Saturday, December 19, 2009

തിരുപ്പിറവി

അഞ്ച് തിരുപ്പിറവികൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ഞങ്ങളോ അഞ്ച് തിരുപ്പിറവികളിലും ഒന്നിച്ചതുമില്ല.

“ഹേരോദാ രാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബത് ലഹേമിൽ ഒരു പുൽക്കൂടിൽ ജനിച്ച ശേഷം, കിഴക്ക് നിന്ന് വിദ്വാന്മാർ എത്തി. യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക് കണ്ടു. അവനെ നമസ്ക്കരിക്കാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.”

രാവിലെ ഞാനവനായി ഒരുക്കിയ ഭക്ഷണത്തിനു ശേഷം അവൻ നഗരത്തിൽ പോയി പുൽക്കൂട്ടിൽ വെയ്ക്കുവാനുള്ള ഉണ്ണീശോയേയും മറിയമിനേയും യോസേഫിനേയും ആട്ടിടയന്മാരെയും  കൊണ്ടു വന്നു.

നക്ഷത്രമാകട്ടെ തീക്ഷ്ണ പ്രകാശത്തെ അകത്തു വഹിച്ച് വീട്ടിനു മുൻപിൽ വെട്ടിത്തിളങ്ങി.

ഞാൻ അയല്പക്കത്തു നിന്ന് വാങ്ങിയ വൈക്കോലും പറമ്പിൽ നിന്നു ശേഖരിച്ച ചുള്ളിക്കമ്പുകളും കൊണ്ട് പുൽക്കൂടുണ്ടാക്കി, ഞങ്ങളുടെ വീട്ടു വാതിൽക്കൽ ഒരു പീഠത്തിന്മേൽ  പ്രതിഷ്ഠിച്ചു.

എന്നാലോ ആ പുൽക്കൂടിന്റെ സൌകുമാര്യമില്ലായ്മ അവനെ വേദനിപ്പിക്കുകയും  ഒരു വ്രണത്തെപ്പോലെ അലട്ടുകയും ചെയ്തു.

അവന്റെ വായിൽ പരിഹാസം തുളുമ്പി. ജാതികളും മതങ്ങളും തമ്മിൽ കലഹിക്കുന്നത് ഞാൻ കണ്ടു. വംശങ്ങൾ വ്യർഥമായതു നിനയ്ക്കുന്നതും വഴികൾ തെറ്റുന്നതും അവൻ കാണിച്ചു തന്നു. അവന്റെ കോപം അഗ്നിയായി ആളിയപ്പോൾ ഞാൻ വെള്ളം പോലെ ആവിയായിപ്പോയി.

തിരുപ്പിറവിക്കു തലേന്നു പുലർച്ചെ അവൻ സ്വന്തം അപ്പനമ്മമാരുടെ മന്ദിരത്തെ പ്രാപിച്ചു. മഹത്വമാർന്ന അവന്റെ ഭവനം എന്നെയോ സ്വാഗതം ചെയ്തില്ല. എന്നാൽ ഞാൻ പിറന്ന ഭവനമോ, എന്നെ പണിക്കാരുപേക്ഷിച്ച മൂലക്കല്ലു പോലെയും ദ്രവിച്ച തടി പോലെയും തള്ളിക്കളഞ്ഞിരുന്നു.

അക്കാലം അവന്റെ ബീജം എന്റെ ഉദരത്തിൽ തുടിച്ചു കൊണ്ടിരുന്നു.

പകലുകളിൽ പൂമുഖത്തും രാത്രികളിൽ കിടക്കയിലും ഞാൻ അവനെ കാത്തിരുന്നു. ഞങ്ങളുടെ ഭവനത്തിലെ വിളക്കുകളിൽ എണ്ണയൊഴിച്ച്, എന്റെ മനസ്സിലെ പ്രേമം അവനു പ്രസാദമായി കരുതി ഞാൻ കാത്തിരുന്നു.

പകലുകളുടെ ഓരോ ചലനത്തിലും ഞാൻ അവന്റെ പാദപതനങ്ങളിൽ പ്രത്യാശ വെച്ചു. അവനോ എന്നെ കാണാൻ വന്നില്ല. രാത്രികളിൽ ഞാൻ കണ്ണീരു കൊണ്ട് ഞങ്ങളുടെ ശയ്യയെ കഴുകി. അവനോ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടില്ല.

