള്‍ ചെയ്തുവെന്ന് ആരും വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതി രാംശിലയേയും ഫല്‍ഗു നദിയേയും നദിക്കരയില്‍ മേഞ്ഞിരുന്ന ഒരു പശുവിനേയും സാക്ഷിയായി വിളിച്ചു. സാക്ഷി പറഞ്ഞുകൊള്ളാമെന്ന് ഏറ്റ മൂന്നു പേരും ശ്രീരാമനേയും ലക്ഷ്മണനേയും കണ്ടപ്പോള്‍ കാലുമാറി. 'ആ സീത ചെയ്തിട്ടുണ്ടാവും ഞങ്ങളെങ്ങും കണ്ടില്ല.. ആ അറിഞ്ഞു കൂടാ' എന്നായി... സീത അന്ന് ശപിച്ചതാണത്രേ, ആ ശാപഫലമായി ഇന്നും രാംശിലാ കുന്നില്‍ ഒരു പുല്ലു പോലുമില്ല. ഫല്‍ഗു നദിയില്‍ വെള്ളവുമില്ല, പശു സ്പര്‍ശിച്ചാല്‍ പിന്നെ ആ ഭക്ഷണമോ പൂവോ പൂജയ്‌ക്കെടുക്കുകയുമില്ല. സീതയോട് ചെയ്ത വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷയാണത്!

ഗയയിലെ റോഡുകളില്‍ എന്‍ഡവര്‍ ചാഞ്ചാടുകയായിരുന്നെങ്കില്‍ മഖ്‌സൂദ് പൂരിലെക്കുള്ള വഴി തിരിഞ്ഞപ്പോള്‍ അതിനു ഭ്രാന്തു പിടിച്ച പോലെയായി. അത് വലിയ കിണറുകളില്‍ ചെന്നു വീഴും പിന്നെ ചീറിക്കൊണ്ട് എണീക്കും. കുറച്ചു മിനിറ്റുകള്‍ ഒന്നു സമാധാനിക്കാന്‍ ശ്രമിക്കും. വീണ്ടും കിണറില്‍ വീഴും. വല്ലാത്ത നാട്ടുവഴികളായിരുന്നു അത്, വഴിക്കിരുവശവും സിര്‍ക്കൊണ്ട പുല്ലുകള്‍ ഒരു വനം പോലെ വളര്‍ന്നു നിന്നിരുന്നു. ഉത്തരേന്ത്യയിലെ പ്രധാന നാടന്‍ ഇരിപ്പിടങ്ങളായ മോഡകളും മോഡക്കസേരകളും നിര്‍മ്മിക്കുന്നതും പാവങ്ങള്‍ പുര മേയുന്നതും ഈ സിര്‍ക്കൊണ്ട പുല്ലുകള്‍ ഉപയോഗിച്ചാണ്.

കൊട്ടാരത്തിലേക്ക് തിരിയുന്ന വഴിക്കരികില്‍ ഡാക്ബാബയുടെ ഒരു പ്രതിഷ്ഠ ഉണ്ട്. യാത്രകള്‍ ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും അവിടേക്ക് നാണയങ്ങള്‍ വലിച്ചെറിയുന്നത് ഒരു ആചാരമായി കാണപ്പെട്ടു. അതുപോലെ യാത്ര തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്ത തൈര് കഴിക്കുന്നതും ഒരു കലശം വെള്ളത്തില്‍ നാണയങ്ങളിടുന്നതും കൃത്യമായി പാലിക്കപ്പെട്ട മറ്റൊരു ആചാരമായിരുന്നു.

ഷേര്‍ഷാ സൂരി പണിത കോട്ടയുടെ താഴ്വാരത്തിലായിരുന്നു മഖ്‌സൂദ്പൂര്‍ കൊട്ടാരം. ഡല്‍ഹിയിലെ ല്യുട്ട്യന്‍സ് ബംഗ്ലാവുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു നിര്‍മ്മിതിയായിരുന്നു അത്. ഡല്‍ഹിയില്‍ നിന്ന് കല്‍ക്കത്ത വരെ പോകുന്ന ഗ്രാന്റ് ട്രങ്ക് റോഡ് ഷേര്‍ഷായുടെ ഈ കോട്ടയ്ക്കരികിലൂടെയാണ്. ആ വഴി നിര്‍മ്മിച്ച് ചുങ്കം പിരിയ്ക്കാനും കച്ചവടം നിയന്ത്രിക്കാനും പൊതുവേ ഭരണം സുഗമമാക്കാനും ഉള്ള ഭരണപരമായ സംവിധാനമായിട്ടാണ് ഷേര്‍ഷാ ആ കോട്ട പണിതത്. കോട്ട ഇപ്പോള്‍ ഏകദേശം പൂര്‍ണമായും ഇടിഞ്ഞു പൊളിഞ്ഞു കഴിഞ്ഞു. വിഷപ്പാമ്പുകളുടെ വിഹാരകേന്ദ്രമാണ് അവിടം. അതുകൊണ്ട് കോട്ട കാണാനുള്ള ആഗ്രഹം തീര്‍ത്തും ഉപേക്ഷിക്കേണ്ടി വന്നു.

കൊട്ടാരമുറ്റത്തിനപ്പുറം വളരെ വലിയ ഒരു കുളമാണ്. ഏക്കറുകളോളം വലുപ്പമുള്ള കുളം. ധാരാളം ജലമുള്ള ആ കുളത്തിലാണത്രേ ഗ്രാമത്തിലെ ച്ഛട്ട് പൂജ കാലം കൂടുന്നത്. അന്ന് സ്ത്രീകളെക്കൊണ്ട് കുളം നിറയുമെന്ന് ആയിരം വര്‍ണങ്ങളില്‍ കുളം പകര്‍ന്നാടുമെന്ന് റാണി സാഹിബാ പറഞ്ഞു തന്നു. കുളപ്പടവുകള്‍ക്ക് അടുത്തുള്ള ച്ഛത്ത്രിക്ക് കീഴെ ഗുഹാമാര്‍ഗമുണ്ട്. അതിപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. കുറച്ചു ദൂരമൊക്കെ അകത്തേക്ക് പോകാമെങ്കിലും കൂടുതല്‍ യാത്ര ചെയ്യുന്നതിനോട് ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അകത്തെന്തായിരിക്കും എന്നറിയില്ലാത്തതുകൊണ്ടുള്ള ഭയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.
 

 മഖ്‌സൂദ് പൂര്‍ രാജ്യം ശരിക്കും കാളീദേവിയുടെയാണ്. അവസാനത്തെ രാജാവ് ആണ്മക്കളില്ലാത്തതുകൊണ്ടാവണം രാജ്യം കാളിദേവിക്ക് സമര്‍പ്പിക്കുകയായിരുന്നു. അനവധി തര്‍ക്കങ്ങളും വഴക്കുകളും കോടതികേസുകളും ഒക്കെയായി ഒരു ട്രസ്റ്റും അതിന്റെ നടത്തിപ്പുകാരായി രാജാസാഹേബും റാണിസാഹിബായും പ്രവര്‍ത്തിക്കുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന രാജാസാഹേബും റാണി സാഹിബായും എന്റെ കൂട്ടുകാരനും എനിക്കും വ്യക്തിപരമായും ഒത്തിരി സഹായങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. അവര്‍ക്ക് ലാറിബേക്കര്‍ നിര്‍മ്മിതികളില്‍ വലിയ താല്‍പര്യമായിരുന്നു. ഡല്‍ഹിയിലും ഡെറാഡൂണിലും ബീഹാറിലും ഒക്കെ ശൌചാലയങ്ങളും സ്‌കൂളുകളും വീടുമെല്ലാം അവര്‍ പണിയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ നിര്‍മ്മിച്ച ശൌചാലയം ആ ഗ്രാമത്തിലുണ്ടായിരുന്നു. റാണി സാഹിബാ പ്രത്യേക താല്‍പര്യമെടുത്ത് കൊട്ടാരം നവീകരിക്കുമ്പോഴെല്ലാം ലാറിബേക്കര്‍ നിര്‍മ്മിതി തന്നെ തെരഞ്ഞെടുത്ത് പോന്നു. അങ്ങനെ ഞങ്ങളൂം സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നവീകരിച്ച സ്യൂട്ട് മുറിയില്‍ താമസിക്കുന്നത് സന്തോഷകരമായ ഒരനുഭവമായിരുന്നു. ലാറിബേക്കറുടെ സ്‌നേഹവാല്‍സല്യങ്ങള്‍ ദൂരെ ദൂരെ ബീഹാറിലും ഒരു തലോടലായി അനുഭവപ്പെടുകയായിരുന്നു.

