Friday, May 27, 2011

ആശ…….

ആശയിലാളുന്നത് ആർത്തിയാണ്. അടുപ്പിലെ തീ പോലെ. പതുക്കെ കെട്ടാലും കെടുത്താതെ. കെടുത്താനാവാതെ. നീറി നീറി ചെങ്കനലായി ചുവന്ന് ചുവന്ന്. കൊതി വേവുകയാണ്. മസാല ചേർന്ന ഇറച്ചിയായി മെല്ലെ മെല്ലെ, കുഴിയൻ പിഞ്ഞാണത്തിലെ തിളച്ച വെള്ളം പകർന്ന് പകർന്ന്.
ഒരു കുഞ്ഞു കാതിൽപ്പൂവെങ്കിലും വേണം.
ഈർക്കിലിയിറക്കിയ ചെവിത്തുള പഴുത്തൊലിയ്ക്കുന്നു. പെണ്ണായാൽ പൊന്നു വേണം. പൊന്നിൻ കുടമായിടേണം. അത്രയുമായില്ലെങ്കിലും ഒരു കുഞ്ഞു കാതിൽപ്പൂവെങ്കിലും വേണം.
ആശയെല്ലാം അടുപ്പിലെ തീയിലും അലക്കു കല്ലിന്മേലും ചൂലിന്റെ തുമ്പിലും ദഹിച്ച് ചാരമായി പരന്ന് കറയായി പറ്റിയ വലയായി. ഒരു നല്ല പാവാട കാണാതെ, ഒരു നേരം പശിയടങ്ങേ ചോറു തിന്നാതെ പിന്നെ ഒന്നാം തിയതി കാശായി തന്തയുടെ കീശയിലായി. കള്ള് തന്തയെ കുടിച്ച് ബാക്കിയായതെന്നും തണുത്ത് വെറുങ്ങലിച്ച ഓട്ടയുള്ള അലൂമിനിയക്കിണ്ണങ്ങളാണ്. …..
കുഞ്ഞിന്റെ അപ്പിത്തുണി തിരുമ്പിയാൽ, കുളിപ്പിച്ചാൽ, മാമു കൊടുത്താൽ, രാരീരം പാടിയാൽ ഈ വെളുത്തു തുടുത്ത കുഞ്ഞ് സ്വന്തമാകുമോ? ഇതു വായ തുറന്ന് അമ്മേന്ന് വിളിയ്ക്കുമോ? ഒരു ഉമ്മ തരുമോ? ഇല്ല, ആവതുള്ള കാലം കഴിഞ്ഞാൽ ആ പടി കടത്തി വിടും.
അതുകൊണ്ട് എട്ടുകാലി വല നെയ്ത് കാത്തിരിയ്ക്കും പോലെ മെയ്യൊതുക്കത്തോടെ പതുങ്ങിച്ചെന്ന് നീലക്കല്ല് തിളങ്ങുന്ന കാതിൽപ്പൂവിന്റെ, ശംഖീരി അഴിയ്ക്കുമ്പോൾ കൈവെള്ളയിലൊതുങ്ങുന്ന പൊന്നിൻ പൂവ്.
നാശം! ഇതുണർന്നതെന്തിന്?
കരയും മുൻപേ പതുക്കെ കൈകൾ കഴുത്തിലമർത്തുക. ശ്വാസം പിടയ്ക്കുമ്പോൾ കുഞ്ഞു വായ് തുറക്കുന്നു. വിരലുകൾ ചേർത്ത് ബലത്തോടെ അമർത്തി പിടച്ചിലൊതുങ്ങുമ്പോൾ കണ്ണുകളടപ്പിച്ച് ഉറക്കാൻ കിടത്തുക. തണുക്കുവാൻ തുടങ്ങുന്ന കുഞ്ഞിത്തുടയിൽ താളമടിയ്ക്കുക.
ഇപ്പോൾ കാതിൽ പൂവ് സ്വന്തം പൊന്ന്.
ഈ പെണ്ണിന്റെ…….. ഒരു പൊന്നാശയെങ്കിലും ആ പടി കടക്കും മുൻപേ.

