Friday, January 25, 2013

കൂട്ടിരിപ്പുകാരുടെ വിചാരങ്ങള്‍ക്കൊപ്പം ....


https://www.facebook.com/echmu.kutty/posts/498043386905117

 ( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ഡിസംബര്‍ 14   നു  പ്രസിദ്ധീകരിച്ചത്. )

കേരളത്തിനകത്ത്  ചെയ്യുന്ന ഏതൊരു യാത്രയിലും,  പ്രധാനപ്പെട്ട റോഡുകളിലൊക്കെ  വലിയ അക്ഷരങ്ങളില്‍ എഴുതി വെച്ചിട്ടുള്ള, ഒരു വിജ്ഞാപനം  തീര്‍ച്ചയായും നമ്മുടെ കണ്ണില്‍ പെടാതിരിക്കില്ല.   ഏകദേശം അഞ്ഞൂറോളം വരുന്ന ചെറുതും വലുതുമായ ഏജന്‍സികളുടേതാണ് ഈ പരസ്യം.  വീട്ടുജോലിക്കും ആശുപത്രി കൂട്ടിരിപ്പിനും പ്രസവ ശുശ്രൂഷക്കും സമീപിക്കുക . പിന്നെ താഴെ കുറച്ചു കൂടി  ചെറിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാവും. സ്ത്രീകള്‍ക്ക്  മുന്‍ഗണന . ശരിയാണ്. വീട്ടു ജോലികളും പ്രസവ ശുശ്രൂഷയും  സ്ത്രീകളുടെയാണ്. പുരുഷന്മാര്‍ വീടിന്‍റെ സകല സുഖസൌകര്യങ്ങളുടേയും സിംഹഭാഗവും ആസ്വദിക്കുകയാണു  വേണ്ടതെന്നും  വീട്ടുജോലികള്‍ സ്ത്രീകള്‍ മാത്രമാണു ചെയ്യേണ്ടതെന്നും  സമൂഹത്തിലെ ഭൂരിഭാഗവും  ഇന്നും  ഉറച്ചു വിശ്വസിക്കുന്നു. ഗര്‍ഭം ധരിപ്പിക്കുന്ന ഒരു  കാര്യമൊഴിച്ചാല്‍ ഗര്‍ഭം ചുമക്കലും  പ്രസവവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്ത്രീകളുടേതാണല്ലോ. അതുകൊണ്ട് പ്രസവ ശുശ്രൂഷയുടേതായ ജോലികളും സ്ത്രീകളുടേതു മാത്രമാണ്. ബാക്കിയുള്ളത് ആശുപത്രി  കൂട്ടിരിപ്പാണ്.   നഴ്സിന്‍റെ ജോലി ഏകദേശം  സ്ത്രീകള്‍ക്കായി തന്നെ  നീക്കിവെച്ചതു പോലെയായതുകൊണ്ട് ആശുപത്രിയില്‍ കൂട്ടിരിക്കുന്ന, അല്ലെങ്കില്‍ ബൈസ്റ്റാന്‍ഡര്‍ ആയിരിക്കുന്ന ജോലിയും ഒരു വലിയ  ശതമാനത്തോളം സ്ത്രീകളുടേതായിത്തീരുന്നു.  നേരത്തെ പറഞ്ഞ അഞ്ഞൂറോളം ഏജന്‍സികളില്‍  ഇരുനൂറ്റമ്പതോളം ഏജന്‍സികള്‍ ബൈസ്റ്റാന്‍ഡേര്‍സിനെ മാത്രം നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതത്രെ. അവരുടെ പക്കല്‍ ഏകദേശം അയ്യായിരത്തോളം കൂട്ടിരിപ്പുകാര്‍ ഉണ്ടെന്നാണു കണക്കുകള്‍ പറയുന്നത്.

