Monday, November 26, 2012

സാദനം…….


https://malayalam.pratilipi.com/read?id=5438865160536064

( വാചികം മാസിക  1188 തുലാം മാസത്തില്‍ പ്രസിദ്ധീകരിച്ചത്. )  

ചിത കത്തിത്തീരുകയാണ്. പുകച്ചുരുളുകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. പൊട്ടിക്കരയാന്‍ പോകുന്നതു പോലെ മൂടിക്കെട്ടി നിന്നു ആകാശമെങ്കിലും മഴ തീരെ പൊഴിഞ്ഞില്ല. ആകെ വേവുന്ന നീറുന്ന ആവി മാത്രമായിരുന്നു എല്ലായിടത്തും.
നരച്ചു നിരന്ന തലമുടിയും, താടിയും മീശയും ലേശം വളര്‍ന്നിറങ്ങിയ മുഖവുമായി തങ്കമണി ചവിട്ടു കല്ലിലിരുന്ന് ഏങ്ങലടിക്കുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നതു മാതിരിയുണ്ടായിരുന്നു.
സാദനത്തിനെ ഓര്‍ത്താണ് തങ്കമണി കരയുന്നത്. അവര്‍ തമ്മില്‍…….. അവര്‍ തമ്മില്‍
സാദനത്തിനെ ഇപ്പോഴും അമ്മു എന്ന്  മനസ്സില്‍ പോലും വിളിയ്ക്കാന്‍ കഴിയുന്നില്ലല്ലോ. സാദനേ…… എന്ന് വിളിച്ച് ശീലിച്ച  ഈ നാവ്  അമ്മു എന്ന്   മാറി വിളിക്കാന്‍ മടിക്കുന്നു. അരുണ എപ്പോഴും തിരുത്തി തരാറുണ്ട്. എന്നാലും  സാദനത്തിന്‍റെ പേര്  ഒരിയ്ക്കലും ഓര്‍മ്മയില്‍ നില്‍ക്കില്ല .
സാദനം എന്തിനാണ് ഈ ഭൂമിയില്‍ ജീവിച്ചത്?
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഈ വീട്ടിലവരുണ്ട്. അച്ഛന് അവരെ കാണുമ്പോള്‍ കലി കയറുമായിരുന്നു. അത് വെറുമൊരു ദേഷ്യമായിരുന്നില്ല. പകയും പ്രതികാരവും വിരോധവും ആളുന്ന, അഗ്നി പോലെ കത്തിപ്പടരുന്ന ഒരു വികാരം. പോത്തിനെ തല്ലുന്ന വടി കൊണ്ട് അവരെ പൊതിരെ തല്ലുന്നതും വീണു കിടന്നു പിടയുന്ന അവരുടെ മേല്‍ കാര്‍ക്കിച്ചു തുപ്പുന്നതും ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്. അടി നിര്‍ത്തി പോയിട്ടും പിന്നെയും പെട്ടെന്ന് ബാധ കയറിയത് പോലെ ഓടി വന്ന്  തലങ്ങും വിലങ്ങും ചവിട്ടുന്നത് കാണാം.
 അച്ഛനെ തടയാനോ അവരെ സമാധാനിപ്പിയ്ക്കാനോ അമ്മ ഒരിയ്ക്കലും തുനിഞ്ഞിട്ടില്ല. സാദനം എന്ന് അവരെ ഏറ്റവുമധികം വിളിച്ചിട്ടുള്ളത് അമ്മ തന്നെയാണ്. അതീവ വന്യമായ ഒരു തരം സ്പര്‍ദ്ധയും ഒടുങ്ങാത്ത വൈരാഗ്യവും അമ്മയുടെ ചലനങ്ങളിലുണ്ടായിരുന്നു. സ്ത്രീയുടെ ഏറ്റവും കാഠിന്യമേറിയ, അലിവ് തൊട്ടു തെറിച്ചിട്ടില്ലാത്ത ഹൃദയം കാണാനായത് സ്വന്തം അമ്മയില്‍ തന്നെയാണ്.
വീട്ടില്‍ വിരുന്നു വരാറുള്ള അമ്മയുടെ ബന്ധുക്കളും അവരുടെ കുട്ടികളും സാദനേ സാദനേഎന്നു നീട്ടി വിളിച്ചു.  അച്ഛന്‍റെ വീട്ടുകാരുമായി അമ്മയ്ക്ക് ഒട്ടും അടുപ്പമുണ്ടായിരുന്നില്ല. ചില സില്‍ക്കു ഷര്‍ട്ടുകള്‍ വെള്ളത്തിലിടുമ്പോള്‍ നനയാതെ  പൊന്തിക്കിടക്കുന്നതു മാതിരിയായിരുന്നു അച്ഛന്‍റെ ദരിദ്രമായ ചുറ്റുപാടുകളോടുള്ള അമ്മയുടെ വികാരം. അതാവണം  അച്ഛന്‍റെ വീട്ടില്‍ നിന്ന്  ആരും അങ്ങനെ വരാറുമില്ലായിരുന്നു.
സാദനം വേലക്കാരിയായിരുന്നുവെന്നാണ് ആദ്യം കരുതിയത്. വീട്ടിലെ വെപ്പും അലക്കും അകം പണികളുമെല്ലാം അമ്മ സാമര്‍ഥ്യത്തോടെ അവരെക്കൊണ്ട് ചെയ്യിച്ചു.
സാദനേ, ചോറ് വാര്‍ത്തോ?
സാദനേ, എണ്ണ കാച്ചിയോ?
സാദനേ....
സാദനേ....
ഒരു മിനിറ്റ് വെറുതെയിരിയ്ക്കാന്‍... ഒന്നു ശ്വാസം വിടാന്‍...  അവസരം കൊടുത്തിട്ടില്ല. ആട്ടു കട്ടിലില്‍ വെറുതെ കിടക്കുമ്പോഴും മുടി ഉടക്കെടുക്കുമ്പോഴും അച്ഛനുമായി അവസാനമില്ലാതെ തര്‍ക്കിക്കുമ്പോഴും എന്നു വേണ്ട എന്തു ചെയ്യുമ്പോഴും അമ്മയുടെ ഒരു കണ്ണ് സാദനത്തിന്റെ മേലായിരുന്നു.
സാദനം എല്ലാ ജോലികളും ചെയ്തിരുന്നു. കുട്ടികളെ അവര്‍ അങ്ങനെ സ്നേഹിച്ചിരുന്നതായി ഓര്‍മ്മ വരുന്നില്ല. ഒരു തരം സൂക്ഷ്മമായ കരുതലോടെ മാത്രമേ സാദനം  കുട്ടികളോട് ഇടപെട്ടിരുന്നുള്ളൂ. കുട്ടികള്‍ക്ക് അവരോടും ഒട്ടും അടുപ്പമില്ലായിരുന്നു. അടുപ്പം പോയിട്ട് സാമാന്യ മര്യാദ പോലുമില്ലായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. വലിയ വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് സാദനം, തിരക്കിട്ട് നടന്ന് വരുമ്പോള്‍, വരാന്തയിലിരുന്ന് കാല്‍ നീട്ടി അവരെ വീഴ്ത്തിയിടാറുണ്ടായിരുന്നത് ആണ്‍കുട്ടികളായിരുന്നു. സാദനം മുറ്റമടിയ്ക്കുമ്പോള്‍,  ചെറിയ കല്ലുകള്‍ പെറുക്കി എറിയാനും  മാവിന്മേലിരുന്ന് അവരുടെ ശരീരത്തിലേക്ക് മാങ്ങകള്‍ വീഴ്ത്താനും ആണ്‍ കുട്ടികള്‍ ഇഷ്ടപ്പെട്ടു.
സ്ഥിരമായി വിരുന്നു വരാറുള്ള അമ്മ വീട്ടിലെ  പെണ്‍കുട്ടികള്‍ക്കും സാദനത്തെ ഉപദ്രവിക്കാന്‍  ഇഷ്ടമായിരുന്നു. കറിയില്‍ ഉപ്പ് പാത്രം കമിഴ്ത്തുന്നത് മുതല്‍   വസ്ത്രങ്ങള്‍ ഒളിപ്പിയ്ക്കുന്നതു വരെയുള്ള സകല വേണ്ടാതീനങ്ങളും ചെയ്ത് സാദനത്തെ ഉപദ്രവിയ്ക്കുന്നതില്‍ പെണ്‍കുട്ടികളും ആനന്ദിച്ചു.
ഇന്ന് മനസ്സിലാകുന്നുണ്ട്, സാദനം ദ്രോഹിയ്ക്കപ്പെടാനുള്ളതാണെന്ന, അവരെ എന്തു ചെയ്താലും അച്ഛനും അമ്മയും ദേഷ്യപ്പെടുകയില്ലെന്ന വിചാരമായിരുന്നു ആ പ്രവൃത്തികള്‍ക്കെല്ലാം പുറകില്‍. മുറ്റത്ത് കാണാറുള്ള ഒരു  പട്ടിയേയോ പൂച്ചയേയൊ   കല്ലെറിയുമ്പോലെയുള്ള ഒരു വികാരം. പോ പോ .....പോയില്ലേ അവിടുന്ന്എന്നൊക്കെ അലറുമ്പോഴുള്ള ഒരു സുഖം.
ആദ്യത്തെ ഷോക്ക് കിട്ടിയത് ജാനുവില്‍ നിന്നാണ്. അയല്‍പ്പക്കത്തെ പപ്പടക്കാരി ജാനു.
അവളുടെ മേലൊക്കെ വായില്‍ നാക്കാണെന്ന്, സന്ധ്യാ സമയത്തു വരാറുള്ള ചില ചീട്ടുകളി സുഹൃത്തുക്കള്‍ ഒച്ച താഴ്ത്തി അച്ഛനോട് പറയുന്നത് കേട്ടിട്ടുണ്ട്. അവളുമായി ഒരു ഇടപാടും സാധ്യമല്ലെന്നും അവര്‍ തമ്മില്‍ പറയാറുണ്ടായിരുന്നു.
അവളും അച്ഛനും കൂടി കടയില്‍ വെച്ച് എന്തോ കശപിശയുണ്ടായി. കടം പറഞ്ഞ് വീട്ടുസ്സാധനങ്ങള്‍ കൊണ്ടുപോകാന്‍ അച്ഛന്‍ വിസമ്മതിച്ചതാണ് പ്രശ്നമായത്.