Monday, May 9, 2011

നമസ്തേസ്തു ഫൂൽമതി


(2011 മെയ് 9 - മാധ്യമം ആഴ്ച്ചപ്പതിപ്പിലെ കണ്മഷി എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചു)

നിത്യവും പ്രഭാതത്തിൽ അമ്മീമ്മ ചൊല്ലിയിരുന്ന ‘നമസ്തേസ്തു മഹാമായേഎന്ന ദേവി സ്തോത്രം ഞാനും ചൊല്ലാറുണ്ട്. മനസ്സമാധാനത്തിന്, ധൈര്യത്തിന്, പലപ്പോഴും ശീലമായതുകൊണ്ട്..ഒക്കെയാണ് ഈ ജപം. പെണ്ണുങ്ങളുടെ മനമറിയാൻ ദൈവങ്ങൾക്കു കൂടിയും കഴിവില്ലെന്ന് ഇടയ്ക്കൊക്കെ ഞാൻ വിചാരിയ്ക്കാറുണ്ടെങ്കിലും…….  
സകല ചരാചരങ്ങളേയും ദൈവമാണുണ്ടാക്കിയതെന്ന് ഒരു ഗമയ്ക്ക് പറയാമെന്നേയുള്ളൂ..നമ്മൾ തൊട്ടാൽ അല്ലെങ്കിൽ എന്തിന് കണ്ടാൽ പോലും ആ ദൈവത്തിനും കൂടി അശുദ്ധിയുണ്ടാകമെന്ന , പാറ പോലെ ഉറച്ച സങ്കല്പത്തിലാണ് അധികം പെണ്ണുങ്ങളും ജീവിച്ചു പോകുന്നത്. അശുദ്ധക്കൂമ്പാരങ്ങളായ, അടുപ്പിയ്ക്കാൻ പാടില്ലാത്തവരായ നമ്മൾ സ്തോത്രം ചൊല്ലിയാലും വ്രതമെടുത്താലും പട്ടിണി കിടന്നാലുമൊക്കെ വല്ല ഫലവുമുണ്ടാകുമോ?
പൊതുവേ നമ്മളാണല്ലോ കൂടുതലായി ഈശ്വര വിശ്വാസവും ഭക്തിയും പ്രദർശിപ്പിക്കാറുള്ളത്. ആണുങ്ങൾക്ക് ചില്ലറ നിരീശ്വരവാദത്തിന്റെയും അല്പം പുരോഗമനചിന്തകളുടേയുമെല്ലാം അസ്കിത ആകാമെങ്കിലും നമുക്ക് അങ്ങനെയല്ല. ഭക്തിയുടെയും വിശ്വാസങ്ങളുടേയും അതിനോട് ബന്ധപ്പെട്ട സകല ആചാര മര്യാദകളുടെയും ചടങ്ങുകളുടേയുമെല്ലാം ആജീവനാന്ത ഉടമ്പടി നമുക്ക് മാത്രം സ്വന്തമാകുന്നു..
എണ്ണിയാലൊടുങ്ങാത്ത കുറവുകൾ മാത്രമുള്ളതെന്ന് എല്ലാ തരത്തിലും വ്യാഖ്യാനിയ്ക്കപ്പെടുന്ന ഈ പെൺജന്മം ഒന്നു മാറ്റിത്തരാൻ വേണ്ടി പ്രപഞ്ചത്തിലെ സകലമാന പെണ്ണുങ്ങളും ചേർന്ന് മുട്ടിപ്പായി പ്രാർഥിക്കാൻ തുടങ്ങിയാൽ എന്താവും ദൈവത്തിന്റെ സ്ഥിതിയെന്ന് ആലോചിച്ചിട്ടുണ്ടോ?
ഇങ്ങനത്തെ ഇച്ചിരിപ്പൊട്ടു വിപ്ലവ വിചാരമൊക്കെയുള്ള ഞാൻ നമസ്തേസ്തു മഹാമായേ എന്നതിനു പകരം നമസ്തേസ്തു ഫൂൽമതി എന്നു ചങ്ക് പൊട്ടിച്ചൊല്ലിപ്പോയത് …….
ഉത്തരേന്ത്യയിലെ വൻ നഗരത്തിൽ കഴിഞ്ഞു കൂടിയ ദിവസങ്ങളിലൊന്നിൽ……… രു ചൂടു കാലത്ത്…….