പക്കിബാഗ് എന്ന് പേരുള്ള ഒരു മാവിന്‍ തോപ്പിലേക്കായിരുന്നു സ്യൂട്ട് മുറി തുറക്കുന്നത്. പലതരം മാവുകള്‍ നിരന്ന് നില്‍ക്കുന്ന ആ തോട്ടത്തില്‍ കുയിലുകള്‍ മല്‍സരിച്ച് പാടിക്കൊണ്ടിരുന്നു. രണ്ട് മൂന്ന് രാംപൂര്‍ ഹൌണ്ടുകള്‍ ഇടിവെട്ടുന്ന ശബ്ദത്തില്‍ കുരച്ച് പേടിപ്പിച്ചിരുന്നു. പേടി എനിക്ക് മാത്രമായിരുന്നു. കുയിലുകള്‍ക്ക് ഭയമൊട്ടുമില്ലായിരുന്നു. മാവിന്‍ തോപ്പിനപ്പുറത്ത് ബീഹാറിന്റെ കാര്‍ഷിക സമൃദ്ധി ഏക്കറുകളോളം പച്ചപ്പായി പരന്നു കിടന്നു, നെല്ലും പച്ചക്കറിയും വിളയുന്ന പാടങ്ങള്‍ ചക്രവാളം മുട്ടിയിരുന്നു. ശരിക്കും കണ്ണുകളേയും മനസ്സിനേയും കുളിര്‍പ്പിക്കുന്ന ഹരിത സമൃദ്ധി.

കൊട്ടാരത്തിലെ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ സൌജന്യ ചികില്‍സയുണ്ട്. അവിടെ വരുന്ന മനുഷ്യരെ കണ്ടപ്പോള്‍ എന്റെ നെഞ്ചു പിടഞ്ഞു. അരക്കഴഞ്ച് മാംസം പോലും ശരീരത്തിലില്ലാത്തവര്‍. തടിച്ചുരുണ്ട ബീഹാറികളെ ഈ യാത്രയില്‍ എനിക്ക് കാണാനേ കഴിഞ്ഞില്ല. എല്ലും തോലുമായവര്‍, മൂക്കീരൊലിപ്പിക്കുന്ന ചന്തി തേമ്പിയ വയറുന്തിയ കുട്ടികള്‍, വയറും പുറവും ഒന്നായിത്തീര്‍ന്ന സ്ത്രീകള്‍... കര്‍ഷകര്‍ കൂടുതലും വ്യവസായികള്‍ കുറവുമായ ബീഹാറില്‍ പട്ടിണി മഴയായി പെയ്യുന്നുണ്ടെന്ന് കരുതാനേ എനിക്ക് കഴിഞ്ഞുള്ളൂ.

(തുടരും)
ചിത്രങ്ങള്‍ അഴിമുഖം


Wednesday, May 23, 2018

പെണ്‍ പാട്ട്...

അഞ്ചുമക്കളുള്ള വിഭാര്യനായ ഒരു ബ്രാഹ്മണന്‍ കല്യാണം കഴിയ്ക്കുന്നത് സ്വാഭാവികം. അയാള്‍ക്ക് അന്‍പത് വയസ്സുണ്ടാവുന്നതും അയാളുടെ മൂത്ത മകനു ഇരുപതു വയസ്സുണ്ടാവുന്നതും തികച്ചും സ്വാഭാവികം. എന്നാല്‍ അയാള്‍ക്ക് ഇരുപത്തഞ്ചുവയസ്സുള്ള വധുവിനെ രണ്ടാം വിവാഹത്തിനു കിട്ടുന്നത്... അത് സ്വാഭാവികമെന്നല്ല അത് അവശ്യം വേണ്ടത് തന്നെയാണെന്ന അഭിപ്രായമാണ് അന്ന് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്...

ഇന്നും ആ അഭിപ്രായത്തില്‍ കാതലായ ഭേദം വന്നിട്ടില്ലല്ലോ.. അല്ലേ.. എവര്‍ ലാസ്റ്റിംഗും എവര്‍ ചാര്‍ജ് ഡും ആണെന്നു പ്രചരിപ്പിക്കപ്പെടുന്ന പുരുഷ ശരീരമുള്ള സെക്‌സ് ദൈവങ്ങള്‍ക്ക് എത്ര പ്രായമായാലും, പങ്കാളിയായ സ്ത്രീ എന്തുകൊണ്ടും ഒരു കൊച്ചു പെണ്‍കുട്ടി തന്നെയായിരിക്കണമെന്നാണല്ലോ എല്ലാവരുടേയും ഉള്ളിലിരുപ്പ്. പെണ്ണിന്റെ പ്രായം എത്ര കുറയുന്നോ അത്രയും നല്ലത്. അതിന്റെ ദൃഷ്ടാന്തങ്ങള്‍ നമുക്ക് ഏതു വഴിയ്ക്ക് നോക്കിയാലും ദൃശ്യവുമാണ്.

അതൊക്കെ പോട്ടേ..

അങ്ങനെ ഒരു അമ്മ്യാരുകുട്ടി പുക്കാത്തില്‍ ( ഭര്‍തൃഗൃഹത്തില്‍ ) വന്നു ചേര്‍ന്നു. ഇരുപത്തഞ്ചു വയസ്സുള്ള അമ്മയ്ക്ക് ഇരുപത് വയസ്സുള്ള മകനുള്‍പ്പടെ അഞ്ചുമക്കള്‍. .. ചെറിയ കുട്ടിയ്ക്ക് കുപ്പിപ്പാല്‍ കൊടുക്കേണ്ട പ്രായം.

ആ ഇരുപത്തഞ്ചുകാരി ഒരു ഗായികയായിരുന്നു. എന്നു പറഞ്ഞാല്‍ മദ്രാസില്‍ വെച്ച് വിധിയാം വണ്ണം കര്‍ണ്ണാടക സംഗീതം അഭ്യസിച്ചിരുന്നു. മാണ്‍പെഴും കുയിലുകള്‍ അവളുടെ തൊണ്ടയില്‍ കൂടുകെട്ടിപ്പാര്‍ത്തു. ഏതു പാട്ടും ഒറ്റത്തവണ കേട്ടാല്‍ അവള്‍ക്ക് ആ രാഗം വശമാകുകയായി.. അവളുടെ തൊണ്ടയിലെ കുയിലുകള്‍ ആ രാഗങ്ങളെ അലങ്കരിയ്ക്കുകയായി..

' തുമ്പി, വാ തുമ്പക്കുടത്തില്‍' എന്ന പാട്ട്... അവള്‍ പാടിത്തന്നു... ദുംദും ദും ദും ദും ദുതും... എന്ന ശബ്ദം മാത്രം ഉപയോഗിച്ച്... കാരണം അവള്‍ക്ക് മലയാളഭാഷ വഴങ്ങുകയില്ലായിരുന്നു.

അവള്‍ ഗ്രാമത്തിലെ കൂട്ടുമഠങ്ങള്‍ക്കിടയില്‍ കെഴക്കേത്ത് കാരി എന്നറിയപ്പെട്ടു. എന്നുവെച്ചാല്‍ മദ്രാസ് കാരി എന്നര്‍ഥം. കേരളത്തിന്റെ കിഴക്കു ഭാഗത്താണല്ലൊ മദ്രാസ്.. അഥവാ ഇപ്പോഴത്തെ ചെന്നൈ.

അവളൂടേ ഭര്‍ത്താവിനു അങ്ങനെ വലിയ ജോലി ഒന്നുമുണ്ടായിരുന്നില്ല. കുറച്ചു വീടുകളിലെ ചില ചെറിയ നിത്യ പൂജകള്‍ , ഗായത്രി, രുദ്രം, ചമകം ഇവയൊക്കെ ജപിയ്ക്കല്‍.. ലക്ഷാര്‍ച്ചനയ്ക്കും മറ്റും മന്ത്രം ചൊല്ലല്‍.. പിന്നെ കാറ് ഓടിയ്ക്കും.. ജിലെബിയും ലഡ്ഡുവുമുണ്ടാക്കും.. സദ്യവട്ടം ഏല്‍ക്കും..

സ്ഥിരം വരുമാനം ശരിക്കും പറഞ്ഞാല്‍ ഒന്നുമുണ്ടായിരുന്നില്ല. എന്തെങ്കിലും എപ്പോഴെങ്കിലും കിട്ടിയാല്‍ കിട്ടി എന്ന മട്ടിലായിരുന്നു ജീവിതം.

അതുകൊണ്ട് കപ്പ, കടച്ചക്ക, ചേമ്പ്, ചേന, കാവത്ത് എന്ന കാച്ചില്‍ ഇതൊക്കെ അവര്‍ പുഴുങ്ങി കാന്താരിമുളകും ഉടച്ചു ചേര്‍ത്ത് കഴിച്ചിരുന്നു. ജാതി കൂടീയത് കൊണ്ട് പശി മാറുകയില്ലല്ലൊ. അതിനു എന്തെങ്കിലും കഴിച്ചല്ലേ തീരു..