ആദ്യം കെട്ടിക്കൊണ്ട്ന്നതിന്റെ പ്രാക്കോണ്ട് നീയ് തൊലഞ്ഞ് പൂവ്വുടാ, അതിനെ അവടിട്ട് ഹേമദണ്ണ്ം ചിയ്യണത് ആരും അറീല്ലാന്നാ വിചാരം. ഒരു കാശുകാരി സുന്നരിക്കോത കൂടെണ്ട്ച്ചട്ട് ഏറേക്കളിയ്ക്കല്ലേ, മോള്ള് ഒരാള് ഒക്കെ കാണ്ണണ്ട്, നീ എണ്ണിയെണ്ണി കണക്ക് പറയാ പോണേള്ളൂ……….
എന്നും പകിട പന്ത്രണ്ട് വീഴില്ല്യാന്നോര്‍ത്തോ………’
കേട്ട വാചകങ്ങള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ ജാനു സ്ഥലം വിട്ടത് അറിഞ്ഞില്ല. തന്റെ വീട്ടില്‍ താനറിയാത്ത എന്തോ ഒക്കെ നടക്കുന്നുണ്ടെന്ന് അന്ന് ആദ്യമായി സംശയം തോന്നി.
സാദനത്തെ മൂശേട്ടയായ, അശ്രീകരം പിടിച്ച ഒരു വേലക്കാരിയെന്നതിലധികം ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയത് അപ്പോഴാണ്. അച്ഛനവരെയും വിവാഹം ചെയ്തിട്ടുണ്ടോ എന്ന സംശയം ഉള്ളില്‍ കിടന്ന് നീറിയപ്പോഴും അതാരോടും ചോദിയ്ക്കാന്‍ കൊള്ളാവുന്ന കാര്യമല്ലെന്നറിയാനുള്ള വളര്‍ച്ചയും ബുദ്ധിയുമുണ്ടായിരുന്നു.
തുണികള്‍ അലക്കുവാന്‍ കുളത്തില്‍ വന്നിരുന്ന തങ്കമണിയ്ക്കൊപ്പം സാദനം ഒരുപാട് സമയം കടവില്‍ ചെലവാക്കിപ്പോന്നു. ചെമ്പരത്തിച്ചെടികളും മയിലാഞ്ചിയും കുറുന്തോട്ടിയും ചേരുമരങ്ങളും അതിരിട്ട പെണ്ണുങ്ങളുടെ കുളക്കടവില്‍  പോകാന്‍ പാടില്ല എന്ന ഉഗ്രശാസനയുണ്ടായിരുന്നതു കൊണ്ട്  അവിടെ ഒരിയ്ക്കലും പോയിരുന്നില്ല. ധൈര്യമില്ലായിരുന്നു എന്നതാണു വാസ്തവം.  ആരോടെങ്കിലും അതന്വേഷിക്കുന്നത് ഒരു മഹാ ചെളുക്കത്തരമായി തോന്നുകയും ചെയ്തു. എങ്കിലും മതിയാകാത്ത വിശപ്പു പോലെ സാദനം ആരാണ്, അവരെ ചൂഴ്ന്ന് എന്തു രഹസ്യമാണുള്ളത് എന്ന വിചാരം മനസ്സിനെ സദാ അലട്ടിക്കൊണ്ടിരുന്നുവെന്നതൊരു സത്യമാണ്.
തങ്കമണിയെ അടിച്ചതിനകത്ത് കയറ്റരുതെന്ന് അമ്മ അലറിയത് ഒരു ദിവസം അതിരാവിലെയായിരുന്നു. തട്ടിന്‍ മുകളിലിരുന്ന് വായിയ്ക്കുമ്പോള്‍ വീടാകെ കുലുങ്ങുന്ന മാതിരി തോന്നി. ചടപടേന്ന് കോണിയിറങ്ങി വന്നപ്പോള്‍ അമ്മയും തങ്കമണിയും തമ്മില്‍ പൊരിഞ്ഞ ലഹള നടക്കുകയാണ്.
സാദനം ഒരു പുഞ്ചിരിയോടെ കണ്ടു നില്‍ക്കുന്നു. തനിയ്ക്കു വേണ്ടി പൊരുതാന്‍ ഉഗ്രനായ ഒരു പടനായകനെ നിയോഗിച്ച്, ആ യുദ്ധം കണ്ട് രസിയ്ക്കുന്ന ചക്രവര്‍ത്തിനിയെപ്പോലെ. അമ്മ തോറ്റു പോകുമെന്ന് തോന്നി. തങ്കമണിയുടെ വാക്കുകള്‍ക്ക് വിഷം പുരട്ടിയ ശരങ്ങളുടെ കയ്പും മൂര്‍ച്ചയുമുണ്ടായിരുന്നു.
നിങ്ങക്കൊക്കെ എല്ലാം വേണ്ട മാതിരി നീളത്തിലും വണ്ണത്തിലും ആവശ്യത്തിന് താഴ്ചേലും ഒക്കെ ഇണ്ടല്ലോ, അപ്പോ അതില്ലാത്തോരെ വെറുതെ വിട്ടൂ‍ടെ? ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്തണന്തിനാ?
അച്ഛന്റെ പങ്കായം പോലെയുള്ള കൈ സാദനത്തിന്റെ കവിളില്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ശബ്ദം എല്ലാവരേയും ഞെട്ടിച്ചു. സാദനം തുപ്പിയത് കട്ടച്ചോരയായിരുന്നു. എല്ലാവരും ഉറക്കെ നിലവിളിച്ചു പോയി. തങ്കമണി അച്ഛന്റെ മുഖത്തേക്ക് നീട്ടിത്തുപ്പുന്നതാണ് പിന്നെ കണ്ടത്അതൊരു ചീത്ത സ്വപ്നമാണെന്ന് തോന്നി, തല തിരിയുകയായിരുന്നു. ഇവിടെ, വെള്ളക്കുമ്മായമടിച്ച ഈ വലിയ വീട്ടിന്റെ ഗര്‍ഭത്തില്‍ പൊതിഞ്ഞു വെയ്ക്കപ്പെട്ട എന്തൊക്കെയോ ഭയാനകമായ കറുത്ത രഹസ്യങ്ങളുണ്ടെന്ന് അന്ന് മനസ്സിലായി.
അച്ഛന് കലി കയറിക്കഴിഞ്ഞിരുന്നു. അരയില്‍ നിന്ന് ബല്‍റ്റൂരിയെടുക്കുന്നത് മാത്രമേ കണ്ടുള്ളൂ, സാദനത്തിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ മുകളിലത്തെ നിലയിലേക്ക് രക്ഷപ്പെടുകയായിരുന്നു. വളര്‍ന്ന പുരുഷനായിരുന്നിട്ടും അപ്പോള്‍ കണ്ണുകള്‍ കവിഞ്ഞൊഴുകി. തീവ്രമായ നിസ്സഹായത കൊണ്ട് ശരീരമാകെ പിടഞ്ഞു. ആ വലിയ വീടിനു തീ വെച്ചിട്ട് എവിടെയെങ്കിലും ഓടിപ്പോവണമെന്ന് തോന്നി.
അന്നു രാത്രിയാണ് സാദനത്തിനെ പ്രാന്താസ്പത്രിയില്‍ കൊണ്ടു പോയത്. അച്ഛന്‍ തിരിച്ചു വന്നപ്പോള്‍ അമ്മ പറഞ്ഞു, ‘വീട്ടിലാകെ ചാണകം തളിയ്ക്കണം, അസത്ത്, ഇനി അടിച്ചതിനകത്ത് കേറ്റരുത്…‘ അപ്പോ ഇബ്ടത്തെ വീട്ടു പണിയൊക്കെ ആരാടീ എട്ക്കാ, നിന്നെക്കൊണ്ടാവ്വോടീ നായിന്റെ മോളേ അതിന്?’ അച്ഛന്‍ പല്ലു കടിച്ചുകൊണ്ട് മുരണ്ടു. അമ്മ പിന്നെ ഒന്നും പറഞ്ഞില്ല.
അച്ഛന്‍ പറഞ്ഞത് ശരിയായിരുന്നു. സാദനമില്ലെങ്കില്‍ അമ്മയെക്കൊണ്ട് ഗൃഹഭരണം ഭംഗിയായി നിര്‍വഹിക്കാനാവില്ലെന്ന് ആ ദിവസങ്ങളില്‍ മനസ്സിലായി. ഒരു കാര്യവും സമയത്തു നടക്കുന്നില്ല, മുറ്റമടിക്കാറില്ല,  അലമാരിയില്‍  തേച്ച വസ്ത്രങ്ങളില്ല, ചായയ്ക്ക് ചൂടും മധുരവുമില്ല, സ്വാദുള്ള കൂട്ടാനുകളില്ല ഒന്നുമില്ല. വെടിപ്പിന്‍റെ ഭംഗിയും രുചിയുടെ  ഊഷ്മളതയുമുണ്ടാകാറുള്ള വീട് ആകെപ്പാടെ തണുത്തു മരവിച്ചു.  അധികം വൈകാതെ സാദനത്തെ ആസ്പത്രിയില്‍ നിന്ന്  കൂട്ടിക്കൊണ്ടു വരാമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അമ്മ എതിര്‍ത്തില്ല. അമ്മയ്ക്ക്  എന്തായാലും എത്രയായാലും ഒരു  നല്ല വേലക്കാരി  വേണമായിരുന്നുവല്ലോ.
അതിനു ശേഷം സാദനത്തെ പ്രാന്തിനു ചികിത്സിച്ചത് അരുണയുടെ അച്ഛനാണ്.  വിവിധ തരം പൂച്ചെടികളും സൌന്ദര്യവും അതിരിട്ട ആ വീട്ടില്‍ സാദനത്തേയും കൂട്ടി അച്ഛന്‍റെ ഒപ്പം ഇടയ്ക്കിടെ, ചികില്‍സക്കായി പോവേണ്ടി വന്നതുകൊണ്ടാണ് അരുണയെ പരിചയപ്പെട്ടത്, സ്നേഹിച്ചു പോയത്  കൂടുതല്‍ ഉയര്‍ന്നു പഠിച്ചത് ഇപ്പോള്‍ എന്താണോ അതൊക്കെ ആയിത്തീര്‍ന്നത്എല്ലാറ്റിലുമുപരി അരുണയുടെ സ്നേഹവും കരുതലും ഒരു കവചമായി പൊതിയുന്നത്