അടുക്കളപ്പാത്രങ്ങൾ കഴുകാമെന്നും ഒറ്റമുറി ബംഗ്ലാവ് അടിച്ചു വാരിത്തുടയ്ക്കാമെന്നും കുപ്പായമലക്കാമെന്നും പറഞ്ഞാണ് കിലുങ്ങുന്ന പാദസരവും നെറ്റിയിലെ ചൂഡയും മുൻ വരി പല്ലുകളിൽ വർണപ്പുള്ളിക്കുത്തുകളുമായി ഫൂൽമതി വന്നത്. വന്നപാടെ കടും നിറമുള്ള പാവാടയും പരത്തി മുന്നിൽ ഇരിപ്പായി. കിളിപ്പച്ച നിറമുള്ള ദുപ്പട്ട തലയിലേയ്ക്ക് വലിച്ചിടുമ്പോൾ അവളുടെ കുപ്പിവളകൾ കിലുങ്ങി.
ഞാൻ വഴങ്ങിയില്ല.
എനിയ്ക്ക് ഒരു സഹായി വേണ്ടെന്ന് ഞാനുറപ്പിച്ചു പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം വരാമെന്നായി ഫൂൽമതി. അല്ലെങ്കിൽ പതിനഞ്ചു ദിവസം കൂടുമ്പോഴൊരിയ്ക്കെ, അതുമല്ലെങ്കിൽ മാസത്തിലൊരിയ്ക്കലെങ്കിലും……….
കുത്തിയൊലിച്ചു വരുന്ന മലവെള്ളപ്പാച്ചിലിലെന്ന പോലെ ആ ഇടമുറിയാത്ത വാക്കുകളിൽ തട്ടി എന്റെ പ്രതിരോധമൊക്കെയും അനുനിമിഷം തകർന്നു ചിതറി. അതുവരെ അറുത്തെടുക്കാനാവുമായിരുന്ന എന്റെ ഏകാന്തതയിലും നിശ്ശബ്ദതയിലും അവളുടെ പാദസരങ്ങളും കുപ്പിവളകളും കൊഞ്ചിത്തുടങ്ങി. പോരാത്തതിന് മൂന്നു വയസ്സും രണ്ടു വയസ്സും ഒരു വയസ്സും വീതമുള്ള മൂന്നു പെണ്മക്കളും വീടിന്റെ ചെറിയ വരാന്തയിൽ ഇടം പിടിച്ചു.
പത്തൊമ്പതു വയസ്സുള്ള ഫൂൽമതിയ്ക്ക് മൂന്നു കുട്ടികൾ! ആഹാര ദാരിദ്ര്യത്താൽ വിളർത്ത്, വിരകൾ നിറഞ്ഞ വലിയ വയറും തേമ്പിയ ചന്തിയുമുള്ള മൂക്കീരൊലിപ്പിയ്ക്കുന്ന കുട്ടികൾ. ആദ്മിയുടെ ആകെ സ്വത്ത് പാൻ പരാഗും സിഗരറ്റും നിറച്ച ഒരു പെട്ടിയാണ്. അതും തുറന്ന് വെച്ച് അയാൾ രാവിലെ മുതൽ രാത്രി വരെ തെരുവിലിരിയ്ക്കും. ആരെങ്കിലും സിഗരറ്റും പാനും വാങ്ങിയെങ്കിലായി. ശാരീരികാധ്വാനമുള്ള ജോലിയൊന്നും ചെയ്യാൻ അയാൾക്ക് ശേഷിയില്ലത്രെ. അഴുക്കു നാറുന്ന, പുഴുക്കൾ നുരയ്ക്കുന്ന ചേരിയിലെ ഒറ്റ മുറിയിൽ ഈ കുടുംബം ജീവിയ്ക്കുന്നു!
ആ കുട്ടികൾ വരാന്ത കടന്ന് ഒരിയ്ക്കൽ പോലും എന്റെ മുറിയിലേയ്ക്ക് വന്നില്ല. ഭയവും ഒരു തരം വല്ലാത്ത തീറ്റക്കൊതിയും മാത്രമായിരുന്നു അവരുടെ വികാരങ്ങൾ. വല്ല ബിസ്കറ്റോ പൂരിയോ കൊടുത്താൽ തരി പോലും തറയിൽ വീഴ്ത്താതെ തിന്നു തീർക്കുന്ന ആ കുഞ്ഞിക്കണ്ണുകളിലെ ആർത്തി കണ്ട് ഞാൻ ചിതറിപ്പോയിട്ടുണ്ട്.
