Sunday, April 22, 2012

കുട്ടികളോട് വയറു നിറയെ സംസാരിയ്ക്കണം.


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 മാർച്ച് 23 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്

കുട്ടികൾക്ക് വയറു നിറയെ തിന്നാൻ കൊടുക്കണമെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ടാവും, അതു ഭക്ഷണത്തിന് നന്നേ ദാരിദ്ര്യമുണ്ടായിരുന്ന ഒരു കാലത്താണ്.  അങ്ങനെ പറയുമ്പോൾ ഇപ്പോൾ ഭക്ഷണത്തിന് ദാരിദ്ര്യമില്ലേ എന്ന ചോദ്യമുയരാം. തീർച്ചയായും ഉണ്ട്. പട്ടിണി പെയ്യുന്ന ആ ഇടങ്ങളിൽ മുതിർന്നവർ മുണ്ടു മുറുക്കിയുടുത്തും അരവയർ ഭക്ഷിച്ചും   വിശപ്പുകൊണ്ട് പലപ്പോഴും  ഇടവഴികളിൽ തല ചുറ്റി വീണും  അടുത്ത തലമുറയെ ഊട്ടാൻ എല്ലാം മറന്ന് അദ്ധ്വാനിയ്ക്കുന്നുണ്ടാവും.  അധികം വൈകാതെ ഈ പ്രപഞ്ചത്തിൽ എല്ലാവരും നന്നായി ഭക്ഷണം കഴിയ്ക്കുന്ന ഒരു പരിതസ്ഥിതി ഉണ്ടാകട്ടെ എന്ന് ആത്മാർഥമായും ആഗ്രഹിയ്ക്കുകയും അതിനായി സഹജീവികൾ എന്ന നിലയിൽ നമുക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് തീരുമാനിച്ച്  ഒത്തൊരുമിച്ച് പ്രവർത്തിയ്ക്കുകയും വേണം.

എന്നാൽ ഭേദപ്പെട്ട ജീവിത സൌകര്യങ്ങളിൽ എത്തിയവർ ഇപ്പോഴത്തെ കുട്ടികളെ പറ്റി ഒട്ടും ആഹ്ലാദത്തോടെയല്ല സംസാരിയ്ക്കുന്നത്. കുട്ടികൾക്ക് മൂല്യബോധം കുറഞ്ഞുവെന്നും അവർക്ക് പഴയ കാല നന്മകൾ അന്യമാണെന്നും എല്ലാവരും പറയുന്നു. അവർ കമ്പ്യൂട്ടറുകളെയാണെത്രെ മനുഷ്യരേക്കാൾ അധികം സ്നേഹിയ്ക്കുന്നത്! ആഡംബരത്തിനായി അവർ എന്തും ചെയ്യും. ബന്ധങ്ങൾ അവർക്ക് കളിപ്പാട്ടങ്ങളാണ്. അങ്ങനെ അനവധി ആരോപണങ്ങൾ കുട്ടികളുടെ നേരെ വിരലുകളായി ചൂണ്ടപ്പെടുന്നുണ്ട്.

ഇതൊക്കെ എല്ലാ കാലത്തും അതതു രീതിയിൽ ഉണ്ടായിരുന്നില്ലേ? പഴയ കാല ബ്ലാക് ആൻഡ് വൈറ്റ് സിനിമകൾ കണ്ടു നോക്കു. പ്രധാന കഥാപാത്രമോ അല്ലെങ്കിൽ സൈഡ് കഥാപാത്രമോ സങ്കടപ്പെടുന്നുണ്ടാവും,“പഴയ കാലല്ല, ഇത്. കാലം മാറി, കുട്ടികൾക്കൊന്നും പഴയ പോലെയുള്ള  ദയേം സ്നേഹോം ബഹുമാനോം ഒന്നുമില്ല. കാശാണിപ്പോൾ വലുത്. .”.  മുൻ തലമുറ എന്നും പുറകേ വരുന്നവരെ കുറിച്ച് ഈ അഭിപ്രായമാണ് വെച്ചു പുലർത്തീട്ടുള്ളത്. തല നരച്ചില്ലെങ്കിലും മുഖത്തു ചുളിവില്ലെങ്കിലും “ഭൂതകാലമായിരുന്നു ബെസ്റ്റ് , തങ്ങളുടെ ചെറുപ്പകാലമായിരുന്നു അതി ഗംഭീരം“ എന്നൊക്കെ ഒരാൾ പറഞ്ഞു തുടങ്ങുമ്പോൾ മനസ്സിലാക്കുക, അയാളെ വാർദ്ധക്യം ബാധിച്ചിരിയ്ക്കുന്നു. 

സ്ത്രീകൾ ടി വി സീരിയലുകൾ കണ്ട് കുടുംബ ഭരണം മറക്കുന്നതിനെ പറ്റി എല്ലാവരും പേജുകൾ എഴുതി നിറയ്ക്കാ‍റുണ്ട്. ഉദ്യോഗസ്ഥ കുടുംബിനി എപ്പോഴും രണ്ടറ്റം കത്തുന്ന മെഴുകുതിരി പോലെയാകുന്നതും കുട്ടികൾക്ക് അമ്മയ്ക്കൊപ്പം ചെലവാക്കാൻ സാധിയ്ക്കുന്ന സമയത്തെ കുറച്ചു കളയാറുണ്ട്. ജോലി സമയം കഴിഞ്ഞ് മദ്യത്തിലോ ചീട്ടുകളിയിലോ സ്വന്തം സമയം കളയുന്ന പുരുഷന്മാർക്ക് കുട്ടികൾക്കൊപ്പം  എത്ര സമയം ചെലവാക്കാൻ കഴിയും? ഇനി ഇത്തരം അപകടകരമായ  ലഹരികളില്ലെങ്കിൽ ചില പുരുഷന്മാർ  ടി വിയിലെ എല്ലാ ന്യൂസ് ചാനലുകളും ഒന്നിച്ച് കാണുകയും കമ്പ്യൂട്ടറിനു മുൻപിൽ മാത്രം തപസ്സിരിയ്ക്കുകയും കിട്ടാവുന്ന പത്ര മാസികകളിലും പുസ്തകങ്ങളിലും ലയിച്ചു ചേരുകയും ചെയ്യുന്നു. എന്തായാലും  ഇതുമാതിരിയുള്ള പല സാഹചര്യങ്ങളിലും കുട്ടികൾക്ക് ഫലത്തിൽ അച്ഛനും അമ്മയും ഇല്ലാതെയാകുന്നു.

കുട്ടികളോടൊപ്പം അല്ലെങ്കിൽ യുവത്വത്തോടൊപ്പം ചെലവാക്കാനാവശ്യമായ നൂതനമായ സംവേദന രീതികൾ പഴമയെ കുറിച്ച് സദാ സംസാരിയ്ക്കുന്നവർക്ക് പലപ്പോഴും കൈമോശം വന്നു പോകാറുണ്ട്. നിത്യമായി സ്വയം നവീകരിയ്ക്കാൻ വേണ്ട പ്രതിഭയുണ്ടാക്കുന്നത് അതി കഠിനമായ ഒരു അദ്ധ്വാനമാണ്. എന്നാൽ ആ അദ്ധ്വാനമാകട്ടെ കൃത്യമായ മതിയായ പ്രതിഫലം ഭാവിയിൽ  തരുമെന്ന് യാതൊരു ഉറപ്പും നൽകുകയുമില്ല. അതുകൊണ്ടാവണം നവീകരിയ്ക്കപ്പെടുവാനുള്ള ചുമതല  പലപ്പോഴും മതങ്ങൾക്കു വിട്ടുകൊടുത്ത് പഴയകാലത്തെപ്പറ്റി പേർത്തും പേർത്തും പറഞ്ഞ് മനുഷ്യർ നിത്യവും പഴഞ്ചരായി മാറുന്നത്.