സാദനത്തെ അച്ഛന്‍ വിവാഹം കഴിച്ചതാണെന്ന് പറഞ്ഞു തന്നത് അരുണയാണ്. അപ്പോള്‍ ഞെട്ടി, വിശ്വസിക്കാന്‍ മടിച്ചു. അവളോട് വഴക്കിട്ടു. വാദിച്ചു തളര്‍ന്നപ്പോള്‍ കിതച്ചുകൊണ്ട് നിശബ്ദനായി ഇരുന്നു…. അവളുടെ അലിവുള്ള നോട്ടവും തണുത്ത വിരലുകളുടെ സ്പര്‍ശനവും അന്നു പെയ്തിരുന്ന ആ കനത്ത മഴയും ഇപ്പോഴും ഓര്‍മ്മയുണ്ട്. ശക്തി നേടാനെന്ന പോലെ കുറെ നേരം അവളുടെ വിരലുകളില്‍ അമര്‍ത്തിപ്പിടിച്ചിരുന്നതും മറക്കാന്‍ കഴിഞ്ഞിട്ടില്ല.
എല്ലാ രഹസ്യങ്ങളുടെ ചുരുളുകളും മെല്ലെ മെല്ലെ നിവര്‍ത്തിയത്  അവളാണ്. അവള്‍ പറഞ്ഞതെല്ലാം കേട്ട് ആദ്യം ച്ഛര്‍ദ്ദിക്കാന്‍ വന്നു അറപ്പു തോന്നിസാദനത്തിന്റെ മുഖത്തു നോക്കാന്‍ മടിയുണ്ടായി…. സത്യമായിരിക്കുമോ എല്ലാം   
സാദനം ഒരു ആണ്‍പെണ്ണാണെന്ന് അരുണ പറഞ്ഞു. സാദനം അച്ഛനു വഴങ്ങാതിരുന്നത്, പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത്, തൊടരുതെന്ന് അലറിയത്, ബഹളം വെച്ചത്, കിടപ്പു മുറിയില്‍ നിന്നിറങ്ങി ഓടിയത്…… അങ്ങനെ അച്ഛനെ ദിവസങ്ങളോളം അപമാനിച്ചത് അതൊന്നും അച്ഛനിലെ കരുത്തനായ പുരുഷന് സഹിക്കാനാവുന്നതായിരുന്നില്ല.
ഇതെല്ലാം ശരിയായിരിക്കാം... അച്ഛന്  സാദനത്തിനെയെന്നല്ല,  ആരെയെങ്കിലും സ്നേഹിക്കാനോ സഹിക്കാനോ കഴിഞ്ഞിട്ടുണ്ടെന്ന് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. ഒറ്റ മകനായിരുന്നിട്ടും  വളരെ ചെറിയ കുറ്റങ്ങള്‍ക്ക് പോലും അമിതമായി ശിക്ഷിച്ചിട്ടുണ്ട്. അമ്മയെ പണക്കാരി വലിയ തറവാട്ടുകാരി എന്നൊക്കെ കളിയായി  വിളിച്ചിരുന്നെങ്കിലും അച്ഛന്‍റെ നല്ല ശീലം മാറിയാലുടനെ ആ വിളി തറവാട്ടു കൊടിച്ചിയെന്നാകാറുണ്ടായിരുന്നു. ആ സഹനത്തിന്‍റെ അമര്‍ഷവും വിരോധവും അമ്മ സാദനത്തിനോട് തീര്‍ത്തു പോന്നു.
തീരെ വഴങ്ങാത്തവളെ ഒരു വട്ടം എന്തായാലും എങ്ങനെയായാലും  അനുഭവിക്കണമെന്ന് പുരുഷന് പ്രതികാര ചിന്തയില്ലേ  ഈ ആധുനിക കാലത്തില്‍ കൂടി ? അതിന് പറ്റിയ വലകളുണ്ടാക്കി കുടുക്കിപ്പിടിക്കുന്നില്ലേ?  
അരുണയുടെ വാക്കുകള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടിയിരുന്നു.
‘‘അപ്പോള്‍ പിന്നെ അച്ഛന്റെ ചെറുപ്പ കാലത്ത്…‘
ഒരുപാട് രംഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. ‘‘നിന്നെ ഞാന്‍ അങ്ങനെ വെറുതെ വിടില്ലെടീ, പട്ടിച്ചീ’‘ എന്ന് അച്ഛന്‍ എപ്പോഴും അലറിയിരുന്നതിന്റെ അര്‍ഥം……
സാദനത്തിന്റെ അഴുക്ക് സ്വഭാവം മാറ്റാനും മാനക്കേടില്‍ നിന്ന് തലയൂരാനും ആണ് അവരുടെ വീട്ടുകാര്‍ വേഗം കല്യാണം കഴിപ്പിച്ചത്. സാദനത്തിന് സ്വന്തം വീട്ടില്‍ ഒരു അടുപ്പക്കാരിയോ അടുപ്പക്കാരനോ ആരോ ഉണ്ടായിരുന്നു. അവരെ തമ്മില്‍ വേണ്ടാത്ത മാതിരിയൊക്കെ കണ്ടപ്പോഴാണ് വീട്ടുകാര്‍ വേഗം കല്യാണം കഴിപ്പിച്ച് അച്ഛന്റെ തലയില്‍ കെട്ടി വെച്ചതത്രേ. അച്ഛനെപ്പോലെ ഉഗ്രപ്രതാപിയായ ഒരു പുരുഷനു താങ്ങാനാവുന്നതാണോ  ആ വഞ്ചന ? 
കൂടെ കിടക്കാന്‍ പറ്റാത്ത സാദനം ആണൊരുത്തന് എന്തിനാണ്? അച്ഛന്റെ കത്തുന്ന കോപം ഭയന്ന് സാദനത്തിന്റെ വീട്ടുകാരൊന്നും പിന്നെ അന്വേഷിച്ചു വന്നില്ല. വന്നിരുന്നെങ്കില്‍ അച്ഛന്‍ വല്ല ജയിലിലും ആയിപ്പോയേനെ….
കല്യാണ ദിവസം രാത്രിയില്‍  തന്നെ സാദനത്തിന്റെ അടുപ്പക്കാരി അല്ലെങ്കില്‍ അടുപ്പക്കാരന്‍ തൂങ്ങി മരിച്ചുവത്രെ !  ആണിന്‍റേയും  പെണ്ണിന്‍റേയും മനസ്സുകളെ, അവരുടെ ബന്ധങ്ങളെ  തന്നെ  മനസിലാക്കാനാവാത്ത ഈ ലോകത്ത് ആണോ പെണ്ണൊ എന്നു കൂടി ശരിക്കും   തീര്‍ച്ചയില്ലാത്തവരെ, അവരുടെ ആത്മബന്ധങ്ങളെ എങ്ങനെ മനസ്സിലാക്കാനാണ്, ആരു മനസ്സിലാക്കാനാണ്?
അതൊക്കെ ഒരു വെറും ന്യായമല്ലേ, ഒന്നും മനസ്സിലാക്കിയില്ലെങ്കിലും അവരെ ചില സ്വകാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്..‘’അരുണയുടെ സ്വരത്തില്‍ അതി കഠിനമായ, കുത്തിക്കയറുന്ന വേദന തുളുമ്പിയിരുന്നു.
‘’നീ പറയുന്നതെന്താണ് അരുണേ?’‘ അവളുടെ കണ്ണുകളില്‍ തറപ്പിച്ചു നോക്കി നിന്നിട്ടും അവള്‍ സാധാരണ മാതിരി ലജ്ജിക്കുകയോ കണ്ണുകള്‍ പിന്‍വലിക്കുകയോ ചെയ്തില്ല. അതീവ ഗുരുതരമായതെന്തോ അവള്‍ അറിയിക്കുമെന്ന് അപ്പോള്‍ തോന്നി. ഹൃദയം ഉറക്കെ മിടിച്ചു.
സത്യമാണ് പറയുന്നത്. പെണ്ണിനാവാത്ത പല ഫാന്റസികള്‍ക്കും ആണ്‍പെണ്ണിനെ കിട്ടിയാല്‍ മതിയാകും….‘’
തകര്‍ന്നു പോയി.
ജനിച്ചു വളര്‍ന്ന വീട് സ്വന്തം വീടാണെന്നും അച്ഛന് അച്ഛനാണെന്നും അമ്മ അമ്മയാണെന്നും പിന്നീടൊരിക്കലും തോന്നിയില്ല. അച്ഛന്‍ ഒരു വെറും പുരുഷനാണെന്നും അമ്മ ഒരു വെറും സ്ത്രീയാണെന്നും മാത്രം തോന്നിപ്പോവുന്ന കഠിനവും ദയനീയവുമായ മാനസികാവസ്ഥയില്‍ ഒരു മകന്‍ എത്ര നാള്‍ പിടിച്ചു നില്‍ക്കും? അധിക കാലം അങ്ങനെ വീര്‍പ്പുമുട്ടി തുടരാന്‍ കഴിയാതെ വന്നപ്പോഴാണ് നഗരത്തിലെ ഒരു വാടക വീട്ടിലേക്ക് മാറിത്താമസിച്ചത്.
പുസ്തകങ്ങളിലേക്കും കമ്പ്യൂട്ടറുകളിലേക്കും ജോലിയിലേക്കും പല നഗരങ്ങളിലെ വീടുകളിലേക്കും ഒളിക്കാന്‍ ശ്രമിച്ചു. സ്വന്തം ശരീരത്തോട് അന്ന് തോന്നിയ വെറുപ്പ് പിന്നീട് വളരെ കാലം കഴിഞ്ഞേ മാറിയുള്ളൂ.
ആ മാറ്റമുണ്ടാവാന്‍ അരുണയുടെ നീണ്ടു മെലിഞ്ഞ വിരലുകള്‍ക്കും നേര്‍ത്ത ചുണ്ടുകള്‍ക്കും വളരെയേറെ പണിപ്പെടേണ്ടി വന്നു. അവളല്ലാതെ മറ്റൊരു സ്ത്രീയെ നേരിടേണ്ടി വന്നിരുന്നെങ്കില്‍ ജീവിതം എന്തായിത്തീരുമായിരുന്നുവെന്നറിയില്ല.
അച്ഛനും അമ്മയ്ക്കും ഒട്ടും സുഖമില്ലെന്നും ഇപ്പോഴെങ്കിലും പോയി ശുശ്രൂഷിക്കണമെന്നും അരുണ നിര്‍ബന്ധിച്ചു. അവള്‍ നിര്‍ബന്ധിച്ചാല്‍ മൌനമായി തല കുലുക്കാനേ കഴിയൂ. പറ്റില്ലെന്ന് പറയാനാവുകയില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് അവള്‍ ഒരു പാത്രം വിഷം നീട്ടിയാലും സന്തോഷത്തോടെ അതെടുത്ത് കുടിച്ച് അപ്പോള്‍ തന്നെ മരിച്ചു പോയേക്കുമെന്ന്.
അതുകൊണ്ട് മാത്രം പിന്നെയും വീട്ടിലേക്ക് തിരികെ വന്നു.

