Monday, January 31, 2011

മുഝേ ഹിന്ദി നഹി മാലൂം……….

ദേഷ്യം വരണുണ്ട് നല്ലോണം. അച്ഛനോടും അമ്മ്യോടും മിണ്ടില്ല, ഇനി.
നാറ്റം പിടിച്ച ട്രെയിനിൽ കുടുങ്ങിക്കുടുങ്ങി മൂന്നു ദിവസം എട്ത്തു ഇവിടെത്താൻ. ഇനി ഇന്നാട്ടിലെ ഏതോ ഒരു സ്കൂളിലാത്രെ പഠിയ്ക്കണ്ടത്. എന്തിനാന്ന് ഇത് വരെ മൻസ്സിലായിട്ടില്ല.
ഇതിനെ വീട് ന്ന് പറയാൻ ആര്ക്കാ പറ്റാ?. അച്ചമ്മേടെ വീട്ടിലെ തൊഴുത്ത് ഇതിലും വലുതാ. ഇതിനെ ഒരു കുഞ്ഞി മുറീന്ന് വേണങ്കിൽ പറയാം. അല്ല, പിന്നെ. ഈ കുഞ്ഞി മുറീടെ അടുക്കെള്ള മുറീലൊക്കെ എല്ലാരും പറയണത് ഹെ…… ഹും…… ഹൊ…… ങ്ഹാ…… എന്ന മട്ടിലാ. ഏതെങ്കിലും ഒന്നില് ഒറപ്പിച്ചൂടെ ഇവര്ക്ക്? ഇങ്ങനെ മാറ്റി മാറ്റി പറയണേന്തിനാ? അത് മാത്രല്ല, വഴക്കു കൂടാന്ന് തോന്നും പറയണ കേട്ടാല്. തീരെ ഇഷ്ടായില്ല എന്നു വെച്ചാ ഇഷ്ടായില്ല. അത്ര ന്നെ.
കുഞ്ഞിമുറി വീട്ടില് ഒരു കുടുക്കാസ് കുളിമുറിയും പിന്നെ പൊക്കത്തിലിരുന്ന് അപ്പിയിടണ ഒരു സ്റ്റൂളും ഒക്കെണ്ട്. അതുമ്മേ ഇരിയ്ക്കാൻ ന്തായാലും മനസ്സില്ല. അച്ഛമ്മേടെ വീട്ടിലെ പോലെ തറയിൽ കുന്തിച്ചിരിയ്ക്കണതാണ് വേണ്ടത്. അത്ണ്ടെങ്കിലേ അപ്പീടണുള്ളൂ.
അച്ഛൻ ചിരിച്ചു.
‘വേണ്ടാ, ഇടണ്ട. അത് വയറ്റിലിരുന്നോട്ടെ. അടുത്ത കൊല്ലം സ്കൂൾ പൂട്ടലിന് അച്ഛമ്മേടെ വീട്ടിലെത്തീട്ട് ഇട്ടാ മതി.‘
ചിരിയ്ക്കാണ്ട് കടുപ്പിച്ച് നിന്നു. വേണ്ട, അത്ര കൂട്ടു വേണ്ട. അച്ഛമ്മേടെ കൂടെ പറമ്പിലൊക്കെ നടന്ന് സന്തോഷായി കളിച്ചോണ്ടിരുന്നതാണ്. കാക്കേം പൂച്ചേം പ്രാവും തത്തേം പിന്നെ ബാബുംണ്ടാരുന്നു കളിയ്ക്കാൻ. ബാബൂന് മാത്രേ ബെൽറ്റ്ണ്ടാരുന്നുള്ളൂ. ഒക്കേം കളഞ്ഞ് അച്ഛമ്മേം കുട്ടിയേം കരേപ്പിച്ച് ഈ കുടുസ്സു മുറീല് കൊണ്ടാക്കീട്ട്……………… ചിരിക്ക്യല്ല, നെലോളി കൂട്ടി വാശിട്ത്ത് ഒറ്ക്കെ കരയാണ് വേണ്ടത്.
അപ്പോ ദേ അടുത്ത കൊഴപ്പം വരണു, കുളിയ്ക്കാൻ ചൂട് വെള്ളം വേണ്ടാത്രെ. കാരണം ന്താച്ചാല് ഈ നാട്ടില് ഭയങ്കര ചൂടാണ്, ഉഷ്ണക്കാലത്ത് ആരും ചൂട് വെള്ളത്തില് കുളിയ്ക്കില്ല. ഇവിടെ തണുപ്പ് കാലത്ത് മാത്രേ ചൂടു വെള്ളം വേണ്ടൂ. ‘നിയ്ക്ക് അങ്ങനെ കുളിയ്ക്കണ്ട. ചൂട് വെള്ളത്തി തന്നെ കുളിച്ചാ മതി.’ കുളിമുറീടെ നെലത്ത് ഒറ്റ ഇരുത്തം. ങാഹാ, കുളിപ്പിയ്ക്കണതൊന്ന് കാണട്ടെ. ഉടുപ്പ് അഴിയ്ക്കാണ്ട് തലേല് വെള്ളം ഒഴിയ്ക്കാൻ പറ്റോ? അച്ചമ്മ കുരുമോളു വള്ളീട്ട് തിളപ്പിച്ചാറിച്ച വെള്ളത്തിലാ കുളിപ്പിക്ക്യാ. തോർത്തീട്ട് രാസ്നാദി പൊടി തിരുമ്മും. ഇവ്ടെ കുരുമോള് വള്ളീം ഇല്യ, അച്ഛമ്മേം ഇല്യ, ഇപ്പോ ചൂടുവെള്ളോം കൂടി ഇല്യാന്ന് പറഞ്ഞാലോ?
കുളിയ്ക്കാൻ പോണില്ല. കുളിയ്ക്കാണ്ട് സ്കൂളീപ്പോവാം. അച്ഛന്റെ കൊഞ്ചിപ്പിയ്ക്കല് ഒന്നും വേണ്ട. ഉമ്മ വെച്ചിട്ടൊന്നും ഒരു കാര്യോമില്ല. അച്ഛൻ അമ്മേ വിളിയ്ക്കാണ്ട് പരുങ്ങി നിൽക്കണതെന്താന്ന് അറിയാം, ചീത്ത ശീലങ്ങളാ അച്ചമ്മ പഠിപ്പിച്ചേന്ന് അമ്മ പറയൂലോ എന്ന് പേടിച്ചിട്ടാ…… ട്രെയിനിൽ ഇങ്ങട്ട് വരുമ്പോ തന്നെ അമ്മ അങ്ങനെ പറഞ്ഞു. റൊട്ടി തിന്ന്ല്യാന്ന് വാശിട്ത്ത് കരഞ്ഞപ്പളാ പറഞ്ഞെ. അമ്മേം അച്ഛനും കൂടി ഈ ഉഷ്ണ നാട്ടില് ജോലി ചെയ്യുമ്പോ വാവ അച്ഛമ്മേടെ കൂടെ നിന്ന് ചീത്ത്യായീന്ന്……….
ഇങ്ങനെ കുത്തീരുന്നത് അബദ്ധായി, ഇനി ഇപ്പോ പൊക്കത്തിലുള്ള അപ്പി സ്റ്റൂളിൽ തന്നെ ഇരിക്ക്യാ. അല്ലെങ്കി ആകെ മോശാവും. ‘അച്ഛാ, അതുമ്മേ വാവ ഇരിയ്ക്കണെങ്കി കൈ മുറുക്കെ പിടിയ്ക്കണം.‘
അയ്യോ, പാവം അച്ഛൻ! വേഗം പിടിച്ചിരുത്തി, കാര്യൊക്കെ ശട്പുക്കേന്ന് തീർത്തു.