നമ്മൂടെ നാട്ടില്‍ അറുപതു വയസ്സു കഴിഞ്ഞവര്‍  ജനസംഖ്യയുടെ പതിനഞ്ചു ശതമാനം വരും. ഇവരില്‍ പലരും രോഗികളാണ്. ആശുപത്രികളില്‍ കൂട്ടിരിക്കുവാന്‍ ആരുമില്ലാത്തവരുമാണ്. ചിലപ്പോള്‍ മരുന്ന് എത്തിച്ചു കൊടുക്കാന്‍ പോലും ആരുമില്ലാതെ കഷ്ടപ്പെടേണ്ടി വരുന്നവരാണ്.  മക്കള്‍  വിദേശങ്ങളിലോ ദൂരദേശങ്ങളിലോ ജോലി ചെയ്യുന്നവരായിരിക്കും. ബന്ധുക്കള്‍ക്ക് അവരവരുടെതായ പലതരം തിരക്കുകള്‍ കാണും. ചില വൃദ്ധജനങ്ങള്‍  സ്വന്തം ഭവനങ്ങളില്‍ തികച്ചും ഏകാകികളുമാവാറുണ്ട്. അതുകൊണ്ട്  തന്നെ  കൂട്ടിരിപ്പുകാരെ നല്‍കുന്ന ഏജന്‍സികള്‍  വാര്‍ദ്ധക്യകാലത്ത് പലര്‍ക്കും വലിയ സഹായമായിത്തീരുന്നു. അതു പോലെ നാട്ടില്‍ തന്നെ  ജോലിക്കാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും  ഈ കൂട്ടിരിപ്പുകാര്‍, മാതാപിതാക്കന്മാരെ ശുശ്രൂഷിക്കാനുള്ള ഒരു  ആശ്വാസവും  അത്താണിയുമാകുന്നുണ്ട്.

ഇരുപത്തിരണ്ട് ലക്ഷത്തിലധികം കേരളീയര്‍ വിവിധ വിദേശരാജ്യങ്ങളിലും ഏകദേശം  പത്തു ലക്ഷത്തോളം മലയാളികള്‍  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നുണ്ടെന്ന്  തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ പഠനം വെളിപ്പെടുത്തുന്നു. ഇവരുടെ  നാട്ടിലുള്ള കുടുംബാംഗങ്ങളില്‍ പലര്‍ക്കും  പ്രൊഫഷണല്‍ ബൈസ്റ്റാന്‍ഡേര്‍സിന്‍റെ സാന്നിധ്യം വേണ്ടി വരാറുണ്ട്. ഈ കൂട്ടിരിപ്പുകാര്‍ ആശുപത്രി ആവശ്യങ്ങളും മരുന്നു വാങ്ങലും രോഗിയുടെ പരിചരണവും പലപ്പോഴും മാനസികമായ പിന്തുണയും പൂര്‍ണമായ  അര്‍ഥത്തില്‍ നിവര്‍ത്തിക്കുന്നവരാണ്.

സാധാരണക്കാരന്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി മുതല്‍ കൊടുംപണക്കാരന്‍റെ സെവന്‍ സ്റ്റാര്‍ ആശുപത്രി വരെയും അധികം കൂട്ടിരിപ്പുകാരും  സ്ത്രീകളാണ്.  പുരുഷന്മാര്‍  തന്നെ കൂട്ടിരിപ്പുകാരാവണം എന്ന് നിയമം നിര്‍ബന്ധമായും അനുശാസിക്കുന്ന മെയില്‍  വാര്‍ഡുകളില്‍ സ്ത്രീകള്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല. അതുപോലെ മാനസിക പ്രശ്നങ്ങളുള്ള  പുരുഷന്മാരുടെ കൂട്ടിരിപ്പിനും പുരുഷ സാന്നിധ്യം നിര്‍ബന്ധമാണ് .   ബാക്കി എല്ലായിടത്തും  സ്ത്രീകള്‍ തന്നെയാണ് ഭൂരിപക്ഷം. രോഗി പുരുഷനായാലും സ്ത്രീയായാലും കുട്ടിയായാലും ഇക്കാര്യത്തില്‍ വലിയ  ഭേദമില്ല.