' അതുകള്‍ അന്ത കപ്പക്കെഴങ്ങും ശാപ്പ്ടും ' എന്ന് മറ്റും ധനികരായ ബ്രാഹ്മണര്‍ ലേശം കുറച്ചിലോടേ മുഖം താഴ്ത്തിപ്പിടീച്ച് പിറൂപിറൂത്തു. ' ആനാലും പൂണല്‍ പോട്ട ബ്രാഹ്മണാള്‍ താനേ' എന്ന് സമാശ്വസിയ്ക്കുകയും ചെയ്തു.

കെഴക്കേത്ത് കാരി ഭയങ്കര കഷ്ടത്തിലായി... ഈ അഞ്ചു മക്കള്‍ക്ക് തിന്നാന്‍ എവിടുന്നു കൊടൂക്കും? എല്ലാവര്‍ക്കും എപ്പോഴും വിശക്കും..

ബ്രാഹ്മണ്യത്തിനു മാത്രമല്ല എല്ലാ ജാതീയതയ്ക്കും എല്ലാ മതങ്ങള്‍ക്കും പൊതുവായി ഒരു കാര്യമുണ്ട്. കാശില്ലാത്തവരെ കണ്ടു കൂടാ. ദൃഷ്ടിയില്‍പെട്ടാല്‍ പോലും ദോഷമുള്ളവരാകുന്നു ദരിദ്രര്‍... .

തീവണ്ടിയിലും ബസ്സിലും ഒക്കെ ആള്‍ക്കാര്‍ പാട്ടു പാടി ഭിക്ഷ യാചിക്കുന്നത് മാതിരി, മഹാനായ ത്യാഗരാജര്‍ ഉഞ്ഛവൃത്തിയായി ഗാനമാലപിച്ചു കഴിഞ്ഞതു പോലെ... ഒരു പെണ്ണൊരുത്തിയ്ക്ക് ഗ്രാമത്തില്‍ പാട്ടു പാടി ഭിക്ഷാടനം ചെയ്ത് ജീവിയ്ക്കാന്‍ കഴിയുമോ?

ആണുങ്ങള്‍ പാടുന്നത് മെഹ് ഫില്‍ എന്ന പേരില്‍ കോഴിക്കോടും ഫോര്‍ട്ട് കൊച്ചീലും ഒക്കെ പതിവുണ്ടായിരുന്നുവത്രെ. ഒരു വീട്ടില്‍ ഒത്തുകൂടീ രാത്രിമുഴുവനും സദിരു തന്നെ.. സംഗീത സദ്യ.. മനോഹരമായ വാദ്യവൃന്ദത്തോടെ... സുന്ദരമായ ഗാനങ്ങള്‍ ആലപിയ്ക്കപ്പെടുന്നു. ശ്രോതാക്കളും ആണുങ്ങള്‍ തന്നെ. പെണ്ണുങ്ങള്‍ക്ക് ചായ ഉണ്ടാക്കലും അത്താഴമൊരുക്കലും പിള്ളേരെ നോക്കലും നാളെ കാലത്തെ കാപ്പിക്ക് പലഹാരമുണ്ടാക്കാനുള്ള പരിശ്രമവുമായിരുന്നിരിക്കണം അപ്പോഴൊക്കെ പണീ.

കെഴക്കേത്ത് കാരി എന്തായാലും പാടി ജീവിയ്ക്കാന്‍ , കുടുംബം നടത്തുന്നതില്‍ തന്റെ ഭര്‍ത്താവിനെ അങ്ങനെ സഹായിയ്ക്കാന്‍ തീരുമാനിച്ചു..

രാവിലെ ഒരു പതിനൊന്നുമണിയ്ക്ക് ഊണു കഴിയ്ക്കും പൊതുവേ ബ്രാഹ്മണര്‍ .. പിന്നെ മൂന്നു മണിയാകുമ്പോള്‍ വെട്ടിയാല്‍ മുറിയാത്ത കാപ്പി കുടിയ്ക്കും..

ഊണു കഴിഞ്ഞാല്‍ കാപ്പി വരെയുള്ള സമയം കെഴക്കേത്ത് കാരി മഠങ്ങളില്‍ വന്ന് മഴ പെയ്തു തോര്‍ന്നാലുള്ള കുളിരിന്റെ ശബ്ദത്തില്‍ കീര്‍ത്തനങ്ങളും വര്‍ണങ്ങളൂം പദങ്ങളൂം ജതിസ്വരങ്ങളൂം തില്ലാനകളൂം ഗീതങ്ങളൂം ആലപിച്ചു. ജീവനുരുകുന്ന വിധത്തില്‍ അവയവങ്ങളുരുകുന്ന വിധത്തില്‍ ശ്രുതി സുഭഗമായി അവര്‍ പാടി. പെണ്ണുങ്ങള്‍ മാത്രമേ ആ കച്ചേരി കേട്ടുള്ളൂ. വലിയ വലിയ ഗന്ധര്‍വഗായകരെ അഗ്രഹാരത്തിനു പുറത്തുള്ള കേമപ്പെട്ട മേടകളിലും മറ്റും കേള്‍ക്കാന്‍ കഴിയുന്നതുകൊണ്ട് കോശാപ്പുടവയുടുത്ത കെഴക്കേത്ത് കാരിയുടേ ഗാനങ്ങളെ പുരുഷന്മാര്‍ക്ക് പൊതുവേ പുച്ഛമായിരുന്നു..

മാമിമാര്‍ അരിപ്പെട്ടിയിലും പരിപ്പ് പാത്രത്തിലും മറ്റും സൂക്ഷിച്ചിരുന്ന നാണ്യങ്ങളൂം പൂപ്പല്‍ പിടിച്ച നോട്ടുകളും കെഴെക്കാത്ത് കാരിയ്ക്ക് നല്‍കി. കീറിയ പുടവകളൂം എണ്ണയും ചിലപ്പോള്‍ അരിയും നാളീകേരവും കൊടുത്തു .

ഗൌരീ കല്യാണ വൈഭോഗമേയും ഹിമഗിരി തനയെ ഹേമലതയും വലച്ചി വാചിയും രാരവേണു ഗോപാ ബാലയും സാനിധനീധപ ധാപമയും കര്‍പ്പക വല്ലിയും ശിവനെരിയെ യുമൊക്കെ ഞാനും അനിയത്തിമാരും പരിചയപ്പെട്ടത് കെഴക്കേത്ത് കാരിയുടെ വശ്യമോഹനമായ മധുരസ്വരത്തിലാണ്.

എന്തിനായിരിക്കും ഈ ഭൂമിയില്‍ അങ്ങനൊരു ഗായികയും അവര്‍ കേള്‍പ്പിച്ച പാട്ടുകളുമുണ്ടായത്? അവര്‍ പ്രസവിച്ചിട്ടില്ലാത്ത മക്കള്‍ക്ക് ആഹാരം നല്‍കാന്‍ വേണ്ടി മാത്രമാവണം...

അവര്‍ക്ക് ആരും ഒരവാര്‍ഡും കൊടുത്തില്ല... പൊന്നാടയും പൂച്ചെണ്ടും കിട്ടിയില്ല... ഒരു ഫോട്ടൊ പോലും ആരും എടുത്തിട്ടില്ല.

ഇങ്ങനെയും ചില പെണ്‍ പാട്ടുകള്‍...

Tuesday, May 22, 2018

ഗീതപ്പാവ

ബോബ് ചെയ്ത സ്വര്‍ണത്തലമുടി, ഉണ്ടക്കണ്ണുകള്‍, തുടുത്ത കവിളുകള്‍ .. പിന്നെ ചുവന്ന തൊപ്പി .. തറയില്‍ വെച്ച് ഒന്നനക്കിക്കൊടുത്താല്‍ അവള്‍ ഇങ്ങനെ ശേലില്‍ ആടിക്കളിക്കും.

എന്റെ കൂട്ടുകാരന്റെ വീട്ടില്‍ അവള്‍ക്ക് വലിയ സ്ഥാനമാണ്. അതറിയാമെന്നതു പോലെ അവള്‍ ഒത്തിരി ഗമയിലാണ് എന്നെ നോക്കുക. ' ഹും, എന്താ വിശേഷം ? എന്തിനാ ഇപ്പോ വന്നത് ? ' എന്ന മട്ടിലാണ് അവളുടെ രാജകീയമായ ആ ഇരിപ്പ്.

രാവിലെ നാമം ചൊല്ലുകയും ആരതിയുഴിയുകയും ഒക്കെ ചെയ്തു കഴിഞ്ഞാല്‍ കൂട്ടുകാരന്റെ അമ്മ അവളെ ഇപ്പോഴും ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ഇടയ്ക്കിടെ പുന്നാരിക്കും. മടിയില്‍ ഇരുത്തും, താടിക്കു പിടിച്ചു കൊഞ്ചിക്കും . .. എന്നിട്ട് എന്നോട് ചോദിക്കും.