കഴുകാൻ വെള്ളം ഒഴിച്ച്പ്പളല്ലേ, ഹൌ! എന്തൊരു ചുട്ക്ക്നെള്ള വെള്ളാ! അതു ശരി, ഈ വെള്ളാണെങ്കില് കുളിയ്ക്കാൻ ഇദന്നെ ആവാലോ, ഇതിലു പിന്നേം ഇത്തിരി പച്ചള്ളം ഒഴിച്ചാ മതി. ചൂടുകാലത്ത് വെള്ളം പിടിച്ച് വെച്ച് അതു തൺത്തിട്ട് വേണംത്രെ കുളിയ്ക്കാൻ. ഈ നാശം പിടിച്ച നാട്ടില് എന്തിനാവോ വന്ന് താമസിയ്ക്കണത്? ഇനീപ്പോ ന്തായാലും കരേണ്ട, അച്ഛൻ പാവല്ലേ? കുളിപ്പിച്ചോട്ടെ………
ഇന്നാദ്യം പോവല്ലേ സ്കൂളില്? അതോണ്ട് യൂണിഫോം ഇല്ല, അമ്മേടെ നിർബന്ധത്തിന് സിൽക്കു കുപ്പായോം ഷൂസും സോക്സും ഒക്കെ ഇട്ട്……………. ഹൌ! വെയർത്തൊലിയ്ക്കണു. സ്കൂട്ടറില് അമ്മേടേം അച്ഛന്റേം എടേലു അച്ഛനേം കെട്ടിപ്പിടിച്ചിരുന്നു. ഹായ് നല്ല മണണ്ട്, അച്ഛന്റെ ഷർട്ടില്. അമ്മേടെ മൊഖത്ത് വെയില് വീഴുമ്പോ നല്ല തെളക്കം, കാണാൻ ഒര് ഭംഗിയൊക്കെണ്ട് അമ്മയ്ക്ക്. അച്ഛമ്മ പറേണ മാതിരി ശ്രീയില്ലാത്ത കാക്കാലച്ചിയൊന്നുല്ല അമ്മ.
എന്ത് വല്യ റോഡാ, ഇങ്ങനെ നീണ്ട് നീണ്ട് കെടക്ക്ന്നെ. വല്യോരു കറ്ത്ത പായ വിരിച്ച പോല്യാ. ഒരുപാട് വണ്ടികളും പേ പേന്ന് ഹോണടിച്ച്…. ആകെ ബഹളം തന്ന്യാ. ഈ വണ്ടികൾക്കൊന്നും നാട്ടില് ഓടാൻ പറ്റ്ല്യാ. കുഞ്ഞി കുഞ്ഞി വഴികളല്ലേ?
നാമം ചൊല്ലണ മാതിരി മനസ്സില് ഒറപ്പിച്ചിട്ട്ണ്ട്. ഇന്നലെ അമ്മയോട് ചോദിച്ച് പഠിച്ചതാ. മുഝേ ഹിന്ദി നഹി മാലൂം……… മുഝേ ഹിന്ദി നഹി മാലൂം……… ടീച്ചറ്മാരോടും കുട്ട്യോളോടും ആദ്യം ന്നെ ഹിന്ദി അറിയില്ലാന്നു പറഞ്ഞാ പിന്നെ അവര് ഹിന്ദീലു ഓരോന്നു പറഞ്ഞ് പേടിപ്പിയ്ക്കില്ല്യാല്ലോ.
സ്ക്കൂളിലാക്കീട്ട് അമ്മേം അച്ഛനും പോയപ്പോ പേടിയാവാന്തൊടങ്ങി. അപ്പോഴേയ്ക്കും പച്ച സാരിടുത്ത പെൻസിലു പോലത്തെ ടീച്ചറും ചുവന്ന ചുരിദാറ്ട്ട റബർ പോലത്തെ ടീച്ചറും വന്ന് കൈയിൽ ഒരു ചോക്ലേറ്റ് വെച്ച്ന്നു. ഈ ക്ലാസ്സ് മുറീം ചെറ്താ. കുട്ടികള് പറയണതൊന്നും മനസ്സിലാവ്ണില്ല. ഒക്കേം ഹിന്ദി തന്ന്യാ. എല്ലാരടേം ഉടുപ്പൊക്കെ വല്യ പകിട്ടിലാണ്. അമ്മയ്ക്കറിയാം ഇതൊക്കെ. അതല്ലേ വാവേക്കൊണ്ടും സിൽക്ക് കുപ്പായം ഇടീപ്പിച്ചത്.
പെൻസിലു ടീച്ചറ് എന്ത്നാവോ ചുണ്ട്ല് ഇത്ര ചോന്ന പെയിന്റ്ടിച്ചേക്കണത്? പേടിയാവാ, കാണുമ്പോ…. ന്നാലും സാരല്യാ പാവം തന്ന്യാ, പറ്ഞ്ഞ്തൊന്നും മൻസ്സിലായില്ലാന്ന് ഒര് കൊഴപ്പം മാത്രേള്ളൂ, ങാ, പിന്നെ അമ്പാട്ടി തൊഴണ പോലെ നമസ്തേന്ന് പറയാൻ പഠിച്ചു. പിന്നെ റബറ് ടീച്ചറ് വന്നപ്പോ ആകെ കൊഴപ്പായി. ക്ലാസ്സില് മൂത്രൊഴിയ്ക്കണംന്ന് വെച്ച്ട്ട് ഒഴിച്ചതല്ലാ സത്യായിട്ടും അല്ലാ. മൂത്രൊഴിയ്ക്കാൻ വന്നാ ‘മെ ഐ‘ ന്ന് തൊട്ങ്ങ്ണ എന്തോ പറ്യണംന്ന് അമ്മ പഠിപ്പിച്ച് തന്നതാ. അത് മറന്ന് പോയി. ഒന്നിന് പോണം, മൂത്രൊഴിയ്ക്കണംന്നൊക്കെ പറഞ്ഞു നോക്കീ… ടീച്ചറ്ക്ക് തിരിഞ്ഞില്ല, അപ്പോളേയ്ക്കും ഒഴിച്ചും പോയി. നാണക്കേടായി……. വല്യ കുട്ടിയായ്ട്ട് ഇങ്ങനെ പറ്റീലോ. കരച്ചിലു വരണുണ്ട്. ഈ പറ്ഞ്ഞാ തിരിയാത്ത നാട്ട്ല് കൊണ്ട്ന്നാക്കീട്ട്…….. പൊന്നുങ്കട്ടാന്നാ അച്ഛമ്മ വിളിച്ചിരുന്നതേയ്. ഗുരുവായിരപ്പ്നേലും വലുതാ അച്ഛ്മ്മയ്ക്ക് വാവാന്നാ പറ്യാ. അത്ര നല്ല വാവയാ ഇപ്പോ ഇങ്ങനെ നാണക്കേടായി തലേം താത്തി നിൽക്കണത്. അവര് ബത്തമീസ് ബത്തമീസ് എന്ന് പറേണുണ്ട്……….. അതെന്താവോ ഈ ബത്തമീസ്? ടീച്ചറ്ടെ പേരാവ്വോ? പറയാൻ നല്ല രസ്മ്ണ്ട്. ഇനി അതും മറ്ക്കണ്ട, ബത്തമീസ്….. അല്ലല്ല, ബത്തമീസ് ടീച്ചർ.