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍റെ ഒരു പഠനത്തില്‍ പുരുഷന്മാരായ കൂട്ടിരിപ്പുകാരില്‍ ഏകദേശം നാല്‍പത്താറു ശതമാനം പേരും  ചെയ്യുന്ന ജോലിയില്‍ അല്‍പം പോലും  ആത്മാര്‍ഥത കാണിക്കാത്തവരാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ നടന്ന പഠനത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. മദ്യപാനവും പുകവലിയും സിനിമാ തിയേറ്ററുകളുമായി  പുരുഷന്മാര്‍ കൂട്ടിരിപ്പിനെ പരിവര്‍ത്തിപ്പിക്കുകയാണത്രെ! പലരും ടോയ് ലറ്റുകളെ ബാറുകളായും മാറ്റുന്നുണ്ട്. അവിടെ ഗ്ലാസ് മേറ്റുകള്‍  പല റൌണ്ട്  ചിയേഴ്സ്  ഗെയിം കളിക്കുന്നു.  അവരുടെ  ശ്രദ്ധയും പരിഗണനയും ശുശ്രൂഷയും കാത്ത് കിടക്കുന്ന രോഗികളെ ദൈവം നോക്കിക്കൊള്ളുമെന്ന്  അവരെപ്പോലെ രോഗികളും നമ്മളുള്‍പ്പെടുന്ന സമൂഹവും  ആശ്വാസത്തോടെ വിശ്വസിക്കുന്നു!  സ്വന്തം ചുമതലകളൊന്നും ശരിയായി  നിര്‍വഹിക്കാത്തവരും അന്യരെ ചൂഷണം ചെയ്യുന്നവരുമായ  മനുഷ്യരുടെ വിചിത്രമായ  പ്രവൃത്തികള്‍ക്കനുസരിച്ചാണല്ലോ പലപ്പോഴും ദൈവത്തിനു  ഈ മഹാപ്രപഞ്ചത്തിന്‍റെ സകല ഭാരവും ഏല്‍ക്കേണ്ടി വരാറുള്ളത്. 

സ്ത്രീ കൂട്ടിരിപ്പുകാരില്‍  ഒരു ശതമാനം പേര്‍ പോലും ഇമ്മാതിരി പരിതസ്ഥിതിയില്‍  ഇല്ലാതിരുന്നിട്ടും അവരുടെ അദ്ധ്വാനം വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുകയോ  അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല. രോഗിയെ ആരോഗ്യമുള്ളവരാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ ഈ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് പലപ്പോഴും ആരുടേയും കണ്ണില്‍ പെടാറില്ല. ആശുപത്രിയുടെയും ഡോക്ടറുടേയും കഴിവായും ദൈവകാരുണ്യമായും മാത്രം രോഗവിമുക്തി വാഴ്ത്തപ്പെടുമ്പോള്‍,  സമയത്തിനു ഉണ്ണാതെയും ഉറങ്ങാതെയും രോഗിയെ ശുശ്രൂഷിച്ചവരെ  എല്ലാവരും സൌകര്യപൂര്‍വം  മറന്നു കളയുന്നു. രോഗിയുടെ  കഫവും ഛര്‍ദ്ദിയും രക്തവും മലവും മൂത്രവും  പോലെ പൊതുവേ എല്ലാവര്‍ക്കും  അറപ്പു തോന്നുന്നവയെ    കൂട്ടിരിപ്പുകാര്‍ വൃത്തിയാക്കുന്നത് നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്നു.  അവര്‍ വീട്ടുകാരോ  ബന്ധുക്കളോ ആണെങ്കില്‍ സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടിയല്ലേ, ബന്ധുക്കള്‍ക്ക്  വേണ്ടിയല്ലേ എന്നോ  ഏജന്‍സികളില്‍ നിന്നു വന്നവരാണെങ്കില്‍  ചുമ്മാതൊന്നുമല്ലല്ലോ പച്ച നോട്ട് ചുളചുളയായിട്ട് എണ്ണിക്കൊടുത്തിട്ടല്ലേ എന്നോ  ഉള്ള ന്യായീകരണങ്ങള്‍ നിരത്തി അവരുടെ എല്ലാ അദ്ധ്വാനത്തെയും നമ്മള്‍ അതീവ  നിസ്സാരമാക്കി തള്ളിക്കളയുന്നു.

