Tuesday, November 29, 2011

അയാളും അവളും


അവൾക്ക് മുപ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ് നിത്യരോഗിണിയായിരുന്ന അമ്മ മരിച്ചത്. ജന്മം കൊണ്ടേ പരമ ദരിദ്രയായിരുന്ന അവൾ അതോടെ തികഞ്ഞ അനാഥയുമായി. കണ്ണടിച്ചു കാണിയ്ക്കാനും നടന്നു പോകുമ്പോൾ ഇരുട്ട് വാക്കിനു ചന്തിയ്ക്കും നെഞ്ചത്തും നുള്ളുവാനും ഒരുങ്ങിയ നാട്ടിലെ ചെറുപ്പക്കാരോ വയസ്സന്മാരോ ആരും, എന്നാൽപ്പിന്നെ അവളെ കല്യാണം കഴിച്ചു കളയാമെന്ന് ഒരു  നേരമ്പോക്കിനും കൂടി ആലോചിച്ചില്ല. സൌകര്യത്തിനു സഹകരണത്തോടെ ഒത്തുകിട്ടിയാൽ അഞ്ചോ പത്തോ രൂപ കൊടുക്കാമെന്നല്ലാതെ  ഒരു പട്ടിണിക്കാരി പേക്കോലത്തിനെ ആർക്കാണ് ഭാര്യയായി വേണ്ടത്? 

ഒന്നര സെന്റ് സ്ഥലത്തെ ചെറ്റപ്പുരയ്ക്കും അമ്മയുടെ കുഴിമാടത്തിനും ഇടയിൽ തലയും ഞാവി, വായിലൂറുന്ന വെള്ളവും കുടിച്ച്, പട്ടിണി കിടന്നിരുന്ന അവളെയാണ് അയാൾ വീട്ടുപണിയ്ക്ക് വിളിച്ചത്.

അവൾ അനുസരണയോടെ അയാളുടെ വീട്ടു മുറ്റത്ത് ചെന്ന് തലയും കുനിച്ച് നിന്നു.

“കാലത്ത് വന്ന് മുറ്റമടിയ്ക്കണം, ത്തിരി ചായേം പിന്നെ കഞ്ഞീം കൂട്ടാനും വെച്ചുണ്ടാക്കണം. അകത്തെ മുറികള് അടിച്ചു വാരണം.“ അയാൾ ചെയ്യാനുള്ള പണികൾ ഒറ്റശ്വാസത്തിൽ പറഞ്ഞു  തീർക്കുകയായിരുന്നു.

“പിന്നെ, നീയ് ഇവ്ടന്ന് തന്നെ തിന്നോ. ഞാൻ രാത്രി വരുമ്പോളേയ്ക്കും വൈകുന്നേരത്തെ വെപ്പും കഴിച്ച് നിനക്കുള്ളതും എടുത്ത് വീട്ടില് പൊക്കോ. വാതല് പൂട്ടീട്ട് താക്കോല് ആ തൊളസിത്തറേല് കുഴിച്ച് വെച്ചാ മതി, ങാ, പിന്നെ മൊടങ്ങരുത്. ഞായറാഴ്ചേം വരണം, എനിയ്ക്ക് അന്നും വക്കീലിന്റെ ആപ്പീസില് പണിണ്ടാവും. നിന്റെ പണി നന്നാണെങ്കിൽ നിർത്താം, അല്ലെങ്കി പറഞ്ഞു വിടും. വൃത്തീം വെടിപ്പും ഇല്യാത്ത അശ്രീകരങ്ങളെ എനിയ്ക്ക് കണ്ടൂടാകാശിന്റെ കാര്യം പണി കണ്ടിട്ട് തീർച്ചയാക്കാം, എന്തേയ്..

അവൾ എല്ലാം സമ്മതമെന്ന മട്ടിൽ തലയുയർത്തി അയാളെ ഒന്നു നോക്കുക മാത്രം ചെയ്തു.

പിറ്റേന്ന് മുതൽ അവൾ വീട്ടു വേലക്കാരിയായി. മുറ്റമടിച്ച്, ചവറു വാരി കൂട്ടിക്കത്തിച്ചിട്ട് ചുറ്റും നോക്കിയപ്പോൾ തന്നെ ഒരു സന്തോഷം കൈവന്നു. “ഉം, അന്യം പിടിച്ച് കെടന്ന പറമ്പിനു ശ്രീത്തായി“ പിറുപിറുത്തുകൊണ്ട് അവൾ അടുക്കളയിലേയ്ക്ക് കയറി.

അയാൾക്ക് പോകാറായപ്പോഴേയ്ക്കും  ആവി പാറുന്ന കഞ്ഞിയും തേങ്ങാ ചുരണ്ടിയിട്ട കർമ്മൂസിന്റെ തോരനും തയാറായിക്കഴിഞ്ഞിരുന്നു. അയാൾ രുചിയോടെ ഭക്ഷണം കഴിയ്ക്കുമ്പോൾ വിശപ്പുകൊണ്ട് അവളുടെ വയറാളിക്കത്തി. കേസ് കടലാസുകളും  ഹർജികളും മറ്റുമായി അയാൾ കോടതിയിലേയ്ക്കോ വക്കീലാപ്പീസിലേയ്ക്കോ പുറപ്പെട്ടതും അവൾ വലിയൊരു കിണ്ണത്തിൽ നികക്കെ കഞ്ഞിയൊഴിച്ച് നല്ല സ്വാദോടെ വയറു പൊട്ടുവോളം കോരിക്കുടിച്ചു. 

അപ്പോൾ മേൽച്ചുണ്ടിനു മീതെ വിയർപ്പു പൊടിഞ്ഞു. നല്ല ക്ഷീണവും വല്ലാത്ത ഒരു ആലസ്യവും തോന്നി. കൈ കഴുകിയിട്ട് ഉടുത്തിരുന്ന കീറിയ മുണ്ട് ഒന്നയച്ചു കുത്തി അവൾ ഉമ്മറത്തെ മുറിയിലെ തണുപ്പുള്ള തറയിൽ കിടന്നൊന്നു മയങ്ങി. അത്ര സുഖകരമായ മയക്കം ഓർമ്മയായിട്ട് ആദ്യമായിരുന്നു.

“വയറ് നെറഞ്ഞാ ഒറ്ങ്ങാൻ നല്ല സുഖം!“  തലയിൽ നിന്നു നിലത്ത് വീണിഴയുന്ന പേനിനോട് അവൾ പറഞ്ഞു. എന്നിട്ട് ഒരു പ്രതികാര മനോഭാവത്തോടെ അതിനെ തള്ളവിരലിന്റെ ചെളി പിടിച്ച നഖത്തിന്മേൽ വെച്ച് മുട്ടിക്കൊല്ലുകയും ചെയ്തു. 