' ഇവളാരാണെന്ന് നിനക്ക് അറിയുമോ? എന്റെ മരുമോളാണിത്.'

' അപ്പോള്‍ ഞാനോ? ' എന്ന് ഞാന്‍ ഒരിക്കലും ചോദിക്കുകയില്ല.

ബാല്യത്തില്‍ മകന്‍ ഈ പാവയെ മടിയിലിരുത്തി കളിപ്പിച്ചിരുന്നതും അവള്‍ക്ക് ഗീത എന്ന് പേരു വിളിച്ചതും മാമു കൊടുത്തിരുന്നതും ഉടുപ്പിടുവിച്ചിരുന്നതും അവളെ കല്യാണം കഴിക്കുമെന്നു പറഞ്ഞിരുന്നതും അമ്മ സരസമായി സന്തോഷത്തോടെ വിവരിക്കും. അപ്പോള്‍ അമ്മയ്ക്ക് ഒരു ഇരുപത്തഞ്ചുകാരിയുടെ മുഖവും ശബ്ദവുമായിരിക്കും.

അതു കാണുന്നത് ഒരു ആഹ്ലാദമാണ്... പ്രഭാതത്തില്‍ വിടര്‍ന്നു വരുന്ന അനേകം നീര്‍മലരുകളെ കണ്ണു നിറയെ കാണും പോലെയുള്ള ഒരു ആഹ്ലാദം.. അമ്മ കഴിഞ്ഞു പോയ കാലങ്ങളെ ഒരു പാവയിലൂടെ എത്തിപ്പിടിക്കുന്നത്... ഞാന്‍ കാണാത്ത അമ്മയുടെ നിറയൌവനത്തെ ചെന്നു തൊടുന്നത് ... നരച്ച താടിയും തലമുടിയുമുള്ള എന്റെ കൂട്ടുകാരന്‍ ഒരു കുഞ്ഞുവാവയായി ആ അമ്മയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങിക്കളിച്ചിരുന്നത്... വാലിട്ടു കണ്ണെഴുതി പൊട്ടുകുത്തിച്ചു തന്നാലേ നഴ്‌സറിയില്‍ പോവൂ എന്ന് വാശി പിടിച്ചു കരഞ്ഞിരുന്നത്...

അതെല്ലാം പറയുമ്പോള്‍ അമ്മയുടെ കൈകള്‍ ഗീതപ്പാവയെ താലോലിക്കുന്നുണ്ടാവും. കഥകള്‍ ഓരോന്നായി അടുക്കോടെ പറഞ്ഞു പറഞ്ഞ് അമ്മയുടെ തൊണ്ട അടയും.. കണ്ണില്‍ വെള്ളം നിറയും.

'അന്നൊക്കെ ഞാനായിരുന്നു അവനു എല്ലാം. ഇപ്പോ അവന് എന്നോട് സംസാരിക്കാന്‍ പോലും നേരമില്ല. .. കേട്ടോടീ ഗീതെ' എന്ന് അമ്മ പാവയോട് പരാതി പറയാതിരിക്കില്ല.

' നീ എന്റെ മരുമോളായി വരുന്നതും കാത്തിരുന്നതായിരുന്നു ഞാന്‍ .. എന്നിട്ട്.. '

അമ്മയ്‌ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാനിരിക്കുന്ന ഞാന്‍ ചിരിക്കുമ്പോള്‍ അമ്മ വാചകം ഇങ്ങനെ പൂര്‍ത്തിയാക്കും..

'പേരു മാത്രമേ മാറിയുള്ളൂ. നിന്റെ പോലെ മൊട്ടത്തലയും ഉണ്ടക്കണ്ണും തുറിയന്‍കവിളും ഒക്കെ ഇവള്‍ക്കുമുണ്ട്. അതിനും പുറമേ , വേണ്ടപ്പോഴും വേണ്ടാത്തപ്പോഴും നിന്നേക്കാള്‍ നന്നായി ആടിക്കളിക്കുകയും ചെയ്യും '

എന്നിട്ട് ഒരു തുണ്ടം ഇഡ്ഡലിയോ ഒരു പൊട്ട് ദോശയോ ഒരു കൊഴുക്കട്ടയോ ഒക്കെ അമ്മ എന്റെ വായില്‍ വെച്ചു തരും. ഗീതപ്പാവയെ താലോലിക്കുന്ന ഇടതുകൈയുയര്‍ത്തി എന്റെ മൊട്ടത്തലമുടി ഒന്നൊതുക്കി വെയ്ക്കും.

പാവം അമ്മ .

മരുമകളാണെങ്കിലും ഗീതപ്പാവ, അമ്മയുണ്ടാക്കി സ്‌നേഹത്തോടെ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കില്ലല്ലോ.

Monday, May 21, 2018

അമ്മയ്ക്കും ഇല്ലേ മോഹങ്ങള്‍..' ഒരു ചിന്ന ഗെറ്റ് ടുഗെദര്‍ , ചിത്തി കണ്ടിപ്പാ വരണം' എന്നായിരുന്നു അരുമയുള്ള കൊഞ്ചലില്‍ ആ ക്ഷണം.

വിളിച്ചത് കൂട്ടുകാരിയുടെ മകളാണ്. പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കൂട്ടുകാരിയാണെങ്കിലും വയസ്സിനു മൂത്ത ആ കഠിനാധ്വാനിയോട് എനിക്ക് വലിയ ബഹുമാനമാണ്. തകര്‍ന്നു തരിപ്പണമായിപ്പോയ ജീവിതത്തെ ഓരോ കല്ലായി പെറുക്കിയടുക്കി കെട്ടിടമുയര്‍ത്തുന്നതു പോലെ ശരിയാക്കി കൊണ്ടു നടന്നതെങ്ങനെയെന്ന് ഞാന്‍ നേരിട്ട് കണ്ടു മനസ്സിലാക്കിയിട്ടുണ്ട്.

മദ്യത്തിന്റെ ഗുണങ്ങളേയും മദ്യപന്റെ അവകാശങ്ങളേയും മദ്യപന്‍ എന്ന പാവത്താനേയും സര്‍ക്കാറും പൊതു സമൂഹവും ഒന്നിച്ചു ചേര്‍ന്ന് മദ്യപരോട് ചെയ്യുന്ന അതിക്രമങ്ങളേയും പറ്റി സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ കേട്ടും വായിച്ചും മനസ്സിലാക്കുമ്പോഴെല്ലാം ഞാന്‍ രുഗ്മിണിയെയും അവളുടെ ചുമ്മാ തൂവിപ്പോയ ജീവിതത്തേയും ഓര്‍ക്കും.

പതിനേഴു വയസ്സില്‍ കല്യാണം കഴിച്ച് ഭര്‍തൃഗൃഹത്തില്‍ വന്നത് എത്ര സങ്കല്‍പങ്ങളോടെയും ആശകളോടെയുമാണെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു.

ചെന്നൈയിലെ മൈലാപ്പൂര്‍ ഭാഗം മുഴുവന്‍ സ്വന്തം പേരിലാക്കണം ,

കല്യാണ്‍ ജുവല്ലറിയിലെ സ്വര്‍ണം മുഴുവന്‍ വാങ്ങി മാറിമാറി ധരിക്കണം,

കാഞ്ചീപുരത്ത് നെയ്യുന്ന പട്ടുസാരികളെല്ലാം അലമാരിയില്‍ അടുക്കി വെയ്ക്കണം,

റോക്കറ്റില്‍ കയറി ചന്ദ്രനില്‍ പോകണം,

അങ്ങനെ സാക്ഷാത്കരിക്കാന്‍ ഒരു വഴിയുമില്ലാത്ത ആശകളും ആര്‍ത്തികളുമൊന്നുമല്ല രുഗ്മിണിക്കുണ്ടായിരുന്നത്. ഭര്‍ത്താവിന്റെ കൈയും പിടിച്ചിരുന്ന്, ആ തോളില്‍ തല ചായിച്ച് പ്രണയ സിനിമകള്‍ കാണണം, നിലാവുള്ള രാത്രികളില്‍ ഭര്‍ത്താവോടിക്കുന്ന വാഹനത്തില്‍ കയറി യാത്ര ചെയ്യണം, ഭര്‍ത്താവിന്റെ കൂടെ ഹോട്ടലില്‍ പോയി ആഹാരവും ഐസ് ക്രീമും കഴിക്കണം അങ്ങനെയൊക്കെ..

പതിനേഴു വയസ്സിന്റെ കുട്ടിമോഹങ്ങള്‍ ...