അവന്റെ മന്ദിരത്തിനു മുന്നിലെ പാതയോരത്ത് ഒരു ഭിക്ഷുണിയെപ്പോലെ ഞാൻ മറഞ്ഞു നിന്നു. വ്യസനം കൊണ്ട് എന്റെ കണ്ണും ഉദരവും പ്രാണനും ക്ഷയിച്ചപ്പോഴും എനിക്കവൻ പ്രത്യക്ഷപ്പെട്ടില്ല.

അവിടെ ഉത്സവമായിരുന്നു. വലിയ തീൻ മേശയിൽ വീഞ്ഞും അപ്പവും മത്സ്യങ്ങളും പക്ഷികളും ആടുകളും കാളകളും പന്നികളും നിരന്നു. ആർത്തിയോടെയും ആഹ്ലാദത്തോടെയും അവനും ബന്ധുക്കളും ഭക്ഷണം കഴിച്ചു. വീഞ്ഞു കുടിക്കുകയും ന് റുത്തം ചെയ്യുകയും ഗാനങ്ങൾ ആലപിക്കുകയും കിന്നരങ്ങൾ മീട്ടുകയും ചെയ്തു.

അവന്റെ അപ്പനമ്മമാരും ബന്ധുക്കളും അവനു മാപ്പു നൽകി വരവേറ്റപ്പോൾ അവൻ പഴയതു പോലെ ബന്ധുബലവും ധന സമ്പത്തുമുള്ളവനായിത്തീർന്നു. പുരോഹിതന്മാർ അവന്റെ തലയിൽ ജലം തളിക്കുകയും ദിവ്യമായ അപ്പം നൽകുകയും ചെയ്തു. അനന്തരം അവൻ കൈകൾ മേലോട്ടുയർത്തി ദൈവത്തെ സ്തുതിച്ചു.

ഇത് ഒന്നാം തിരുപ്പിറവി ദിനം.

രണ്ടാം തിരുപ്പിറവിയിലും എന്നെയും, എന്റെ ഉദരത്തിന്റെ ഫലവും എന്റെ മാംസത്തിന്റെ മാംസവും എന്റെ അസ്ഥിയുടെ അസ്ഥിയുമായ കുരുന്നു ജീവനെയും, അവന്റെ മന്ദിരം സ്വാഗതം ചെയ്തില്ല.

അക്കാലം എന്റെ വലം കൈ അവനു മേൽ  ഭാരമായിത്തീരുക നിമിത്തം  ഒരിരുമ്പു കോൽ കൊണ്ട് അവനാ ഭാരം തകർത്തു കളഞ്ഞു.  അവൻ എന്റെ പ്രാണന് അനാഥത്വം വരുത്തിയത്, എന്ത് എന്നു ഞാൻ അന്വേഷിച്ചു.

മൂന്നാം തിരുപ്പിറവിയിൽ എന്റെ ഇടം കൈ അവനു മേൽ  ഭാരമായിത്തീർന്നു. അതു കൊണ്ട് അവൻ എന്റെ നേരെ അസ്ത്രങ്ങൾ വർഷിച്ചു.

അപ്പോഴും മഹത്വമാർന്ന അവന്റെ മന്ദിരം എന്നെയും എന്റെ ഉദരത്തിന്റെ ഫലത്തേയും സ്വാഗതം ചെയ്തില്ല. അവന്റെ ദയ എന്റെ കണ്മുൻപിൽ പൊതിഞ്ഞു വയ്ക്കപ്പെട്ടിരുന്നു. അതിൽ നിന്നും പ്രകാശ വീചികൾ പരന്നില്ല.

ഞാനവന്റെ കൂട്ടുകാരിയെന്നും അവനെന്നിൽ പ്രീതനായിരിക്കുന്നുവെന്നും പറയാതെ അവൻ മൌനം പൂണ്ടിരുന്നു. ആ മൌനമാകട്ടെ എന്നെ കുശവന്റെ മൺപാത്രമാക്കി ഉടച്ചു കളഞ്ഞു.

നാലാം തിരുപ്പിറവിയിൽ അവന്റെ വായിൽ ശാപവും അതിക്രമവും നിറഞ്ഞു നിന്നു. എന്റെ സൌന്ദര്യമാകട്ടെ വേനലിലെ പുഴ പോലെ വറ്റിപ്പോയി.

അവൻ തന്റെ കുതികാൽ എന്റെ നേരേ ഉയർത്തി. അങ്ങനെ എന്റെ അരക്കെട്ടിൽ വരൾച്ച ബാധിച്ചു.
എന്റെ സ്നേഹം അവനു ഭാരമായതെങ്ങനെ എന്നു ഞാൻ ചോദിച്ചു.