ആണ്ടെത്തിയപ്പോൾ അവരെ ആരും അന്നപൂർണേശ്വരിയ്ക്ക് നമസ്ക്കരിപ്പിച്ചില്ലായിരിയ്ക്കുമോ? അതോ നമസ്ക്കരിച്ചവരുടെ തിക്കിലും തിരക്കിലും അന്നപൂർണേശ്വരി ആ കുട്ടികളെ കാണാതെ പോയതായിരിയ്ക്കുമോ?
പരമ ദരിദ്രയും സഹായിപ്പണി ഇരന്ന് മേടിച്ചവളുമാണെങ്കിലും എന്നെ തിരുത്തുന്നതിൽ ഫൂൽമതി ഒരു അമ്മായിയമ്മയുടേയും ഭർത്താവിന്റേയും കൂട്ടായ വൈദഗ്ദ്ധ്യം പലപ്പോഴും പ്രകടിപ്പിച്ചു. ഞാൻ ആട്ട കുഴയ്ക്കുന്നതും, റൊട്ടി പരത്തുന്നതും, ചുടുന്നതുമെല്ലാം അവളുടെ പരിഷ്ക്കരണത്തിന് വിധേയമായി. കറിയ്ക്കു നുറുക്കേണ്ടത് എങ്ങനെയാവണമെന്നും അവൾ കാണിച്ചു തരാതിരുന്നില്ല. ഇടയ്ക്കൊക്കെ ചെടിപ്പ് തോന്നിയിരുന്നുവെങ്കിലും ഒരു കൊച്ചുപെണ്ണിന്റെ കളി തമാശയെന്നു കരുതി വിട്ടുകളയുമായിരുന്നു ഞാൻ.
പച്ചക്കറികൾ കഴുകുമ്പോഴാണ് ഫൂൽമതി അല്പം ദേഷ്യത്തോടെ എന്നോട് പറഞ്ഞത്. ദീദി, വെള്ളം ഇങ്ങനെ കളയല്ലേ. വെള്ളം ദേവിയാണ്. വെറുതേ കളഞ്ഞ് അപമാനിച്ചാൽ പാപമുണ്ടാകും.
അതെയതെ, ദേവി വീട്ടിൽ വലിയൊരു കിണറിലുണ്ട്, ഇപ്പോൾ പൈപ്പിലൂടെ വരികയും ചെയ്യുന്നു.
ഇടവപ്പാതിയും തുലാവർഷവും പിന്നെ സൌകര്യം കിട്ടുമ്പോഴോക്കെ വേനൽ മഴയും തിമർത്തു പെയ്യുന്ന നാട്ടിൽ പിറന്നവളുടെ, വെള്ളം ധാരാളം ഉപയോഗിച്ചു ശീലിച്ചവളുടെ, വൃത്തിയേയും വെടിപ്പിനേയും പറ്റി ഉയർന്ന ബോധ്യങ്ങളുണ്ടെന്ന് കരുതുന്നവളുടെ ധാർഷ്ട്യം എന്റെ മറുപടിയിലുണ്ടായിരുന്നു.