അടുത്ത തലമുറയ്ക്ക് ഉണ്ടാവണമെന്ന് ആഗ്രഹിയ്ക്കുന്ന പല മൂല്യങ്ങളും യഥാർഥത്തിൽ ഈ തലമുറയ്ക്ക്  ഭംഗിയായി പകരാൻ കഴിയും. അത് സ്വന്തം ചുമതലയാണെന്ന് തിരിച്ചറിയുകയും ആ ചുമതല നിർവഹിയ്ക്കാൻ എല്ലാ വിധത്തിലും പ്രാപ്തരാകുകയും ചെയ്യുക എന്നതാണ് ആദ്യ പടി. രഹസ്യങ്ങളും കള്ളത്തരങ്ങളും നിർബന്ധമായും ഒഴിവാക്കുകയും വേണം. മുതിർന്നവർക്ക് വൈരുദ്ധ്യങ്ങളില്ല , എന്ന ബോധ്യം കുട്ടികളിൽ വളർത്താൻ കഴിയണം. എങ്കിൽ മാത്രമേ മുതിർന്നവർ പറയുന്നത് ആത്മാർഥമായും ശ്രദ്ധിയ്ക്കാൻ കുട്ടികൾ തുനിയുകയുള്ളൂ. 

നിഷ്പക്ഷമായി സംസാരിയ്ക്കുവാനും പുതിയ പുതിയ വഴികൾ ചൂണ്ടിക്കാണിയ്ക്കാനും അവയെ കുറിച്ച് കൂടുതലായി നമുക്കൊന്നിച്ച് പഠിയ്ക്കാമെന്ന് പറയാനും തയാറാവുന്ന മുൻ തലമുറയുടെ വാക്കുകളെ തള്ളിക്കളയാൻ  കുട്ടികൾക്കാവില്ല. അതിനു പകരം “ഞാൻ അച്ഛനാണ് അല്ലെങ്കിൽ അമ്മയാണ് അതുകൊണ്ട് നിനക്ക് നല്ലതു വരാനാണ് ഞാൻ പ്രയത്നിയ്ക്കുന്നത്. നിനക്കായി ഞാൻ ചിന്തിച്ചു കൊള്ളാം. നീ എന്നെ അനുസരിച്ചാൽ മതി“ എന്ന നിലപാടും ഉമ്മറത്തെ ചാരുകസേരയിൽ ഗൌരവത്തോടെ കിടന്നുകൊണ്ടുള്ള അച്ഛൻ വേഷം ഭാവിയ്ക്കലും അല്ലെങ്കിൽ “നിനക്കായി അമ്മ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന കണക്കു പറച്ചിലും കുട്ടികളിൽ താല്പര്യക്കുറവു മാത്രമേ ഉണ്ടാക്കുകയുള്ളൂ.. 

കുട്ടികൾ ശരിയല്ല എന്നു പറയുന്നത് മുതിർന്നവർ ശരിയല്ല എന്ന യഥാർഥ്യം എഴുതി സ്വയം വായിയ്ക്കാൻ ധൈര്യമില്ലാത്തവരാണ്. കുട്ടികളെ ശരിയാക്കാൻ മുതിർന്നവരായ നമ്മൾ എന്തു ചെയ്തു എന്ന ചോദ്യം കണ്ണാടിയ്ക്കു മുൻപിൽ നിന്ന് ചോദിയ്ക്കുമ്പോൾ കണ്ണു ഇറുക്കി പൂട്ടിക്കളയേണ്ടതായി വരും. കാരണം കുട്ടികളോട് നമ്മൾ ഈ ലോകത്തുള്ള എല്ലാ പരീക്ഷകളിലും ഒന്നാമതാവാൻ പറയും, വലിയ ജോലി നേടാൻ പറയും, കാറു വാങ്ങാനും ഫ്ലാറ്റുകളും ബംഗ്ലാവുകളും വാങ്ങാനും അംബാനിയെ തോൽ‌പ്പിയ്ക്കുന്ന ധനികനാകാനും പറയും, അച്ഛനാണ്, അച്ഛൻ വീട്ടുകാരാണ്, അച്ഛന്റെ വിചാരങ്ങളാണു ശരിയെന്നു പറയും, അമ്മയാണ്, അമ്മ വീട്ടുകാരാണ്, അമ്മയുടെ വിചാരങ്ങളാണു ശരിയെന്നു പറയും, സ്വന്തം ജാതി മതങ്ങളുടെ മേന്മയും ഇതര ജാതി മതങ്ങളുടെ കുറവുകളും എണ്ണിയെണ്ണി പ്രദർശിപ്പിയ്ക്കും…….അങ്ങനെയങ്ങനെ അവസാനിയ്ക്കാത്ത മത്സരങ്ങളുടെയും ആർത്തികളുടെയും വിഭാഗീയതകളുടെയും വിത്തുകൾ നന്നെ ചെറുപ്പം മുതൽ കുട്ടികൾക്കുള്ളിൽ വളർന്നു തുടങ്ങും.

കുട്ടികൾക്ക് പ്രകൃതിയെ പരിചയമില്ല, കിളികളെ അറിയില്ല, പട്ടിണിയും രോഗ ദുരിതങ്ങളും അറിയില്ല, അവർ മറ്റേതോ ഒരു ലോകത്ത് കഴിയുന്നുവെന്ന് പറയുമ്പോൾ നമ്മൾ  എന്താണ് അർഥമാക്കുന്നത്? അവരെ ആ അയഥാർഥമായ ലോകത്ത് തളച്ചിട്ടവർ ആരാണ്? ഓരോ ദിവസവും  അഞ്ചു ലക്ഷം പേർ കുടിവെള്ളം കിട്ടാതെ അലയുന്നുണ്ടെന്ന് കുട്ടികളെ ചൂണ്ടിക്കാട്ടിയാൽ വാട്ടർ അമ്യൂസ്മെന്റ് പാർക്കിലെ  ഒരു ദിവസത്തെ എഞ്ചോയ്മെന്റ് അവർ ആവശ്യപ്പെടില്ല. ആർത്തി മൂത്ത് ജെ സി ബി ഇടിച്ചു പരത്തുന്ന കുന്നുകളെക്കുറിച്ച്, നികന്ന വയലുകളെയും വറ്റിയ ജലസമൃദ്ധിയേയും കുറിച്ച്,  അറ്റമില്ലാത്ത നിരന്തര ചൂഷണങ്ങളെ ക്കുറിച്ച്, ദുര കൊണ്ട് നശിപ്പിയ്ക്കപ്പെടുന്ന കാടുകളെക്കുറിച്ച്, അണക്കെട്ടുകളേയും ആണവ നിലയങ്ങളേയും കുറിച്ച്, സ്വന്തം ജീവനും മാനവും രക്ഷിയ്ക്കാൻ പാവപ്പെട്ട മനുഷ്യർ നടത്തുന്ന അവസാനമില്ലാത്ത സമരങ്ങളെക്കുറിച്ച്, മനുഷ്യ ബന്ധങ്ങളുടെ വൈവിധ്യത്തേയും മനോഹാരിതയേയും കുറിച്ച്, വിവിധ തരം കലാരൂപങ്ങളെക്കുറിച്ച്, പുള്ള്യേങ്കുത്തിക്കളിയേയും അമ്പസ്താനിയേയും ഓടിപ്രാന്തിയേയും കുറിച്ച്………കുട്ടികളോട് നമ്മൾ ഇതെപ്പറ്റിയൊന്നും സംസാരിയ്ക്കില്ല.  ഫോറിൻ നാടുകൾ ചുറ്റാൻ നമ്മൾ കുട്ടികളെ കൊണ്ടുപോയേക്കും, എന്നാൽ തൊട്ടപ്പുറത്തെ നീലക്കുന്നുകളെപ്പറ്റി, ചുവന്ന മണ്ണുള്ള ഇടവഴിയെപ്പറ്റി, രാത്രിയിൽ പൂക്കുന്ന നിശാഗന്ധിയെപ്പറ്റി, പാടുന്ന പുള്ളിനെപ്പറ്റി, നിലാവ് ചായം പുരട്ടുന്ന തെങ്ങോലകളെപ്പറ്റി നമ്മൾ ഒന്നും പറയില്ല.