എന്നാലോ അഞ്ചാം തിരുപ്പിറവിക്കു മുൻപ് അവന്റെ അമ്മയപ്പന്മാരുടെ മന്ദിരത്തിൽ നിന്ന് ദൂതൻ വരികയും എന്നെയും എന്റെ ഉദരഫലത്തേയും തിരുപ്പിറവി ദിനത്തിലെ വലിയ വിരുന്നിന് ക്ഷണിക്കുകയും ചെയ്തു.

അങ്ങനെ ഉത്സവം ആഘോഷിക്കുന്ന അവന്റെ മന്ദിരത്തിലേക്ക് ഒരു ദേവാലയത്തിലേക്കെന്ന പോലെ ഞാൻ കടന്നു ചെന്നു. അവിടെ പട്ടു തിരശ്ശീലകൾ തൂക്കപ്പെട്ടിരുന്നു. സുഗന്ധ വാഹിയായ കാറ്റ് മന്ദിരമാകെ പരിമളം പരത്തിക്കൊണ്ടിരുന്നു. വിശിഷ്ട ഭോജ്യങ്ങളുടെ നറുമണം വായുവിൽ ഉയർന്നു. ദീപപ്രഭയിൽ കുളിച്ച് നിന്ന ആ മന്ദിരത്തിൽ പുത്ര സമ്പത്തും ധന സമ്പത്തും ആരേയും അസൂയപ്പെടുത്തുമാറ് വിളയാടിയിരുന്നു.

ആ മന്ദിരത്തിലുണ്ടായിരുന്നവർ എന്നെ ഉറ്റു നോക്കി.

ആ ദ്റുഷ്ടികളിൽ നില തെറ്റിക്കുന്ന അഗാധ പ്രവാഹങ്ങളും പാതാള പാശങ്ങളുമുണ്ടായിരുന്നു.

അവരുടെ പല്ലുകൾ കുന്തങ്ങളും നാവ് മൂർച്ചയുള്ള വാളുമായിരുന്നു.

നല്ലവളായ ഭാര്യയുടെ വില മുത്തുകളിലും ഏറും. സാമർഥ്യമുള്ള അവൾ ഭർത്താവിനു ഒരു കിരീടം. ബുദ്ധിയുള്ള അവൾ ദൈവത്തിന്റെ ദാനം. ജ്ഞാനമുള്ള അവൾ ഒരു കച്ചവടക്കപ്പൽ പോലെ.

എന്നാൽ നാണം കെട്ടവളേ, നീ ഇവന്റെ അസ്ഥികൾക്ക് ദ്രവത്വം വരുത്തുന്നവൾ. ഭോഷത്വമുള്ളവളേ, നീ ഇവന്റെ മന്ദിരം പൊളിച്ചു കളയുന്നവൾ. നീ ആഴമേറിയ കുഴിയും ഇടുക്കമുള്ള കിണറുമത്രെ. നിനക്കും ഇവനും തമ്മിലെന്ത്?

തീയും ഗന്ധകവും അവരെന്റെ പാനപാത്രത്തിൽ പകർന്നു.

ഉഷ്ണക്കാറ്റും പൊടിമണ്ണും അവരെന്റെ ഭോജനപാത്രത്തിൽ വിളമ്പി.

എന്റെ ദൈവമായ അവനോട് ഞാൻ നിലവിളിച്ചു.

എന്റെ അപേക്ഷ അവൻ കേട്ടില്ല.  ഞാൻ കഴിച്ച പ്രാർഥന അവന്റെ ചെവിയിൽ എത്തിയില്ല.

ഞാൻ എന്റെ കുഞ്ഞിനെ അന്വേഷിച്ചു, എന്നാൽ അവൻ എന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിക്കുകയും ആഴമേറിയ കിടങ്ങുകൾ തീർക്കുകയും ചെയ്തു.

അവന്റെ നാവ് വ്യാജം പറഞ്ഞു.

ഇത് അഞ്ചാം തിരുപ്പിറവി ദിനം.

അനന്തരം …….

Saturday, December 12, 2009

ന്തായാലും …..തന്ത്യല്ലേ………

മകന് അമേരിക്കയിൽ പോകണം.

ഒരുപാട് കാലത്തേക്കൊന്നുമല്ല, കുറച്ച് കാലത്തേക്ക്.