ജീപ്പും കാറും കുറെ വേലക്കാരും ഒക്കെയുള്ള വീടായിരുന്നു അത്. രുഗ്മിണിയുടെ വീട്ടില്‍ കാര്യങ്ങളെല്ലാം ഒരു മാതിരി നടന്നു പോകുമെന്നല്ലാതെ അത്ര അധികം പണം നീക്കിയിരിപ്പുണ്ടായിരുന്നില്ല. അസാധാരണ വശ്യതയുള്ള സൌന്ദര്യവും പത്തു പൊരുത്തവും തികഞ്ഞ ജാതകവുമായതുകൊണ്ടാണ് ധനികരുടെ വീട്ടില്‍ മരുമകളാവാന്‍ കഴിഞ്ഞതു തന്നെ.

മദ്യമായിരുന്നു മുപ്പതുകാരനായ ഭര്‍ത്താവിന്റെ ഏറ്റവും അടുത്ത ബന്ധു. കല്യാണം കഴിപ്പിച്ചാല്‍ ഒക്കെ നേരേയാവുമെന്നത് നമ്മുടെ ഒരു പൊതുവിശ്വാസമാണല്ലോ. അങ്ങനെ അപ്പാവിനും അമ്മയ്ക്കും ഗുരുക്കന്മാര്‍ക്കും വാധ്യാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും അതുവരെ നേരേയാക്കാന്‍ പറ്റാത്ത ഒരാളെ നേരെയാക്കേണ്ട ചുമതല പതിനേഴു വയസ്സില്‍ തന്നെ രുഗ്മിണിയുടെ ചുമലിലായി.

അയാള്‍ ഒട്ടും നേരെയായില്ല.

രുഗ്മിണിക്ക് ഒരു മകള്‍ ജനിച്ചുവെന്നതാണ് ആ കല്യാണത്തിന്റെ ഒരേയൊരു ഫലം.
മദ്യം അയാളെ കുടിക്കുകയായിരുന്നതുകൊണ്ട് പറമ്പുകളും പാടങ്ങളും ബാങ്ക് ബാലന്‍സും ജീപ്പുമൊക്കെ പടിയിറങ്ങിപ്പോകുന്നത് അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അയാളുടെ അപ്പാവും അമ്മയും ഈ ലോകത്തില്‍ നിന്ന് യാത്ര പറഞ്ഞതോടെ സഹോദരങ്ങള്‍ക്കും അയാളുടെ കുത്തഴിഞ്ഞ ജീവിതത്തില്‍ താല്‍പര്യമില്ലാതായി.

മദ്യം ധനത്തെ മാത്രമല്ല അയാളുടെ എല്ലാ ബന്ധങ്ങളേയും കുടിച്ചു വറ്റിച്ചുകൊണ്ടിരുന്നു.

രുഗ്മിണി ബാങ്കില്‍ നിന്ന് കടമെടുത്ത് ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നു. കടമടയ്ക്കാനായി ,മകളെ വളര്‍ത്തി വലുതാക്കാനായി രാവും പകലും സ്ത്രീകളുടെ മുടി വെട്ടി, നഖങ്ങള്‍ വെടിപ്പാക്കി, മുഖത്തും തലയിലും ദേഹത്തുമെല്ലാം പലതരം ക്രീമുകളിട്ടുഴിഞ്ഞു, തലമുടിയില്‍ ചായം തേപ്പിച്ചു, അനാവശ്യരോമങ്ങള്‍ നീക്കിക്കൊടുത്തു, മസ്സാജ് ചെയ്തു. വധുവിനെ ഒരുക്കാന്‍ പോയി, തുന്നല്‍പ്പണികള്‍ ചെയ്തു.. ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി ഉണ്ടാക്കി... ആം വേയുടേയും ടപ്പര്‍ വെയറിന്റേയും വില്‍പന നടത്തി..

ഭര്‍ത്താവ് മദ്യത്തില്‍ നീന്തിത്തുടിച്ചും മുങ്ങി നിവര്‍ന്നും കാലം കഴിച്ചു. ആവശ്യമുള്ളപ്പൊഴൊക്കെ ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന് ബഹളം വെച്ചു. രുഗ്മിണിയെ തല്ലി, സാധനങ്ങള്‍ അടിച്ചു പൊട്ടിച്ചു. ആരെങ്കിലും രുഗ്മിണിയുടെ ഭാഗം പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ 'ദേ, ഞാനിവളെ വില്ക്കുകയാ .. ആര്‍ക്ക് വേണമെങ്കിലും വാങ്ങാം.. നൂറു രൂപ ഒരു തരം നൂറു രൂപ രണ്ടു തരം ' എന്നൊക്കെ വിളിച്ചു കൂവി.

അങ്ങനെ വില്‍പനച്ചരക്കായി ലേലം വിളിക്കപ്പെട്ടിട്ടും രുഗ്മിണി തളര്‍ന്നില്ല. ജോലി ചെയ്യാതിരുന്നില്ല. മകളെ ശ്രദ്ധിക്കാതിരുന്നില്ല.

ബന്ധുക്കള്‍ പറഞ്ഞു. ' അവള് തന്റേടക്കാരിയാ.. കാണാനും കൊള്ളാം. പിന്നെന്താ അവള്‍ക്ക് കഴിയാന്‍ ബുദ്ധിമുട്ട്? '

'ഭാര്യ വിചാരിച്ചാ ഭര്‍ത്താവിന്റെ കുടി നിറുത്താന്‍ വല്ല പ്രയാസവുമുണ്ടോ? അപ്പോ അവള്‍ക്കതില്‍ താല്‍പര്യമില്ല.'

'അതെങ്ങനെയാ ? അവള്‍ക്ക് ഓടിപ്പാഞ്ഞ് അഴിഞ്ഞാടി നടക്കാന്‍ പറ്റ്വോ അയാള് കുടി നിറുത്തി അവളോട് കുടുമ്മത്തിരിക്കാന്‍ പറഞ്ഞാല്‍... '

അങ്ങനെ മദ്യപിച്ച് മദ്യപിച്ച് അയാള്‍ ഒരു ദിവസം വല്ലാതെയങ്ങ് ഉറങ്ങിപ്പോയി.. എണീക്കാന്‍ പറ്റാത്ത ഉറക്കം.

രണ്ടു മുറി വാടക വീട്ടില്‍ അയാളുടെ ശവശരീരത്തിനരികില്‍ രുഗ്മിണി കല്ലു പോലെ ഇരിക്കുന്നതു കണ്ട് എല്ലാവരും അവളുടെ മനക്കട്ടിയെ പുലഭ്യം പറഞ്ഞു.

' അവള് വല്ല വെഷോം കൊടുത്തിട്ടുണ്ടാവും. അല്ലാണ്ട് ഇങ്ങനെ ഇരിക്കാന്‍ കഴിയ്വോ? ഒന്നൂല്യങ്കിലും അവള്‍ടെ കൊച്ചിന്റെ തന്ത്യല്ലേ? ഒന്നു ഒറക്കെ കരഞ്ഞൂടെ അവള്‍ക്ക് '

' ശവം പോസ്റ്റ് മോര്‍ട്ടം ചെയ്യണം ' അത് ആരുടെ ആവശ്യമായിരുന്നു എന്നറിഞ്ഞില്ല, പെട്ടെന്ന് ആ ആവശ്യത്തിനു ചൂടു പിടിച്ചു. തിരിയിട്ട് കത്തിച്ച നാളികേര വിളക്കുകള്‍ക്കിടയില്‍ ദര്‍ഭപ്പുല്ലിന്മേല്‍ ശാന്തമായി കിടന്നിരുന്ന അയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മരണമറിഞ്ഞെത്തിയ ബന്ധുക്കള്‍ എല്ലാവരും സന്നദ്ധരായി.

രുഗ്മിണി അപ്പോഴും കല്ലു പോലെ ഇരുന്നു.

പോസ്റ്റ് മോര്‍ട്ടത്തില്‍ ഒന്നും തെളിഞ്ഞില്ല. മദ്യപിച്ച് കരള്‍ ഇല്ലാതായി, കിഡ്‌നി തകര്‍ന്നു, പിന്നെ വളരെ കഷ്ടപ്പെട്ട് ഓടിയിരുന്ന ഹൃദയവും പതുക്കെ നിലച്ചു.

മകള്‍ നല്ല പോലെ പഠിക്കുന്ന കുട്ടിയായിരുന്നു. അവള്‍ എന്‍ജിനീയറിംഗ് പഠിച്ചു. ക്യാമ്പസ് സെലക് ഷനില്‍ ജോലിയും നേടി. അവളെ സ്‌നേഹിക്കാനും വിവാഹം കഴിക്കാനും തയാറായി കോളേജിലെ സീനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ വരികയും ചെയ്തു.