എല്ലാറ്റിനെക്കുറിച്ചും സംസാരിയ്ക്കാനും പഠിയ്ക്കാനും ചിന്തിയ്ക്കാനും തയാറാവുന്ന, മുൻ വിധികളില്ലാത്ത തുറന്ന മനസ്സും പക്വതയുമുള്ള, ഉത്തരവാദിത്തവും ചുമതലകളും ഏറ്റെടുത്ത് ഭംഗിയായി നടപ്പിലാക്കുന്ന ജനതയായി  കുട്ടികൾക്കു മുൻപിൽ മുതിർന്നവർ പ്രത്യക്ഷപ്പെടേണ്ടതുണ്ട്. അതിനു പകരം പഴയ കൂട്ടു കുടുംബത്തിലെ അംഗങ്ങൾ കുട്ടികളെ വളർത്തുമ്പോഴുണ്ടായിരുന്ന മെച്ചവും, കുട്ടികൾക്കൊപ്പം സമയം ചെലവാക്കുന്ന വീട്ടു സഹായികളും അയൽ‌പ്പക്കക്കാരുമുണ്ടായിരുന്ന കാലവും, കുട്ടികളോട് സംസാരിയ്ക്കുകയും അവരെ നേർവഴിയ്ക്ക് നടത്തുകയും ചെയ്യുന്ന മാതൃകാ അധ്യാപകരും ജനനേതാക്കളുമുണ്ടായിരുന്ന അന്തരീക്ഷവും ഒക്കെ ഗൃഹാതുരമായി ധ്യാനിച്ച് ധ്യാനിച്ച്, ഒരു തരം പ്രത്യേക നഷ്ടബോധത്തിൽ അഭിരമിച്ച്

അങ്ങനെയങ്ങനെ സ്വന്തം  ജോലികളും ഉത്തരവാദിത്തങ്ങളും എല്ലാം ഔട്ട്സോഴ്സ് ചെയ്യാൻ മാത്രം താല്പര്യപ്പെടുന്നവർക്ക്  പരാതിപ്പെടാൻ അവകാശമുണ്ടോ?

Thursday, April 12, 2012

നന്മയുടെ ഉയർത്തെഴുന്നേൽപ്പാവണം വിഷുക്കണി


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 ഏപ്രിൽ 6 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

അവന്റെ രാജ്യം വരുന്നതും മഞ്ഞക്കണിക്കൊന്നകൾ പൊന്മോതിരമിടുന്നതുമായ ഈ ഉത്സവാഘോഷവേളയിൽ,ഇങ്ങനെയൊരു തലക്കെട്ട് വായിയ്ക്കുമ്പോൾനന്മ പൂർണമായും മരിച്ചു പോയോ എന്നാണ് ഒരു തർക്കത്തിനായെങ്കിലും ചോദിയ്ക്കുന്നതെങ്കിൽ ഇല്ല എന്നു തന്നെയാണുത്തരം. പൂർണമായും നന്മ ഇല്ലാതായ ഒരു പരിതസ്ഥിതിയിൽ ഇതു പോലെയൊരു  ജീവിതമായിരിയ്ക്കില്ലല്ലോ ആരും തന്നെ നയിയ്ക്കുന്നത്. 

എങ്കിലും നന്മയെക്കുറിച്ചുള്ള പഴയ സങ്കൽ‌പ്പങ്ങൾക്ക് മാറ്റം വന്നു കഴിഞ്ഞിരിയ്ക്കുന്നു. ആത്യന്തികമായ നന്മ, ഒരു പെട്ടിയിൽ അടച്ചുവെച്ച് കാണിയ്ക്കാനാവുന്ന നന്മ എന്തായാലും ഇപ്പോൾ ഇല്ല. കാരണം നന്മ ഒരിയ്ക്കലും നിശ്ചലമായ ഒരു വസ്തുവല്ല. അത് ലംബമായും തിരശ്ചീനമായും ചലിയ്ക്കുന്ന, വളരുന്ന  ഒന്നാണ്. 

അങ്ങനെയൊക്കെയാണെങ്കിലും ക്രിസ്തുവിന്റെ ജീവിത കാലവുമായി ഇക്കാലത്തിന് അടുത്ത ബന്ധമുണ്ടെന്ന സത്യത്തിനു മുൻപിൽ , നമ്മുടെ രാജ്യം അതെ, പാവപ്പെട്ടവന്റേയും സാധാരണക്കാരന്റേയും രാജ്യം ഇന്നും ദൂരെദൂരെയാണെന്ന് അവിടെ കണിക്കൊന്നകൾ ഇലകളടർന്ന് വെറുങ്ങലിച്ച് നിൽക്കുകയാണെന്ന് തോന്നുമാറുള്ള സംഭവങ്ങളാണ് ചുറ്റും നടക്കുന്നത്, ചില ചെറിയ വ്യത്യാസങ്ങളോടെ. 

ഈസ്റ്ററിന്റെ പ്രസക്തി 

രാജാവിന്റെ കൽ‌പ്പന പ്രകാരം ജനങ്ങൾ മുഴുവൻ നേരിട്ടുള്ള ആൾക്കണക്കെടുപ്പിനായി സ്വന്തം വാസസ്ഥലം വിട്ട് ആരംഭിച്ച പാലായനമാണല്ലോ പൂർണ ഗർഭിണിയയിരുന്ന മറിയത്തേയും ജോസഫിനേയും ബത്ലഹേമിലെ കാലിത്തൊഴുത്തിലെത്തിച്ചത്. കഷ്ടപ്പാടുകൾ സഹിച്ച് അങ്ങനെയൊരു യാത്ര നടത്തേണ്ടി വന്നത് രാജാധികാരത്തിന്റെ  കല്ലേ പിളർക്കലായിരുന്നു. ഭരിയ്ക്കുന്നത് ആരായാലും ആ അധികാരത്തിന്റെ താൽ‌പ്പര്യത്തിനനുസരിച്ച് ജനത അന്നും ഇന്നും ആട്ടിത്തെളിയ്ക്കപ്പെടുന്നുണ്ടല്ലോ. നമ്മൾ ഇക്കാലത്ത് ഡാം പണിയാൻ വീടൊഴിയും പോലെ, ആണവ നിലയത്തിനായി നാടൊഴിയും പോലെ, എയർപോർട്ടിനായി ആകാശവും, നേവൽ അക്കാഡമിയ്ക്കായി കടലും, മൾട്ടി നാഷണലുകൾക്ക് കാർ ഫാക്ടറി തുറക്കാൻ കൃഷിയിടങ്ങളും .. അങ്ങനെ എണ്ണിയാൽ തീരാത്ത എത്രയോ കാ‍രണങ്ങൾക്കായി.. പാവപ്പെട്ട മനുഷ്യർ കൂടും കുടുക്കയുമായി നാടു വിടേണ്ടി വരുന്നുണ്ട്. ജന്മ നാട്ടിൽ ജീവിയ്ക്കാനാവശ്യമായ തൊഴിലുപാധികളെല്ലാം പലവിധ കാരണങ്ങളാൽ തകർക്കപ്പെട്ട ബംഗാളികളും ഒറീസ്സക്കാരും രാജസ്ഥാനികളും ബീഹാറികളുമായ മനുഷ്യർ ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും സമൃദ്ധമായുണ്ടല്ലോ.