മകന്റെ യാത്രയ്ക്ക് മുൻപ് മുത്തശ്ശിയുടെ വീട്ടിൽ രണ്ട് ദിവസം താമസിച്ച്, അമ്പലത്തിൽ തൊഴുത് ചില വഴിപാടുകൾ കഴിക്കണമെന്ന് ഞാൻ തീരുമാനിച്ചപ്പോൾ മകൻ എതിർത്തില്ല. തമാശ കലർന്ന  പുഞ്ചിരിയോടെ എന്നെ നോക്കുക മാത്രം ചെയ്തു.

അങ്ങനെയാണ് എന്റെ കുട്ടിക്കാലം ചെലവഴിച്ച ആ ഗ്രാമത്തിലേക്ക് ഞങ്ങൾ എത്തിയത്.

മുത്തശ്ശിയുടെ വീട്ടിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല. ഞാനും മകനും വല്ലപ്പോഴും വരുമ്പോൾ മാത്രമാണ് അവിടെ ആളനക്കമുണ്ടാകുന്നത്.

രാവിലെ എണീക്കുവാൻ മടിയുള്ള കൂട്ടത്തിലാണ് മകൻ. എങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ എണീറ്റു വന്നു.
ഞങ്ങൾ സമയത്തിനു തന്നെ അമ്പലത്തിൽ തൊഴുത് വഴിപാടുകൾ കഴിപ്പിച്ചു.

രാവിലത്തെ ഇളം കാറ്റേറ്റ് ഗ്രാമത്തിലെ ഇടവഴിയിലൂടെ മകന്റെ കൂടെ നടക്കുമ്പോൾ കാരണമില്ലാത്ത  സമാധാനത്തിന്റെ ഒരു തഴുകൽ എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു.

അപ്പോഴാണ് ‘മോളുക്കുട്ടി, എന്നെ മറന്നോ? എന്നെ ഓർമ്മേണ്ടോ‘ എന്ന്, ചിലമ്പിച്ച സ്വരത്തിൽ ആരോ എന്നെ ഭൂതകാലത്തിലേക്ക് പിടിച്ചു വലിച്ചത്.

അതു ലക്ഷ്മിയായിരുന്നു, മുൻ വരിയിലെ പല്ലുകളെല്ലാം നഷ്ടപ്പെട്ട് മത്തങ്ങാ മുറി പോലെ തോന്നുന്ന വായ മുഴുക്കെ തുറന്നു ചിരിച്ചു കൊണ്ട് ഒരു പടുകിഴവിയുടെ ശോഷിച്ച രൂപത്തിൽ ലക്ഷ്മി എന്റെ മുൻപിൽ വന്നു നിന്നു.

എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഞാൻ ലക്ഷ്മിയെ എത്രയോ പണ്ട്  മറന്നു കഴിഞ്ഞിരുന്നുവല്ലോ. എന്റെ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ, മുത്തശ്ശിയുടെ വല്ലപ്പോഴും വരുന്ന കത്തുകളിലെ ഒന്നോ രണ്ടോ വരികൾ മാത്രമായിരുന്നു, ലക്ഷ്മി.

ഞാൻ യാതൊരു ആത്മവിശ്വാസവും തോന്നിപ്പിക്കാത്ത പുഞ്ചിരി എടുത്തണിഞ്ഞു.

‘മോളു മറന്നു ല്ലേ, സാരല്യാ, എങ്ങനെ ഓർക്കാനാ കുട്ടി, മുത്തശ്ശ്യേമ്മ പോയിട്ടന്നെ എത്ര കാലായീ. പിന്നെവിടുന്നാ കുട്ടിക്ക് ഓർമ്മേണ്ടാവണേ?‘

ലക്ഷ്മി ചിരിച്ചു.

ഞാൻ ആ കൈയിൽ പിടിച്ചു കൊണ്ട് അന്വേഷിച്ചു, ‘സുഖാണോ? എല്ലാർക്കും വിശേഷൊന്നൂല്യല്ലോ.’

‘എനിക്കെന്നാ സുഖക്കൊറവുണ്ടായേ എന്റെ മോളെ, എന്നും സുഖായിരിക്കാൻള്ള തലേലെഴുത്തായിട്ടല്ലേ ഞാൻ വന്നത്, അതു പോട്ടെ മോളുക്കുട്ടിയ്ക്ക് എന്താ വിശേഷം? ഇത് മോനാ ല്ലേ, ……

ഞാൻ ചുരുക്കിയാണു പറഞ്ഞത്, മകൻ യാത്ര പോവാൻ തുടങ്ങുന്ന കാര്യം, അവനു നല്ല ജോലിയാണ് എന്ന കാര്യം, അങ്ങനെ നല്ല കാര്യങ്ങൾ മാത്രമേ ഞാൻ വെളിപ്പെടുത്തിയുള്ളൂ.