കരച്ചില് കണ്ടപ്പോ നാലു ബിസ്ക്കറ്റ് തന്നു, ടീച്ചറ്. അപ്പോ ദേ കുട്ടികള് മൂത്രത്തിന്റെ നനവ് കാട്ടി ചിരിയ്ക്കണ്. കളിയാക്കാ അത് ഒറപ്പാ. പറേണതൊന്നും മൻസ്സിലാവാത്ത ടീച്ചറും അത് പോലത്തെ കൊറ്ച്ച് കുട്ട്യോളും…………. ന്ന്ട്ട് ചിരിയ്ക്കല്ലേ ങ്ങനെ. മറന്ന്ട്ടില്ല്യാ…. നല്ല മുറുക്കനെ ഒച്ചേല് തന്ന്യാ പറഞ്ഞ്ത്… ‘ബത്തമീസ് ടീച്ചർ, മുഝേ ഹിന്ദി………’
അപ്പോ പിന്നേം കൊഴപ്പായി. ആകെ ബഹളം. ടീച്ചറ് തുറുപ്പിച്ച് നോക്കി. ന്ന്ട്ട് ഒരു പിച്ച്, കൈയിമ്മേ. ഹൌ, വേദനേലും കൂടുതല് വെഷമാ ആവണേ…….അവര് എന്തൊക്ക്യൊ ചറു പിറൂന്ന് ഹിന്ദീല് പറേണുണ്ട്. ന്നാലും ഒന്നും കൂടി ഒറ്ക്കെ പറഞ്ഞു ടീച്ചറോട്……… ‘മുഝേ ഹിന്ദി നഹീം മാലും ബത്തമീസ് ടീച്ചർ‘
മൂത്രായ ഉടുപ്പോണ്ട് കണ്ണെങ്ങന്യാ തൊട്യ്ക്കാ? ഒരു ടവ്വലുണ്ടാര്ന്നു, അതുപ്പോ കാണാനൂല്യ. വഴീൽ വീണ് പോയോ ആവോ……… വേഗം പോയ്യാ മതീ അച്ഛമ്മേടേ അടുത്ത്ക്ക്…
ഉച്ച്യാവുമ്പോളേയ്ക്കും സ്കൂള് വിട്ടു. ആ ദേ അച്ഛനും അമ്മേം വന്ന്ണ്ടല്ലോ……. നനഞ്ഞ കുപ്പായം ആരും കാണണ്ട. വേഗം, സ്കൂട്ടറിൽ കേറീരുന്നു. അച്ഛമ്മേടെ വീട്ട്ലേക്ക് ട്രെയിനിൽ പോണംന്ന് ല്യാ. സ്കൂട്ടറിലു പോയ്യാലും മതി.
അമ്മ ഉമ്മയൊക്കെ വെയ്ക്ക്ണ്ട് ‘എന്തേ കണ്ണാ ? എന്താ ദേഷ്യം?‘
മിണ്ടണ്ട, മിണ്ടണ്ട. അമ്മേം അച്ഛനും ഇനി ഒന്നും മിണ്ടണ്ട.
‘ഒരു ബുദ്ധീല്യാത്തവര്ടെ സ്കൂളിലാക്കീട്ട്……. കണ്ണാന്ന് വിളിച്ചാ മതീലോ‘.
‘ആർക്കാ ബുദ്ധീല്യാത്തത് കുട്ടാ?‘
‘ആ സ്കൂളിലെ കുട്ട്യോൾക്കും ടീച്ചർമാര്ക്കും തീരെ ബുദ്ധീല്യാ…… എന്നെ അവര് ഒന്നും പഠിപ്പിയ്ക്കണ്ട. എനിയ്ക്ക് അച്ഛമ്മേടെ അടുത്ത് പോണം. അവ്ടത്തെ സ്കൂളില് മതി പഠിപ്പ്…… ‘നിയ്ക്ക് പോണം. ‘നിയ്ക്ക് പോ……….ണം.‘
‘എന്തു ബുദ്ധീല്യായാ അവരു കാണിച്ചേ? മക്കളു പറ…… അതറിഞ്ഞിട്ട് അച്ഛൻ ടിക്കറ്റൊക്കെ ശരിയാക്കി അച്ഛമ്മേടെ അടുത്ത് കൊണ്ടാക്കാം.‘
‘അവരൊക്കെ എന്നോട് ഹിന്ദീല് മിണ്ടീപ്പോ ഞാൻ പറഞ്ഞു, മുഝേ ഹിന്ദി നഹീ മാലും ന്ന്. അത് കേട്ടിട്ടും അവര് പിന്നേം പിന്നേം എന്നോട് ഹിന്ദീല്ന്നെ മിണ്ടാന്നേയ്.‘
‘അതിന് മക്കളേ അവര്ക്ക് മലയാളം അറിയില്ല, ഹിന്ദി മാത്രേ അറിയൂ.‘
‘മലയാളം അറിയില്ലാന്നോ? അച്ഛമ്മേടെ കൂട്ട്കാരത്തി മായമ്മേടെ വീട്ടിലെ വാവേല്ല്യേ…… ഒന്നരവയസ്സുള്ള വാവ? അവളുക്കും കൂടി മലയാളം അറിയാം. ന്ന്ട്ട് ഈ പെൻസിലും റബ്ബറും പോലത്തെ ടീച്ചർമാര്ക്കും എന്റ്ത്രേം വെല്യ കുട്ട്യോൾക്കും മലയാളം അറീല്ലാന്നോ? ‘നിയ്ക്ക് ഇവിടെ പഠിയ്ക്കണ്ടാ……... നിയ്ക്ക് പോ…………ണം.‘
----------------------------------------------
മുഝേ ഹിന്ദി നഹി മാലൂം --- എനിയ്ക്ക് ഹിന്ദി അറിയില്ല.
ബത്തമീസ്                    ---  മര്യാദയില്ലാത്ത.

Wednesday, January 12, 2011

ദൈവത്തിന്റെ പരിഗണനകൾ………..വെറുമൊരു പത്തു മാസക്കണക്ക്.

                                    

                                                                            


ഞാൻ ഗർഭം ധരിച്ചത് ഒരു ജനുവരി മാസത്തിലായിരുന്നു.
വളരെ അസുഖകരമായ ഗർഭകാലമായിരുന്നു എന്റേത്. ഇതിനൊന്നും തുനിയരുതായിരുന്നുവെന്ന് പലവട്ടം പശ്ചാത്തപിയ്ക്കേണ്ടി വന്നിട്ടുണ്ടെനിയ്ക്ക്.
അദ്ദേഹത്തിന് എന്റെ ഗർഭം തീരെ ആവശ്യമില്ലായിരുന്നു; ‘നിന്റെ നിർബന്ധമാണിത്‘ എന്ന് പറഞ്ഞപ്പോൾ കണ്ണടയ്ക്കടിയിലെ ചെറിയ കണ്ണുകൾ അനാവശ്യമായി തിളങ്ങി; അത് സ്നേഹത്തിന്റെ തിളക്കമായിരുന്നില്ല. ആ നിമിഷത്തിൽ എന്റെ കുഞ്ഞിന് അച്ഛനില്ലാതായി.