വേലക്കാരിയുടെ ജോലി രണ്ടാഴ്ച നീണ്ടപ്പോഴേയ്ക്കും ആ വീട് അവൾ ഒരു അമ്പലം പോലെ തുടച്ചു മിനുക്കി മനോഹരമാക്കിക്കഴിഞ്ഞിരുന്നു. പലതരം പച്ചക്കറി വിത്തുകൾ പാകി മുളപ്പിച്ചും പൂച്ചെടിക്കൊമ്പുകൾ കുഴിച്ചിട്ട് വെള്ളമൊഴിച്ചും ആരും ശ്രദ്ധിയ്ക്കാനില്ലാതെ ഉണങ്ങി വരണ്ട് കിടന്ന പറമ്പിൽ അവൾ പച്ചപ്പിനെ ക്ഷണിച്ചു വരുത്തി. വൃത്തിയേയും വെടിപ്പിനേയും പറ്റി മേനി പറഞ്ഞു അയാളെങ്കിലും  വീട്ടിൽ തെളിമ വന്നത് അവൾ അധ്വാനിച്ചപ്പോൾ മാത്രമായിരുന്നുവല്ലോ.

പിന്നെപ്പിന്നെ സന്ധ്യയ്ക്ക് വെപ്പു പണിയും കഴിഞ്ഞ്, ആഹാരവും പകർത്തി ഇരുളടഞ്ഞ മൺകൂരയിലേയ്ക്ക് പോകുന്നതിൽ അവൾക്ക് താല്പര്യം കുറഞ്ഞു വന്നു. മണ്ണെണ്ണവിളക്കിന്റെ ഇത്തിരി വെട്ടത്തിൽ വെറുതെ കുത്തിയിരിയ്ക്കുമ്പോൾ, അനാഥയാണെന്ന തോന്നൽ ഒരു കൂടമായി മുഴക്കത്തോടെ നെഞ്ചിലിടിയ്ക്കും. തനിച്ചാക്കിപ്പോയ അമ്മയെ ഓർമ്മിച്ച് കണ്ണുകൾ കലങ്ങും. ഒരു മാസം കഴിഞ്ഞ് പണി ഇല്ലാതായാലോ എന്ന് കൈയും കാലും തളരും. മൂർച്ചപ്പെടുത്തിയ അരിവാളും തലയ്ക്ക് വെച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ഓല വാതിൽ വലിച്ചു തുറന്ന് ആരെങ്കിലും കയറി വരുമോ എന്ന് കാലൻ കോഴിയുടെ ഒച്ച കേൾക്കും പോലെ കിടുങ്ങും.

ശമ്പളം കിട്ടുമ്പോൾ കാവിലമ്മയ്ക്ക് ഒരു വിളക്ക് വെയ്ക്കണം, എല്ലാ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ എന്ന് പ്രാർഥിയ്ക്കണം..

ഒരു ദിവസം  അടിച്ചു വാരി നിവരുമ്പോഴാണ് അവളുടെ കണ്ണുകൾ സ്റ്റീൽ അൽമാരയുടെ കണ്ണാടിയിൽ പതിഞ്ഞത്, വേണമെന്ന് വെച്ച് നോക്കിയതൊന്നുമാ‍യിരുന്നില്ല. അബദ്ധത്തിൽ പറ്റിപ്പോയതാണ്. അല്ലെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് വലിയ ബോധ്യമൊന്നുമുണ്ടായിരുന്നില്ല, ഒരുകാലത്തും. വയറു നിറയെ ഭക്ഷണം കഴിയ്ക്കാൻ കിട്ടുമ്പോഴല്ലേ ദേഹത്തെപ്പറ്റി ചിന്തിയ്ക്കാൻ കഴിയുക, അതുമല്ലെങ്കിൽ വലിയ വേദനയുള്ള രോഗങ്ങളുണ്ടാവുമ്പോൾ..അല്ലാതെ അവളെപ്പോലെ ഒരാൾക്ക് എന്തു ദേഹചിന്ത? വേഗം വേഗം ജോലികൾ ചെയ്യാൻ സാധിയ്ക്കുന്ന ഒരു ശരീരമാവണമെന്നല്ലാതെ

കണ്ണാടിയിൽ കണ്ട രൂപം അവളെ അതിശയിപ്പിച്ചു, അവൾക്ക് തടി വച്ചിരിയ്ക്കുന്നു, പിഞ്ഞിയ ബ്ലൌസ് ഇറുകിക്കിടക്കുന്നു, കവിളിൽ മിനുമിനുപ്പ്, ചുണ്ടുകളിൽ രക്തത്തുടിപ്പ്,. അൽഭുതത്തോടെയും പൊട്ടി വിടരുന്ന ആഹ്ലാദത്തോടെയും അവൾ  സ്വന്തം സൌന്ദര്യം ആസ്വദിച്ചു. ഇപ്പോൾ താനൊരു ശ്രീയുള്ള പെണ്ണായിട്ടുണ്ടെന്ന് തോന്നി. അടഞ്ഞതും ഒട്ടും മയമില്ലാത്തതുമായ ഒച്ചയിലാണെങ്കിലും അവൾ ഒന്നു പാടിപ്പോയിഅമ്മ പാടി കേട്ടിട്ടുള്ള പാട്ട്, “പിച്ചകമുല്ല പൂവണിഞ്ഞു.“ എന്തുകൊണ്ടോ അടുത്ത വരി ഒട്ടും ഓർമ്മ വരുന്നില്ലായിരുന്നു.

ഒരു മാസമായി ജോലി ചെയ്യുന്നുവെന്ന കാര്യമാണ് പാട്ടിനു പകരം മനസ്സിൽ തെളിഞ്ഞു വന്നത്. ഇന്നോ നാളേയോ അയാൾ പണം തരാതിരിയ്ക്കില്ല്ലെന്ന് ആലോചിച്ചപ്പോൾ കണ്ണാടിയിൽ കണ്ട സൌന്ദര്യം പൊടുന്നനെ ഇരട്ടിച്ചതു മാതിരിയായി. വൈകുന്നേരം അയാൾക്കായി വറുത്തരച്ച മസാല മുട്ടക്കറിയും ചുവന്ന മുളകു മുറിച്ചിട്ട് കാച്ചിയ പപ്പടവും കറിവേപ്പില വിതറി വെളിച്ചെണ്ണയൊഴിച്ച് മൊരിയിച്ച കായ മെഴുക്കു പുരട്ടിയും ഉണ്ടാക്കണമെന്ന് അവൾ തീരുമാനിച്ചു. 

രുചിയുള്ള ഭക്ഷണത്തിന്റെ സുഗന്ധം പരത്തിക്കൊണ്ട് അടുക്കളയിൽ ധിറുതി പിടിച്ച് ജോലി ചെയ്യുമ്പോഴാണ് അയാൾ പതിവില്ലാത്ത വിധം നേരത്തെ വന്നു കയറിയത്. തുളസിത്തറയുടെ സമീപം ചെന്നപ്പോൾ വീട്ടിലാളുണ്ടല്ലോ എന്ന് അയാൾ അവളെ ഉറക്കെ വിളിച്ചു. അമ്മ മരിച്ചതിനു ശേഷം ജോലി കഴിഞ്ഞു വരുമ്പോൾ അയാൾക്കായി വാതിൽ തുറക്കാൻ ആരുമുണ്ടാവാറില്ല. അതുകൊണ്ടു തന്നെ അവളുണ്ടായത് ഒരു പുതുമയായി  തോന്നാതെയുമിരുന്നില്ല.