പന്ത്രണ്ട് വര്‍ഷവും നാലു മാസവും ഇരുപത്തിരണ്ട് ദിവസവുമായി കയറാതിരുന്ന ചവിട്ടു പടികള്‍ അങ്ങനെ കയറി. വീട് ആകെ ഉണങ്ങിപ്പോയതു മാതിരിയുണ്ടായിരുന്നു. മുറ്റത്തെ മാവിന്‍റെ യൌവനമെല്ലാം വാര്‍ന്നു പോയതു പോലെ... വിസ്മയിപ്പിക്കുന്ന വെള്ള നിറമുണ്ടായിരുന്ന ചുമരുകള്‍ ഇരുണ്ട് മുഷിഞ്ഞിരിക്കുന്നു.
വലിയ വിളക്കുകള്‍  തിളങ്ങി  നില്‍ക്കാറുണ്ടായിരുന്ന അച്ഛന്‍റെ മുറിയില്‍ ഇപ്പോള്‍ ഇരുട്ടാണ്. മൂത്രത്തിന്‍റെ നാറ്റം.... നിസ്സഹായനായി അച്ഛന്‍ തളര്‍ന്നു കിടക്കുന്നത് വെറുതേ നോക്കിക്കൊണ്ടിരുന്നു. പിന്നെ ശോഷിച്ചു പോയ ആ കൈകള്‍ മെല്ലെ തടവി. അപ്പോഴാണു ഒതുക്കിവെച്ചതെല്ലാം കുത്തിയൊലിച്ചു വന്നത്. അരുണ അടുത്തുണ്ടായിരുന്നെങ്കില്‍ അവളെ കാണിക്കാനെങ്കിലും ബലമുള്ളവനായി അഭിനയിക്കുമായിരുന്നു. ഇപ്പോള്‍ ഒന്നും അഭിനയിക്കാന്‍ വയ്യ......
കരച്ചില്‍ കേട്ടാണോ ആവോ വന്നത് സാദനമാണ്. പരുക്കന്‍ ഒച്ചയില്‍ വിശേഷങ്ങള്‍ തിരക്കി. സാദനത്തിനും വയസ്സായി. മുടി നരച്ചു.... ഊതി വീര്‍പ്പിച്ചത് പോലെ തടി വെച്ചിരിക്കുന്നു. അരുണയെ തിരക്കുമ്പോള്‍ സാദനത്തിന്‍റെ ശബ്ദം അല്‍പം മൃദുലമായതു പോലെ.
അച്ഛന്‍ കൈയിലമര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നോടെന്നവണ്ണം മന്ത്രിക്കുമ്പോലെ പറഞ്ഞു, ‘നല്ല കുട്ടിയാണവള്‍’. കേട്ടത് അവിശ്വസനീയമായി തോന്നി.
അച്ഛന്‍റെ വായില്‍ നിന്ന് ഒരു അംഗീകാരം!
തപസ്സിരുന്നിട്ടുണ്ട്. അമ്പലത്തില്‍ പോയി വിനായകനു നാളികേരമടിച്ചിട്ടുണ്ട്. അച്ഛന്‍റെ ഒരു നല്ല വാക്കിനായി...... ചേര്‍ത്തു പിടിച്ച് എന്‍റെ മോന്‍ മിടുക്കനല്ലേ  എന്ന് പറയുന്നത് കേള്‍ക്കാനായി.... ഒരിക്കലും കിട്ടിയില്ല...
അമ്മ കെട്ടിപ്പിടിച്ചുകൊണ്ട് തേങ്ങിത്തേങ്ങിക്കരഞ്ഞു. മകനെ ഇനി എപ്പോഴെങ്കിലും കാണാനാവുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ലായിരുന്നു എന്ന മട്ടിലാണ് അമ്മ കരഞ്ഞത്. ആ കരച്ചില്‍ മനസ്സിലുണ്ടായിരുന്ന എന്തെല്ലാമോ കടുംകെട്ടുകളെ അഴിച്ചു കളയുന്നതറിഞ്ഞു. അമ്മയെ ചേര്‍ത്തു പിടിയ്ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി. ഏതൊക്കെയോ ചങ്ങലകള്‍ പൊട്ടിച്ചിതറി.....
ജന്മബന്ധങ്ങളെന്ന് പറയുന്നത് ഇങ്ങനെയൊക്കെയാവുമോ?
സാദനം ആരുടെയും നിര്‍ദ്ദേശമില്ലെങ്കിലും ആരും വഴക്കു പറഞ്ഞില്ലെങ്കിലും വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ആഹാരവും മരുന്നും ഒക്കെ കൃത്യമായി കണിശമായി കൊടുക്കുന്നുണ്ടായിരുന്നു. അല്‍ഭുതം തോന്നാതിരുന്നില്ല. അച്ഛനും അമ്മയും എന്നും സാദനത്തെ ക്രൂരമായി ദ്രോഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പകയുടേയും പ്ര തികാരത്തിന്‍റേയും എരിയുന്ന രസക്കൂട്ടുകള്‍ പൂര്‍ണരായ സ്ത്രീകള്‍ക്കും പൂര്‍ണരായ പുരുഷന്മാര്‍ക്കും മാത്രമായി അടയാളപ്പെടുത്തിയതാവുമോ? ആ അടയാളങ്ങള്‍ ഒരു ആണ്‍ പെണ്ണിനു വായിയ്ക്കാന്‍ കഴിയാത്ത ഭാഷയിലാവുമോ എഴുതപ്പെട്ടിരിക്കുന്നത്?
രാത്രി നന്നെ ഇരുട്ടിയപ്പോഴാണു അരുണയുടെ അച്ഛന്‍ വന്നത്. മരുന്നുകള്‍ കഴിച്ച് തുടര്‍ന്ന് ജീവിക്കണമെന്നില്ലെന്ന് അച്ഛന്‍ കരഞ്ഞപ്പോള്‍, ‘ഇനി സങ്കടപ്പെടരുത്, മകന്‍ വന്നില്ലേഎന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം തോളില്‍ തട്ടി.  അപ്പോള്‍ വല്ലായ്മയാണു തോന്നിയത്. മുറിയില്‍ നിന്ന് പുറത്തു കടന്ന് വരാന്തയിലെ പഴയ ചൂരല്‍ കസേരയിലിരുന്നു.
അരുണയുടെ അച്ഛന്‍ വന്ന് തൊട്ടു വിളിച്ചപ്പോഴേ അറിഞ്ഞുള്ളൂ.
എന്തായാലും കുറച്ചു ദിവസം ഇവിടെ നില്‍ക്കാനാവുമോ എന്നു നോക്കു. ഹരിക്കു വലിയ തിരക്കാണെന്നും ലീവു കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നുമൊക്കെ അരുണ പറഞ്ഞിരുന്നു.
വെറുതെ തലയാട്ടി.
അച്ഛന്‍ വാശി കൊണ്ട് ചികില്‍സിക്കാതിരുന്നതാണ്. ലക്ഷണങ്ങള്‍ ഒക്കെ ആദ്യമെ ഉണ്ടായിരുന്നു. ഞാന്‍ ഒരു ആണല്ലേ, എനിക്കെന്തു ബലഹീനത എന്ന് കരുതി..... എത്ര കരുത്തുറ്റ പുരുഷത്വവും ഒരു ചെറിയ ഗ്രന്ഥിയും കുറച്ച് ഹോര്‍മോണുകളും കൂടി തരുന്ന ദാനമാണ്.........അതിനപ്പുറത്ത് യാതൊന്നുമില്ല  
അങ്കിള്‍....
അച്ഛന്‍റെ മാത്രമല്ല, അമ്മയുടെയും അസുഖമെന്താണെന്നും ആ ശരീരത്തില്‍ നിന്നും എന്തെല്ലാം നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും എന്നിട്ടും അമ്മ ദിവസങ്ങള്‍ എണ്ണുകയാണെന്നും... എല്ലാമറിയാം.
പൊടുന്നനെയുണ്ടായ തടുക്കാനാവാത്ത ഒരു പ്രേരണയില്‍ അദ്ദേഹത്തിന്‍റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
ശാപമാണോ അങ്കിള്‍... സാദനത്തിന്‍റെ ശാപം... അമ്മയ്ക്കും അച്ഛനും ഒരു പോലെ.... ഈ രോഗം..ചോദിച്ചു കഴിഞ്ഞപ്പോഴേക്കും കിലോ മീറ്ററുകളോളം ഓടിയവനെപ്പോലെ  തളര്‍ന്നു പോയിരുന്നു.
ഇല്ല, ഹരി. ഡോണ്ട് ബി സില്ലി. പ്രോസ്റ്റേറ്റ് ക്യാന്‍സറും യൂട്രസ് ക്യാന്‍സറും സര്‍വ സാധാരണമാണു ഇക്കാലത്ത്... യൂട്രസ്സും ഓവറികളുമെല്ലാം മുപ്പതുകാരികളില്‍ പോലും റിമൂവ് ചെയ്യപ്പെടുന്നു. അമ്മയ്ക്ക് അറുപത്തഞ്ചു കഴിഞ്ഞില്ലേ... അതു ശാപമൊന്നുമല്ല. എങ്കിലും അസുഖം തിരിച്ചറിയാന്‍ വൈകിപ്പോയി, വല്ലാതെ വൈകിപ്പോയി...... കുറച്ചു നേരത്തെയായിരുന്നെങ്കില്‍ അമ്മ ചിലപ്പോള്‍ രക്ഷപ്പെടുമായിരുന്നു...
വരാന്തയില്‍ വെളിച്ചം കുറവായതു നന്നായി. മുഖത്തെ വല്ലായ്മയും വേദനയും അരുണയുടെ അച്ഛനു കാണാനാവില്ലല്ലോ.
മനസ്സ് പറയുന്നത് ശാപമെന്നു തന്നെയാണ്. അല്ലെങ്കില്‍....
അരുണയുടെ അച്ഛനെ യാത്രയാക്കിയ ശേഷം സാദനം വിളമ്പിത്തന്ന ഭക്ഷണം കഴിച്ചു. അപ്പോഴും ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. നല്ല നാലഞ്ചു  വാക്കുകളെന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷെ…….
അരുണ ഫോണ്‍ ചെയ്തപ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ നിര്‍ബന്ധം പിടിയ്ക്കാനാണു തോന്നിയത്, നാളെ രാവിലെ ഇവിടെ വരണമെന്ന്, ആയിരം കിലോ മീറ്റര്‍ അത്ര വലിയ ദൂരമൊന്നുമല്ല. കാറുണ്ട്, ഡ്രൈവറുണ്ട്. ഇവിടെ തനിച്ചു കഴിയാന്‍ വയ്യ. കഠിനമായ കുറ്റബോധം തോന്നുന്നു.
ഒരു നിമിഷം നിശ്ശബ്ദയായിരുന്ന്, അവള്‍ സമ്മതിച്ചു ഇപ്പോള്‍ തന്നെ പുറപ്പെടാം.
സാദനം വന്നു പറഞ്ഞു, ‘മോനെ, മുറീലു പോയി കെടന്നോളു. ഒക്കെ വിരിച്ചിട്ടുണ്ട്.
അപ്പോഴും ഒന്നും പറയാന്‍ തോന്നിയില്ല. ഒരു വാക്കു സംസാരിക്കാമായിരുന്നു. നിരര്‍ഥകമായ ഒരു വാക്കായാലും പറയാമായിരുന്നു. എങ്കില്‍ ഇപ്പോഴിത്രയും പിടച്ചിലുണ്ടാവില്ലായിരുന്നു.
അല്‍പം തുറന്നു പിടിച്ച വായുമായി, പറയാനൊരുപാട് ബാക്കി വെച്ച്, സാദനം അത്ര എളൂപ്പത്തില്‍, രാത്രിയിലെപ്പോഴോ മരിച്ചു പോകുമെന്ന് അപ്പോള്‍ അറിയുമായിരുന്നില്ലല്ലോ.
വിവരമറിഞ്ഞപ്പോള്‍ അമ്മ ഉറക്കെ കരഞ്ഞു. അച്ഛന്‍ കരഞ്ഞില്ല. പക്ഷെ, കരയുന്നതായിരുന്നു ഇതിലും ഭേദമെന്ന് തോന്നി. ഉറക്കെ കൈ കാലിട്ടടിച്ച്, നെഞ്ചത്തറഞ്ഞ്.......
തങ്കമണിയെ വിളിച്ച് ചിത കത്തിക്കാന്‍ അപേക്ഷിക്കണമെന്ന് അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അച്ഛന്‍റെ തൊണ്ടയിടറി. ദുര്‍ബലമായ ആ ശരീരം മറിഞ്ഞു വീഴുമെന്ന് തോന്നിയിട്ടാവാം, ആരെല്ലാമോ ചേര്‍ന്ന് താങ്ങിയിരുത്തുകയായിരുന്നു.
അരുണയാണു തങ്കമണിയെ കൂട്ടിക്കൊണ്ടു വന്നത്.......... 
ചിത കത്തിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഉയര്‍ന്നു വന്നിരുന്ന പുകച്ചുരുളുകളും മാഞ്ഞു തുടങ്ങിയിരിക്കുന്നു.
എങ്കിലും ഇപ്പോഴും, തങ്കമണിയുടെ പരുക്കന്‍  തേങ്ങല്‍.. . ചില ഉണക്ക മരങ്ങളുടെ തവിട്ടു നിറമുള്ള ഇലകള്‍ കാറ്റിലനങ്ങും പോലെ ...