മടുപ്പിന്റെയും അസഹ്യതയുടേതുമായ ചുട്ട നോട്ടങ്ങളിൽ എരിഞ്ഞു തീർന്ന ഞാൻ ലജ്ജയില്ലായ്മ കൊണ്ട് മാത്രമാണ് ആ കാലത്തെ അതിജീവിച്ചത്. ആണിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഏതൊരു പെണ്ണിനും ഈ നാണമില്ലായ്മയും, അഭിമാനക്കുറവുമെല്ലാം വളരെ സഹജമായ കുപ്പായങ്ങളാണെന്ന് അന്നെനിക്കറിഞ്ഞുകൂടായിരുന്നു. പിന്നീട് അതെന്റെ രണ്ടാം തൊലി പോലെയായി. നിന്ദാപമാനങ്ങളുടെയും തിരസ്കാരങ്ങളുടെയും മർദ്ദനങ്ങളുടേയും പതിവുകൾ ശീലമായാൽ പിന്നെ ഒരു അലോസരവുമുണ്ടാക്കാറില്ലല്ലോ.
ഗർഭകാലത്തെ അസ്വസ്ഥതകൾ എന്റെ വെറും ഭാവനയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഛർദ്ദിയും ഭക്ഷണത്തോടുള്ള വൈമുഖ്യവും ചില ഭക്ഷണങ്ങളോടുള്ള ആർത്തിയും എല്ലാം ആ മനസ്സിൽ വെറുപ്പു മാത്രമേ ഉണ്ടാക്കിയുള്ളൂ. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള സ്ത്രീകൾക്കൊന്നും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല. അവർ രുചികരങ്ങളായ നല്ല ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി ആർത്തിയോടെ ഭക്ഷിച്ചു, അവരുടെ ശരീരങ്ങൾ കൊഴുത്തു തുടുത്തു. അവരിൽ പ്രസവത്തിനു എത്രയോ മുൻപേ അമ്മത്തം ഒരു ദൈവാനുഗ്രഹമായി നിറഞ്ഞു തുളുമ്പാൻ തുടങ്ങി. പൂർണ്ണമായ സ്ത്രീത്വമുള്ള സ്ത്രീകൾ എന്റെ അസ്വസ്ഥതകളെ വെറും തമാശയായി മാത്രമേ കാണുകയുള്ളൂ എന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. അത്രമേൽ സ്വാഭാവികമായ ഒരു കാര്യമാണു ഗർഭമെന്നും വയർ വലുതാകുമ്പോഴാണ് ഗർഭിണികളാണെന്നു തന്നെ അവരറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സൌഭാഗ്യവതികളായ ആ സ്ത്രീകൾക്ക് മുൻപിൽ എനിക്ക് സ്വയം പുച്ഛമാണ് തോന്നേണ്ടതെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
ഞാൻ മെലിഞ്ഞു വിളർത്തു. ഭക്ഷണം എന്നെ തെല്ലും കൊതിപ്പിച്ചില്ല. അമ്മത്തം എന്നിൽ പേരിനു കൂടിയും തെളിഞ്ഞില്ല. വീട്ട് ജോലികൾ ചെയ്യാനാകാതെ എനിക്ക് കൂടെക്കൂടെ ശ്വാസം മുട്ടലുണ്ടായി. ആരോഗ്യവതിയായ സ്ത്രീയുടെ പുരുഷനാകുന്നത് എത്ര വലിയ സൌഭാഗ്യമാണെന്ന് അദ്ദേഹം നെടുവീർപ്പിടുമ്പോഴെല്ലാം ചിരിക്കുന്ന മട്ടിൽ ചുണ്ടുകൾ അകത്തി പല്ലുകൾ വെളിയിൽ കാണിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. വീട്ടു ജോലികൾ ഭംഗിയായി ചെയ്യുന്നവരും ഗർഭിണികളും ഉദ്യോഗസ്ഥകളുമായ മിടുക്കി സ്ത്രീകളെ അദ്ദേഹം എല്ലായ്പോഴും എനിക്ക് ചൂണ്ടിക്കാണിച്ചു തന്നു.
ഞാൻ പ്രസവിക്കുന്ന കുഞ്ഞ് ബുദ്ധി കുറഞ്ഞും വളർച്ചയെത്താതെയും ജനിക്കുമെന്നും അത് ഒരു വലിയ കുരിശായിത്തീരുമെന്നും അങ്ങനെ സംഭവിക്കുന്നത് എന്റെ മാത്രം കുഴപ്പം കൊണ്ടായിരിക്കുമെന്നും അദ്ദേഹം പലവട്ടം താക്കീതു നൽകി. ഗർഭം അലസിപ്പോകുന്നതായിരിക്കും അതിലും നല്ലതെന്ന് ഞാൻ കരഞ്ഞു കൊണ്ടിരുന്നു. എന്നാൽ ആ സമയവും കഴിഞ്ഞ് എന്റെ വയർ വലുതാകുകയും കുഞ്ഞ് വയറ്റിൽ മെല്ലെ മെല്ലെ ഇളകുവാൻ തുടങ്ങുകയും ചെയ്തു. കുഞ്ഞിനെ ഓർത്ത് ഞാൻ താരാട്ടുകൾ പഠിക്കുകയോ കുട്ടിക്കുപ്പായങ്ങൾ തുന്നുകയോ ചെയ്തില്ല. പകരം പ്രസവത്തോടെ മരിക്കണമെന്നും ജനിക്കുന്നത് ജീവനില്ലാത്ത കുഞ്ഞായിരിക്കണമെന്നും മാത്രം ഉൽക്കടമായി ആഗ്രഹിച്ചു.
ഒരു പാത്രത്തിൽ ഇരുന്നൂറ്റി എൺപതു കല്ലുകൾ ഞാൻ പെറുക്കി വെച്ചിരുന്നു.ഓരോ ദിവസവും ഒരു കല്ല് വീതം ജനലിലൂടെ പുറത്തു കളയുമ്പോൾ, മരണ ദിനം സമീപിക്കുകയാണെന്ന് കരുതി ആശ്വസിയ്ക്കുകയായിരുന്നു എന്റെ മനസ്സ്.
പത്തു കല്ലുകൾ ബാക്കിയുണ്ടായിരുന്ന ഒരുച്ചയ്ക്ക് അസഹ്യമായ വേദനയും വിയർപ്പും നിമിത്തം തളർന്ന ഞാൻ, അയല്പക്കത്തെ അമ്മൂമ്മയെ കൂട്ടിനു വിളിച്ച് ഒരു ഓട്ടോ റിക്ഷയിൽ കയറി ഡോക്ടറെ കാണാൻ പോയി. കടിഞ്ഞൂൽ ഗർഭിണികൾക്കുണ്ടാവുന്ന ഫാൾസ് പെയിൻ എന്ന ശല്യമായിരുന്നു അത്. തിരികെ വരുമ്പോൾ എനിക്ക് സത്യമായും വലിയ ലജ്ജയും അപമാനവും തോന്നിയിരുന്നു. അദ്ദേഹത്തിനാകട്ടെ എന്നോടുള്ള മടുപ്പും അസഹ്യതയും വർദ്ധിപ്പിക്കാൻ മാത്രമേ ഈ സംഭവം ഉപകരിച്ചുള്ളൂ. ഇത്തരം തമാശകളൊന്നും ഇനി മേലിൽ ആവർത്തിക്കരുതെന്ന് കടുപ്പിച്ച സ്വരത്തിൽ പറഞ്ഞ് അദ്ദേഹം എന്നെയും ആ പ്രശ്നങ്ങളേയും തട്ടിമാറ്റി.