നാലു വയസ്സുള്ള പെൺകുഞ്ഞുങ്ങൾ പോലും കുടവുമേന്തി അമ്മമാർക്കൊപ്പം വെള്ളമെടുക്കാനായി മണിക്കൂറുകൾ നടക്കുന്ന, വരണ്ടുണങ്ങിയ നാടിനെക്കുറിച്ച് അന്നാണ് ഫൂൽമതി എന്നോട് പറഞ്ഞത്. വക്കു പൊട്ടിയ ചട്ടിയിൽ നിറുത്തി, അവരെ വല്ലപ്പോഴും കുളിപ്പിയ്ക്കുന്നതിനെയും ചട്ടിയിൽ ശേഖരിച്ച ആ വെള്ളത്തിൽ വസ്ത്രം അലക്കുന്നതിനെയും മുറ്റത്തെ മുൾമരത്തിനു കീഴിൽ കുഴി മാന്തി ബാക്കി വരുന്ന വെള്ളംഴിച്ച് മണ്ണിട്ട് മൂടിവെയ്ക്കുന്നതിനെയും പറ്റി അവൾ എന്നെ പഠിപ്പിച്ചു. വെള്ളം ഇല്ലാതായാൽ കൃഷിപ്പണി നിറുത്തി മറ്റു പണികൾ ചെയ്യാൻ ശ്രമിയ്ക്കാം ആണുങ്ങൾക്ക്. പക്ഷേ, ഭക്ഷണമുണ്ടാക്കാതെയും തുണിയലക്കാതെയും കുഞ്ഞിനെ കുളിപ്പിയ്ക്കാതെയും പെണ്ണുങ്ങൾക്ക് കഴിയാനാകുമോ? അതുകൊണ്ട് വെള്ളം പെണ്ണുങ്ങൾക്ക് ദേവി കൊടുക്കുന്ന പ്രത്യേക അനുഗ്രഹമാണ്. തോന്നുമ്പോഴൊക്കെ വെള്ളം ലഭിയ്ക്കുന്നത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യം കൊണ്ടാണ്. സ്വന്തം കിണറുണ്ടാവുന്നത് സ്വർഗവാസികളായ ദേവാംശികളായി പിറന്നവർക്കു മാത്രമാണ്.
സ്കെയിലില്ലാത്ത അളവായിരുന്നു അപ്പോൾ ഫൂൽമതിയ്ക്ക്......... എന്റെ ധാർഷ്ട്യത്തിന്റെ വീർത്ത പള്ളയിൽ ആ വാക്കുകളുടെ മിന്നുന്ന വാൾത്തല ഇന്നും രക്തമൊലിപ്പിയ്ക്കുന്നു. ഓരോ തുള്ളി വെള്ളവും അവളായി മാറുന്നു.
നമസ്തേസ്തു ഫൂൽമതി!
ദിവസങ്ങൾ കടന്നു പോയി. വേനൽക്കാലം തണുപ്പ് കാലത്തിന് വഴിയൊഴിഞ്ഞുകൊണ്ടിരുന്നു. ഒരു നാൾ രാവിലെ ഫൂൽമതി പറഞ്ഞു, “ദീദി, ഞാൻ വീണ്ടും അമ്മയാവാൻ പോവുകയാണ്.”
എനിയ്ക്ക് കലിയാണു വന്നത്. പെറ്റിട്ടതുങ്ങൾക്ക് തന്നെ തിന്നാൻ കൊടുക്കാൻ വഴിയില്ല; അപ്പോഴാണ് വീണ്ടും വീണ്ടും........ നാണമില്ലാത്ത ചെറ്റക്കൂട്ടങ്ങൾ!
“നീയീ നാണം കെട്ട ഏർപ്പാട് നിറുത്താതെ ഗതി പിടിയ്ക്കില്ല. ഇനിയും പെറ്റാൽ അതിനും തിന്നാൻ കൊടുക്കേണ്ടേ?“ ക്ഷോഭം കൊണ്ട് എന്റെ വാക്കുകൾ വിറച്ചു.
ഫൂൽമതിയുടെ ശബ്ദം ശാന്തമായിരുന്നു. “ഇതും കൂടിയില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്താണൊരു സന്തോഷം ദീദി? ഉണ്ടാവുന്നെങ്കിൽ ഉണ്ടാവട്ടെ. അത് അതിന്റെ തലേലെഴുത്തും കൊണ്ട് വരും……….“ എന്റെ കണ്ണുകൾ അതു വരെ കാണാൻ തയാറാവാതിരുന്ന ഒരു കാഴ്ചയായിരുന്നു ആ നിമിഷം അവൾ കാണിച്ചത്, കാതുകൾ അതു വരെ കേൾക്കാൻ തയാറാവാതിരുന്ന ഒരു ശബ്ദമായിരുന്നു ആ നിമിഷം അവൾ കേൾപ്പിച്ചത്. ശരിയാണ്. അവൾക്കും അവളുടെ ആദ്മിയ്ക്കും വേറെ എന്താണ് ഒരു സന്തോഷം? ഒരു സുഖം? വയറു നിറയ്ക്കാൻ ഭക്ഷണം കൂടിയില്ലാത്തവർ…….. ജീവൻ മാത്രം സ്വന്തമായുള്ളവർ……… ഒന്നുമൊന്നുമില്ലാത്തവരുടെ ഒരാനന്ദം...... അല്പ നിർവൃതി……
എനിയ്ക്ക് പാവം തോന്നി. അവളുടെ എണ്ണ കാണാതെ പരുത്തു ചെമ്പിച്ച തലമുടിയിൽ ഞാനെന്റെ കൈ ചേർത്തു.