യേശു പിന്നീട് നസ്രേത്തിലേയ്ക്ക് മടങ്ങിപ്പോകുന്നുണ്ടെങ്കിലും നമ്മുടെ കാലത്തെ ജനതയ്ക്ക് അത് സാധ്യമാകുന്നില്ല. പല ആവശ്യങ്ങൾക്കായി കുടിയൊഴിപ്പിയ്ക്കപ്പെടുന്ന ജനത  എവിടെയെല്ലാമോ ചിതറിത്തെറിച്ചു പോകുന്നു. അവരുടേതായിരുന്ന സ്ഥലങ്ങൾ മറ്റെന്തൊക്കെയോ ആകുന്നു, അവിടെ അവർക്ക് സ്ഥാനമില്ലാതെയാവുകയും പുതിയ പുതിയ സ്ഥാനികളും അധികാരികളും വരികയും ചെയ്യുന്നു. ഇറക്കിവിടപ്പെട്ടവരെ നോക്കി അതിർത്തി വളച്ചുകെട്ടിയ ഇടങ്ങൾ അലങ്കാരമാലകളുമായി പുഞ്ചിരിയ്ക്കുന്നു. സമസ്തവും നഷ്ടപ്പെട്ട ദരിദ്ര ജനത നഗരങ്ങളുടെ  പിന്നാമ്പുറങ്ങളിൽ അടിഞ്ഞു കൂടുകയാണ്. അങ്ങനെ പുഴുക്കളെപ്പോലെ മനുഷ്യർ നുരയ്ക്കുന്ന പൊട്ടിയൊഴുകുന്ന വ്രണം പോലെയുള്ള ചേരികൾ പിന്നെയും പിന്നെയും രൂപം കൊള്ളുകയായി. 

യേശു ജനിച്ച കാലത്ത് രാജാവാണല്ലോ ആൺ കുഞ്ഞുങ്ങളെ വധിച്ചു കളയാനുള്ള ഉത്തരവു നൽകിയത്. അത് രാജാവിന്റെ ജീവരക്ഷയെക്കരുതിയായിരുന്നു. രാജ്യം നഷ്ടപ്പെട്ടു പോയേയ്ക്കുമോ എന്ന്  ഭയന്നിട്ടായിരുന്നു. ആരാണീ പുതിയ രാജാവായി പിറന്നിരിയ്ക്കുന്നതെന്ന് അറിയാഞ്ഞിട്ടായിരുന്നു. അവന്റെ രാജ്യം വന്നേയ്ക്കുമെന്ന ഭീതിയിലായിരുന്നു. കസേരയുറച്ചതല്ലേ, ഉറച്ചതായിരിയ്ക്കുകയില്ലേ എന്ന് സംശയം തോന്നിയവൻ അത് ഉറപ്പിയ്ക്കാനായി പിഞ്ചു ചോര കൊണ്ട് ബലിയിടുകയായിരുന്നു.

ഇന്ന് അച്ഛനും, പലപ്പോഴും നിശ്ശബ്ദ സഹായിയായി അമ്മയും, പിന്നെ അച്ഛന്റേയും അമ്മയുടേയും ബന്ധുക്കളും, പഠിത്തം കൂടിയ ഡോക്ടർമാരും എല്ലാം ചേർന്ന് കുഞ്ഞുങ്ങളെ ബലി കഴിയ്ക്കുന്നുണ്ട്. പെൺകുഞ്ഞുങ്ങളെയാണെന്ന് മാത്രം.  സ്ത്രീധനം കൊടുത്ത് കല്യാണം കഴിപ്പിയ്ക്കേണമല്ലോ, ഈ പെണ്ണെന്ന അവസാനിയ്ക്കാത്ത ചെലവിനെ ചുമക്കണമല്ലോ എന്ന് ഭയന്നിട്ടാണ് ഇപ്പോൾ കൊല്ലുന്നത്. അധികവും ഗർഭത്തിലേ വധിയ്ക്കുന്നു, ചുരുക്കം ചിലപ്പോൾ പെൺകുഞ്ഞ് ജനിച്ച ശേഷം നനച്ച തുണി മുഖത്തിട്ടും എരുക്കിൻ പാൽ തൊണ്ടയിൽ ഇറ്റിച്ചും ധാന്യമണികൾ മൂക്കിൽ തിരുകിയും  കൊന്നുകളയുന്നു. പിന്നെയും രക്ഷപ്പെട്ടാൽ അഞ്ചു വയസ്സിനു മുൻപ് ഏതെങ്കിലും വിധത്തിൽ വേണ്ടത്ര ഭക്ഷണം കൊടുക്കാതെയോ, രോഗം വന്നാൽ ചികിത്സിയ്ക്കാതെയോ അവസാനിപ്പിച്ചു കളയുന്നു. കണക്കുകൾ അങ്ങനെയാണ് പറയുന്നത്. 

ചുങ്കക്കാർ ജനങ്ങളോട് മോശമായി പെരുമാറുന്നതിൽ ബൈബിൾകാലവും ഉൽക്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്.  അതിപരിഷ്ക്കാരങ്ങളുടേതായ ഇന്നത്തെക്കാലത്തും കൂടി  ഒരു സ്വതന്ത്ര രാജ്യത്തിലെ  ജനതയായ നമ്മൾ ഗവണ്മെന്റ് നിർദ്ദേശിയ്ക്കുന്നവന്റെ ചൂണ്ടിക്കാണിയ്ക്കുന്നവന്റെ ചുങ്കപ്പുരകളിൽ വരി നിന്ന് നികുതിയും പലിശയും കൊടുക്കുക തന്നെയാണ്, എന്തിനും ഏതിനും.. കൃഷി ചെയ്യാൻ മുതൽ പൊതുവഴി ഉപയോഗിയ്ക്കാൻ വരെ. ഒരു എഴുപതെൺപതു കൊല്ലം മുൻപ് ജാതിയുടെ പേരിലാണ് നമുക്ക് മുന്നിൽ കൃഷിയിടങ്ങളുടെയും വഴികളുടെയും തൊഴിലുകളുടേയും ജീവിതോപാധികളുടെയും എല്ലാം വളച്ചു വാതിലുകൾ അടഞ്ഞിരുന്നത്. എന്നാൽ ഇന്ന് പണത്തിന്റെ പേരിലാണ് ആ വാതിലുകൾ  നമുക്ക് മുൻപിൽ അടയുന്നത്. ശ്രദ്ധയോ പരിചരണങ്ങളോ ആവശ്യമില്ലാത്ത പാവപ്പെട്ടവന്റെ കൃഷിയിടങ്ങളും, അവനു സഞ്ചരിയ്ക്കാനുള്ള പൊട്ടിപ്പൊളിഞ്ഞ വഴികളും, ആ  ദരിദ്രനാരായണന്റെ തകർക്കപ്പെട്ട  ജീവിതോപാധികളും പണക്കാരന്റെ ഗ്ലാമറസായ പ്ലാന്റേഷനുകളുടെയും കറുത്തു മിനുങ്ങുന്ന രാജരഥ്യകളുടെയും, വൻകിട വികസന പദ്ധതികളുടെയും  ഓരങ്ങളിലായി ചളുങ്ങി ഒതുങ്ങിക്കിടക്കുന്നു. ജനതയ്ക്ക് ആനുകൂല്യം നൽകാൻ മടിയ്ക്കുമെങ്കിലും ഭരിയ്ക്കുന്നവർ ചുങ്കക്കാർക്കും ഇടനിലക്കാർക്കും എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. പലതരത്തിൽ ചുങ്കം പിരിച്ച് തടിച്ചു കൊഴുക്കാൻ അവർ വ്യത്യസ്ത നിറങ്ങളിലുള്ള യൂണിഫോമുകൾ ധരിച്ച് നമ്മുടെയെല്ലാവരുടെയും ജീവിതത്തിന്റെ വിവിധ ഇടങ്ങളിൽ സദാ തയാറായി നിൽക്കുന്നു. ഒട്ടും വിശ്വസ്തരല്ലെങ്കിലും വിശ്വസ്തത എന്ന പേരിൽ ഓഫീസുകൾ തുറക്കുന്നു. അവരുടെ നികുതികൾ മിയ്ക്കവയും ഇന്നത്തെ കാലത്ത് മാപ്പാക്കപ്പെടുകയും അവരുടെ കടങ്ങളും പലിശയും എഴുതിത്തള്ളപ്പെടുകയും ചെയ്യുമെങ്കിലും പാവപ്പെട്ട ജനതയുടെ  നികുതിയോ കടമോ പലിശയോ മാപ്പാക്കപ്പെടുന്നില്ല, എഴുതിത്തള്ളപ്പെടുന്നില്ല.