കല്ലുകളുടെ എണ്ണം രണ്ടായി കുറഞ്ഞ വേളയിലും, എനിക്കുണ്ടായ ഈറ്റു നോവ് ദഹനക്കേടിന്റെ വയറ്റു വേദനയാണെന്ന് ഞാനറിഞ്ഞതങ്ങനെയാണ്. വിയർപ്പ് തുടച്ചാൽ മാറിക്കോളുമെന്നും അതിനു ഒരു തോർത്തുമുണ്ടിന്റെ മാത്രം ആവശ്യമേയുള്ളൂവെന്നും അപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞു. നട്ടെല്ലിൽ ഇടി മിന്നുന്നതൊക്കെ വെറും തോന്നലാണെന്നും മനസ്സിലായി. അതു കൊണ്ട് ഞാൻ വിറയ്ക്കുന്ന കാലുകൾ ഒതുക്കി, മടിയിലേക്കു ചാഞ്ഞ വയറിന്മേൽ കൈ വെച്ച്, വസ്ത്രത്തിൽ രക്തം പുരളാതെ ശ്രദ്ധിച്ച്, വിയർത്തും കിതച്ചും അടക്കത്തോടെ ഇരുന്നു.
കാരണം അതൊരു കറുത്ത പാതി രാത്രിയായിരുന്നു. അത്താഴം കഴിച്ച്, ഒരു സിഗരറ്റും വലിച്ച് ഉറങ്ങേണ്ട നേരം. നഗരത്തിലെ ഓട്ടോ റിക്ഷകളും ടാക്സികളും പോലും കണ്ണടച്ചുറങ്ങുന്ന വിശ്രമവേള.
അതു കൊണ്ട് പ്രഭാതമാകും വരെ ക്ഷമയോടെ കാത്തിരിക്കണം.
പ്രസവവേദനയെ ബോധ്യപ്പെടുത്താനുള്ള വരം ദൈവം എനിയ്ക്ക് തന്നിരുന്നില്ല. പകരം ക്ഷമയും അടക്കവും പഠിപ്പിക്കുന്ന കളി തമാശയായിരുന്നു നീക്കിവെച്ചിരുന്നത്.
എങ്കിലും ബലമായി അമർത്തിക്കടിച്ച എന്റെ ചുണ്ടുകളിൽ നിന്നും പുറപ്പെട്ട ഒരു നിലവിളിയിൽ അയൽപക്കത്തെ അമ്മൂമ്മയുടെ മകൻ ഓട്ടോ റിക്ഷയുമായി ഓടിയെത്തി. പ്രസവ വേദനയാണോ എന്ന് യാതൊരുറപ്പും ഇല്ലാതിരുന്നിട്ടും വാതിൽ പൂട്ടുവാനും പഴന്തുണികൾ നിറച്ച ബാഗ് വണ്ടിയിൽ എടുത്തുവെയ്ക്കുവാനും ഒപ്പം ഇറങ്ങുവാനും അദ്ദേഹം അപ്പോൾ തയാറാവുകയും ചെയ്തു.
ഗർഭം ധരിച്ചത് എന്റെ ശരീരത്തിന്റെ മാത്രം പിഴയാണ്, ശിക്ഷയും സ്വയം ഏറ്റുവാങ്ങിയേ മതിയാകൂ.
‘പട്ടി ചന്തയ്ക്ക് പോയത് പോലെ തിരിച്ച് വരേണ്ടി വരും, മനുഷ്യരുടെ ഉറക്കവും കളഞ്ഞ് അയൽപ്പക്കക്കാരേയും കൂടി ബുദ്ധിമുട്ടിച്ച്………..‘ അദ്ദേഹം മടുപ്പോടെ മുറുമുറുത്തു. എനിയ്ക്ക് ശബ്ദിയ്ക്കുവാൻ കൂടി കഴിയുമായിരുന്നില്ല. വേദനയുടേതും പ്രസവത്തിന്റേതുമായ അന്തരാള ഘട്ടത്തിൽ ഞാനകപ്പെട്ടു കഴിഞ്ഞിരുന്നു.
എന്തു പറയണമെന്നറിയാത്തതുകൊണ്ടോ പെണ്ണുങ്ങളുടേതു മാത്രമായ ഈ വേദനയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടോ പ്രസവം തുടങ്ങിയ വില കുറഞ്ഞ കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും പറയുന്നത് മോശമെന്ന് കരുതുന്നതുകൊണ്ടോ ഇതൊന്നുമല്ലെങ്കിൽ ഉറക്കം വരുന്നതുകൊണ്ടോ ഒക്കെ ആവണം, അമ്മൂമ്മയുടെ മകൻ നിശ്ശബ്ദനായി വണ്ടി ഓടിയ്ക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.
സർക്കാർ ആശുപത്രിയിൽ ചെല്ലുമ്പോഴേയ്ക്കും ശരീരമാകെ തീവെള്ളം ഇരമ്പിക്കയറിയതായി എനിയ്ക്ക് തോന്നി. എന്തായാലും കാഷ്വാൽറ്റിയിൽ നിന്ന് ഒരു വീൽ ചെയറിൽ എന്നെ ലേബർ റൂമിലേയ്ക്ക് എത്തിയ്ക്കുവാനുള്ള കാരുണ്യം ആശുപത്രിയിലുള്ളവർ പ്രദർശിപ്പിച്ചു. എന്റെ പഴന്തുണി ബാഗ് തോളിൽ തൂക്കിയിടുവാനുള്ള സൌമനസ്യവും ആ അറ്റൻഡർക്കുണ്ടായിരുന്നു.
യഥാർത്ഥത്തിലുള്ള, സത്യമായ പ്രസവ വേദനയായിരുന്നു എന്റേതെന്ന് അങ്ങനെ വെളിവാക്കപ്പെട്ടു.
ഇരുണ്ടതും വലുപ്പമുള്ളതുമായ ഒരു മുറിയായിരുന്നു ലേബർ റൂം. നാലു കട്ടിലുകൾ ആ മുറിയിലുണ്ടായിരുന്നു. പിച്ചക്കാരിയെന്ന് ഒറ്റ നോട്ടത്തിലറിയാൻ കഴിയുന്ന ഒരു സ്ത്രീ അതിലൊന്നിൽ കിടന്ന് നിലവിളിയ്ക്കുന്നുണ്ടായിരുന്നു. അവളെ ആരും ശ്രദ്ധിച്ചിരുന്നില്ല.
വേദനയും ഭയവും അനാഥത്വവും നിമിത്തം ഞാൻ തളർന്നു കഴിഞ്ഞിരുന്നു. കുറച്ച് സമയത്തിനുള്ളിൽ ഞാനും വയറ്റിലുള്ള കുഞ്ഞും മരിയ്ക്കുമെന്ന് ആശ്വസിച്ച് ആ തളർച്ചയെ അതി ജീവിയ്ക്കാൻ ഞാൻ ശ്രമിച്ചു.
കടുപ്പിച്ച മുഖവുമായി രണ്ട് വനിതാ അറ്റൻഡർമാർ വന്നു, അവരുടെ കൈയിൽ പേടിപ്പിയ്ക്കുന്ന നീല നിറമുള്ള ബ്ലേഡുണ്ടായിരുന്നു. എന്റെ കാലുകൾ ബലമായി അകത്തിക്കൊണ്ട്, ശരീരത്തിലെ വൃത്തികെട്ട രോമങ്ങൾ നീക്കം ചെയ്യണമെന്ന് അവർ എന്നോട് കല്പിച്ചു. ‘അല്ലെങ്കിൽ പ്രസവ സമയത്ത് ഞങ്ങൾക്ക് അറയ്ക്കും’
പ്രസവവും കുഞ്ഞിന്റെ ജനനവും എല്ലാം വെറുപ്പുളവാക്കുന്ന വൃത്തികേടുകളാണെന്നും ആ സമയത്താണെങ്കിലും മറ്റൊരു സ്ത്രീയുടെ ശരീരം കാണേണ്ടി വരുമ്പോൾ അറപ്പുണ്ടാവുകയാണ് വേണ്ടതെന്നും എനിയ്ക്ക് മനസ്സിലായി. അറപ്പും വിരോധവും ശത്രുതയും പുച്ഛവുമെല്ലാമാണു സ്ത്രീകൾക്ക് പരസ്പരം തോന്നേണ്ടതെന്നും സ്നേഹം മാത്രമാണ് അശ്ലീലമാവുന്ന തോന്നാൻ പാടില്ലാത്ത വികാരമെന്നും അവരുമെന്നോട് ഉറക്കെപ്പറയുകയായിരുന്നു.