Wednesday, November 14, 2012

ആദ്യമാദ്യം ..... പിന്നെപ്പിന്നെ .. .. ഒടുവിലൊടുവില്‍ ....

25/09/2020

വലിയൊരു ജലാശയമായിരുന്നു,  ആ വര്‍ക്ക് സൈറ്റിന്‍റെ വലതു  വശത്ത്. പണം വിഴുങ്ങി വിഴുങ്ങി , തടിച്ചു  കൊഴുത്ത്  ഉയരം വെച്ചു വരുന്ന  ആ കെട്ടിടം ജലാശയത്തില്‍ കണ്ണാടി  നോക്കി  മുഖം മിനുക്കിത്തുടങ്ങിയിരുന്ന ഒരു   സായം  കാലത്താണു മെലിഞ്ഞ  ദേഹവും  നര കയറിയ തലമുടിയും ചില്ലറ കഷണ്ടിയുമായി  അച്ഛന്‍  കയറി  വന്നത്.  ആ മുഖത്ത്  തീരെ സന്തോഷമുണ്ടായിരുന്നില്ല.  ഒരു കരിങ്കല്‍ ശില പോലെ  അച്ഛന്‍ എല്ലാം  ശ്രദ്ധിച്ചു, കമ്പ്യൂട്ടറില്‍ നിര്‍ധാരണം ചെയ്ത കണക്കു  പോലെ കൃത്യമായ  ഒരു മൌനം പാലിച്ചു. അഭിനന്ദനമോ നിസ്സാരമാക്കലോ അല്ലെങ്കില്‍ എന്തെങ്കിലും അന്വേഷണമോ അദ്ദേഹത്തില്‍ നിന്നും  വന്നില്ല. അതാണ് ശീലമെന്നറിയുന്നവന്‍  ഒന്നും പറഞ്ഞുമില്ല.