“ഒരു ചായ എട്ത്തോ“

അയാളുടെ കനമുള്ള ശബ്ദം കേട്ടപ്പോൾ തെല്ലൊന്നു പരിഭ്രമിച്ചുവെങ്കിലും, അവൾ സാവധാനം തല കുലുക്കി, എന്നിട്ട് അടുക്കളയിലേയ്ക്ക് പിൻവാങ്ങി.

അവളുടെ ശരീരം അപ്പോഴാണു കണ്ണിൽ പെട്ടത്.  ഒരു മാസം മുൻപ് മുറ്റമടിയ്ക്കാൻ വന്ന നീർക്കോലിപ്പെണ്ണല്ല . അയാളുടെ ചെലവിൽ ചോരയും നീരും മാംസവും വെച്ചിരിയ്ക്കുന്നു! അങ്ങനെ ഓർത്തപ്പോൾ അയാൾക്ക് ശരീരം ചൂടു പിടിയ്ക്കുകയായിരുന്നു. ഇതിനു മുൻപ് ഈ പെണ്ണിനെ ലവലേശം ശ്രദ്ധിയ്ക്കാതെ പോയത് എന്തുകൊണ്ടെന്ന് അയാൾക്ക് മനസ്സിലായില്ല. ഒരുപക്ഷേ, ശ്രദ്ധ പിടിച്ചു പറ്റാനാവശ്യമായ ഒന്നും അവളിലില്ലാതിരുന്നതുകൊണ്ടാവാം.

അയാൾ കല്യാണം കഴിയ്ക്കാത്തതിന്റെ കാരണം പലരും ചോദിച്ചിട്ടുണ്ട്. അതിന് വ്യക്തമായ ഒരു ഉത്തരമൊന്നും അയാൾക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. കഴിച്ചില്ല അല്ലെങ്കിൽ ഇതുവരെ പറ്റിയില്ല, അത്രയേ ഉള്ളൂ. എങ്കിലും പെണ്ണിനെ അറിയാത്ത മുനിയൊന്നുമായിരുന്നില്ല, അയാൾ. 

എന്തായാലും ഇപ്പോൾ കലശലായ ആഗ്രഹം തോന്നുന്നു.

ചായയുമായി  വന്നപ്പോൾ അയാൾ ആ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി, നോട്ടം നേരിടാനാവാതെയെന്ന പോലെ അവൾ മുഖം കുനിച്ച് നിന്നു. 

“ശമ്പളം നാളെ തരാം, ഇന്ന് വെള്ളിയാഴ്ചയല്ലേ“ ചായ കുടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

അവൾ തലയാട്ടി.

“നിന്റെ പണിയൊക്കെ എനിക്കിഷ്ടായി, വീടും പറമ്പും ഒക്കെ വൃത്തിയായിട്ട്ണ്ട്. അമ്മ എപ്പോളും പറ്യ്യാര്ന്ന് വീട് നോക്കാൻ ഒരു പെണ്ണ് വേണംന്ന്. അമ്മേടെ വാക്ക് വേണ്ട കാലത്ത് കേട്ട്ല്ല. ആ, ഇനീം സമയം വൈകീട്ട്ല്ല്യാന്ന് ഇപ്പോ തോന്നാരൂല്യാത്തോര്ക്ക് ആരോടും ചോദിയ്ക്ക്ണ്ട കാര്യല്ലല്ലോ” 

അവളുടെ കണ്ണുകൾ അതിവേഗം പിടയ്ക്കുന്നത് അയാൾ കാണുന്നുണ്ടായിരുന്നു. അടുത്ത നിമിഷം അയാൾ ആ ശരീരത്തെ സ്വന്തം ദേഹത്തോട് ചേർത്തമർത്തി. 

       *                  *            *             *           *          *          *          *         *        *

അടുക്കളയിൽ പാത്രങ്ങൾ കൊഞ്ചിക്കുണുങ്ങുന്നത് കേട്ടുകൊണ്ട് തികഞ്ഞ സംതൃപ്തിയോടെ കിടക്കുകയായിരുന്നു അയാൾ. ഇന്നു രാത്രി വീട്ടിൽ പോകേണ്ടെന്ന് അവളോട് പറഞ്ഞിട്ടുണ്ട്.

അല്ലെങ്കിൽ എന്തിനാണ് ഇന്നു മാത്രമാക്കുന്നത്?

അമ്പതു വയസ്സായെന്ന് തോന്നുകയില്ലെന്ന്, ചെറുപ്പത്തിന്റെ ചൊടിയും ചുണയുമുണ്ടെന്ന് അവൾ പറഞ്ഞത് ഓർമ്മ വന്നപ്പോൾ അയാൾക്ക് രോമാഞ്ചമുണ്ടായി. കൈയിൽ കിടന്നുള്ള അവളുടെ പിടച്ചിലും പല താളങ്ങളിൽ കേൾപ്പിച്ച സീൽക്കാരങ്ങളും അയാളിൽ പുളകമുണർത്തിയിരുന്നു. കീഴെക്കിടന്ന് പെണ്ണ് ഇങ്ങനെ പറയുന്നത് കേൾക്കാൻ, പുളയുന്നത് കാണാൻ കൊതിയില്ലാത്ത ഏതെങ്കിലും ആണുണ്ടോ ഈ പ്രപഞ്ചത്തിൽ? ആ മിടുക്കുണ്ടോ എന്നും പെണ്ണു എക്കാലവും തന്റെ കെട്ടുംമൂട്ടിൽ തന്നെ നിന്നോളുമോ എന്നും അങ്ങനെ നിന്നോളാൻ എന്തൊക്കെ ചെയ്തു വെയ്ക്കണം എന്നും ചിന്തിച്ചു ചിന്തിച്ചല്ലേ  ആണിന്റെ സമയം അധികവും ചെലവാകുന്നത്?

അയാൾ എണീറ്റിരുന്ന് ഒരു ബീഡി കത്തിച്ചു, വലിയൊരു പുകയെടുക്കുമ്പോൾ ഒരുപാട് സിവിൽ കേസുകൾ നടത്തി മുടിഞ്ഞു പോയ തറവാട്ടിലെ അവസാന കണ്ണിയായ ഇരുപതുകാരിയെ അയാൾ ആഗ്രഹത്തോടെ മനസ്സിൽ കാണുകയായിരുന്നു. അളന്നു നോക്കുകയായിരുന്നു.