എന്നിൽ ബ്ലേഡ് പ്രയോഗിക്കേണ്ടതില്ലെന്നും തയാറായിട്ടാണ് വന്നിരിയ്ക്കുന്നതെന്നും ഞാനവരെ ബോധ്യപ്പെടുത്തുവാൻ തുനിഞ്ഞു. അപ്പോഴേയ്ക്കും മറ്റൊരുവൾ എനിമാ ബാഗുമായി അടുത്തു വന്നു. ജീവൻ മറ്റാരുടേയോ കൈയിലായിക്കഴിഞ്ഞുവെന്ന് എനിയ്ക്ക് തോന്നി. ആരെല്ലാമോ വരുന്നു, അവർ എന്നിൽ കൈ കടത്തുന്നു, അധികാരം സ്ഥാപിയ്ക്കുന്നു. ഞാൻ വേണ്ടത്ര സഹകരിയ്ക്കുന്നില്ലെന്ന് അധിക്ഷേപിയ്ക്കുന്നു.
എനിമ തന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കച്ചടവോടെ ഒരു നഴ്സ് വന്ന് എന്നെ കക്കൂസിലേയ്ക്ക് നയിച്ചു.മലത്തിന്റെ മഹാ സമുദ്രമായിരുന്നു ആ മുറി. അത്രയും മലം ഒന്നിച്ച് ഞാനതിനു മുൻപ് കണ്ടിരുന്നില്ല.എന്തു വേണമെന്നറിയാതെ ആ സമുദ്രത്തിനു മുൻപിൽ ഞാൻ പകച്ചു നിന്നു. പക്ഷെ, നിത്യ ശത്രുവായ ഈ ശരീരം അപ്പോഴും എന്നെ വഞ്ചിയ്ക്കുകയായിരുന്നു.
ആവുന്നത്ര സ്വയം വൃത്തിയാക്കിക്കൊണ്ട് ഞാൻ വേച്ച് വേച്ച് ലേബർ റൂമിൽ പ്രവേശിച്ചു.
പിച്ചക്കാരി ആരുടേയും മേൽ നോട്ടമില്ലാതെ പ്രസവിച്ചു കഴിഞ്ഞിരുന്നുവെങ്കിലും പൊക്കിൾക്കൊടി മുറിയ്ക്കുവാനും കുഞ്ഞിനെ ഉയർത്തി അവൾക്ക് കാണിച്ചുകൊടുക്കുവാനും വന്ന അറ്റൻഡർ വലിയ വായിൽ കേട്ടാലറയ്ക്കുന്ന തരം ചീത്ത വാക്കുകളാൽ അവളെ ശകാരിച്ചു കൊണ്ടിരുന്നു.
വേദനയുടെ കൂർത്ത മുള്ളുകൾക്കിടയിൽ നഴ്സ് കുത്തിവെച്ച മയക്കു മരുന്നിന്റെ അല്പ സാന്ത്വനത്തിൽ മയങ്ങിയും ഉണർന്നും വരമായെത്തുന്ന മരണത്തെ കാത്തു ഞാൻ കിടക്കുമ്പോൾ പത്തു മാസത്തെ ആർത്തവം മാത്രമാണ് പ്രസവമെന്ന് നേഴ്സ് ചിരിച്ചു കാട്ടി. കയറാൻ തുടങ്ങവേ മാഞ്ഞു മാഞ്ഞു പോകുന്ന ഓട്ടൊ റിക്ഷകളുടേയും ടാക്സിക്കാറുകളുടേയും നീണ്ട നിരകളെ സ്വപ്നം കണ്ട് മയക്കത്തിൽ ഞാൻ തേങ്ങിക്കരഞ്ഞു.
ദൈവത്തെ വിളിയ്ക്കുവാൻ നേഴ്സ് എന്നോട് പറഞ്ഞു. അവർക്ക് അൽപ്പം കാരുണ്യവും ലേശം മര്യാദയുമുണ്ടായിരുന്നു. എനിയ്ക്ക് ദൈവത്തെ വിളിയ്ക്കാൻ കഴിഞ്ഞില്ല. ഞാൻ ദൈവത്തിന്റെ സൃഷ്ടിയാണെന്നും എനിയ്ക്ക് തോന്നിയില്ല.
സ്വന്തം പുരുഷൻ കേൾക്കെ പ്രസവ വേദനകൊണ്ട് കരയുവാൻ പാടില്ലത്രെ! കാരണം അയാൾ ദു:ഖിയ്ക്കുവാൻ ഇട വന്നാൽ അത് ജനിയ്ക്കാൻ പോകുന്ന കുഞ്ഞിന് ദോഷം വരുത്തും.
അദ്ദേഹം മടുപ്പോടെയെങ്കിലും ബുദ്ധിമുട്ടു സഹിച്ച് കൊതുകു കടിയുമേറ്റ് ഈ സർക്കാരാശുപത്രിയുടെ വരാന്തയിലിരിയ്ക്കുന്നതു തന്നെ വലിയ കാര്യമാണ്. അതുകൊണ്ട് പഴഞ്ചൊല്ല് കേട്ടില്ലെങ്കിലും ഞാനുച്ചത്തിൽ കരയുമായിരുന്നില്ല.
കൊടിയ വേദനയുടെ നീണ്ട മണിക്കൂറുകൾ കടന്നു പോയി. ചുണ്ടുകൾ മുറിയുവോളം ഞാൻ കരച്ചിലിനെ ഒതുക്കിപ്പിടിച്ചു. പെരുമഴ പോലെ വിയർക്കുകയും തുരത്തപ്പെടുന്നവളെ പോലെ കിതയ്ക്കുകയും ചെയ്തു.
ഒടുവിൽ വലിയ ബിരുദങ്ങൾ നേടിയ വനിതാ ഡോക്ടർ എത്തിച്ചേർന്നു.
ഞാൻ വേദനയായി രൂപാന്തരപ്പെട്ട അപൂർവ നിമിഷങ്ങളായിരുന്നു അത്. ഈ പ്രപഞ്ചത്തിലെ യാതൊന്നുമായും എനിയ്ക്കപ്പോൾ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ആ നിമിഷങ്ങളിലൊന്നിൽ…………. രക്തത്തിന്റെ ഒരു കീറ് നെറ്റിമേൽ പുരട്ടി, പുറത്തേയ്ക്കു വന്ന മകൾ ഒരു പുതു പനിനീർപ്പൂവിന്റെ കാന്തിയോടെ എന്നെ അനുഗ്രഹിച്ചു. കൊഴുത്തുരുണ്ട് ആരോഗ്യവതിയായ ഒരു പെൺകുട്ടി. ഈ പ്രപഞ്ചത്തിൽ എനിയ്ക്ക് വെളിപ്പെട്ട ഏറ്റവും ദൈവീകമായ കാഴ്ചയായിരുന്നു കണ്ണീർ മറയിലൂടെ ഞാൻ കണ്ട ആ കുഞ്ഞു മുഖം.