കൂട്ടിരിപ്പിനു വരുന്ന സ്ത്രീകളില്‍ തൊണ്ണൂറു ശതമാനം പേരും അനവധി പ്രയാസങ്ങളുടെ മധ്യത്തിലാണ് രോഗിയെ ശുശ്രൂഷിക്കുന്നത്. പുറംലോകം സ്ത്രീകളുടെ ജീവിതത്തില്‍  തുറിച്ചുനോട്ടങ്ങളായും അശ്ലീലാംഗ്യങ്ങളായും  പലതരം ലൈംഗിക അതിക്രമങ്ങളായും സ്വകാര്യതയില്ലായ്മയായും അരക്ഷിതത്വത്തിന്‍റെ ഭീഷണിയായും  സദാചാര നിര്‍ദ്ദേശങ്ങളായും എങ്ങനെയെല്ലാം ഇടപെടാറുണ്ടോ അതെല്ലാം കൂട്ടിരിപ്പു ലോകത്തിലും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ലഹരിക്കടിമപ്പെട്ട പുരുഷ കൂട്ടിരിപ്പുകാരുള്ള ആശുപത്രികളില്‍ വെളിച്ചം മങ്ങിയ  ഇടനാഴികളും, വാതില്‍ കൊളുത്തുകളില്ലാത്ത കുളിമുറികളും ആളൊഴിഞ്ഞ കോണിച്ചുവടുകളും സ്ത്രീകളെ പേടിസ്വപ്നം കാണിക്കുന്നു.  രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവരും ആശുപത്രി ജീവനക്കാരും പലപ്പോഴും നിയമപാലകരും ആയിരിക്കും  ഈ പേടിസ്വപ്നങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍.

കൂട്ടിരിപ്പുകാര്‍ക്ക്  വിവിധ രോഗങ്ങള്‍ പകരാനുള്ള സാധ്യതയേയും നമ്മള്‍ ഒട്ടും ഗൌരവമായി കാണാറില്ല. രോഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകളോ കുത്തിവെപ്പുകളോ നിര്‍ദ്ദേശങ്ങള്‍ പോലുമോ  നല്‍കാന്‍ ആരും  മനസ്സു  വെയ്ക്കാറില്ല.  രോഗിയെ വന്നു കണ്ടു എന്നു വരുത്തിത്തീര്‍ക്കാന്‍ അഞ്ചു മിനിറ്റ് നേരത്തേക്കായി എത്തുന്ന സന്ദര്‍ശകരും,  രോഗിയുടെ ബുദ്ധിമുട്ട്  മനസ്സിലാക്കാതെ മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്ന സന്ദര്‍ശകരും ഒരിക്കലും അറിയാതെ പോകുന്ന ഒരു അവസ്ഥയാണ് കൂട്ടിരിപ്പുകാരുടേത്.  രോഗി ഉറങ്ങുകയാണെങ്കില്‍ പോലും  ആവശ്യത്തിനു വിശ്രമമെടുക്കാനോ  വേണ്ടത്ര ഭക്ഷണം കഴിക്കാനോ സാധിക്കാത്ത വിധത്തില്‍ കൂട്ടിരിപ്പുകാരെ പ്രയാസത്തിലാക്കുന്ന സന്ദര്‍ശകരുണ്ട്.  കൂട്ടിരിപ്പുകാര്‍ സ്ത്രീകളാവുമ്പോള്‍  പ്രത്യേകിച്ചും....

വീട്ടുകാരും ബന്ധുക്കളുമായ കൂട്ടിരിപ്പുകാര്‍ സഹിക്കുന്ന മാനസിക പീഡനവും വളരെ വലുതാണ്. പ്രിയപ്പെട്ടവര്‍ രോഗികളായതിന്‍റെ വിഷമം,  അസുഖം മാറുകയില്ലേ എന്ന ആധി, സ്വന്തം  ദിനചര്യകളില്‍ വരുന്ന വലിയ മാറ്റം,  പ്രായലിംഗഭേദമില്ലാതെ രോഗികള്‍ സാധാരണയായി  കാണിക്കുന്ന വാശിയും വഴക്കും, സ്ത്രീകളായ കൂട്ടിരിപ്പുകാരോട് രോഗിയുടെ  അസുഖ വിവരങ്ങള്‍ കൃത്യമായി പറയുവാന്‍ ഡോക്ടര്‍മാര്‍ പ്രദര്‍ശിപ്പിക്കുന്ന മടി........ ഇങ്ങനെ അനവധി കാരണങ്ങള്‍ കൊണ്ട് കൂട്ടിരിപ്പുകാര്‍ വല്ലാത്ത മനപ്രയാസത്തിനടിമപ്പെടാറുണ്ട്.