എന്റെ പിതാവിന്റെ ഇടം നിങ്ങൾ കച്ചവടസ്ഥലമാക്കിയല്ലോ എന്ന് ചാട്ട വീശുന്ന കോപാകുലനായ യേശുവിനെ ഒരുപക്ഷെ, ബൈബിളിൽ ഒരിയ്ക്കൽ മാത്രമേ നാം കണ്ടുമുട്ടുകയുള്ളൂ. ആ രൂപം കാലാതിവർത്തിയാണെന്ന് മനസ്സിലാക്കാൻ പലപ്പോഴും കഴിയാതെ വരുമ്പോഴാണ് എന്തും കച്ചവടമാക്കാമെന്നും എങ്ങനെയും ലാഭമുണ്ടാക്കാമെന്നുമുള്ള ആർത്തിയിലേയ്ക്ക് ലോകം നിപതിയ്ക്കുന്നത്. ആ പതനത്തിൽ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് യേശു തന്നെ പഠിപ്പിയ്ക്കുന്നുണ്ട്. ലാഭക്കൊതിയിൽ ആർത്തി പിടിച്ച് അത് മനസ്സിലാക്കാൻ തയാറാണോ എന്നതാണല്ലോ വിലപിടിപ്പുള്ള ചോദ്യം. 

എന്നിട്ടും എല്ലാ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും മീതെ നമ്മുടെ കാലത്തും സ്നാപക യോഹന്നാന്മാർ ഉണ്ടാകുന്നു! അന്നു സ്നാപകയോഹന്നാനോട് ചെയ്തതൊക്കെയും ഇന്നും മുറതെറ്റാതെ എല്ലാ ഭരണകൂടങ്ങളും അനുഷ്ഠിയ്ക്കുന്നുമുണ്ട്. പുതിയ വഴി വെട്ടുകയേ വേണ്ട എന്ന ആക്രോശത്തോടെ അവർ തടയപ്പെടുന്നു. ജയിലിലടയ്ക്കപ്പെടുന്നു. മാറ്റങ്ങൾക്ക് വഴികാട്ടിയും വിളിച്ചുചൊല്ലിയും വരുന്നവരുടെയെല്ലാം തലകൾ നിർദ്ദാക്ഷിണ്യം അറുക്കപ്പെടുന്നു. നമ്മുടെ രാജ്യം വരുന്നത് അന്നും ഇന്നും എളുപ്പമല്ലെന്നർഥം.

അങ്ങനെ ഇല്ലാതാക്കപ്പെടുന്നവരുടെ രക്തത്തിൽ എനിയ്ക്ക് പങ്കില്ലെന്ന് കൈകഴുകുന്ന പിലാത്തോസുമാരാണ് എല്ലാ കാലത്തും അധികമുണ്ടാവുക. ഒന്നിലും ആർക്കും പങ്കില്ല. എല്ലാം മറ്റാരൊക്കേയോ ചെയ്തതാണ്. അതുകൊണ്ട് സംഭവിച്ചു പോകുന്നതാണ്. ഓരോരുത്തരും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നവരാണ്. ഗുണത്തിനും ദോഷത്തിനും പോകാത്തവർ. ചാട്ടവാർ വീശിയവന്റേയും നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാനാഗ്രഹിച്ചവന്റേയും യേശുത്തം കണ്ടാലും വായിച്ചാലും അറിഞ്ഞാലും മനസ്സിലാകാത്തവർ, മനസ്സിലായാലും മറന്നു പോകുന്നവർ. 

മൂന്ന് നാൾ മാത്രമേ അടക്കിവെയ്ക്കാനായുള്ളൂ ആ ആശയത്തെ എന്നതാണ് ഉയിർപ്പിന്റെ ഏറ്റവും വലിയ സത്യം. വമ്പിച്ച ജനപിന്തുണയോടെ‌­ - ബറാബാസിനെ മോചിപ്പിയ്ക്കാൻ ആവശ്യപ്പെട്ട ജനപിന്തുണയോടെ – യേശുമാർഗ്ഗം എത്ര അപകടകരമാകാമെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണാധികാരികൾ ആഘോഷപൂർവം നടപ്പാക്കിയ കുരിശുമരണത്തിനും യേശുവിന്റെ ആശയങ്ങളെ തോൽ‌പ്പിയ്ക്കാൻ കഴിഞ്ഞില്ല. അവ ഉയർത്തെണീറ്റു. എന്നും ഉയർത്തെണീയ്ക്കുകയും ചെയ്യും. അതു തന്നെയാണ് എക്കാലവും ഈസ്റ്ററിന്റെ പ്രസക്തി.

വിഷുവിന്റെ ഐശ്വര്യം

വിഷു എന്ന വാക്കിന് സംസ്കൃതത്തിൽ തുല്യം എന്നാണത്രെ അർഥം. രാവും പകലും ഒരുപോലെ ഒരേ സമയമാകുന്നത്, അതായത് പന്ത്രണ്ടു മണിക്കൂർ ആവുന്നത് എന്നർത്ഥം. ചിങ്ങം ഒന്നാം തിയതിയാണ് മലയാളിയുടെ പുതുവർഷാരംഭമെങ്കിലും വിഷുവിന്റെ അന്നു സമൃദ്ധിയുടെ കണി കാണുന്നത്  ഐശ്വര്യമായ് നമ്മൾ വിശ്വസിയ്ക്കുന്നു.

നമ്മുടെ പഴയകാല കാർഷിക സംസ്കൃതിയുടെ ഒരു ഉത്സവമാണ് വിഷു. പുതുവിളകൾ എല്ലാം കണിയൊരുക്കാനായി സജ്ജീകരിച്ച് അതിരാവിലെ ആ സമൃദ്ധി കണികണ്ടുണരുന്ന നന്മ.  വർഷം മുഴുവനുമുള്ള നിറവിനെയാണ് പ്രതീകാത്മകമായി കാണുന്നത്. എല്ലാവർക്കും വയറു നിറയെ ഭക്ഷണം ഉണ്ടാവുക, ധരിയ്ക്കാൻ വസ്ത്രമുണ്ടാവുക, ചെലവാക്കാൻ ധനമുണ്ടാവുക എന്നതൊക്കെ ഒരു വിദൂര പ്രതീക്ഷയായി കണ്ടിരുന്ന ജനതയുടെ സ്വപ്നദൃശ്യമായിരിയ്ക്കാം ആദ്യത്തെ വിഷുക്കണിയുണ്ടാക്കിയത്. 