മുപ്പതു വയസ്സുള്ളവളെ , ചെറുപ്പക്കാരനാണെന്ന് തോന്നിപ്പിയ്ക്കാമെങ്കിൽ പിന്നെ ഇരുപതുകാരിയെ തോന്നിപ്പിച്ചു കൂടേ? അല്ലെങ്കിലും ഒരു പെണ്ണിനെ അമർത്തിപ്പിടിയ്ക്കാൻ ആണൊരുത്തന് പ്രായം പ്രശ്നമാണോ? ആശ്വാസം കിട്ടുന്ന ഒരു കൈത്താങ്ങിന് കാത്തിരിയ്ക്കുകയാണ് ആ പെണ്ണും അതിന്റെ ചാകാറായ അമ്മൂമ്മത്തള്ളയും. വക്കീൽ ഗുമസ്തൻ എന്ന നിലയ്ക്ക് ഇടയ്ക്കൊക്കെ ചില്ലറ സഹായങ്ങൾ ചെയ്യാറുമുണ്ട്. അവളെയങ്ങ് കല്യാണം കഴിയ്ക്കാമെന്ന് പറഞ്ഞാൽ…….. പറഞ്ഞാലെന്താ? അതു നടക്കും, അത്ര തന്നെ. ഇത്രകാലം കല്യാണം നടക്കാതിരുന്നത് ഇങ്ങനെ ഒരു യോഗം കൊണ്ടായിക്കൂടെന്നുണ്ടോ? പിന്നെ ക്ഷയിച്ചെങ്കിലും തറവാട്ടുകാരാണ്. അയ്യേ! കാണിച്ചത് ചേപ്രയായി എന്ന് നാലാൾ കേട്ടാൽ പറയില്ല.

നാളെ  പണിക്കാരിപ്പെണ്ണിന് ശമ്പളമായി കുറച്ച് അധികം എന്തെങ്കിലും കൊടുക്കണം. ഇന്നു രാത്രിയും അവൾ കൂടെ ഉണ്ടാവുമല്ലോ. അവൾ മിടുക്കിയാണ്. ചില പെണ്ണുങ്ങളെപ്പോലെ ചാട്ടവും തൊഴിയും ആവശ്യമില്ലാത്ത കരച്ചിലും ശീലാവതി ചമയലും ഒന്നും ഉണ്ടായില്ല. അവൾക്കും ആശയുണ്ടായിട്ടുണ്ടാവും. നിവർത്തിച്ചു കൊടുക്കാൻ ആരും ഇല്ലല്ലോ. അല്ലെങ്കിൽ കല്യാണം കഴിയുന്നതു വരെ അവൾ ഇവിടെ തന്നെ ഇങ്ങനെ നിന്നോട്ടെ എന്നു വെയ്ക്കാം.  കെട്ടുപാടുകളില്ലാതെ സുഖമനുഭവിയ്ക്കുന്നതിനും ഒരു ജാതക യോഗമുണ്ടാവണം, വേണ്ടേ?

ഒരു ചെറുപ്പക്കാരിപ്പെണ്ണിനൊപ്പം അന്തി ഉറങ്ങുന്നതിൽ വല്ലാത്ത സുഖവും ലഹരിയുമുണ്ടെന്ന്  ഓർത്തോർത്ത് അയാൾ ആഹ്ലാദത്തോടെ ചൂളം വിളിച്ചു.


*         *          *           *             *       *          *           *            *       *         *      *

അയാളുടെ ചൂളം വിളി കാതിൽ വീണപ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.  ഇന്നു വീട്ടിൽ പോകണ്ട എന്ന് പറഞ്ഞത്  ഓർമ്മിയ്ക്കുകയായിരുന്നു അവൾ.

ശരിയാണ്,അല്ലെങ്കിൽ ഇനി എന്തിനാണ് വേറെ വീട്ടിൽ പോയി താമസിയ്ക്കുന്നത്? 

കഴിയുന്നത്ര വേഗം അമ്പലത്തിൽ പോയി ഒരു താലി കഴുത്തിലിട്ടു തരണമെന്ന് അപേക്ഷിയ്ക്കണം. പത്തിരുപത് വയസ്സ് കൂടുതലുണ്ട്. അതു സാരമില്ല. ഒരു ചെറുപ്പക്കാരനാണെങ്കിൽ ഇത്തിരി കൂടി ഉശിരും ചുണയുമുണ്ടാകുമെന്നേയുള്ളൂ. ചുണ കുറഞ്ഞാലും വേണ്ടില്ല, ആരെങ്കിലും വാതിലു തുറന്ന് കയറി വരുമോ എന്ന് പേടിയ്ക്കാതെ കിടക്കാൻ അടച്ചുറപ്പുള്ള വീടും വയറു നിറയെ ഭക്ഷണവും മാറി ഉടുക്കാൻ കുറച്ച് തുണിയും പിന്നെ നാലാളെ ചൂണ്ടിക്കാണിയ്ക്കാനൊരു ആൺ തുണയും കിട്ടിയാൽ മതി. 

ഒക്കെ ആദ്യമായിട്ടാണെങ്കിലും ഒന്നും മിണ്ടാതെ കിടന്നതും സുഖമായെന്ന് ധ്വനിപ്പിച്ചതും അതിനാണ്. അല്ലാതെ സുഖം കൊതിച്ചിട്ടോ അത് വാരിക്കോരി തന്നതുകൊണ്ടോ അല്ല. മീശക്കാരൻ വലിയ മിടുക്കനാണെന്ന് തന്നെ വിചാരിച്ചോട്ടെ. 

പഠിപ്പും ജോലിയും കാശുമൊന്നുമില്ലാത്തവർക്കും വേണമല്ലോ ജീവിതം. 

നേരത്ത വന്ന് കയറിയപ്പോൾ, ആ തുളച്ചു കയറുന്ന നോട്ടം കണ്ടപ്പോൾ മനസ്സിലായി ഇന്ന് ഇങ്ങനെയാവുമെന്ന്.

നാളെ കാലത്ത് കുളിച്ച് കാവിലമ്മയ്ക്ക് വിളക്ക് വെയ്ക്കണം.അടുത്ത പറമ്പിലെ മൺ കുടിൽ തട്ടി നിരത്തി ധാരാളം പൂച്ചെടിക്കൊമ്പുകളും പച്ചക്കറി വിത്തുകളും നട്ടു പിടിപ്പിയ്ക്കണം. പിന്നെ, അമ്മയ്ക്ക് ഒരു അസ്ഥിത്തറയുണ്ടാക്കണം.  

എല്ലാം പതുക്കെ മതി. ആദ്യം താലി കഴുത്തിൽ വീഴട്ടെ. ഇനി ചെയ്യുന്നതെല്ല്ലാം ആ വഴി മാത്രം ലക്ഷ്യം വച്ചായിരിയ്ക്കണം.

അവൾ അടുപ്പു ഒന്നു കൂടി ഊതിക്കത്തിച്ചു.