അവളെ ആശുപത്രിയിൽ പോകാൻ നിർബന്ധിയ്ക്കുകയും, ഗർഭിണി സ്വീകരിയ്ക്കേണ്ടുന്ന മുൻ കരുതലുകളെക്കുറിച്ചും പ്രത്യേകമായി കഴിയ്ക്കേണ്ടുന്ന ആഹാരത്തെക്കുറിച്ചും ഒക്കെ വിസ്തരിയ്ക്കുകയും ചെയ്തു ഞാൻ. അവൾ ചിരിച്ചുകൊണ്ട് തല കുലുക്കി. “ഒന്നും സംഭവിയ്ക്കില്ല ദീദി, നാലാമത്തെ പ്രാവശ്യമല്ലേ, എനിയ്ക്കിത് നല്ല പരിചയമാണ്.“
ഒരുപക്ഷേ, ആ അവസ്ഥയിൽ അവൾക്ക് മാത്രം പറയാൻ കഴിയുന്ന വാക്കുകൾ.
എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായില്ല.
അവൾ ദിനം പ്രതി ക്ഷീണിച്ചു, ശ്വാസം മുട്ടലും കിതപ്പും വർദ്ധിച്ചു. തുടർച്ചയായി അഞ്ചാറു ദിവസം വരാതിരുന്നപ്പോൾ ഞാൻ അന്വേഷിച്ചു ചെന്നു. അവൾക്ക് പനി പിടിപെട്ടിരുന്നു. ആ കണ്ണുകൾ പളുങ്ക് ഗോട്ടികളെ ഓർമ്മിപ്പിച്ചു. രോഗവും ദാരിദ്ര്യവും ഗർഭവും തളർത്തിയ ദുർബല ശരീരത്തെ തൊട്ട് വിളിച്ച് മൂന്നു കുഞ്ഞുങ്ങളും വിശന്നു കരഞ്ഞുകൊണ്ടിരുന്നു. അവളുടെ ആദ്മി അവിടെയുണ്ടായിരുന്നില്ല.
ചേരിയിലെ ആരോഗ്യപ്രവർത്തകരെ കണ്ടുപിടിയ്ക്കാൻ അൽപ്പം പണിപ്പെടേണ്ടി വന്നുവെങ്കിലും അവളെ ചികിത്സിപ്പിയ്ക്കാൻ എനിയ്ക്ക് സാധിച്ചു.
പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലും തോലുമായി, ഒരു പടു കിഴവിയുടെ രൂപത്തിൽ അവൾ എന്റെ മുന്നിൽ വന്നു നിന്നു. നെഞ്ചു തകരുന്നതായി എനിയ്ക്കു തോന്നി. അവൾ എനിയ്ക്കൊരു വെറും സഹായി മാത്രമായിരുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. ഫൂൽമതിയ്ക്ക് ക്ഷയം ബാധിച്ചിട്ടുണ്ടെന്നും ഈ ഗർഭം ഒഴിവാക്കുന്നതാവും അവൾക്ക് നല്ലതെന്നും എന്നോട് പറഞ്ഞത് ചേരിയിലെ ആശുപത്രിയിൽ ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്ന നഴ്സമ്മയാണ്. അവളുടെ ആദ്മിയോട് അവർ സംസാരിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല.
“ആ നാശം പിടിച്ചവൻ മോന്തേം വീർപ്പിച്ച് താഴോട്ട് നോക്കി നിൽക്കുകയായിരുന്നു. ഇതുങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ആർക്കറിയാം? നഴ്സമ്മ വെറുപ്പോടെ പിറുപിറുത്തു. “കഴിഞ്ഞ നസ്ബന്ദി ക്യാമ്പിന് വരാൻ ആ ചെകുത്താനെ നിർബന്ധിച്ചതാണ്.“ അവർക്ക് കലിയടങ്ങുന്നുണ്ടായിരുന്നില്ല.