‘അനീത്തിമാർക്കൊക്കെ സുഖല്ലേ‘ എന്ന് ഞാൻ ചോദിച്ചപ്പോൾ ലക്ഷ്മി ശൂന്യമായ നോട്ടത്തോടെ പുലമ്പി.

‘ഇപ്പോ, രണ്ടാളേ ഉള്ളൂ. ന്റെ മോളക്ക് തൊണ്ണൂറാം കൊര വന്നു, പണ്ടേയ്, ന്ന്ട്ടും അതു ചത്തില്ല, അതിനേം കൊണ്ട് ആസ്പത്രീല് നിക്ക്ണ്ടി വന്നു. അനീത്തിമാരെ നോക്കാനൊന്നും അപ്പോ പറ്റ്ണ്ടായിര്ന്നില്ല, വെട്ടോഴീല് കറന്റിന്റെ കമ്പി ആ സമേത്താ പൊട്ടിവീണ്, അതുമ്മേ തൊട്ടു, താഴെള്ള രണ്ടെണ്ണം, അങ്ങനെ അവറ്റ പോയി, പിന്നാലെ അമ്മേം അങ്ങട് പോയി. ഞാൻ പിന്നെം, കൊറെ വീടോളില് പണിതു, കല്ല് ചോക്കാൻ പോയി, മണ്ണ് പണിക്ക് പോയി, താഴേള്ളത്ങ്ങളേം ഞാൻ പെറ്റ്ട്ടത് നേം ഞെക്കി കൊല്ലാൻ പറ്റോ? വല്ലതും അണ്ണാക്കിൽക്ക് വെക്കാൻ കൊട്ക്കണ്ടേ?

മൂത്തോള് ഇപ്പൊ വോമ്പേലാ, മ്മ്ടെ നാരാണൻ നായരെടെ മോളില്ലേ പട്ടാളക്കാരത്തി നേയ്സ്, അവരടൊപ്പം പണ്ട് പോയീതാ, അടിച്ചെളിക്കാൻ,  പിന്നെ ഈ നാട്ട്ല് വന്ന് ല്ല്യ.

‘അത് നും താഴേള്ളോള് മ്മ്ടെ മീൻ കാരൻ അയിദ്രോസിന്റെ കൂടെയങ്ങ്ട് പോയി ഒരൂസം.  പിന്നെ ഈ വഴിക്ക് കടന്നില്ല്യ. 

ലക്ഷ്മി കിതപ്പോടെ നിറുത്തി, ആഞ്ഞു ചുമച്ചു. പരിസരം മറന്ന് കാർക്കിച്ച് തുപ്പി. ഞാൻ മകനെ ശ്രദ്ധിക്കുകയായിരുന്നു, അവന് ബോറടിക്കുന്നുണ്ടാവുമോ ആവോ?

ഭാഗ്യം, അവൻ കുറച്ച് ദൂരെ മാറി നിൽക്കുകയാണ്. എന്റെ അടുത്ത് നിന്നിരുന്നുവെങ്കിൽ ലക്ഷ്മി ഇങ്ങനെയൊന്നും പറയുകയില്ലായിരുന്നു.

‘ലക്ഷ്മിക്ക് സുഖല്ല്യേ, ന്താ ങ്ങനെ ചൊമക്കണത്?‘ നിറുത്താതെയുള്ള ആ ചുമ എന്നെ പരിഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. 

കാർക്കിച്ച് തുപ്പിക്കൊണ്ട് ലക്ഷ്മി പറഞ്ഞു  ‘എന്താവോ ഇങ്ങനെയാ ഇപ്പോ, വൈയ്ന്നേരായാ കുളിരും പനീം വരും. പകലൊക്കെ ചൊമയ്ക്ക്ന്നേ. ന്തായാന്താ ചാവട്ടെന്ന് ച്ചാലും അത്ണ്ടാവ്ണില്ല ന്റെ മോളെ.’