എന്നിട്ടും പണി തീരാറായപ്പോള്‍ ഒരു ദിവസം  കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയില്‍ , കഷ്ടപ്പെട്ട് നിയന്ത്രിച്ച ശബ്ദത്തോടെ, അവളുടെ   സൌഹൃദത്തിന്‍റെ തൂവെണ്മയെക്കുറിച്ച് അച്ഛന്‍  ആകുലനായി. ഏതു വെണ്മയിലും എളുപ്പം  പടരാനാവുന്ന നീലിമയെയും മഞ്ഞിപ്പിനെയും ബാക്കി  എല്ലാവരേയും പോലെ അദ്ദേഹവും  ഭയന്നിരുന്നു.  ലോകത്തിനു തര്‍ക്കിക്കാന്‍,  ഒരിക്കലും  ഇടകൊടുക്കരുതെന്ന് , അല്‍പം  വിറയലോടെയും  അല്ലെങ്കില്‍ വേദന കലര്‍ന്ന ഒരു  ആധിയോടെയും  ഈറന്‍ മിഴികളുമായി  അദ്ദേഹം  പലവട്ടം  ഓര്‍മ്മിപ്പിച്ചത് അന്നാണ്.    

ലോകം നമ്മുടെ പ്രവൃത്തികളെക്കുറിച്ചും ചിന്തകളെക്കുറിച്ചും  തര്‍ക്കിക്കട്ടെ, അതിനെ  നമുക്ക് അതിന്‍റെ പാട്ടിനു വിടാം   എന്ന്  കരുതുന്നവരെ ലോകമൊരിക്കലും വെറുതെ വിടുകയില്ല.   എന്നും വീറോടെ,  വാശിയോടെ പിന്തുടരും. സാധിക്കുമ്പോഴൊക്കെ കല്ലെറിയും. ഏറുകൊണ്ട് മുറിവ് പറ്റി താഴെ വീഴുന്നുണ്ടോ , വീണീടത്തു നിന്ന് എഴുന്നേല്‍ക്കുന്നുണ്ടോ എന്നൊക്കെ ഉല്‍ക്കണ്ഠയോടെ  വീക്ഷിക്കും.  വീണിടത്തു നിന്നും എഴുന്നേറ്റാല്‍ ഉടനെ പിന്നെയും പിന്നെയും  വിഷം പുരട്ടിയ  അമ്പുകള്‍ മുര്‍ച്ചപ്പെടുത്തി എറിയും . ലോകത്തെ തര്‍ക്കിക്കാന്‍ വിട്ടവര്‍  ആ വിഷമേറ്റ്, വെള്ളമിറക്കാതെ   മരിച്ചു വീണു എന്നുറപ്പു വരാതെ ലോകത്തിനു ഒരിക്കലും സമാധാനിക്കാന്‍ കഴിയില്ല. മനുഷ്യരെപ്പോലെ മനുഷ്യരുണ്ടാക്കിയ ലോകത്തിനും അപ്രമാദിത്തവും നിരന്തരമായ കീഴടങ്ങലും പഥ്യമാണ്. ചോദ്യം ചെയ്യാതെയുള്ള അന്ധമായ അനുസരണ വലിയ ഇഷ്ടമാണ്.

തണുതണുത്ത ഒരു സന്ധ്യയ്ക്ക്  അച്ഛന്‍റെ ഒരു കത്ത് അവനെ തേടിയെത്തി. ആവശ്യത്തിലും എത്രയോ അധികം ബലമെടുത്ത്  കടലാസ്സ് കീറുന്നത്രയും അളവില്‍   പേനയുടെ മുന കൂര്‍പ്പിച്ച്  കഠിനമായ കോപത്തോടെ, അച്ഛന്‍ എഴുതിയിരുന്നു. എഴുത്തില്‍ അവനെ ജനിപ്പിച്ച   മഹാപാതകത്തെപ്പറ്റി,  ആ നിമിഷങ്ങളുടെ   ദൌര്‍ബല്യത്തേയും ഗതികേടിനെയും പറ്റി ,  അദ്ദേഹം യാതൊരു  നാണവും  കൂടാതെ വ്യസനിച്ചു. അവന്‍റെ അളവില്ലാത്ത സ്വാര്‍ഥതയേയും കുടുംബസ്നേഹമില്ലായ്മയേയും  പിന്നെയും പിന്നെയും ചൂണ്ടിക്കാട്ടി. സൌഹൃദത്തിന്‍റെ  തീത്തൈലത്തില്‍ ജീവിതത്തെ വേവിച്ചെടുത്ത ഒരുവളേയും,   ലോകം അവളെ പുതപ്പിച്ച  അഗ്നിവസ്ത്രത്തേയും അദ്ദേഹവും  വെറുത്തിരുന്നു. അകറ്റി നിറുത്താന്‍ ആഗ്രഹിച്ചിരുന്നു. അവളുടേതായി മാറിയെന്ന്  അവനെ, അദ്ദേഹം നെഞ്ചു പൊട്ടി  ശപിച്ചു.  ഇനിയൊരിക്കലും  തമ്മില്‍ കാണേണ്ടതില്ലെന്നൊരു  ക്രൂരമായ അറിയിപ്പില്‍ ഉപസംഹരിക്കപ്പെട്ട ആ ഇന്‍ലന്‍ഡ്  മടക്കിയും നിവര്‍ത്തിയും എത്രനേരം അങ്ങനെ  ഇരുന്നെന്ന്  അവന്  അറിയില്ല.   അസ്ഥികള്‍ തുളക്കുന്ന തണുപ്പിലും ആകെ  ചൂട്ടു  പൊള്ളിക്കുന്ന ആവി അതിലുണ്ടായിരുന്നു. 

എഴുതിയെന്നേയുള്ളൂ. അച്ഛന്‍റെ കണ്ണുകള്‍ എന്നും അവനെ കാണാന്‍ തുറന്നു തന്നെയിരുന്നു. ചെവികള്‍ അവന്‍റെ  ഒച്ചയ്ക്കായി കൊതിച്ചു. ആശിച്ചത്രയും അതു സാധിക്കാതെ വന്നതുകൊണ്ടാവണം ആ കണ്ണുകളില്‍ മൂടല്‍ വന്നത്.  ശബ്ദമെല്ലാം  ചെവികളില്‍ നേര്‍ത്തു  പോയത്. അവന്‍ മാത്രമായിരുന്നുവല്ലോ അദ്ദേഹത്തിന്‍റെ മകന്‍.

ആ കാലം മുടന്തി മുടന്തി കടന്നു പോയെങ്കിലും ശോകമൂകമായ   ഒരു കല്യാണം തന്നെയായിരുന്നു അവന്‍റേത്.   ഒരു ദുസ്വപ്നമായി പോലും  ആരും കാണാന്‍  ആശിക്കാത്ത ഒന്ന്.   പുഞ്ചിരിക്കാന്‍   കൂടി ആര്‍ക്കും കഴിയാതിരുന്ന,  പങ്കെടുത്ത നാലും മൂന്നേഴു  പേരില്‍ എല്ലാവരും തല കുമ്പിട്ടു മാത്രം  നില്‍ക്കുന്നുണ്ടായിരുന്ന ഒരു വേണ്ടാക്കല്യാണം. അവനേയും അവളേയും ഒന്നിച്ച് ആര്‍ക്കും ഈ മഹാ പ്രപഞ്ചത്തില്‍ ആവശ്യമുണ്ടായിരുന്നില്ല.  ആ കല്യാണച്ചെലവ് അച്ഛന്‍ കുറിച്ചു വെച്ചത്, വളരെ നാള്‍ക്ക് ശേഷം അവന്‍ ഇങ്ങനെ വായിച്ചു കേള്‍പ്പിച്ചു.

കാര്‍ വാടക 1500. 00

സാരി 600.00

ഷര്‍ട്ട് ‍ ‍ -  200.00

മാലയും ദക്ഷിണയും  -  101.00

കാപ്പി സല്‍ക്കാരം 105 .00

ദൂരെ ദൂരെ ഒരു അമ്പലത്തിലായിരുന്നു ആ ചടങ്ങ്. നമ്മള്‍ ആരേയും അറിയിക്കാതെ ആര്‍ക്കും ഒരു  ചോദ്യം  ചോദിക്കാന്‍ ഇടകൊടുക്കാതെ, ഒരു നിവൃത്തിയുമില്ലാത്ത  ചില  കയ്പന്‍ കാര്യങ്ങള്‍ അതിവേഗം  ചെയ്തു തീര്‍ത്ത് ദീര്‍ഘമായി നിശ്വസിക്കാറുണ്ടല്ലോ.  അതു പോലെ ഒരു കാര്യമായിരുന്നു അവന്‍റെ കല്യാണം.

അവളുടെ കൈ പിടിച്ച് അവന്‍റെ കൈയില്‍ വെച്ചു കൊടുക്കാന്‍ അമ്പലത്തിലെ പൂജാരി നിര്‍ദ്ദേശിച്ചപ്പോള്‍ അച്ഛന്‍ ഒട്ടും സമയം പാഴാക്കാതെ അവന്‍റെ കൈപിടിച്ച് അവളുടെ തണുതണുത്ത കൈയിലേല്‍പ്പിച്ചു. കാണികളായിരുന്നവരുടെ മുറുക്കിപ്പിടിച്ച ചുണ്ടുകള്‍ ആകെ ഒന്നയഞ്ഞത്  ആ വിചിത്ര നിമിഷത്തില്‍ മാത്രമായിരുന്നു.

അമ്പലനടയിലെ കൊച്ചുകാപ്പിക്കടയില്‍  കല്യാണ സല്‍ക്കാരം നടക്കുമ്പോഴേക്കും വിഷാദമൂകമായ ആ പഴയ  ഗൌരവം എല്ലാവരും  തിരിച്ചു പിടിച്ചു.

വേണ്ടാക്കല്യാണങ്ങള്‍ എന്നും അങ്ങനെയാണ് ആരംഭിക്കുക.

പിന്നെപ്പിന്നെ.........