സ്റ്റിച്ചുകൾ ഇടുമ്പോൾ ഡോക്ടർ എന്നോട് തിരക്കി, സഹതാപത്തോടെ………… ‘സങ്കടമായോ പെണ്ണിനെ പ്രസവിച്ചത്? പോട്ടെ സാരമില്ല, അടുത്തത് ആൺകുഞ്ഞായിരിയ്ക്കും’
വിശ്രാന്തിയുടെ തീരങ്ങളിൽ നിന്ന് കൊടുങ്കാറ്റുകളുടേയും ഉരുൾ പൊട്ടലുകളുടേയും അഗ്നിച്ചിറകുകളിലേയ്ക്ക് ഞാൻ പൊടുന്നനെ എടുത്തെറിയപ്പെട്ടു.
എന്നും മുകളിലുയർന്നു മിന്നിയ കമ്പി കെട്ടിയ ചൂരലുകളെ…… പാൽച്ചുണ്ടിലെ കാക്കപ്പുള്ളി കടിച്ചെടുത്തു കളയാൻ ശ്രമിച്ച വെറ്റിലപ്പല്ലുകളെ…… കൂമ്പി വരുന്ന മാറിടത്തിൽ ഒരു കൂടം പോലെ അമർന്ന കൈകളെ……… സ്വന്തം ആവശ്യത്തിനു മാത്രം ചുംബിയ്ക്കുകയും അല്ലാത്തപ്പോഴെല്ലാം ഈ ശരീരവുമായി നിരന്തര യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്ന കണ്ണട വെച്ച പ്രേമത്തെ…………. വെറും ഒരു പെണ്ണാണെന്ന് സദാ ഇകഴ്ത്തിയ സർവ പുച്ഛങ്ങളെ………. അടങ്ങിയൊതുങ്ങി വണക്കത്തോടെ കഴിഞ്ഞാൽ സകല ഐശ്വര്യവുമുണ്ടാകുമെന്ന് പഠിപ്പിച്ച എളിമപ്പാഠങ്ങളെ………
ഒറ്റ നിമിഷത്തിൽ എല്ലാം ഞാനോർമ്മിച്ചു.
എന്റെ മകളെ കാത്തിരിയ്ക്കുന്നതെന്തെന്ന് അറിയില്ലെങ്കിലും അവൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് ഉറപ്പിച്ച്, ഞാൻ ഡോക്ടറോട് പറഞ്ഞു, ‘ഇല്ല മാഡം, എനിയ്ക്ക് സങ്കടമില്ല.’
ഡോക്ടർ എന്റെ കവിളിൽ തട്ടി.
നിലയ്ക്കാത്ത നിലവിളിയുടെ കുത്തൊഴുക്കു പോലെ സ്ത്രീകൾ പ്രസവത്തിനായി ലേബർ റൂമിലേയ്ക്ക് പ്രവേശിച്ചുകൊണ്ടിരുന്നു. വാർഡിൽ എനിയ്ക്കായി ബെഡ് ഒഴിഞ്ഞിരുന്നില്ല. അല്പസമയത്തിനകം വാർഡിൽ പോകാമെന്ന് നഴ്സ് എന്നെ സമാധാനിപ്പിച്ചു. ലേബർ റൂമിനപ്പുറത്തെ ചെറിയ മുറിയിൽ അവർ ചൂണ്ടിക്കാട്ടിയ കസേരയിലിരിയ്ക്കുമ്പോൾ എനിയ്ക്ക് അതികഠിനമായ പ്രയാസം തോന്നുന്നുണ്ടായിരുന്നു. ദാഹത്താൽ എന്റെ തൊണ്ട വരണ്ടു പൊട്ടുന്നുമുണ്ടായിരുന്നു. അല്പമെന്തെങ്കിലും കുടിയ്ക്കാൻ കിട്ടിയിരുന്നുവെങ്കിൽ……….
ആശുപത്രിത്തൊട്ടിലിൽ കിടക്കുന്ന മകളെ കണ്ണുകളിലേയ്ക്ക് വാരിയെടുത്ത് ഇമകൾ കൊണ്ടടച്ച് ഞാൻ നിശ്ശബ്ദയായിരുന്ന ആ നിമിഷത്തിലാണ് അദ്ദേഹം മുറിയിലേയ്ക്ക് വന്നത്.
എന്റെ കണ്ണുകൾ കവിഞ്ഞൊഴുകി. എന്നെ മാറോടണച്ചു കൊണ്ട് അദ്ദേഹം കുറച്ച് ഓമന വാക്കുകൾ പറയണമെന്ന് ഞാൻ ഉൽക്കടമായി മോഹിച്ചു. അതിനു ശേഷം എനിയ്ക്കൊരു കട്ടൻ കാപ്പി കൊണ്ടു വന്നു തരണമെന്നും ഞാൻ കൊതിച്ചു.
തൊട്ടിലിലേയ്ക്ക് കുനിഞ്ഞ് കുഞ്ഞിനെ ഗാഢമായി ഉമ്മ വെച്ചുവെങ്കിലും ആ വെളുത്ത മുഖം പെട്ടെന്ന് കൃഷ്ണ വർണ്ണം പൂണ്ടു. ‘നീ എന്റെ മുഖച്ഛായയിൽ ഒരു ആൺകുട്ടിയെ പ്രസവിയ്ക്കുന്ന അതിശയം വിചാരിയ്ക്കുകയായിരുന്നു ഇത്രയും സമയം ഞാൻ. പെണ്ണ് പെണ്ണിനെ പ്രസവിയ്ക്കുന്നതിൽ ഒരു അൽഭുതവുമില്ല.‘
കുഞ്ഞിന്റെ കൈയിൽ കെട്ടിയിരുന്ന നീലക്കടലാസ്സ് തുണ്ട് അഴിച്ചെടുത്ത് വായിച്ചപ്പോൾ അദ്ദേഹം കനൽ പോലെ ചുവന്നു. അതിൽ ബേബി എന്നു ചേർത്ത് എന്റെ പേരു മാത്രം കുറിയ്ക്കപ്പെട്ടിരുന്നു!
‘ഇതെന്ത് തെമ്മാടിത്തമാണ്? എന്റെ പേരിനു പകരം നിന്റെ പേരെങ്ങനെ വന്നു? നീയാണോ ഇതിന്റെ തന്ത? നീയെന്റെ പേരു എഴുതാൻ പറയാഞ്ഞതെന്ത്?’
വേദനയിൽ തുടിച്ചിരുന്ന എന്നോട് നാളും പേരുമൊന്നും അപ്പോൾ ആരും അന്വേഷിയ്ക്കുന്നുണ്ടായിരുന്നില്ലല്ലോ എന്ന് ഓർമ്മിച്ചുവെങ്കിലും ഈ പ്രപഞ്ചത്തിൽ അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്ന അബദ്ധങ്ങളെല്ലാം നിശ്ശബ്ദമായി ഏൽക്കുന്നതും സ്വന്തം നിലപാട് വിശദീകരിയ്ക്കാതിരിയ്ക്കുന്നതും ആണ് ക്ഷമയെന്ന് പഠിച്ചു കഴിഞ്ഞിരുന്നതുകൊണ്ട് ഞാൻ മൌനം പാലിച്ചതേയുള്ളൂ.