‘ലക്ഷ്മീടെ മോളെവിടെയാ?‘ സങ്കോചത്തോടെ മാത്രമേ എനിക്ക് ആ ചോദ്യം ചോദിയ്ക്കാൻ കഴിഞ്ഞുള്ളൂ. ഞാനിന്ന് മുതിർന്ന മകന്റെ അമ്മയാണ്. നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയവളാണ്. എന്നിട്ടും ആ ചോദ്യം ചോദിക്കുമ്പോൾ എനിക്ക് തളർച്ചയോളമെത്തുന്ന വല്ലായ്മ തോന്നുന്നുണ്ടായിരുന്നു.

‘അവളിപ്പോ പാൽ സൊസൈറ്റീല് പാത്രം കഴ്കാൻ പോണ്ട്.  ഒന്ന് രണ്ട് വീടോളില് അടിച്ച് തെളിക്ക്ണ്ട്.  പിന്നെ മ്മ്ടെ മുരളീല്ല്യേ, ആ കുന്നത്തെ പാറോമ്മടെ മോൻ, അവൻ ഇത്തിരീശ്ശേ വല്ലതും ഒക്കെ കൊടുക്കും. അവന് ഭാര്യേം മക്കളും ഒക്കെണ്ട്.  അവൻ  അവളെ വെച്ചോണ്ടിരിക്ക്ണൂന്ന് നാട്ടാരു പറേം. അതോണ്ട് വേറെ ആരും വന്ന് തൊയിരം കെട്ത്ത്ണില്ല.  ആണൊരുത്തൻ മാനം മര്യാദയ്ക്ക് അവളെ കൊണ്ടോണംന്ന് ഇനിക്ക്ണ്ടേര്ന്ന്. കാശ് ഇല്യാ, തന്ത്യാരാന്ന് ചോയിച്ചാ മിണ്ടാൻ നിമർത്തില്ല്യാ. അതോണ്ട് ഇനിക്ക് ഒന്നും പറയാൻല്യാണ്ടായി.

ഇപ്പോൾ ലക്ഷ്മിയുടെ തൊണ്ട ഇടറി.

മുത്തശ്ശിയുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ലക്ഷ്മിയുടെ പൊട്ടിച്ചിരിയ്ക്കുന്ന  ആ രൂപം എന്റെ മനസ്സിൽ എവിടെയോ ഒരു നിഴലായി തെളിഞ്ഞു.

‘ലക്ഷ്മി ഇപ്പോ എവിട്യാ താമസിക്കണേ?‘ എന്റെ വിഡ്ഡിച്ചോദ്യത്തിനു ഉത്തരമായി ലക്ഷ്മി കണ്ണുകൾ തുടച്ച് ശക്തിയായി ചുമച്ചു. ചുമ നിന്നപ്പോൾ  കുണ്ടിലാണ്ട കണ്ണുകളിൽ നിന്ന് രക്തത്തുള്ളികളെ പോലെ കണ്ണീർ തെറിച്ചു.

‘ആ നശിച്ച വീട്ട്ല് തന്ന്യാ മോളുക്കുട്ടി. ഇനിക്ക് പൂവാൻ എവിടെയാ സ്തലം? ഒക്കേം കഴിഞ്ഞ് മിണ്ടാട്ടോം മുട്ടി തളർന്ന് വീണ്ല്ല്യേ, എന്ത് ഉശിരുണ്ടായാലും തളർന്നാ ആരാപ്പോ താങ്ങാൻ? എട്ട് കൊല്ലാ കെടന്നേ ന്റെ മോളെ, നമ്മ്ടെ നമ്പീശന്റെ സികിത്സ്യാർന്നു. ഒക്കെ കെടന്നോട്ത്തന്നെ, കഞ്ഞീം കഷായോം കോരിക്കൊടുക്കും, തീട്ടോം മൂത്രോം കോരിക്കളയും. അതാർന്നു അപ്പളൊക്കെ ഇന്റെ പണി.  ഇടിഞ്ഞൊളിഞ്ഞ് വീഴണ വരെ എല്ലാ ദൂസോം കൊല്ലണം കൊല്ലണംന്ന് കര്തീരുന്നതും  ഈ ഞാൻ തന്ന്യാ, ന്ന്ട്ടും ഞാനും മോളും നോക്കന്നേയിരുന്നു, ഇടുത്ത് വെട്ടോഴീൽക്ക് ഇടാൻ പറ്റോ? ന്തായാലും തന്ത്യല്ലേ ങ്ങടെ?‘

ലക്ഷ്മിയുടെ വാക്കുകളെ തടസ്സപ്പെടുത്തിക്കൊണ്ട് വീണ്ടും ചുമ വന്നു.