ഇമ്മാതിരിയുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കും  വേദനകള്‍ക്കും ഇടയില്‍ നിന്നുകൊണ്ടാണ് കൂട്ടിരിപ്പുകാര്‍ പലപ്പോഴും രോഗികളെ ശുശ്രൂഷിക്കുന്നത്. അവരോട്  സ്നേഹവും ആദരവുമൊന്നും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും അപമാനവും നിന്ദയും അവര്‍ക്ക് കൊടുക്കാതിരിക്കാനെങ്കിലും നമ്മള്‍ ശ്രദ്ധിക്കണം. ഇനിയുള്ള കാലത്ത് സ്വന്തബന്ധുക്കളേക്കാള്‍ പല ഏജന്‍സികള്‍ തരുന്ന കൂട്ടിരിപ്പുകാരെ ആശ്രയിക്കേണ്ടി വരുമെന്ന സത്യവും നമ്മള്‍  തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അടുത്ത തലമുറയ്ക്ക്  മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍  പാലിക്കേണ്ട സാമാന്യ  മര്യാദയുടെ  കൊച്ചുകൊച്ചു പാഠങ്ങളെങ്കിലും പകര്‍ന്നു കൊടുക്കുന്നതില്‍ നമ്മള്‍ മനസ്സു വെച്ചേ തീരൂ. 

Thursday, January 17, 2013

എപ്പോഴും പാഠം പഠിക്കുന്നവര്‍ .... ........


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ഡിസംബര്‍ 29 നു  പ്രസിദ്ധീകരിച്ചത്. )

ആണുങ്ങളോട് മറുപടി പറഞ്ഞ പെണ്‍കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണത്രേ  ഇത്ര ക്രൂരമായി ഉപദ്രവിച്ചത്. ഈയിടെ ദില്ലിയിലുണ്ടായ  കൂട്ട മാനഭംഗത്തെ കുറിച്ചാണ്  ഈ പറയുന്നത്.  പുരുഷന്മാര്‍  മാത്രം യാത്രക്കാരായി കാണപ്പെട്ട ആ ബസ്സില്‍ സ്വന്തം പുരുഷ സുഹൃത്തുമൊത്ത് യാത്ര ചെയ്യുമ്പോഴായിരുന്നു ആ  പാഠം പഠിപ്പിക്കല്‍.  ബസ് ഡ്രൈവറുടെ സഹായികളും പരിചയക്കാരും ആയിരുന്നു  യഥാര്‍ഥത്തില്‍    യാത്രക്കാര്‍ എന്ന്  പെണ്‍കുട്ടിയും സുഹൃത്തും ബസ്സില്‍ കയറിയപ്പോള്‍ അറിഞ്ഞിരുന്നില്ല.  ആ മദ്യപരുടെ  അശ്ലീല കമന്‍റുകളില്‍ പ്രതിഷേധിച്ചതാണ് പെണ്‍കുട്ടിക്കു ഇത്ര വലിയ ശിക്ഷ ലഭിക്കുവാന്‍ കാരണം. പുരുഷനെ വേണ്ട മാതിരി  ബഹുമാനിച്ചില്ലെങ്കില്‍ കൂട്ട ബലാല്‍സംഗം തന്നെയാണ്  ജനാധിപത്യ ഇന്ത്യയിലും സ്ത്രീക്കുള്ള  ശിക്ഷ. 