ഇപ്പോൾ കുറച്ചു പേരെങ്കിലും വിഷു സ്വപ്നം സാക്ഷാത്ക്കരിച്ചിട്ടുണ്ട്. നല്ല ഭക്ഷണവും വസ്ത്രവും ചെലവാക്കാൻ ധനവും പലരുടേയും കൈവശമുണ്ട്. അതു കൂടുതൽ കൂടുതൽ ആൾക്കാർക്കും ഉണ്ടാകട്ടെ എന്നും കണികാണുമ്പോൾ നമുക്ക് ആശിയ്ക്കാം. കൂട്ടത്തിൽ വേരറ്റ് പോവുന്ന നമ്മുടെ കാർഷിക സമൃദ്ധിയെ തിരിച്ചു പിടിയ്ക്കേണ്ടതല്ലേ എന്നും ആലോചിയ്ക്കാം. എല്ലാവർക്കും വിഷുവെന്നതു പോലെ അതും എല്ലാവരും ചേർന്ന് തിരിച്ചു പിടിയ്ക്കേണ്ടതുണ്ട്. 

നമ്മുടെ കാർഷികമേഖല മുൻപൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്തത്രയും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. കഴിഞ്ഞ് പത്തുവർഷത്തിനുള്ളിൽ  ഇന്ത്യാമഹാരാജ്യത്ത് ഏകദേശം എഴുപത്തിയഞ്ച് ലക്ഷം കർഷകരാണ് കൃഷിപ്പണി വേണ്ട എന്നു വെച്ചത്. അത് മറ്റു വരുമാനം കൂടിയ പണികൾ ഇഷ്ടം പോലെ കിട്ടിയതുകൊണ്ടല്ല, കടം കയറി അവർ മുടിഞ്ഞു പോയതുകൊണ്ടാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ അര മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നുമുണ്ട്. മേഴ്സിഡസ് ബെൻസ് വാങ്ങാൻ ഏഴു ശതമാനം നിരക്കിലും ഒരു ട്രാക്ടർ വാങ്ങാൻ പതിന്നാലു ശതമാനം നിരക്കിലും ജനങ്ങൾക്ക് വായ്പ നൽകുന്ന സംവിധാനത്തിൽ കർഷകർ മരിയ്ക്കുകയല്ലാതെ വേറെന്തു വഴി? കോടീശ്വരന്മാരുടെ കോർപ്പറേറ്റ് ടാക്സ് എഴുതിത്തള്ളുന്നതു പോലെ എളുപ്പമല്ല, കർഷകരുടെ കടങ്ങൾ മാപ്പാക്കുന്നത്. പാവപ്പെട്ട ജനതയുടെ ഭക്ഷണാവശ്യങ്ങൾ പരിഹരിയ്ക്കുന്നത്. അവർക്ക് ഭക്ഷ്യസുരക്ഷ ഉണ്ടാക്കിക്കൊടുക്കുന്നത്. രാജ്യത്തെ എൺപതുകോടിയോളം ജനങ്ങൾ ദിവസം ഇരുപതു രൂപയിൽ കുറവ് വരുമാനമുള്ളവരായാലും സാരമില്ല, ഡോളർ കണക്കിലുള്ള ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ നമുക്ക് നാലാം സ്ഥാനമുണ്ടല്ലോ ഈ ലോകത്തിൽ!

കർഷകരെ ഇങ്ങനെ നിലം പരിശാക്കിക്കളയുന്ന ഒരവസ്ഥയിലുള്ള രാജ്യത്ത് വിഷു ആഘോഷിയ്ക്കുന്നതിന്റെ പ്രസക്തിയും തുല്യം എന്ന വാക്കിന്റെ അർഥ സമ്പൂർണ്ണത തന്നെയായിരിയ്ക്കണം. അതിലേയ്ക്കുള്ള കാൽ വെപ്പിന് നമ്മൾ ഏറ്റവും പെട്ടെന്ന് തയാറാകണം.

ഈ വർഷവും ഫെബ്രുവരി മാസം അവസാനമാകുമ്പോഴേയ്ക്ക് ഇലകൾ പൊഴിച്ച് പൂത്തുലഞ്ഞ കണിക്കൊന്ന പിഞ്ചിലേ പഴുത്തതു മാതിരി.. കുംഭച്ചൂട് താങ്ങാനാവാതെ ഇലകളെ സമയത്തിനു മുൻപേ ഒഴിവാക്കുന്ന കണിക്കൊന്ന താളം തെറ്റുന്ന പ്രകൃതിയെ നമുക്ക് ചൂണ്ടിക്കാണിയ്ക്കുകയാണ്. ഏപ്രിൽ മാസത്തിൽ വിഷുക്കണിയൊരുക്കുമ്പോൾ പൂത്തുലഞ്ഞ കണിക്കൊന്നയുണ്ടാകുമോ അതോ കാലം പോകെ നമ്മൾ വിഷു  നേരത്തെ ആഘോഷിച്ചു തുടങ്ങുമോ? അല്ലെങ്കിൽ കണിക്കൊന്നയോട് സാമ്യതയുള്ള ഒരു വിദേശപുഷ്പം ഏതെങ്കിലും സ്വകാര്യ കുത്തകക്കമ്പനി ഇറക്കുമതി ചെയ്യുന്നത് വൻ വില കൊടുത്ത് വാങ്ങി കണികാണുകയാവുമോ?

പർവതങ്ങൾ നികന്നു തുടങ്ങുന്നതും സമുദ്രം കരയെത്തേടി വരുന്നതും ഭൂമി ആഴത്തിലുള്ള ഉഷ്ണ നെടുവീർപ്പുകൾ വിടുന്നതും എല്ലാം സൂചനകളാണ്. പ്രകൃതി നമുക്ക് താക്കീതുകൾ നൽകുകയാണ്. നിലവിലുള്ള പലതിന്റെയും മാറ്റം അനിവാര്യമാണെന്ന് പറഞ്ഞു കേൾ‌പ്പിയ്ക്കുകയാണ്. ആ മാറ്റങ്ങളുടെ മുന്നണിപ്പോരാളിയാവാനുള്ള യേശുത്തമാണ് കാലം എല്ലാവരോടും ആവശ്യപ്പെടുന്നത്. വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകൾക്കായി, ആദർശങ്ങൾക്കായി അവയെല്ലാം ചേർന്നുണ്ടാക്കുന്ന മാറ്റങ്ങൾക്കായി, നമ്മുടെ രാജ്യം വരാനായി ജീവൻ പോലും ത്യജിയ്ക്കാൻ തയാറാവുന്ന പോരാട്ടമാണ് കാലം ചോദിയ്ക്കുന്നത്. അതിനുള്ള പ്രേരണയും ഒരുക്കവുമാകണം ഉയിർപ്പു തിരുന്നാളും വിഷുക്കണിയും.

അങ്ങനെ ആയിത്തീരട്ടെ.