Tuesday, November 8, 2011

വിടാനുള്ളതാണ് തീർത്ത വീടുകളത്രയും


                                                                                     


“ആഗ്രഹപ്രവേശം“ എന്നപേരിൽ മാധ്യമം വാരികയുടെ ഗൃഹം 2011 പതിപ്പിൽ പ്രസിദ്ധീകരിച്ച വിചാരങ്ങളുടെ പൂർണരൂപം
                                                                   
ആഹാരം, വസ്ത്രം, പാർപ്പിടം എന്ന പട്ടികയനുസരിച്ച് മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ് വീടെന്ന് കുഞ്ഞുന്നാൾ മുതലേ അയാൾ കേട്ട് പഠിച്ചതാണ്. ആ പാഠഭാഗം മനസ്സിൽ നിന്ന് മായാത്തതുകൊണ്ട് സ്വന്തമായി  വീടില്ലെന്ന് പറയേണ്ടി വരുമ്പോഴൊക്കെയും അയാൾ പരുങ്ങലോടെ, അല്ലെങ്കിൽ ക്ഷമാപണത്തോടെ തല കുനിയ്ക്കും. “അയ്യോ! എന്തുണ്ടായിട്ടെന്താ കേറിക്കെട്ക്കാൻ ഒരു കെടക്കാടം ഇല്ലെങ്കിൽ പിന്നെ..ഇപ്പളും വാടകക്കാ താമസം?  അത് കഷ്ടായി“ എന്നൊക്കെയുള്ള സഹതാപപ്രകടനങ്ങൾ അപ്പോഴാണ് അയാൾക്ക് ധാരാളമായി കേൾക്കേണ്ടി വരാറുള്ളത്.  സമൂഹത്തിൽ മനുഷ്യന്റെ കേമത്തം നിർണയിയ്ക്കുന്ന ഒരു പ്രധാന ഘടകമാണല്ലോ എന്നും വീട്.

മഴയും വെയിലും മഞ്ഞും ഏറ്റ് നരക ജീവിതം നയിയ്ക്കുന്നവർ തലയ്ക്ക് മുകളിൽ ഒരു കൂര ആശിയ്ക്കുന്നത് സ്വാഭാവികമല്ലേ? അഞ്ചുമാസത്തിൽ നാലു തവണ വാടക വീട് മാറേണ്ടി വരുന്ന നിർഭാഗ്യക്കാർ എത്ര ചെറുതായാലും സ്വന്തമായി ഒരു വീട് കൊതിച്ച് പോവുകയില്ലേ? കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും അത്യാവശ്യക്കാരെ ദ്രോഹിച്ചും ആർത്തിക്കാരെ തൃപ്തിപ്പെടുത്തിയും മാത്രമേ നമ്മുടെ വീടുണ്ടാക്കൽ പ്രസ്ഥാനങ്ങളൊക്കെയും എല്ലാ കാലത്തും സഞ്ചരിച്ചിട്ടുള്ളൂ.

ഇമ്മാതിരി ന്യായങ്ങളും ചില്ലറ സാമൂഹ്യ വിമർശനവുമൊക്കെ മനസ്സിലുണ്ടായിട്ടും വീട് വെയ്ക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ തന്നെ സ്വന്തം ഓഫീസിനടുത്ത് എന്നു വെച്ചാൽ ഒരു ഇരുപതു കിലോമീറ്റർ ദൂരത്തിൽ അയാൾ മൂന്നര സെന്റ് പുരയിടം വിലയ്ക്ക് വാങ്ങിച്ചു. അതിൽക്കൂടുതൽ വാങ്ങുവാൻ സാധിയ്ക്കുമായിരുന്നില്ല. സ്വന്തം പേരിൽ നികുതിയടച്ച കടലാസ്സ് കൈയിൽ കിട്ടിയപ്പോൾ അല്പം ഗമയൊക്കെ അയാൾക്കും തോന്നി. ബ്രോക്കറുടെ പുറകെ അലയാനും ബാങ്ക് ലോണെടുക്കാനും ആവശ്യത്തിനും അനാവശ്യത്തിനുമായ കാക്കത്തൊള്ളായിരം സർട്ടിഫിക്കറ്റുകൾ സംഘടിപ്പിയ്ക്കുവാനും ഓടി നടന്നപ്പോൾ തോന്നിയ മടുപ്പും പരവേശവുമൊക്കെ ആ കടലാസ്സ് തുണ്ട് കൈയിൽ കിട്ടിയ നിമിഷം അയാൾ മറന്നു പോയി. “ലോകമേ, നോക്ക് ഞാനും ഇതാ ഒരാളായിരിയ്ക്കുന്നു“ എന്ന മട്ടിൽ അയാൾ ഒന്നു ചിരിച്ചു. ബീഡിയ്ക്കു പകരം ഒരു സിഗരറ്റ് വലിച്ചാലോ എന്ന് തോന്നി. എന്നാലും സിഗരറ്റിന്റെ വിലയോർത്തപ്പോൾ വേണ്ടെന്ന് വെച്ചു. 

അപ്പോൾ ഭൂവുടമസ്ഥനായി. അതുകൊണ്ടായില്ലല്ലോ. അതിലൊരു വീട് വെയ്ക്കേണ്ടേ?ഇന്ത്യാ മഹാരാജ്യത്ത് വീടില്ലാത്തവർ  ഒരുപാടുണ്ട്, സ്വന്തമായി  തലയ്ക്കു മീതെ ഒരു പ്ലാസ്റ്റിക് ഷീറ്റ് പോലുമില്ലാത്തവർ. മഴയേയും വെയിലിനേയും മഞ്ഞിനേയും സ്വന്തം തൊലിയാൽ മാത്രം തടയുന്നവർ. ആ കഴിവും കൂടി ഇല്ലാതാകുമ്പോൾ വഴിയരികിലും മരച്ചുവട്ടിലും കിടന്ന്, വെറുതേ മരിച്ച് പോകുന്നവർ. അയാൾ അത്രയ്ക്ക് മോശക്കാരനല്ല. ഒരു വാടക മുറിയിൽ അയാളും ഭാര്യയും മകനും കഴിഞ്ഞു കൂടുന്നുണ്ട്.

സ്വന്തം വീട്ടിൽ മുൻവശത്തൊരു തുറന്ന വരാന്തയും അതിലൊരു ചാരു കസേരയും അയാളുടെ സ്വപ്നമായിരുന്നു. മൂന്നര സെന്റ് സ്ഥലത്തുണ്ടാക്കുന്ന വീട്ടിലെ തുറന്ന വരാന്ത മുറിയുടെ വലുപ്പം ഭയങ്കരമായി കുറച്ചു കളയുമെന്ന് ഭാര്യ പറഞ്ഞു. “വലിയ മുറി പണിത് ജനലരുകിൽ ചാരു കസേരയിട്ടാൽ പോരേ?“ പോരാ എന്ന് വാശി പിടിയ്ക്കാനൊന്നും അയാൾക്ക്  തോന്നിയില്ല. തുറന്ന വരാന്ത തരുന്ന കാഴ്ചയും അഴിയിട്ട ജനൽ തരുന്ന കാഴ്ചയും ഒരിയ്ക്കലും ഒന്നാവുകയില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. പണിയും മുൻപേ തന്നെ സ്വപ്നവീടിന്റെ നിരർഥകത  മനസ്സിലായിത്തുടങ്ങുകയാണ്. 

കെട്ടിടം പണിയാൻ വേണ്ട സാമഗ്രികൾ ഉണ്ടാക്കുന്നവർക്കും അവ വിപണനം ചെയ്യുന്നവർക്കും നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്കും വേണ്ടി മാത്രമാണ് വീടുകൾ ഉണ്ടാക്കപ്പെടുന്നതെന്ന് പലപ്പോഴും അയാൾക്ക് തോന്നിപ്പോയിട്ടുണ്ട്. ഏറ്റവും നല്ലതും ഏറ്റവും വില കൂടിയതും ആയ പദാർഥങ്ങൾ ഉപയോഗിച്ച് ഏറ്റവും വേഗം നിർമ്മിച്ച വിടുകൾ ആരും താമസിയ്ക്കാനില്ലാതെ ഏറ്റവും നേരത്തെ പൂട്ടിയിടപ്പെടുന്നത് കാണുമ്പോൾ  ഇതിനേക്കാൾ  ഭേദപ്പെട്ട മറ്റൊരു ന്യായം എത്ര ശ്രമിച്ചിട്ടും അയാളുടെ മനസ്സിലുദിച്ചില്ല. പൂട്ടിയിടുവാനായി കെട്ടിടങ്ങൾ പണിയുന്നത് മനുഷ്യരുടെ ഒരു രീതിയാണല്ലോ.