സുഹൃത്തായ ആണ്‍കുട്ടിയേയും ആ ആണുങ്ങള്‍ വെറൂതെ വിട്ടില്ല. ഇമ്മാതിരി അവസരങ്ങളില്‍ സ്ത്രീയെ ക്രൂരമായി  ബലാല്‍സംഗം ചെയ്തും അവള്‍ക്കൊപ്പമുള്ള പുരുഷനെ  മാരകമായി അടിച്ചു പരിക്കേല്‍പ്പിച്ചും ആണല്ലോ  ബഹുമാനവും മേല്‍ക്കോയ്മയും  കൊതിക്കുകയും  ദാഹിക്കുകയും ചെയ്യുന്ന  ആണുങ്ങള്‍ അവരുടെ പൌരുഷത്തിന്‍റെ വലിയ വലിയ പാഠങ്ങള്‍ പഠിപ്പിക്കുക. സ്ത്രീയുടെ ഒപ്പമുള്ള പുരുഷനെ ഇത്തരം സന്ദര്‍ഭങ്ങളില്‍   ശക്തനായോ രക്ഷകനായോ പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള  മാതിരി ആണൊരുത്തനായോ കാണാറില്ലെന്നര്‍ഥം. മറ്റു പുരുഷന്മാര്‍ ആക്രമിക്കാത്തിടത്തോളം മാത്രമല്ലേ ഒരു പുരുഷന് ഒരു സ്ത്രീയുടെ രക്ഷകനായി, സ്വയം വിശ്വസിച്ചും പുറമേക്ക് അങ്ങനെ ഭാവിച്ചും കഴിഞ്ഞു കൂടാനാവൂ. സ്ത്രീകളുടെ  ഉടുപ്പിനേയും  നടപ്പിനേയും ശരീരത്തേയും രാത്രിയേയും മറ്റും വിമര്‍ശിച്ച്  വിലപ്പെട്ട സമയം കളയാതെ സ്വന്തം  ജീവിതത്തിലെ  ഈ യാഥാര്‍ഥ്യം തിരിച്ചറിയേണ്ടത് പുരുഷന്മാരുടെ  കടമയാണ്. അതുകൊണ്ടു തന്നെ സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷന്മാരെ ഒറ്റപ്പെടുത്തേണ്ടതിലും അവര്‍ക്കെതിരേ നിരന്തരം സമരം ചെയ്യേണ്ടതിലും നല്ലവരായ പുരുഷന്മാര്‍  ആത്മാര്‍ഥമായി പങ്കെടുക്കേണ്ടത്  അവരുടെ സുരക്ഷയ്ക്കും അത്യാവശ്യമാണ്.  
 