ജനിച്ചു വളര്‍ന്ന്  ജീവിച്ച  ദേശത്തെ  ദേവാലയങ്ങളില്‍ അവളുടെ തല പൊട്ടിത്തെറിച്ചു പോകുന്നതിനായി നിത്യ  വഴിപാടുകളും പ്രാര്‍ഥനകളും നടക്കുന്നുണ്ടായിരുന്നു. അവളുടെ  പലതരം  ആര്‍ത്തികളെപ്പറ്റി കഥകളും കവിതകളും  ലേഖനങ്ങളും മാത്രമല്ല , സത്യവാങ്മൂലങ്ങളും ദൃക്സാക്ഷി വിവരണങ്ങളും അനുഭവ സാക്ഷ്യങ്ങളും വില്‍പത്രങ്ങളും ഉണ്ടായിരുന്നു.

പെരുംനഷ്ടങ്ങളുടെ കപ്പല്‍ച്ചേതങ്ങള്‍ മാത്രമേ അക്കാലങ്ങളില്‍  അവള്‍ക്ക്  കൂട്ടുണ്ടായിരുന്നുള്ളൂ . വീട്ടിലെ റേഷന്‍ കാര്‍ഡില്‍  നിന്ന് അവളുടെ പേര് വെട്ടപ്പെട്ടിരുന്നു. സമ്പാദിച്ച കറന്‍സി നോട്ടുകളിലോ സൌകര്യത്തിനു വേണ്ടി  മാത്രം അവളുടെ  പേരിലെഴുതപ്പെട്ട്  യഥാര്‍ഥത്തില്‍ കുറിക്കമ്പനിയില്‍ പണയത്തിലായിപ്പോയ  ഭൂമിയിലോ, റോസാപ്പൂന്തോട്ടമുള്ള,  കദളീവനം പോലെ  ഹരിതമായ,  സൌന്ദര്യം തുയിലുണരുന്ന വീട്ടിലോ ഒന്നും  അവള്‍ക്ക് യാതൊരു അവകാശവുമുണ്ടായിരുന്നില്ല. എന്തിന് ,   അവളുടെ രക്തത്തിന്‍റെ രക്തവും മാംസത്തിന്‍റെ മാംസവും പോലും തിണ്ണമിടുക്കിന്‍റെ   മിന്നുന്ന വാള്‍ത്തല കൊണ്ട്  വലുതും ചെറുതുമായി അറുക്കപ്പെട്ടിരുന്നു.

 വരാന്തയില്‍ തനിച്ചിരുന്ന് കണ്ണീരൊഴുക്കുമ്പോള്‍ അച്ഛന്‍ എപ്പോഴും  അവളെ അന്വേഷിച്ചു വന്നു.  ഒരു വലിയ പച്ച രത്നം പോലെ ശ്രീ തിളങ്ങിയിരുന്ന ആ വീട്ടില്‍ അവള്‍ തനിച്ചായിപ്പോകരുതെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. നാലുമണിപ്പലഹാരമായി ഉഴുന്നുവടയും ഉണ്ടന്‍ പൊരിയും  ബോണ്ടയുമെല്ലാം കൊച്ചുപൊതികളിലാക്കി അവള്‍ക്കു മുമ്പില്‍ അദ്ദേഹം  നിരത്തിവെച്ചു. ചായ കുടിക്കുമ്പോള്‍ ഉണങ്ങിയ തുപ്പല്‍ കൊണ്ട് മാത്രമല്ല കണ്ണീരു കൊണ്ടു പോലും വീടുണ്ടാക്കാനാവുന്ന  കറുത്ത വാലന്‍ കിളികളെക്കുറിച്ച് അച്ഛന്‍ ഒരു  പക്ഷി വിജ്ഞാനിയെപ്പോലെ സംസാരിച്ചു.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും ഏതു തരം   സിനിമകളും ഒപ്പമിരുന്ന് കാണാന്‍ അച്ഛന്‍ എന്നും  തയാറായി. അവള്‍ക്ക് മമ്മൂട്ടിയെ ആണിഷ്ടമെന്ന് പറയുമ്പോള്‍  അച്ഛന്‍  മോഹന്‍ലാലിന്‍റെ അഭിനയത്തെ വാഴ്ത്തി. അവള്‍ ലാലേട്ടനെ പുകഴ്ത്തുമ്പോള്‍ അച്ഛന്‍ മമ്മൂട്ടിയുടെ പൌരുഷത്തെക്കുറിച്ചു ആവേശം കൊണ്ടു.   പൈങ്കിളി രചനകളുടെ ജനപ്രിയത്വത്തെപ്പറ്റി, കലഹിച്ചു.   ഓ എന്‍ വിയുടെ  ഉജ്ജയിനി വായിച്ച്  പത്താംക്ലാസ്സിലെ കുട്ടികളെപ്പോലെ ആസ്വാദനമെഴുതി മാര്‍ക്കിട്ട്  ഞാന്‍ ആണു ഫസ്റ്റ് എന്ന് ബലം പിടിച്ചു.

കീഴ്ശ്വാസത്തിന്‍റെ  ദുര്‍ഗന്ധത്തെ ഗ്രേഡ്  തിരിച്ച്  അച്ഛന്‍ എഴുതിയതു വായിച്ച് അവള്‍ ഉറക്കെയുറക്കെ  ചിരിച്ചു.

ഭും ഭും പരിമളം നാസ്തി.
പിശ് പിശ് മഹാ കഷ്ടം
നിശ്ശബ്ദം പ്രാണസങ്കടം.

കടത്ത് കടന്നും  വിളഞ്ഞ നെല്‍പ്പാടങ്ങള്‍ക്കിടയിലെ ചെളിയഴുകിയ വരമ്പിലൂടെ നടന്നും  സ്കൂളില്‍ പഠിച്ച സ്വന്തം ബാല്യകാലത്തെ അച്ഛന്‍ അവള്‍ക്ക്  പരിചയപ്പെടുത്തിയത് ഒന്നിച്ച് നടക്കാനിറങ്ങിയ   ചില വൈകുന്നേരങ്ങളിലായിരുന്നു. ആ യാത്രകളില്‍ അവരെന്നും തനിച്ചായിരുന്നു. മറ്റെല്ലാവര്‍ക്കും പല തിരക്കുകള്‍  എപ്പോഴും ഉണ്ടായതുകൊണ്ടാവാം. 

കുടുംബങ്ങളെയും മനുഷ്യബന്ധങ്ങളിലെ വൈചിത്ര്യങ്ങളേയും കുറിച്ച് അവളോട്  സംസാരിക്കുവാന്‍ അച്ഛന്  ഇഷ്ടമായിരുന്നു. പരസ്പരം മടുപ്പിക്കാതെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് ഉദാഹരണങ്ങള്‍ നിരത്തി വിശദീകരിക്കാനും അദ്ദേഹം മുതിര്‍ന്നു.  ജീവിതം വിജയിപ്പിക്കാനുള്ള  പരിശ്രമങ്ങളില്‍  നിന്ന് തോറ്റു  പിന്മാറി  ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നത്  അച്ഛന്  ഒട്ടും പഥ്യമായിരുന്നില്ല.   

പച്ചച്ച നെല്‍പ്പാടങ്ങളേയും പലതരം ശബ്ദങ്ങളുണ്ടാക്കി പറന്നുപോകുന്ന ദേശാടനക്കിളികളേയും പറ്റി സംസാരിക്കുമ്പോള്‍ അച്ഛന്‍ വളരെയേറെ ആഹ്ലാദവാനായി. കളകളാരവം മുഴക്കി സ്വച്ഛന്ദമായി ഒഴുകുന്ന തെളിഞ്ഞ നീര്‍ച്ചോലകളെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഒരു കൊച്ചുകുട്ടിയുടെ കൌതുകം കാണിച്ചു. സ്വന്തമായി  പറയുന്നതിലധികം അച്ഛനെ കേട്ടുകൊണ്ടിരിക്കാനായിരുന്നു അവള്‍ക്ക്  താല്‍പര്യം. അതുകൊണ്ട് അവള്‍ അധികവും കേള്‍ക്കുക മാത്രം ചെയ്തു.

അക്കാലങ്ങളില്‍ അച്ഛന്‍ അവളെ സ്നേഹിച്ചിരുന്നുവോ എന്ന് ചോദിച്ചാല്‍ അതിനുത്തരമില്ല. ചുവന്നു കലങ്ങിയ മിഴികളുമായി കണ്ണീരൊഴുക്കുന്ന,  ജീവിതപ്പരീക്ഷകളില്‍  അമ്പേ  തോറ്റു,  ഏകാകിനിയായ ഒരുവളോട്  പൊതുവേ നല്ലവരായ മനുഷ്യര്‍ക്ക് തോന്നുന്ന സഹതാപവും ദയയും കാരുണ്യവുമായിരിക്കണം അദ്ദേഹത്തിനുണ്ടായിരുന്നത്.  അല്ലാതെ അദ്ദേഹത്തെ  അതിശയിപ്പിക്കാനോ സ്വാധീനിക്കാനോ അങ്ങനെ സ്നേഹം പിടിച്ചു വാങ്ങാനോ  കഴിയുന്ന യാതൊന്നും തന്നെ  വെറും  സാധാരണക്കാരിയായ അവളുടെ  പക്കല്‍ അന്നു മാത്രമല്ല, ഒരു കാലത്തും ഉണ്ടായിരുന്നില്ല.