Sunday, April 8, 2012

വൈദ്യന്റെ മരുന്നു കുറിപ്പടിയല്ല സത്യസന്ധത


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 മാർച്ച് 9 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

ഓട്ടോ റിക്ഷക്കാരെപ്പറ്റി പരാതിയില്ലാത്തവർ വളരെക്കുറച്ചു മാത്രമേയുള്ളൂ . പെരുമാറ്റത്തിലെ മര്യാദകേട്, സാധിയ്ക്കുമ്പോഴെല്ലാം ഈടാക്കുന്ന അധികച്ചാർജ്ജ്, ഉണ്ടെങ്കിൽ തന്നെ കേടായതും പലപ്പോഴും ഇല്ലാത്തതുമായ മീറ്ററുകൾ, യാത്രയ്ക്ക് വിളിച്ചാൽ വരാനുള്ള വൈമനസ്യം, സ്ത്രീകൾ തനിച്ചാവുമ്പോൾ ചിലപ്പോഴൊക്കെ അശ്ലീല ഭാഷണം……അങ്ങനെ അവസാനമില്ലാത്ത പരാതികളാണ്. എന്തായാലും ഓട്ടൊ വിളിയ്ക്കാൻ തുടങ്ങുമ്പോൾ ഓട്ടോക്കാരൻ  മര്യാദക്കാരനാവണേ എന്നൊരു പ്രാർഥനയും ആഗ്രഹവും മനസ്സിലുണ്ടാവാറുണ്ട് എന്നതൊരു സത്യമാണ്.

കഴിഞ്ഞ ദിവസം അല്പം നീണ്ട ഒരു യാത്രയ്ക്കായി, ഉൾപ്രദേശത്തേയ്ക്ക്  പോവില്ല എന്ന് നാലഞ്ചു ഓട്ടോക്കാർ ശഠിച്ച ശേഷം പ്രത്യക്ഷപ്പെട്ട ഓട്ടോയ്ക്ക് കൈ കാണിയ്ക്കുമ്പോൾ പോവില്ല എന്ന ഉത്തരം തന്നെയാണ് പ്രതീക്ഷിച്ചത്. ആ ഓട്ടോക്കാരൻ സമ്മതിച്ചുവെന്ന് മാത്രമല്ല, വളരെ കൃത്യമായി ഉത്തരവാദപ്പെട്ട ഒരുദ്യോഗസ്ഥനെ പോലെ മീറ്റർ പ്രവർത്തിപ്പിയ്ക്കുകയും ചെയ്തു.  ഓടാത്ത മീറ്ററും ഓടുമെങ്കിൽ തന്നെ അത് പ്രവർത്തിപ്പിയ്ക്കാൻ താല്പര്യമില്ലാത്ത ഡ്രൈവറുമാണല്ലൊ സാധാരണ പതിവ്. അതുകൊണ്ട് ഈ ഓട്ടോക്കാരന്റെ ചടുലമായ ആ ചുമതലാബോധം കണ്ട്  ആംഗലേയത്തിൽ പറഞ്ഞാൽ “ഐ വാസ് ടോട്ട്ലി ഇംപ്രസ്സ്ഡ്“

ഓട്ടോയ്ക്കകത്ത്  ഒരു കലണ്ടറും ക്ലോക്കുമുണ്ടായിരുന്നു. ഓട്ടോക്കാരെക്കുറിച്ചുള്ള പരാതികൾ വിളിച്ചു പറയാനുള്ള നമ്പറിനൊപ്പം വനിതാ ഹെല്പ് ലൈനും ചൈൽഡ് ഹെല്പ് ലൈനും ഉൾപ്പടെയുള്ള പ്രധാനപ്പെട്ട എമർജൻസി നമ്പറുകളും ഭംഗിയായി പ്രദർശിപ്പിച്ചിരുന്നു.  “ആളുകൾക്ക് നിങ്ങളെക്കുറിച്ചും പരാതിപ്പെടാൻ സൌകര്യമാവില്ലേ“ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു. “ പരാതിയും യാത്രക്കാരുടെ അവകാശമാണ് ചേച്ചീ ” 

വണ്ടി ഓടിയ്ക്കുന്നവരും ഓടിയ്ക്കാത്തവരും അല്ലെങ്കിൽ റോഡുപയോഗിയ്ക്കുന്ന എല്ലാവരും ഒരുപോലെ പഠിയ്ക്കേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ചും അജ്ഞനും അഹങ്കാരിയും അക്ഷമനും വണ്ടിയോടിയ്ക്കാൻ പാടില്ലാത്തതിനെക്കുറിച്ചും അയാൾ പറഞ്ഞു തന്നു. അയാൾ ഡ്രൈവിംഗ് പഠിപ്പിച്ച വിദ്യാർത്ഥികളെപ്പറ്റി സംസാരിച്ചു. ലൈസൻസുണ്ടെങ്കിലും വണ്ടിയോടിയ്ക്കാൻ കഴിയാത്ത അതിപേടിയെക്കുറിച്ച് ഞാനും പറയാതിരുന്നില്ല.  അങ്ങനെ സംസാരിച്ചതുകൊണ്ടാണു കളഞ്ഞ് കിട്ടിയ രൂപയും മൊബൈൽ ഫോണും ഭാരിച്ച സ്വർണ്ണാഭരണങ്ങളും ഉടമയ്ക്ക് തിരിച്ചേൽ‌പ്പിച്ച സത്യസന്ധനായ ഓട്ടോക്കാരനെ പരിചയമായത്. സ്വർണ്ണത്തിന്റെയും രൂപയുടേയും പ്രലോഭനത്തെ അതിജീവിച്ചതെങ്ങനെയെന്ന് പറയുകയായിരുന്നു അയാൾ. അത്ര ധനികനൊന്നുമല്ല, പണം അയാളെ സംബന്ധിച്ചും വളരെ അത്യാവശ്യമായ ഒരു വസ്തു തന്നെയാണ്. ഒരു ഡോക്ടറും അയാൾക്ക് സത്യസന്ധത നിർബന്ധമായും വേണമെന്ന മരുന്നു കുറിപ്പടി എഴുതിക്കൊടുത്തിട്ടുമില്ല. എന്നിട്ടും .

പലതരം സത്യസന്ധരുണ്ടെന്ന് അയാൾ ചിരിച്ചു. അന്യരുടേതൊന്നും  തന്നെ കൈവശപ്പെടുത്താൻ യാതൊരു അവസരവുമില്ലെങ്കിൽ സത്യസന്ധരാകുന്നവരാണ് ചിലർ. പോലീസിനെയും കോടതിയേയും ഭയക്കുന്നതുകൊണ്ട് ഹരിശ്ചന്ദ്രനാകുന്നവരുമുണ്ട്. പിടിയ്ക്കപ്പെട്ടാൽ അതുവരെ നല്ലവനെന്ന് ധരിച്ചവരെല്ലാം കള്ളനെന്ന് തിരുത്തിപ്പറയില്ലേ എന്ന പേടിയിലും ചിലർ സത്യവാന്മാരാകാറുണ്ട്. ഈ നിർബന്ധിത സത്യസന്ധതയാവട്ടെ അസഹനീയമായ മനോവേദന മാത്രമേ തരികയുള്ളൂ. അയ്യോ! ആ പണം എടുക്കാമായിരുന്നു, എത്ര കാര്യങ്ങൾ നടക്കുമായിരുന്നു എന്ന ആഗ്രഹചിന്തയിൽ മനം നിത്യവും ഉലഞ്ഞു പോകും. 