വീടില്ലാത്തവരുടെ എണ്ണം കോടിക്കണക്കിനാണെന്ന് അയാൾ പത്രത്തിൽ വായിച്ചതാണ്.  കുറെക്കാലം ആ സംഖ്യ അയാൾക്ക് വ്യക്തമായി ഓർമ്മിയ്ക്കാൻ കഴിഞ്ഞിരുന്നു. പിന്നെ പല പല തിരക്കുകളിൽ പെട്ട് അതു മറന്നു. വീടില്ലാത്ത ഈ മനുഷ്യരെ പൂർണമായും മറന്നാലേ ഒരു വീടുള്ളവർക്ക് രണ്ടും രണ്ടുള്ളവർക്ക് മൂന്നും നിർമ്മിയ്ക്കുവാൻ കഴിയുകയെന്ന് അയാൾക്കറിയാം. ഇരുപത്തൊന്നു പേർ ഒരു മുറിയിൽ ഉറങ്ങുമ്പോൾ ഒരാൾക്കുറങ്ങുവാൻ ഇരുപത്തൊന്നു മുറികളുണ്ടാക്കുന്നതും അങ്ങനെ തന്നെയാണ്. വീടില്ലാത്തവരെ ഓർമ്മിച്ചുകൊണ്ടിരുന്നാൽ, നമുക്കു സ്വന്തമായി  ഇനിയും ഇനിയും പിന്നെയും പിന്നെയും വീടുകളും, ഫ്ലാറ്റുകളും എങ്ങനെയാണ് പണിയാനാവുക………. വീടുകൾ ആവശ്യമെന്നതിലുപരി ആഡംബരമല്ലേ, സമൂഹത്തിനു മുൻപിൽ അന്തസ്സിന്റെ  പ്രതീകമല്ലേ, നാലും അഞ്ചും ഇരട്ടിയായി മടക്കികിട്ടുമെന്ന് ഉറപ്പ് തരുന്ന സമ്പാദ്യമല്ലേ?

വീട് വെയ്ക്കാൻ കൊതിയായിത്തുടങ്ങിയപ്പോൾ  കാണുന്ന വീടുകളെയെല്ലാം അതീവ കൌതുകത്തോടെ അയാൾ ശ്രദ്ധിച്ചു പോന്നു. സാധാരണയായി ശരിയാണെന്ന് വിശ്വസിയ്ക്കപ്പെട്ടു വരുന്ന പല കാര്യങ്ങളും തെറ്റാവാനുള്ള സാധ്യതയുമുണ്ടെന്ന് അപ്പോഴാണ് അയാൾക്ക് മനസ്സിലായത്. വെറും മണ്ണിൽ പണിത് ഓലയും പുല്ലും മേഞ്ഞ വീടുകൾ കാലങ്ങളായി വലിയ കുഴപ്പമൊന്നുമില്ലാതെ നിലനിൽക്കുന്നത് അയാളെ ശരിയ്ക്കും അൽഭുതപ്പെടുത്തി. സിമന്റും കോൺക്രീറ്റുമില്ലെങ്കിൽ നല്ല ഉറപ്പും ഭംഗിയുമുള്ള വീട് വെയ്ക്കാനാവുകയില്ലെന്ന് അയാൾ എങ്ങനേയോ ഉറച്ച് വിശ്വസിച്ചിരുന്നു! മണ്ണുരുട്ടിവെച്ച് വെട്ടുകല്ല് നിരത്തി ഓല മേഞ്ഞ ഒരു കൊച്ചു വീട്ടിലായിരുന്നു അയാൾ ബാല്യകാലം ചെലവാക്കിയത്. അകത്തും മഴപെയ്തിരുന്ന ആ വീടിന്റെ ചെളിയും അഴുക്കും പുരണ്ട മുറികളും കാറ്റടിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് മറിഞ്ഞു വീണ മുളന്തൂണുമാവണം അയാളെ സിമന്റിന്റേയും കോൺക്രീറ്റിന്റെയും ആരാധകനാക്കിയത്. 

മഴവില്ലിന്റെ വർണ്ണ മനോഹാരിതയെക്കുറിച്ച് അയാൾ കുറെ വായിച്ചിട്ടുണ്ട്. മാനത്തെ മഴവില്ല്  അയാളേയും ആഹ്ലാദിപ്പിയ്ക്കാറുണ്ട്. പക്ഷെ, ആ ഏഴു വർണ്ണങ്ങളുടെ കടുത്ത ചായക്കൂട്ടുകൾ പൂശിയ വീടുകൾ കാണുമ്പോൾ ആഹ്ലാദത്തിനും സൌന്ദര്യത്തിനും പകരം വല്ലായ്മയും വൈരൂപ്യവുമാണുണ്ടാകുന്നതെന്ന് അയാൾ മനസ്സിലാക്കി. ആ വർണ ധാരാളിത്തത്തിന് ആകാശത്തോളം അകലവും വലുപ്പവുമുള്ള ക്യാൻവാസ് വേണമെന്ന് അയാളുടെ കണ്ണുകൾ വേദനിച്ചു.

ഏതെങ്കിലും കല്ലാശാരിയെ വിളിപ്പിച്ച് വലിയ ഒരു മുറിയും അടുക്കളയാവശ്യത്തിന് ഒരു ചായ്പും പണിയിച്ചാൽ മതിയെന്ന് ഭാര്യ അയാളോട് പറഞ്ഞു. അത് പോരെന്ന് അയാൾക്ക് തോന്നി. അല്പം വിവരമൊക്കെയുള്ള ഒരു എൻജിനീയറോട് സംസാരിച്ച്, കുറച്ച് പ്ലാനിംഗോടെ ദുർച്ചെലവുകൾ ഒഴിവാക്കി മൂന്നര സെന്റ് ഭൂമിയിൽ ഭംഗിയുള്ള വീട് നിർമ്മിയ്ക്കാൻ അയാൾക്ക് മോഹമുണ്ട്. നല്ല കല്ലാശാരിയും നല്ല മരാശാരിയും എൻജിനീയർ പറയുന്നതനുസരിച്ച് ജോലി ചെയ്താൽ കൂടുതൽ നല്ല വീടുണ്ടാകുമെന്ന് അയാൾ വിശ്വസിച്ചു. കുറച്ച് ബുദ്ധിമുട്ടിയെങ്കിലും വിവരമുണ്ടെന്ന് അയാൾക്കുറപ്പ് തോന്നിയ ഒരു എൻജിനീയറെ അയാൾ കണ്ടു പിടിയ്ക്കുകയും ചെയ്തു.