പെട്ടെന്ന് നഴ്സ് റൂമിലേയ്ക്ക് കടന്നു വന്നു. ‘പ്ലിസ്, നിങ്ങൾ ഒച്ചയുണ്ടാക്കരുത്, ചെരുപ്പ് മുറിയ്ക്ക് പുറത്ത് ഊരിയിടുകയും വേണം.‘
അദ്ദേഹം ദുർമുഖത്തോടെ ആ കടലാസ്സും പോക്കറ്റിൽ കുത്തിത്തിരുകി വാതിൽക്കലേയ്ക്ക് നടന്നപ്പോൾ എപ്പോഴാണെനിയ്ക്ക് ഒന്ന് കിടക്കാനാവുകയെന്ന് ഞാൻ അവരോട് ചോദിച്ചു പോയി.
അദ്ദേഹത്തെ നോക്കി വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അവർ മറുപടി പറഞ്ഞു. ‘നല്ല സൈസ് ബേബിയാണ്, കണ്ടില്ലേ സുന്ദരിക്കുട്ടിയായി കിടന്നുറങ്ങുന്നത്. അമ്മയും ബേബി, കുഞ്ഞും ബേബി ……. അമ്മ ബേബി മയക്കത്തിൽ ഓട്ടോ റിക്ഷയെന്നും കാറെന്നും ഒക്കെ പറഞ്ഞാണ് കരഞ്ഞിരുന്നത്. രണ്ട് ബേബികളും ചേർന്ന് സാറിന്റെ വീട്ടിൽ നല്ല രസമായിരിയ്ക്കും. പീഡിയാട്രീഷൻ ഇപ്പോൾ വരും, കുഞ്ഞിനെ ഡോക്ടർ കണ്ടു കഴിഞ്ഞാൽ ഉടനെ വാർഡിലേയ്ക്ക് പോകാം.’
നഴ്സ് പോയപ്പോൾ അദ്ദേഹം രൂക്ഷമായ മുഖത്തോടെ കർശനമായി വിലക്കി. ‘ആരേയും കാണുന്നില്ല. ഉടൻ പോകണം. ഡിസ്ചാർജ് ഷീറ്റ് എഴുതി മേടിയ്ക്കാം. ഇവിടത്തെ ഒരു ചികിത്സയും വേണ്ട.’
ഞാൻ അമ്പരന്നു. പക്ഷെ, ആ തീരുമാനമെടുക്കപ്പെട്ടു കഴിഞ്ഞിരുന്നുവല്ലോ.
‘സ്വന്തം ഉത്തരവാദിത്തത്തിൽ പോകുന്നു,‘ എന്നെഴുതി ഒപ്പിട്ട് കൊടുത്ത് ആശുപത്രി വിടുവാൻ അദ്ദേഹം എന്നോട് കൽപ്പിച്ചു.
‘സാധ്യമല്ല, ഇവർക്കെന്തെങ്കിലും പറ്റിയാൽ ആശുപത്രിയ്ക്കും ഡോക്ടർക്കും ഉത്തരവാദിത്തം ഏൽക്കാൻ പറ്റില്ല. തന്നെയുമല്ല സാധാരണ ആണുങ്ങളാണ് ഇങ്ങനെയൊക്കെ എഴുതിത്തരാറ്‘ വനിതാ സൂപ്രണ്ടിന്റെ ശബ്ദം കർക്കശമായി.
‘നിങ്ങൾ ഒരു സ്ത്രീയല്ലേ? സ്ത്രീ എഴുതിത്തരുമ്പോൾ അതു പോരാ, പുരുഷൻ എഴുതിത്തരണം എന്നു പറയാമോ? സ്ത്രീകൾക്കുമില്ലേ ലേശമൊക്കെ അഭിമാനം?’ ചോദ്യം ചെയ്യാൻ തുനിഞ്ഞ വനിതാ സൂപ്രണ്ടിനോട് അദ്ദേഹം പുഞ്ചിരിയോടെ തിരക്കി.
വാദപ്രതിവാദങ്ങൾ തീർന്നപ്പോഴേയ്ക്കും ഞാൻ പ്രസവിച്ചിട്ട് മൂന്നാലു മണിക്കൂറുകൾ കഴിഞ്ഞിരുന്നു. ദാഹം, വയറു വേദന, പുറം വേദന, മുറിവിന്റെ വേദന ഇതെല്ലാം അടക്കത്തോടെ സഹിയ്ക്കാൻ പറ്റുമെന്നും ഞാൻ കൊടിച്ചിപ്പട്ടിയോ കയറയഞ്ഞ പശുവോ ഒന്നുമല്ലെന്നും എനിയ്ക്ക് ബോധ്യമായി. അങ്ങനെയായിരുന്നുവെങ്കിൽ അൽപ്പം ചെളി വെള്ളം നക്കിക്കുടിയ്ക്കാനോ ഏതെങ്കിലും ചവറുകൂനയിൽ കിടന്നുറങ്ങാനോ സാധിയ്ക്കുമായിരുന്നു.
ഓട്ടോ റിക്ഷയിൽ വീട്ടിലേയ്ക്ക് പോകുമ്പോൾ അദ്ദേഹം ക്ഷോഭം കൊണ്ട് വിറച്ചു. ‘ഇവിടെ ചികിത്സിച്ചിട്ടാണോ നാട്ടിലെ പെണ്ണുങ്ങള് മുഴുവൻ പ്രസവിയ്ക്കുന്നത്? എന്റെ അമ്മ എട്ട് പെറ്റതാണ്. ഒരു ആശുപത്രിയിലും പോയിട്ടില്ല. പടിഞ്ഞാറൻ നാടുകളിൽ പെണ്ണുങ്ങൾ പ്രസവം കഴിഞ്ഞാലുടൻ ഇറങ്ങി നടന്നു തുടങ്ങും…….. ഇവിടെയാണീ കിടക്കലും വിശ്രമവും……….. മടിയാണ് പെണ്ണുങ്ങൾക്ക്……. പ്രത്യേകിച്ചും പുതിയ പഠിത്തക്കാരികൾക്ക്………‘
പോക്കറ്റിൽ നിന്ന് ആ നീലക്കടലാസ്സെടുത്ത് വലിച്ച് കീറി എന്റെ മുഖത്തേയ്ക്ക് ആഞ്ഞെറിഞ്ഞുകൊണ്ട് അദ്ദേഹം തുടർന്നു. ‘ ഞാൻ ഓട്ടൊ റിക്ഷ വിളിച്ചില്ല എന്ന് ആശുപത്രി മുഴുവൻ അറിയിക്കാനായിരുന്നു അല്ലേ നിന്റെ കള്ള മയക്കം? ഇതിലും വലിയൊരു വേദനയില്ല എന്നാണല്ലോ പെണ്ണുങ്ങളുടെ നാട്യം. അതിന്റിടയ്ക്ക് മയക്കവും സാധിയ്ക്കും അല്ലേ? ഒരു ബേബി………….. ‘എന്റെ പേര് അശ്ലീല വാക്കു പോലെ അറപ്പോടെയാണു അദ്ദേഹം ഉച്ചരിച്ചത്.
എന്റെ വസ്ത്രം ചോരയിൽ കുതിരുന്നുണ്ടായിരുന്നു. ചോര യഥാർത്ഥത്തിൽ ഭയപ്പാടോ അറപ്പോ ഒന്നും എന്നിൽ ഉളവാക്കിയില്ല. കാരണം ചോരയിലൂടെ ഒഴുകിപ്പരക്കുന്ന ജീവന്റെ കാന്തിയെ ഞാനറിഞ്ഞു കഴിഞ്ഞിരുന്നുവല്ലോ.