സ്വന്തമല്ലാത്ത അദ്ധ്വാനം അത് പണമോ, വസ്തുക്കളോ, ബുദ്ധിയോ, കഴിവോ, നിലപാടുകളോ, ആശയങ്ങളോ എന്തുമാവട്ടെ കൈവശപ്പെടുത്തി നമ്മുടെ എന്ന മട്ടിൽ ഉപയോഗിയ്ക്കുന്നത് കള്ളത്തരമാണ്. എന്തുമാത്രം അവസരങ്ങൾ കിട്ടിയാലും ആരും തന്നെ കള്ളത്തരം കണ്ടു പിടിയ്ക്കുകയില്ലെന്ന് ഉറപ്പുണ്ടെങ്കിലും സൽ‌പ്പേരിന് ഒരു കുറവും വരില്ലെങ്കിലും കള്ളത്തരം ആലോചിയ്ക്കാൻ പോലും തുനിയാത്തവരായിരിയ്ക്കും ശരിയ്ക്കുമുള്ള സത്യസന്ധരെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ടാവണം  സത്യം  ഇത്രമാത്രം കുറഞ്ഞു കുറഞ്ഞ് ഒരു അപൂർവ വസ്തുവായി പോയതും. തന്നെയുമല്ല ഒരു ലോട്ടറി കിട്ടുമ്പോലെ പെട്ടെന്നുള്ള പ്രതിഫലമോ നേട്ടമോ പ്രശസ്തിയോ സത്യത്തിൽ നിന്ന് നമുക്ക് കിട്ടുകയുമില്ലല്ലോ. 

യാത്രയുടെ അവസാനത്തിൽ മീറ്ററിൽ തെളിഞ്ഞ തുക മാത്രം മേടിയ്ക്കവേ, അയാൾ സ്വന്തം വാക്കുകൾ ഇങ്ങനെ ഉപസംഹരിച്ചു. “വണ്ടിയോടിയ്ക്കാൻ ചേച്ചിയ്ക്ക് പേടിയാകുന്നതല്ല,  സത്യം. ജീവിയ്ക്കാൻ ചേച്ചിയ്ക്കതിന്റെ ആവശ്യമില്ല. എന്നെപ്പോലെ ഒരാൾക്ക് പേടിയായതുകൊണ്ട് വണ്ടി ഓടിയ്ക്കാതിരിയ്ക്കാൻ പറ്റുമോ?“ 

നിലപാടുകളുടെ സത്യസന്ധത എന്താവണമെന്ന സൂര്യവെളിച്ചമായിരുന്നു ആ വാക്കുകൾ. പട്ടിണിക്കാരാണ് വിശപ്പിന്റെ സത്യമറിയുന്നത്. പല കാരണങ്ങൾ ചൂണ്ടിക്കാണിച്ച്  പ്രത്യേക ഭക്ഷണം തെരഞ്ഞെടുക്കാൻ സാധിയ്ക്കുന്നവരല്ല. ഉടുക്കാനില്ലാത്തവരാണ് നഗ്നതയുടെ സത്യമറിയുന്നത്. ഫാഷനോ പരിഷ്ക്കാരത്തിനോ ആചാരത്തിനോ വേണ്ടി തുണി ഉപയോഗിയ്ക്കുന്നവരല്ല. നിർഭാഗ്യവശാൽ ഭക്ഷണം തെരഞ്ഞെടുക്കാനും  തുണി എന്തിനൊക്കെയാവാം എന്ന് തീരുമാനിയ്ക്കാനും സാധിയ്ക്കുന്നവരുടെ, അല്ലെങ്കിൽ അതുപോലെയുള്ളവരുടെ, മാത്രമാണ് ലോകമെന്ന തെറ്റിദ്ധാരണയിലാണ് നമ്മളിൽ അധികം പേരും ജീവിയ്ക്കുന്നത്. അതുകൊണ്ടു തന്നെ ശരിയായ പ്രവൃത്തികൾ ചെയ്യുന്നതിലും അധികം, നമുക്ക്  ശ്രദ്ധ അവ എന്തുകൊണ്ട് ചെയ്തില്ല എന്നതിന്റെ ന്യായങ്ങൾ തേടിക്കണ്ടുപിടിച്ച് അവതരിപ്പിയ്ക്കുന്നതിലാണ്. ചെറുതും വലുതുമായ നമ്മുടെ  എല്ലാ കള്ളത്തരങ്ങളേയും വിശ്വസനീയമായി സത്യമെന്ന് പ്രകടിപ്പിയ്ക്കുന്നതിലാണ്.

അന്നുച്ചയ്ക്ക് സത്യസന്ധത  മറ്റൊരു ഉജ്ജ്വലമായ മുഖവുമായി എന്റെ വീട്ടിൽക്കയറി വന്നു. സ്ഥിരമായി പച്ചക്കറികൾ തന്നിരുന്ന ഒരമ്മൂമ്മയുണ്ടായിരുന്നു. രണ്ടു കാലിലും നിറയെ നീരും തലയിൽ എടുത്താൽ പൊങ്ങാത്ത ഭാരവുമായി ജീവിതത്തെ നേരിട്ടിരുന്ന ഒരു അമ്മൂമ്മ.  കൊച്ചുമക്കളെ പോറ്റാനാണ് വയസ്സുകാലത്ത് അമ്മൂമ്മ പാടുപെട്ടിരുന്നത്. ചില്ലറയില്ല്ലാതിരുന്ന ഒരു ദിവസം കുറച്ച് പണം എനിയ്ക്ക് തരാൻ ബാക്കി വെച്ച് അവർ പോയി. പിന്നീട് ഒരു വർഷമായിട്ടും അവർ ഒരിയ്ക്കൽ പോലും വന്നില്ല. രൂപ നഷ്ടമായല്ലോ എന്ന ഖേദത്തിൽ എന്റെ പിടിപ്പുകേടിനെ ഞാൻ കുറച്ചു കാലം പഴിച്ചു. പിന്നെ ആ രൂപയും അമ്മൂമ്മയും പതുക്കെപ്പതുക്കെ വിസ്മൃതിയിലായി. എനിയ്ക്ക് മറ്റൊരു പച്ചക്കറിക്കാരി ഉണ്ടാവുകയും ചെയ്തു.

അതുകൊണ്ടാണ് അമ്മൂമ്മയുടെ കൊച്ചു മകൾ വലിയ വട്ടിയുമേന്തി വന്നപ്പോൾ ഞാൻ വിലക്കിയത്. എന്നെ അതിശയിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു. “എന്റെ അമ്മൂമ്മ ചേച്ചിയ്ക്ക്  എഴുപത്തഞ്ചു രൂപ തരാനുണ്ട്. അമ്മൂമ്മ കിടപ്പായിപ്പോയി. ഞാനാണിപ്പോൾ ജോലി ചെയ്യുന്നത്. രൂപയായിട്ട് തരാനിപ്പോൾ എന്റെ പക്കലില്ല, ചേച്ചി ആവശ്യമുള്ള പച്ചക്കറികൾ എടുത്തോളൂ.“ 

2ജി സ്പെക്ട്രം അഴിമതി പോലെയുള്ള കാക്കത്തൊള്ളായിരം കള്ളത്തരങ്ങളെ കുറിച്ച് പേജുകൾ വായിച്ചു കൂട്ടുന്ന, ടി വി ചാനലുകൾ കണ്ട് കണ്ണ് പുളിയ്ക്കുന്ന ഞാൻ അമ്പരന്നു നിന്നു. പച്ചക്കറികൾ എന്റെ മുൻപിൽ വെച്ച ശേഷം സത്യം പോലെ കത്തിനിൽക്കുന്ന ഉച്ചവെയിലിലേയ്ക്ക് തലയിലെ കനത്ത ചുമടുമായി അവൾ ഇറങ്ങിപ്പോയി.

സത്യസന്ധതയുടെ ഒരിയ്ക്കലും മങ്ങാത്ത ഈ തിളക്കത്തെക്കുറിച്ച്  നമ്മുടെ കുട്ടികളോട്  നമ്മളല്ലാതെ വേറെ ആരാണ് സംസാരിയ്ക്കേണ്ടത്? അതിനുള്ള ശരിയായ പ്രാപ്തിയും അവകാശവും  ആർജ്ജിയ്ക്കേണ്ട ചുമതല മുതിർന്നവരായ നമ്മുടേതല്ലേ?