രുഗ്മിണിക്കൊപ്പം അവളൂടെ അനിയത്തിയെന്ന പോലെ ആ ചെറുപ്പക്കാരന്റെ വീട്ടില്‍ ഞാനും പോയി വന്നു. എനിക്ക് വലിയ ആഹ്ലാദമുണ്ടായി. ആ വീട്ടിലുള്ളവര്‍ തികഞ്ഞ മാന്യതയോടെയാണ് ഉയര്‍ന്ന സംസ്‌ക്കാര സമ്പന്നതയോടെയാണ് പെരുമാറിയത്. ചെറുക്കന്റെ വീടു കാണാന്‍ ചെന്ന ഞങ്ങള്‍ രണ്ടു സ്ത്രീകളെ സ്വീകരിച്ച് ' നിങ്ങളുടെ വീട്ടില്‍ ആണുങ്ങളാരുമില്ലേ? നിങ്ങള്‍ക്ക് കൂടെ വരാന്‍ മറ്റു ബന്ധുക്കളൊന്നുമില്ലേ' എന്നും മറ്റുമുള്ള വേദനിപ്പിക്കുന്ന, അനാഥത്വം തോന്നിപ്പിക്കുന്ന ചോദ്യങ്ങളൊന്നും അവര്‍ ഉന്നയിച്ചില്ല.

തിരിച്ചു വരുമ്പോള്‍ രുഗ്മിണി ബസ്സിലിരുന്നു പൊട്ടിക്കരഞ്ഞു. എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. രുഗ്മിണിയുടെ തഴമ്പ് വീണ പരുപരുത്ത കൈകള്‍ അമര്‍ത്തിപ്പിടിച്ചു ഞാന്‍ വെറുതെ ഇരുന്നു.

മകളുടെ പിറന്നാളോ , അല്ലെങ്കില്‍ ആദ്യമായി അവള്‍ക്ക് ശമ്പളം കിട്ടിയതോ അങ്ങനെ എന്തിനെ ങ്കിലുമാവും ഗെറ്റ്ടുഗദര്‍ എന്നായിരുന്നു എന്റെ വിചാരം.

അധികം ആരും ഉണ്ടായിരുന്നില്ല.

മകളുടെ വരനും അവന്റെ അച്ഛനമ്മമാരും ഉണ്ടായിരുന്നു.

രുഗ്മിണി ഭംഗിയായി അണിഞ്ഞൊരുങ്ങിയിരുന്നു. ആ മുഖത്ത് അല്‍പം ലജ്ജയോ ജാള്യതയോ അങ്ങനെ എന്തോ ഒരു വൈക്ലബ്യം ഉണ്ടായിരുന്നു. എന്നാലും അണിഞ്ഞൊരുങ്ങി സുന്ദരിയായി കാണപ്പെട്ട രുഗ്മിണിയെക്കണ്ട് എനിക്ക് അല്‍ഭുതവും ആഹ്ലാദവും തോന്നി.

മകളാണ് വിവരം പറഞ്ഞത്.

' അമ്മയെ ഞാന്‍ വിവാഹം കഴിപ്പിച്ചു ചിത്തി. ജോലിയും കല്യാണവുമെല്ലാമായി ഞാന്‍ ഇവിടുന്നു താമസം മാറ്റിപ്പോവും. അപ്പോ ഷി വില്‍ ബി ആള്‍ എലോണ്‍. അമ്മയുടെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ വിവാഹം കഴിക്കേണ്ടെന്നാണ് ഞാന്‍ തീരുമാനിച്ചത്. അത് ഇവര്‍ക്കെല്ലാവര്‍ക്കും ശരിക്കും ബോധ്യമായി. '

ഞാന്‍ ആ ചെറിയ പെണ്‍കുട്ടിയുടെ കരം കവര്‍ന്നു.

' നെറ്റു വഴിയാണ് എല്ലാം ശരിയായത്. അദ്ദേഹത്തിന്റെ ആദ്യ കല്യാണമാണ്. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.'

'ഹി വില്‍ ബി ഹിയര്‍ അറ്റ് എനി മോമെന്റ്. ഹി ഈസ് ഓണ്‍ ദ വേ' രുഗ്മിണിയുടെ ഭാവി ജാമാതാവായിരുന്നു അത് . ഒന്നു നിറുത്തീട്ട് അവന്‍ തുടര്‍ന്നു. ' അമ്മ അങ്ങനെ തനിച്ചാവാന്‍ പാടില്ല. അമ്മയുടെ ജീവിതത്തിലെ ഒരു മോഹവും ഇന്നു വരെ സാധിച്ചിട്ടില്ല. അമ്മയ്ക്കുമില്ലേ മോഹങ്ങള്‍..'

ഞാന്‍ രുഗ്മിണിയെ കെട്ടിപ്പിടിച്ചു. പിന്നെ മകളേയും അവളുടെ വരനേയും...

Sunday, May 20, 2018

ഓണപ്പുടവയുടെ ഊടും പാവും .


ഓണത്തിനും ദീപാവലിക്കും അമ്മീമ്മ കുറച്ചധികം പുതിയ തുണികള്‍ വാങ്ങുമായിരുന്നു. വില കൂടിയ തുണികളൊന്നുമല്ല, പൂക്കളുള്ള ചീട്ടി, വെളുത്ത മല്‍മല്‍, കോടിക്കളറുള്ള ജഗന്നാഥന്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സാധാരണ തുണികള്‍ .. ജഗന്നാഥനും മല്‍മലും ഷിമ്മീസുകളും മറ്റ് അടിവസ്ത്രങ്ങളും തയിക്കാനും ചീട്ടി അഥവാ പരുത്തിത്തുണി ഉടുപ്പുകള്‍ തയിക്കാനും ഉപയോഗിച്ചിരുന്നു.

എന്റെ ഒരു സഹപാഠിനിയുടെ അച്ഛനായിരുന്നു പരിസരത്തെ ആസ്ഥാന തയ്യല്‍ക്കാരന്‍. അദ്ദേഹത്തിനു വലിയ ഡിസൈന്‍ സെന്‍സൊന്നും ഉണ്ടായിരുന്നില്ല. ഫ്രില്ലുകള്‍, ബോ, ഷോ ബട്ടണ്‍, എംബ്രോയിഡറി എന്നതിനെയൊക്കെ അദ്ദേഹം പൂര്‍ണമായും അവഗണിച്ചു. എത്ര പറഞ്ഞുകൊടുത്താലും അദ്ദേഹത്തിന്റെ തയ്യലില്‍ അമ്മീമ്മ പ്രതീക്ഷിക്കുകയും ആശിക്കുകയും ചെയ്ത ഒരു പൂര്‍ണത കിട്ടിയിരുന്നില്ല. അതുകൊണ്ട് ആ കുപ്പായങ്ങളില്‍ ഞങ്ങളുടെ സൌന്ദര്യം വേണ്ടത്രയും മിന്നിത്തിളങ്ങുന്നില്ലെന്ന് അമ്മീമ്മ വിശ്വസിച്ചിരുന്നു. ഞാനും അനിയത്തിയും പരമ സുന്ദരിമാരും ബഹു മിടുക്കികളുമാണെന്നായിരുന്നു എന്നും അമ്മീമ്മ കരുതിയിരുന്നത്.
ആദിമമനുഷ്യരുടെ പോലെ വിരൂപമായ മുഖവും ശരീരവുമാണ് ഉള്ളതെന്ന് സദാ ചൂണ്ടിക്കാട്ടി, വെളുത്ത നിറത്തിന്റേയും കൊഴുത്തുരുണ്ട ശരീരത്തിന്റെയും മറ്റും അഹങ്കാരത്തോടെ ഞങ്ങളെ നിരന്തരം നിന്ദിക്കുന്നവരുമായി വണക്കത്തോടെ ഇടപഴകേണ്ട ഗതികേടു വന്നതില്‍ അതുകൊണ്ടു തന്നെ പില്‍ക്കാലത്ത് അമ്മീമ്മ വല്ലാതെ വേദനിക്കുകയും ദു:ഖിക്കുകയും ചെയ്തിരുന്നു.

ഒരു മധ്യവേനല്‍ അവധിക്കാലത്താണ് അമ്മീമ്മ പഴയൊരു തയ്യല്‍ മെഷീന്‍ വാങ്ങിയത്. അല്‍പം ദൂരെയുള്ള ഒരു ബ്രാഹ്മണഗൃഹത്തിലെ പാട്ടിയുടേതായിരുന്നു ആ മെഷീന്‍. കൈകൊണ്ടും കാലുകൊണ്ടും തയിക്കാനുള്ള സൌകര്യം അതിലുണ്ടായിരുന്നു. അതിന്റെ എന്തൊക്കെയോ ഭാഗങ്ങള്‍ ഏതോ ഒരു കാലത്ത് വിദേശ നിര്‍മിതമായിരുന്നുവത്രേ. അതിനൊരു സ്‌പെഷ്യല്‍ രാജകീയ ആഢ്യത്വമുണ്ടെന്ന് ഉടമസ്ഥയായ പാട്ടി അഭിമാനത്തോടെ കരുതിയിരുന്നു.