അവളുടെ  പല വര്‍ണങ്ങളിലുള്ള കുപ്പിവളകളെ അച്ഛനെന്നും ചെട്ടി വളകളെന്നു വിളിച്ചു .   സ്വര്‍ണവളകളില്ലല്ലോ,  അച്ഛാ  എന്നവള്‍  മങ്ങി നിന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു. സ്വയം പ്രകാശമില്ലാത്തവര്‍ക്കാണു സ്വര്‍ണപ്പണ്ടമിട്ട്  ശോഭയുണ്ടാക്കേണ്ടത്.

അവള്‍ പുലാവ് ഉണ്ടാക്കുമ്പോള്‍   മേല്‍ നോട്ടം വഹിച്ച് അടുക്കളയില്‍ കൂട്ടിരിക്കാന്‍ അച്ഛന്‍ തയാറായി , ചുകപ്പന്‍  സവാളയാണു കരയിക്കുന്നെതെന്ന്  അവള്‍ പറഞ്ഞതൊരിക്കലും അച്ഛന്‍ വിശ്വസിച്ചില്ല. പുലാവുള്‍പ്പടെയുള്ള  പല തരം പുലിവാലുകളെപ്പറ്റി പറഞ്ഞ്  അവളെ ചിരിപ്പിക്കുന്നത്  അന്നേരത്തെ അച്ഛന്‍റെ ഒരു വിനോദമായിരുന്നു. 

മുണ്ടുടുത്ത്  അതിനു മേല്‍ ചാക്കുവള്ളി കൊണ്ട് ഒരു കെട്ടും കെട്ടി  അച്ഛന്‍ വീട്ടില്‍ നിന്ന്  പുറത്തേക്കിറങ്ങുമ്പോള്‍  അവള്‍  കളിയാക്കി. നാണമില്ലല്ലോ, ഈ ചാക്കു വള്ളി ബെല്‍റ്റും കെട്ടി   പോവാന്‍... പൂര്‍ണ ഗൌരവത്തിലായിരുന്നു അച്ഛന്‍റെ മറുപടി. നിനക്കറിയില്ല,  ഈ സ്റ്റൈലന്‍ ബെല്‍റ്റിലാണ് എന്‍റെ  നാണം മുഴുവന്‍.

വഴിയറിയാത്ത, ഭാഷയറിയാത്ത വന്‍  നഗരങ്ങളില്‍ അവളുടെ  കൈപിടിച്ച് തിക്കിലും തിരക്കിലും അച്ഛന്‍  നടന്നു. അവള്‍  വഴി തെറ്റാതെ ലക്ഷ്യത്തിലെത്തിച്ചേരും എന്ന് കരുതിയിട്ടാവുമോ അത്? അതോ അച്ഛന്‍റെ  അറിവില്ലായ്മകളില്‍ ജനിച്ച അന്നേരത്തെ നിസ്സഹായത കൊണ്ടോ? അഗര്‍വാള്‍ സ്വീറ്റ്സ് എന്ന ബോര്‍ഡ് പലവട്ടം കണ്ടപ്പോള്‍ അച്ഛനതിശയിച്ചു.  അമ്പടാ! അപ്പോള്‍ ഈ അഗര്‍വാള്‍മാര്‍  വലിയ പലഹാരം തീനികളാണ് അല്ലേ? നന്നായി തിന്നാനറിയാത്തവര്‍ പാചകം ചെയ്താല്‍    വിഭവങ്ങള്‍ക്ക് ഒരു രുചിയുമുണ്ടാവില്ലെന്ന്  അദ്ദേഹം  പറഞ്ഞു.  പിറ്റേന്ന് രാവിലെ  രസഗുള  പോലെയുള്ള തലയും ബട്ടൂര മാതിരിയുള്ള വയറും ചുമന്ന് , വീട്ടില്‍ കയറി  വന്ന, ഒരു  അഗര്‍വാളുമായി അവന്‍ സംസാരിക്കുമ്പോള്‍ അവളും അച്ഛനും പരസ്പരം നോക്കി ചിരിച്ചു. അതിന്‍റെ കാരണമറിയാതെ  മിഴിച്ചു നോക്കുന്ന അവന്‍റെ മുഖഭാവം അച്ഛനെ കൂടുതല്‍ ചിരിപ്പിക്കുന്നുണ്ടായിരുന്നു.

വടക്കെ ഇന്ത്യക്കാരുടെ പൈജാമയും ജുബയും ഇടുവാന്‍ കൊടുത്തപ്പോള്‍ എന്നാല്‍ പിന്നെ ഈ മലയാളിപ്പേരും മാറ്റി വല്ല സിങ്ങോ അഗര്‍വാളോ ആയാലോ എന്ന് അച്ഛന്‍ ചോദിക്കാതിരുന്നില്ല. നിലക്കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ നോക്കി നില്‍ക്കുമ്പോള്‍  ജുബാ രാമകൃഷ്ണപിള്ളയെന്ന സ്വാതന്ത്ര്യസമരസേനാനിയെക്കുറിച്ച് അദ്ദേഹം വാചാലനായി. അവള്‍ കണ്ണും മിഴിച്ചിരുന്നു  ആ കഥ കേട്ടു. 

ഒടുവിലൊടുവില്‍ ........

വൈകുന്നേരം  ചായ കുടിക്കുമ്പോഴാണു  അച്ഛന്‍റെ ചെറുപ്പക്കാരനായ സുഹൃത്ത് വന്നത്.  ജാതകം ചേരാത്തതുകൊണ്ട്  മകളുടെ വിവാഹം വൈകുന്നുവെന്ന്  വല്ലാതെ സങ്കടപ്പെട്ട അയാളോട്  അച്ഛന്‍ പറഞ്ഞു. അതിലൊന്നും  ഒരു  കാര്യവുമില്ലെടോ.  മനപ്പൊരുത്തമുണ്ടെങ്കില്‍  ബാക്കിയൊന്നും വേണ്ട.  അവള്‍ അല്‍ഭുതത്തോടെ നോക്കിയപ്പോള്‍ അച്ഛന്‍ ചിരിച്ചുകൊണ്ട് അവളുടെ തലയില്‍  തടവി. അതില്ലെങ്കില്‍പ്പിന്നെ മറ്റൊന്നുമുണ്ടായിട്ട്  ഒരു പ്രയോജനവുമില്ല. എല്ലാം വെറും വേസ്റ്റ്.

അതിനടുത്ത ആഴ്ചയാണ് അച്ഛന്‍  ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്  .

വേദനകൊണ്ട്  ഉറക്കെ കരയുമ്പോഴൊന്നും കടുത്ത  ഈശ്വരഭക്തനായ  അച്ഛന്‍റെ ചുണ്ടില്‍ ഒരു ദൈവനാമവും വന്നില്ല.  പകരം അമ്മേ, എന്‍റെ  അമ്മേ   എന്ന്  മാത്രമേ അച്ഛന്‍  വിളിച്ചുള്ളൂ.  മയക്കു മരുന്നിന്‍റെ പിടിയില്‍ അല്‍പം ശാന്തനായി കിടന്ന അച്ഛനോട്  അവള്‍ ചോദിച്ചു അച്ഛനെന്താ  ഗുരുവായൂരപ്പനെ വിളിക്കാത്തത്?

അമ്മ മാത്രമാണു ദൈവം. വേറെ ഒരു ദൈവവുമില്ല  ഈ പ്രപഞ്ചത്തില്‍ ..........ആ ദൈവം ഉപേക്ഷിച്ചാല്‍ പിന്നെ മോക്ഷമില്ല.

അവള്‍ക്ക് കരച്ചില്‍ വന്നു. 

പാതിരാത്രിയില്‍ അച്ഛന് പനിക്കാന്‍ തുടങ്ങിയിരുന്നു. കുത്തിവെയ്ക്കും മുമ്പ്  അച്ഛന്‍റെ നരച്ച  താടി രോമങ്ങളില്‍ വിരല്‍ നടത്തിക്കൊണ്ട്  നഴ്സ് ചോദിച്ചു ..... ഞാനച്ഛന്‍റെ മോളല്ലേ, ഈ മോള്  പതുക്കെ ഒന്നു കുത്തിവെയ്ക്കട്ടെ ?

നന്നെ  നിറംകെട്ട്,  ക്ഷീണിച്ച ഒരു പുഞ്ചിരിയോടെ അച്ഛന്‍ സമ്മതിച്ചു .

ഒരിക്കലും അച്ഛനോട്  ഒന്നും ചോദിച്ചിട്ടില്ലാത്തവള്‍ക്ക്  ആ നിമിഷം എന്തുകൊണ്ടോ സഹിക്കാന്‍ കഴിഞ്ഞില്ല.

അപ്പോള്‍ ഞാനോ അച്ഛാ?  ഞാന്‍ അച്ഛന്‍റെ ആരാണ് ?

നീയോ? നിയെന്‍റെ മൂത്ത മകള്‍. ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നില്ലേ?

അവള്‍ കരഞ്ഞുകൊണ്ട് അച്ഛന്‍റെ  ശോഷിച്ച നെഞ്ചിലേക്ക് തല ചായ്ച്ചു. ആ ഹൃദയം തളര്‍ച്ചയോടെ മെല്ലെ മെല്ലെ മിടിക്കുന്നത്  അവള്‍ക്ക് കേള്‍ക്കാമായിരുന്നു . അച്ഛന്‍റെ നീരു വന്ന വീര്‍ത്ത വിരലുകള്‍ അവളുടെ മുടിയിഴകളില്‍ പതുക്കെ തടവുന്നുണ്ടായിരുന്നു.  പിന്നീടെപ്പോഴോ അവളറിയാതെ  ആ വിരലുകള്‍ താഴേക്ക് ഊര്‍ന്നു വീണു .

അവള്‍ അച്ഛന്‍റെ മൂത്ത  മകള്‍...........