അറുനൂറ് ചതുരശ്ര അടി വിസ്തീർണമുള്ള ചെറിയ ഒരു വീടിന്റെ പ്ലാൻ അയാൾക്ക് കിട്ടി. ചെലവ് നന്നെക്കുറച്ച് വീട് പണിതുകൊടുക്കാമെന്ന് അയാളുടെ എൻജിനീയർ വാഗ്ദാനം നൽകുകയുണ്ടായി. നല്ല ഉറപ്പുള്ള അടിസ്ഥാനമുണ്ടാക്കിയാൽ, പിന്നീട് വേണമെങ്കിൽ മുകളിലേയ്ക്ക് ഒന്നോ രണ്ടോ നിലകൾ കൂടി പണിയാമെന്ന് മനസ്സിലാക്കിയപ്പോൾ അയാളുടെ മനസ്സിൽ തുറന്ന വരാന്തയും ചാരു കസേരയുമടങ്ങിയ സ്വപ്നം വീണ്ടും ഉണർന്നു. നിലത്ത് വിരിച്ച പായിൽ ഉറങ്ങിക്കിടക്കുന്ന മകനെ തലോടിക്കൊണ്ട് അയാൾ ഭാര്യയോട് പറഞ്ഞു. “ഇവൻ വലുതാവുമ്പോ ഇതിന്റെ മീതെ ഒന്നോ രണ്ടോ നെല പണിയാണ്ടിരിയ്ക്കില്ല, എനിയ്ക്കൊറപ്പ്ണ്ട്. മിടുക്കനാ മ്മ്ടെ കുട്ടി”

കരിങ്കല്ല്, മണ്ണ്, മണൽ, നീറ്റുകക്ക, കമ്പി, തടി എന്നീ തറവാട്ടു പേരുകളുള്ള പരിചയക്കാർ അങ്ങനെ അയാളുടെ ജീവിതത്തിൽ കയറി വന്നു. ഇഷ്ടിക, സിമന്റ്, പ്ലൈവുഡ്, പോളീഷ് എന്നീ കുടുംബപ്പേരുകളിൽ പല രൂപത്തിലും ഭാവത്തിലും അവർ അയാളിൽ സ്വാധീനം ചെലുത്താൻ തുടങ്ങി. എവിടെയെല്ലാം ചെന്നാൽ അവരെ ധാരാളമായി കാണാനാകുമെന്ന് അയാൾ ആദ്യം കണ്ടു പിടിച്ചു. അവരെ കൈവശമാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ബാങ്കുകാരിൽ നിന്നും പിണക്കവും ഇടങ്ങേറുകളുമില്ലാതെ എങ്ങനെയെല്ലാം സൂക്ഷ്മതയോടെ ഉപയോഗിയ്ക്കണമെന്ന് പണിക്കാരിൽ നിന്നും കുറേശ്ശെയായി മനസ്സിലാക്കി.

ഒറീസ്സയിൽ നിന്നും ആസ്സാമിൽ നിന്നുമുള്ള പണിക്കാരാണ്  അയാളുടെ വീട് പണിയാൻ വന്നത്. “മമ്മട്ടി ശരിയ്ക്ക് പക്ടോ“ എന്നും “ഈട്ടാ ജൽദി ചുമക്കോ“ എന്നും “സിമന്റ് ഇവിടെ ഡാലോ ഡ്ഡേയ്“ എന്നും അയാൾ ഒരു വീട്ടുടമയുടെ ഗൌരവത്തോടെ പറയാൻ പഠിച്ചപ്പോൾ “വെള്ളം പീനാ“ എന്നും “ജോലി ഹോഗയാ“ എന്നും “വാപ്പസ് പോവാ“ എന്നും പറയാൻ അവരും പഠിച്ചു. സർക്കാർ പണ്ടു മുതലേ പറഞ്ഞു കേൾപ്പിച്ചിരുന്ന “നാനാത്വത്തിലെ ഏകത്വം“ വരുന്ന ഒരു വഴി ഇതാണെന്ന് അയാൾക്ക് മനസ്സിലായി.  അടുത്തിടപഴകാതെ വേറൊരു ഭാഷ പറയുന്നവരും വ്യത്യസ്തമായ രീതികൾ പുലർത്തുന്നവരും പരസ്പരം മനസ്സിലാക്കുന്നതെങ്ങനെയാണ്? നാമെല്ലാം ഭാരതീയർ ആണെന്നും നമ്മളെല്ലാവരും ഒന്നാണെന്നും പെരുക്കപ്പട്ടിക പഠിയ്ക്കും മാതിരി ചൊല്ലിയതുകൊണ്ട് എന്ത് പ്രയോജനം? 

ഒരു ചെറിയ കുട്ടിയെപ്പോലെ വീട് പതുക്കെപ്പതുക്കെ സ്വന്തം രൂപത്തിലേയ്ക്ക് വളർച്ച പ്രാപിയ്ക്കുന്നത് അയാൾ തികഞ്ഞ ഉൽക്കണ്ഠയോടെയും അടക്കിപ്പിടിച്ചിട്ടും പെരുകിപ്പെരുകി വരുന്ന ആഹ്ലാദത്തോടെയും ആസ്വദിച്ചു. കടം അടച്ചു തീർക്കണമല്ലോ എന്ന ആധി വളരുമ്പോഴും വീടിന്റെ ഉയർന്നു വരുന്ന ഭിത്തികളും കണ്ണുകളെന്ന് തോന്നിയ്ക്കുന്ന ജനലുകളും അയാളെ സന്തോഷിപ്പിയ്ക്കാതിരുന്നില്ല. ചിലപ്പോഴെല്ലാം വീട് എന്തൊക്കെയോ സംസാരിയ്ക്കുന്നുണ്ടെന്നും കൈകൾ നീട്ടിക്കാട്ടി വാരിയെടുക്കാൻ പറയുന്നുണ്ടെന്നും തോന്നിയിരുന്നു

ഒരു ദിവസം വീട് പണി കാണാൻ വന്ന സഹപ്രവർത്തകനാണ് കൊച്ചു തിരുമേനിയെക്കാണിച്ച് വാസ്തു നോക്കിച്ചില്ലേ എന്ന് ആദ്യമായി അയാളോട് ചോദിച്ചത്. ആ ചോദ്യം കേൾക്കുന്നതു വരെ വാസ്തുവിനെക്കുറിച്ച് അയാൾ അത്ര ഗൌരവമായി ചിന്തിച്ചിരുന്നില്ല.

വാസ്തുവെന്നാൽ കൃത്യമായ വായു സഞ്ചാരവും പ്രകാശ വിന്യാസവുമാണെന്നും അത് വിവിധ ദേശങ്ങളിൽ വിവിധ രീതിയിലായിരിയ്ക്കുമെന്നും അതിന് ഒരു പൊതു നിയമം ഉണ്ടാക്കുക സാധ്യമല്ലെന്നും ആണ് അയാളുടെ എൻജിനീയർ അന്നു പറഞ്ഞത്. പ്രഭു മന്ദിരങ്ങൾക്കും വലിയ വലിയ കെട്ടിടങ്ങൾക്കും ആവശ്യമുള്ള വാസ്തു മാത്രമേ സംസ്കൃത ശ്ലോകങ്ങളിലുള്ളൂ. ചാളയ്ക്കും കുപ്പാടത്തിനും  വേണ്ട വാസ്തുവിനെ പറ്റി ആരും ഒരു ശ്ലോകവുമെഴുതിയിട്ടില്ലെന്ന് പറഞ്ഞ് എൻജിനീയർ അന്ന് കാർക്കിച്ചു തുപ്പുകയും ചെയ്തു. 