പണ്ട് കാലത്ത് അമ്മീമ്മയുടെ തറവാട്ടു മഠത്തില്‍ തുണികള്‍ തയിച്ചിരുന്ന തയ്യല്‍ക്കാരനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കണ്ട് ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു പിന്നീട് അമ്മീമ്മ ചെയ്തത്. സമൃദ്ധമായ വാര്‍ദ്ധക്യത്താല്‍ അതീവ ക്ഷീണിതനായിരുന്നങ്കിലും അമ്മീമ്മയെ പഠിപ്പിക്കാന്‍ അദ്ദേഹം യാതൊരു മടിയും പ്രയാസവും കാണിച്ചില്ല. ഞങ്ങള്‍ കുട്ടികള്‍ക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്‍ഭുതം തോന്നി ... നന്നെ പ്രായമായിട്ടും അദ്ദേഹത്തിന്റെ കണ്ണിനു കാഴ്ചക്കുറവോ കൈകള്‍ക്ക് വിറയലോ ഒന്നുമുണ്ടായിരുന്നില്ല. അഞ്ചാറു കിലോ മീറ്റര്‍ ദൂരം സൈക്കിള്‍ ചവുട്ടി വന്ന് കിതപ്പോടെ കുറച്ചു നേരം വരാന്തയില്‍ ചുവരും ചാരി വിശ്രമിച്ചിരുന്നു അദ്ദേഹം. വലുപ്പമുള്ള ഇലച്ചീന്തില്‍ അമ്മീമ്മ വിളമ്പിക്കൊടുക്കുന്ന ഉപ്പുമാവും, വെളുത്ത പൂക്കളുള്ള വിദേശ നിര്‍മിതമായ ചില്ലുഗ്ലാസില്‍ ഒഴിച്ചുകൊടുക്കുന്ന തുടുത്ത ചായയും കുറെ സമയമെടുത്ത് കഴിച്ചു തീര്‍ക്കുമായിരുന്നു. അതുകഴിഞ്ഞ് തയ്യല്‍ മെഷീന്റെ പുറകിലിരുന്ന് അദ്ദേഹം ഭക്തിപൂര്‍വം കുരിശു വരച്ച് 'എന്റെ ഈശോയേ' എന്ന് ജപിക്കും. പിന്നെ കത്രികയും ന്യൂസ് പേപ്പറും സ്‌കെയിലും മാര്‍ക്കിംഗ് ചോക്കും തുണികളുമെല്ലാമായി ഒരു ദടപിടലോടെ അമ്മീമ്മയെ തയ്യല്‍ പഠിപ്പിച്ചു തുടങ്ങും .

വീടിനു പുറത്ത് മേടവെയില്‍ ഉരുകിത്തിളച്ചു കിടക്കും. മുളങ്കൂട്ടങ്ങള്‍ ദീനമായി കരയുന്നുണ്ടാവും. ചെമ്പോത്തും പോത്താംകീരികളും മൈനകളുമെല്ലാം തിളയ്ക്കുന്ന വെയില്‍ കുടിച്ച് മരത്തണലുകളീല്‍ ചാഞ്ഞു മയങ്ങുന്നുണ്ടാവും..

അമ്മീമ്മ അതിയായ ഉല്‍സാഹത്തോടെ തയ്യല്‍ പഠിച്ചുകൊണ്ടിരുന്നു. സൂക്ഷിച്ചില്ലെങ്കില്‍ വിരലില്‍ സൂചി കയറുമെന്ന് ആ അധ്യാപകന്‍ അമ്മീമ്മയെ എപ്പോഴും താക്കീതു ചെയ്യാറുണ്ടായിരുന്നു. ആ വിരട്ടല്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത പേടി തോന്നും. അതുകൊണ്ട് അദ്ദേഹം ക്ലാസ് കഴിഞ്ഞ് പോകുന്നതുവരെ ഞങ്ങള്‍ ഇടയ്ക്കിടെ രാമനാമം ചൊല്ലും. പോരാത്തതിനു അര്‍ജുനന്‍ , ഫല്‍ഗുനന്‍ എന്നും ചൊല്ലുമായിരുന്നു. ഇതൊക്കെയാണെങ്കിലും തയ്യല്‍ പഠിക്കേണ്ട എന്ന് അമ്മീമ്മയോട് ഉറപ്പിച്ചു പറയാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.
സ്ത്രീകളുടെ വസ്ത്രങ്ങളെല്ലാം സാമാന്യം ഭംഗിയായി തയിക്കാന്‍ ആ മധ്യ വേനലവധിക്കാലത്ത് അമ്മീമ്മ പഠിച്ചു. പിന്നീട് വിവിധ തരം തയ്യലുകളുടെ വസന്തകാലമായിരുന്നു വീട്ടില്‍ .

റേഷന്‍ കടയില്‍ നിന്നു കിട്ടുന്ന തുണികളും അമ്മിമ്മയുടെ പഴയ സാരികളും ധാരാളം ഞൊറിവുകളുള്ള പാവാടകളായും ഫ്രോക്കുകളായും രൂപം മാറി. കട്പീസ് സെന്ററില്‍ നിന്ന് അമ്മ കൊണ്ടുത്തരുന്ന തുണിക്കഷണങ്ങള്‍ വേണ്ട രീതിയില്‍ യോജിപ്പിച്ച് അമ്മീമ്മ നല്ല ഡിസൈനര്‍ ഉടുപ്പുകള്‍ തയിച്ചു തരുമായിരുന്നു. ആപ്ലിക് വര്‍ക്ക് ചെയ്ത ഭംഗിയുള്ള തലയിണ ഉറകളും കിടക്കവിരികളും അമ്മീമ്മയുടെ വിരലുകളില്‍ നിന്നും ജന്മം കൊണ്ടു. ബംഗാളി സ്ത്രീകള്‍ പഴയ സാരികള്‍ അടുക്കടുക്കായി കൂട്ടിത്തയിച്ചുണ്ടാക്കുന്ന പുതപ്പുകള്‍ അസാമാന്യ കലാവിരുതോടെയാണ് അമ്മീമ്മ നിര്‍മ്മിച്ചത്. ആ പുതപ്പുകള്‍ എനിക്കും അനിയത്തിക്കും ഒരേ പോലെ ഇഷ്ടമായിരുന്നു. അമ്മീമ്മയുടെ പഴയ സാരികള്‍ കൊണ്ട് ഉണ്ടാക്കിയ ആ പുതപ്പുകളില്‍ നിന്ന് ഞങ്ങള്‍ക്ക് സദാ അവരുടെ സുഗന്ധം കിട്ടിപ്പോന്നു. ആ സുഗന്ധം ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന വൈകാരിക സുരക്ഷിതത്വമാകട്ടെ നിസ്സീമമായിരുന്നു.

ഓണത്തിനെന്നല്ല ഒരു ആഘോഷത്തിനും അച്ഛന്‍ അങ്ങനെ കൃത്യമായി തുണികളൊന്നുമെടുക്കാറില്ല. അത്തരം കാര്യങ്ങളിലൊന്നും അച്ഛന് ഒട്ടും ശ്രദ്ധയുണ്ടായിരുന്നില്ല. എങ്കിലും വളരെ വല്ലപ്പോഴും അല്ലെങ്കില്‍ വളരെ ദുര്‍ലഭമായി എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഉടുപ്പുകള്‍ വാങ്ങിത്തരികയും ഉണ്ടായിട്ടുണ്ട്.
ഓണത്തിനു അച്ഛന്‍ മേടിച്ചു തന്നതെന്ന് പറഞ്ഞ് സ്‌കൂളില്‍ എല്ലാവരും പുത്തനുടുപ്പുകള്‍ കാണിക്കുമ്പോള്‍ ഞങ്ങള്‍ അല്‍പം പരവശരാകാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അമ്മയും അമ്മീമ്മയും മേടിച്ചു തന്ന ഉടുപ്പുകളെന്ന് പറയുമ്പോഴും അവയെ തൊട്ടുകാണിക്കുമ്പോഴും വേണ്ടത്ര ഗമ പോരെന്നു തോന്നിയിരുന്നു. അച്ഛന്‍ മേടിച്ചു തന്ന ഉടുപ്പാണെന്ന് പറയുവാന്‍ സാധിക്കുമ്പോഴാണ് ശരിക്കും ഗമ കിട്ടുന്നതെന്നായിരുന്നു അക്കാലത്തൊക്കെ വിചാരം. അങ്ങനെ പറയാന്‍ സാധിക്കാത്തതില്‍ അന്നേരം വല്ലാത്ത സങ്കടവുമുണ്ടായിട്ടുണ്ട്.