ഞാൻ ഫൂൽമതിയോട് കാര്യങ്ങൾ വിശദമാക്കിയപ്പോൾ അവൾ തലയും കുമ്പിട്ടിരുന്ന് എല്ലാം മൂളി കേട്ടു. ഒട്ടു കഴിഞ്ഞ് ദുപ്പട്ടയിൽ തിരുപ്പിടിച്ചുകൊണ്ട് ചോദിച്ചു. “കുഞ്ഞിനെന്തെങ്കിലും കുഴപ്പം വരുമോ ദീദി?” ആ നിമിഷത്തിൽ അവളുടെ കുണ്ടിലാണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അവൾക്കാണു കുഴപ്പമുണ്ടാവുകയെന്ന് നഴ്സമ്മ വിസ്തരിച്ചത് ഞാൻ അതേപടി കേൾപ്പിച്ചിട്ടും ജനിയ്ക്കാൻ പോകുന്ന കുഞ്ഞിനെ മാത്രം ഓർമ്മിച്ച് ഉൽക്കണ്ഠപ്പെടുന്ന അവളുടെ അമ്മ മനസ്സ് എന്റെ ചിന്താശേഷിയ്ക്കപ്പുറത്ത് നിന്ന് എന്നെ കളിയാക്കിച്ചിരിച്ചു.
“വേണ്ട, ദീദി, കുഞ്ഞിനെ കളയേണ്ട, ചിലപ്പോൾ അതൊരു ആൺകുട്ടിയായിരിയ്ക്കും. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനും എന്റെ പെൺകുട്ടികൾക്കും വലിയ സഹായവുമാകും. ഞാനത്രയെങ്കിലും ചെയ്യേണ്ടേ ദീദി “
“കഴിഞ്ഞ നസ്ബന്ദി ക്യാമ്പിന് നിന്റെ ആദ്മി പോവാതിരുന്നതുകൊണ്ടാണ് ഈ കുഴപ്പമുണ്ടായത്. അയാൾ അതിനു പോയി എന്ന് വിചാരിച്ചാൽ മതി, ഗർഭമുണ്ടായിട്ടില്ലെന്ന് കരുതിയാൽ മതി.“ ഞാൻ അവളെ ആശ്വസിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയായിരുന്നു.
ശോഷിച്ച കൈകൾ ഉയർത്തി അരുതാത്തതെന്തോ കേട്ട പോലെ അവൾ ചെവികൾ പൊത്തി. “രാം രാം“ എന്നു  ജപിച്ചു. എന്നിട്ടു യാചനയോടെ വിലക്കി. “മഹാപാപം പറയരുത് ദീദി. നസ്ബന്ദി ചെയ്താൽ അദ്ദേഹത്തിന് ആരാണു രണ്ടാമത് പെണ്ണിനെ കൊടുക്കുക? ഞങ്ങളുടെ ഇടയിൽ മൂന്നാലു പ്രസവിയ്ക്കുമ്പോൾ പെണ്ണുങ്ങൾ മരിച്ചു പോകുന്നത് ഒരു സാധാരണ കാര്യമാണ്. അപ്പോൾ ആദ്മി രണ്ടാമതും കല്യാണം കഴിയ്ക്കും. അവർക്ക് ഒരു കൂട്ട് വേണ്ടേ ദീദി? ഇത് ആൺകുട്ടിയാണെങ്കിൽ ഞാൻ തന്നെ പ്രസവം നിറുത്താം ദീദി. അദ്ദേഹത്തിന് കുറവൊന്നും വരാതിരിയ്ക്കട്ടെ………
ഒരു വാക്കും …….. കേടു വന്നതോ തേഞ്ഞതോ പൊട്ടിയതോ ചതഞ്ഞതോ ആയ ഒരു വാക്കു പോലും ഉമിനീർ വറ്റിപ്പോയ എന്റെ വായിലുദിച്ചില്ല.

അവളെ കാണുന്ന കണ്ണുകൾ മാത്രം നിറഞ്ഞ് വിറച്ചുകൊണ്ടിരുന്നു.