അതനുസരിച്ചത് അബദ്ധമായോ എന്ന് ആയിരം തവണയായി മനസ്സിലിട്ട് അളക്കുകയും ചൊരിയുകയും ചെയ്യുകയാണ് അയാളിപ്പോൾ. 

പുരപ്പണി മിയ്ക്കവാറും തീർന്നതിന്റെ അന്നു രാത്രിയാണ് ഒരു പണിക്കാരൻ ഓടി വന്ന് പറഞ്ഞത്, “ആ ഹിന്ദിക്കാരൻ ചെക്കൻ വിളിച്ചിട്ട് മിണ്ടണില്ല, ഒന്നോടി വരോ…“ കേട്ട പാതി കേൾക്കാത്ത പാതി അയാൾ ഒരു ഷർട്ടെടുത്തിട്ട് അവന്റെ പിന്നാലെ പാഞ്ഞു. കാതിന്റെ തട്ടയിന്മേൽ രണ്ട് കുത്തു പോലെയുള്ള മുറിപ്പാടോടെ വായും തുറന്ന് അവൻ കിടക്കുന്നതു കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി…… അവനിനി ഒരിയ്ക്കലും ഒന്നും പറയുകയില്ലെന്ന്
 
പിന്നെ പോലീസുകാർ വന്നു, രാവിലെ ലേബർ ആപ്പീസിൽ നിന്ന് ഉദ്യോഗസ്ഥർ വന്നു. എല്ലാവരും കൂടി അയാളോട് പതിനായിരം ചോദ്യങ്ങൾ ചോദിച്ചു. കുറച്ച് ഭീഷണിപ്പെടുത്തി. നല്ലോണം ഉച്ചത്തിൽ സംസാരിച്ചു. അതു കഴിഞ്ഞപ്പോൾ കുറെ കടലാസ്സുകളിൽ ഒപ്പ് വെപ്പിച്ചു. പിന്നീടാണ് ശവം പോസ്റ്റ് മോർട്ടം ചെയ്ത് മോർച്ചറിയിലേയ്ക്ക് മാറ്റിയത്. മറ്റ് പണിക്കാരോട്  അന്വേഷിച്ചപ്പോൾ അവന്റെ വീട് ഒറീസ്സയിലെവിടെയോ ആണെന്ന മറുപടി കിട്ടി. ഉടനെ അവിടെ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പക്ഷെ,മൂന്നാലു ദിവസം കഴിഞ്ഞ് അവന്റെ വീട്ടുകാരുടെ മറുപടി എത്തിയപ്പോഴാണ് അയാൾക്ക് വായ മുഴുക്കെ തുറന്ന് ഉറക്കെയുറക്കെ കരയണമെന്ന് തോന്നിയത്. “അവനെ അയയ്ക്കണ്ട,  സംസ്ക്കരിയ്ക്കാൻ അഞ്ചു പൈസയില്ല. അതുകൊണ്ട് …….“ പോലീസുകാരനൊരാൾ അയാൾക്കൊപ്പം ശ്മശാനത്തിൽ വന്നു. അയാൾ  അല്പം മനുഷ്യപ്പറ്റുള്ളവനായിരുന്നുവെന്ന് തോന്നി. അങ്ങനെ അവൻ അവരുടെ കണ്മുന്നിൽ എരിഞ്ഞു ചാമ്പലായി.

എങ്കിലും ആ ചെമ്പിച്ച തലമുടിയും ശോഷിച്ച ശരീരവും അയാളുടെ കണ്ണുകളിൽ കല്ലിച്ച് കിടന്നു. ഭാ‍ര്യയുടെ താലിമാല വിറ്റ് കിട്ടിയ പതിനയ്യായിരം രൂപ അയാൾ അവന്റെ വീട്ടുകാർക്ക് അയച്ചുകൊടുത്തു, കൂട്ടത്തിൽ അവന്റെ ഒരു ടീഷർട്ടും അവൻ വാങ്ങിവെച്ചിരുന്ന നീലനിറമുള്ള  ഒരു പ്ലാസ്റ്റിക് കൊതുകുവലയും. പിന്നീടുള്ള രാത്രികളിൽ അയാൾക്ക് ഉറക്കമേ വന്നില്ല. ആ കൊച്ചു പയ്യന്റെ ജീവനെടുക്കാനായി ഒരു വീട് എന്തിന് പണിതുവെന്ന് ഓർമ്മിച്ചപ്പോഴൊക്കെയും അയാൾ പരവശനായിത്തീർന്നു.

വാസ്തുവിദഗ്ദ്ധനായ കൊച്ചു തിരുമേനിയെ കൊണ്ട് വന്ന് വീട് പരിശോധിപ്പിയ്ക്കണമെന്ന് ഭാര്യ കരഞ്ഞുകൊണ്ട് ശാഠ്യം പിടിച്ചപ്പോൾ അയാൾ മൌനമായി തല കുലുക്കി.

വാസ്തു നോക്കാതെയാണ് മൂന്നര സെന്റിൽ ഈ കെട്ടിടം വെച്ചത്. അതാണ് ദുരിതത്തിനെല്ലാം കാരണമെന്ന് തിരുമേനി പറഞ്ഞു. പാമ്പ് കയറി വന്നതും പണിക്കാരൻ ചെക്കനെ കടിച്ചതും അവൻ മരിച്ചതും വാസ്തു ദോഷമാണെന്ന് തിരുമേനിയ്ക്ക് നല്ല നിശ്ചയമാണ് . ഇപ്പോഴുള്ള അടുക്കള പൊളിച്ച് മാറ്റണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 

ഇനിയൊരു അടുക്കള അയാൾ എവിടുന്ന് പണിയാനാണ്? ഇപ്പോൾ തന്നെ കടം മൂക്കിനു മുകളിലായി. സ്വന്തം വീടെന്ന പേരിലും വിശ്വാസത്തിലും എന്നുംകുന്നും കടം അടച്ചാലേ ബാങ്കുകാർ അയാ‍ളെ ഈ വീട്ടിൽ പോലും താമസിയ്ക്കാൻ വിടൂ. അല്ലെങ്കിൽ മോഹിച്ച് പണിയിച്ച ഈ വീട് വിൽക്കണം ..വിട്ടുകളയണം.

വാസ്തു ദോഷമുള്ള ഈ വീട് അയാൾ എങ്ങനെ വിൽക്കും…… അയാൾക്ക് താമസിയ്ക്കാൻ പറ്റാത്ത വീട് മറ്റൊരാൾക്ക് താമസിയ്ക്കാൻ കൊടുക്കുകയോ…….