ബോംബെ ഡൈയിംഗിന്റെയും ഹാന്റ്റെക്‌സിന്റെയുമൊക്കെ ക്ലോത്ത് ക്ലബ്ബില്‍ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ പണമടച്ചാണ് ഓണത്തിനും വിഷുവിനുമൊക്കെ അമ്മ ഉടുപ്പ് എടുത്ത് തന്നിരുന്നത്. കട് പീസ് സെന്ററിലും എന്‍ ടി സിയിലും ഒക്കെ അമ്മയ്ക്ക് ക്ലോത്ത്ക്ലബ്ബുകളില്‍ അംഗത്വമുണ്ടായിരുന്നു. സ്വന്തം ശമ്പളത്തില്‍ നിന്ന് ഞങ്ങള്‍ മുതിരും വരെ ഇങ്ങനെ എല്ലാക്കൊല്ലവും പണമടച്ചു അമ്മ ഭേദപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങിച്ചു തന്നുകൊണ്ടിരുന്നു.

ഓണത്തിനു എല്ലാവര്‍ക്കും തുണികള്‍ കൊടുക്കുന്നത് അമ്മീമ്മയുടെ പതിവായിരുന്നു. പാലും പച്ചക്കറിയും മറ്റും കൊണ്ടുതരുന്നവര്‍ക്ക്, പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക്, വീട്ടു ജോലിക്ക് സഹായിക്കുന്നവര്‍ക്ക് എല്ലാം അമ്മീമ്മ മറക്കാതെ ജഗന്നാഥന്‍ മുണ്ടും ബ്ലൌസും തോര്‍ത്തുമൊക്കെ ഓണപ്പുടവയായി നല്‍കും. ഞങ്ങള്‍ക്കും പൂക്കളുള്ള ചീട്ടിത്തുണിയുടെ കുപ്പായങ്ങള്‍ തയിച്ചു തരും. എന്നാല്‍ സ്വന്തമായി യാതൊന്നും വാങ്ങുകയില്ല .

ഉത്രാടത്തിന്റെ അന്ന് കൃത്യമായി ഉച്ചയൂണിനു മുമ്പ് ഒരു നെയ്ത്തുകാരന്‍ വീട്ടില്‍ വന്നിരുന്നു. അയാള്‍ കൊണ്ടുവരുന്ന പരുക്കന്‍ സാരിയായിരുന്നു എല്ലാ വര്‍ഷവും അമ്മീമ്മയുടെ ഓണപ്പുടവ. ഞങ്ങള്‍ കുട്ടികള്‍ക്ക് ആ പുടവ ഒട്ടും ഇഷ്ടമായിരുന്നില്ല. പരമ ദയനീയമായിരുന്നു അതിന്റെ ഡിസൈന്‍. എല്ലാ വര്‍ഷവും ഒരേ പോലെ ചെറുതും വലുതുമായ കള്ളികള്‍ സാരി മുഴുവന്‍ അങ്ങനെ പടര്‍ന്നു കിടക്കും. സാരിയുടെ മുന്താണിക്കോ ബോര്‍ഡറിനോ ഒന്നും ഒരു എടുപ്പുമുണ്ടാവുകയില്ല. കളര്‍ കോമ്പിനേഷനുകളാകട്ടെ അതിലും പരിതാപകരം. വെളുപ്പോ മങ്ങിയ വെളുപ്പോ ആയിരിക്കും ബേസ് കളര്‍. അതില്‍ മഞ്ഞയോ മങ്ങിയ പച്ചയോ അതുമല്ലെങ്കില്‍ ഓറഞ്ചോ ഒക്കെ യാതൊരു കലാബോധവുമില്ലാതെ നെടുകെയും കുറുകെയും നെയ്തിട്ടുണ്ടാകും. തുണിയാണെങ്കിലോ തികച്ചും പരുക്കന്‍. .. പലവട്ടം അലക്കി അവിടവിടെ നൂലു പൊന്തിയ പോലെ അല്ലെങ്കില്‍ ഉരക്കടലാസ്സ് പോലെ ... വല്ല കര്‍ട്ടനോ ബെഡ് ഷീറ്റോ മറ്റോ ആക്കാനേ ആ സാരി കൊള്ളുകയുള്ളൂ എന്ന് ഞാനും അനിയത്തിയും ഉറച്ചു വിശ്വസിച്ചു.

എന്തിനാണ് അമ്മീമ്മ ഈ പരുക്കന്‍ സാരി വാങ്ങുന്നതെന്നും തിരുവോണത്തിന്റെ അന്ന് അതുടുക്കുന്നതെന്നും ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം അതുടുത്തുകൊണ്ട് സ്‌കൂളിലേക്ക് പോകുന്നതെന്നും ഞങ്ങള്‍ക്ക് മനസ്സിലായതേ ഇല്ല.
കുറച്ച് മുതിര്‍ന്നപ്പോള്‍ അതും പറഞ്ഞ് ഞങ്ങള്‍ അമ്മീമ്മയോട് ഉശിരോടെ തര്‍ക്കിച്ചു..

'സാരീണ്ട് ടീച്ചറെ' എന്നയാള്‍ പറയുമ്പോള്‍ അമ്മീമ്മ അയാളുടെ പക്കലുണ്ടാവാറുള്ള ചില സാരികളൊക്കെ തൊട്ടു നോക്കും. എന്നിട്ട് ആദ്യം തന്നെ കുറച്ച് തോര്‍ത്തുമുണ്ടുകള്‍ വാങ്ങും.

' ടീച്ചറെ, സാരി' എന്ന് അയാള്‍ വീണ്ടും പറയും.

' കൈനീട്ടായിട്ടുള്ള സാരിയാ. ടീച്ചര്‍ക്കാണ് ആദ്യം.. ടീച്ചര്‍ വാങ്ങിയാ മുഴുവനും വിറ്റ് പോവും. സാരി എട്ക്കണം ടീച്ചറെ.. '

ഇങ്ങനെയാണ് ആ സാരി വില്‍പന.

അതു കഴിഞ്ഞ് അമ്മീമ്മ അയാള്‍ക്ക് വലിയൊരു നാക്കിലയില്‍ ഗോതമ്പുപായസമടക്കമുള്ള ഉത്രാടസ്സദ്യ വിളമ്പും.

അയാളുടെ വിശ്വാസത്തെ വേദനിപ്പിക്കാന്‍ അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ അതൊരു വെറും നല്ല മനസ്സു മാത്രവുമായിരുന്നില്ല. അയാളുടെ അധ്വാനത്തെയും അവര്‍ ഏറെ വില മതിച്ചിരുന്നു. അയാളുടെ അധ്വാനവും വിശ്വാസവും മാത്രമായിരുന്നു ആ അനാകര്‍ഷകമായ ഓണപ്പുടവയുടെ ഊടും പാവും. അതിനെ നിസ്സാരമായിക്കരുതാന്‍ അമ്മീമ്മ തയാറായിരുന്നില്ല. ഞങ്ങള്‍ കുട്ടികളും ആ സാരിയെ അതുകൊണ്ടു തന്നെ നിസ്സാരമായി കാണാന്‍ പാടില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു.

ഓണാവധിക്കു ശേഷം സ്‌കൂളിലെ മറ്റ് ടീച്ചര്‍മാര്‍ സ്വര്‍ണക്കസവുള്ള കേരളാസ്സാരിയും അതീവ മൃദുലമായ മറ്റ് പട്ടു സാരികളും ഉടുത്തു വരുമ്പോള്‍ അമ്മീമ്മ മാത്രം ഉരക്കടലാസ്സു പോലെയുള്ള നെയ്ത്തുസ്സാരി ധരിച്ച് സ്‌കൂളിലെത്തി. യാതൊരു കലാബോധവുമില്ലാത്ത വിചിത്ര നിറങ്ങള്‍ പടര്‍ന്നതും വില കുറഞ്ഞതുമായ ആ ഓണപ്പുടവ ധരിച്ചിട്ടും അവര്‍ ഒരു നക്ഷത്രം പോലെ ജ്വലിച്ചു. അത് തീര്‍ച്ചയായും മറ്റൊരാളുടെ അധ്വാനത്തെ ഒട്ടും ചൂഷണം ചെയ്യാതെ,അതിനെ തികച്ചും വിലമതിക്കുന്ന അവരുടെ മനസ്സിന്റെ സൌന്ദര്യം കൊണ്ടു തന്നെയായിരുന്നു.

ആരേയും ഒന്നിനു വേണ്ടിയും ചൂഷണം ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു മനസ്സിനുടമയാവുന്നത് ഒട്ടും എളുപ്പമല്ലല്ലോ.