തലസ്ഥാന നഗരമായ ദില്ലിയില്‍ ഇതൊരു വാര്‍ത്തയായത് തന്നെ  വലിയ അല്‍ഭുതമാണ്. ടി വി ചാനലുകളുടെയും സോഷ്യല്‍ നെറ്റ് വര്‍ക്കുക്കളുടേയും  വര്‍ദ്ധിച്ച സ്വാധീനമാവാം ഒരു കാരണം.രാജ്പഥിലും ഇന്ത്യാഗേറ്റിലും വന്ന് പ്രതിഷേധിച്ചവരില്‍  അധികവും ഇരുപതുകളിലും മുപ്പതുകളിലുമുള്ള യുവതീയുവാക്കളായിരുന്നുവല്ലോ.റേപ് കാപ്പിറ്റല്‍ എന്നൊരു പേരു കൂടിയുള്ള ദില്ലിക്ക്  ഈവ് ടീസിംഗ് , ബലാല്‍സംഗം  എന്നിവയിലെല്ലാം ഒന്നാമതാണെന്ന റെക്കാര്‍ഡുകളാണുള്ളത്.  താരതമ്യേനെ സുരക്ഷിതമെന്ന്  അറിയപ്പെട്ടിരുന്ന മുംബൈ ഇപ്പോള്‍ അതിവേഗം ദില്ലിയെ പിന്തുടരുന്നുണ്ട്.    2001ല്‍,  ദില്ലിയിലെ  ഒരു ബ്ലൂലൈന്‍ ബസ്സില്‍  ഒരു സ്ത്രീ ഇതു പോലെ ബലാല്‍സംഗം ചെയ്യപ്പെടുകയുണ്ടായി. 2002 ല്‍  മൌലാനാ ആസാദ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയും 2003 ല്‍   സ്വിസര്‍ലാന്‍ഡ് സ്വദേശിയായ നയതന്ത്രജ്ഞയും 2005 ല്‍  ഡെല്‍ഹി  യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയും നാലു മാസം ഗര്‍ഭിണിയായ ഒരു വീട്ടമ്മയും ഇതുപോലെ ക്രൂരമായ ബലാല്‍സംഗത്തിനു ഇരയായിരുന്നു. 2010 ല്‍ ഒരു കോള്‍സെന്‍റെര്‍ ജോലിക്കാരിക്കായിരുന്നു ഈ ക്രൂരത നേരിടേണ്ടി വന്നത്.  ഈ സംഭവങ്ങളെല്ലാം നടന്നത് ദില്ലിയുടെ മര്‍മ്മ പ്രധാനമായ സ്ഥലങ്ങളില്‍ തന്നെയായിരുന്നു.   ബലാല്‍സംഗത്തിനെതിരേ പ്രതിഷേധം കത്തിപ്പടരുന്ന ഈ ദിവസങ്ങളില്‍ പോലും മൂന്നു വയസ്സായ കുഞ്ഞിനെ  ബലാല്‍സംഗം ചെയ്ത ക്രൂരതയും ദില്ലിയില്‍ തന്നെ ഉണ്ടായി.  വെറുതെയാണോ സ്ത്രീകളെയും പെണ്‍കുട്ടികളേയും സംബന്ധിച്ച് ലോകത്തിലെ ഏറ്റവും  അപകടം നിറഞ്ഞ രാജ്യങ്ങളുടെ എണ്ണമെടുത്താല്‍  ഇന്ത്യയ്ക്ക് അതില്‍ നാലാം സ്ഥാനമുണ്ടാവുന്നത്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഹരിയാനയില്‍ മുപ്പതു ദിവസത്തിനുള്ളില്‍ പതിനട്ടോളം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. ബീഹാറില്‍ എട്ട് വയസ്സായ  പെണ്‍കുഞ്ഞിനെ ബലാല്‍ സംഗം ചെയ്ത്  വധിച്ച ശേഷം  പുഴയില്‍ ഒഴുക്കിയത് ഈ  അടുത്ത ദിവസങ്ങളില്‍  തന്നെയാണ്.  സിലിഗുരിയിലാവട്ടെ പത്തൊമ്പതുകാരിയായ യുവതിയെ ബലാല്‍ക്കാരത്തിനു ശേഷം മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു. സൌമ്യ എന്നും ഉണങ്ങാത്ത ഒരു മുറിവായി ഈ കൊച്ചുകേരളത്തിന്‍റെ മുന്നിലുണ്ടല്ലോ. രാജ്യം മുഴുവനും  ഇത്തരം ദുസ്ഥിതിയുണ്ടെങ്കിലും പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതായി അഭിനയിച്ച് ശീലിച്ച    സാമൂഹിക വ്യവസ്ഥിതി തുടര്‍ന്നും ഇങ്ങനെ അഭിനയിച്ചു കൊള്ളുമെന്ന് നമ്മുടെ  തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്  നന്നായി അറിയാം. അവരും ഈ വ്യവസ്ഥിതിയുടെ തന്നെ ഭാഗങ്ങളാണല്ലോ. അതുകൊണ്ടാണ് ജനപ്രതിനിധികളൂടെ താല്‍പര്യത്തില്‍ പുതിയ നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടാകാത്തത്. ഫാസ്റ്റ് ട്രാക്ക് കോടതികള്‍  അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ വര്‍ഷങ്ങളായി കടലാസ്സില്‍ ഉറങ്ങുന്നത്.  വിത് യൂ  ഫോര്‍ യൂ  ആള്‍ വേയ്സ്, കാവല്‍  എന്നൊക്കെ മനോഹരമായ പേരുകളില്‍ അറിയപ്പെടുന്ന നമ്മൂടെ  പോലീസ് ഇരകളെ ഭയപ്പെടുത്തുകയും അവിശ്വസിക്കുകയും അകറ്റി നിറുത്തുകയും ചെയ്യുന്നത്.  പ്രതിപക്ഷം കളവ് പറയുകയാണ്, എന്‍റെ സംസ്ഥാനത്തില്‍ ബലാല്‍സംഗം നടന്നിട്ടേയില്ല എന്ന് പറയാനാവുന്ന ഒരു  വനിതാ മുഖ്യമന്ത്രി ഉണ്ടാവുന്നത്. സംഭവിച്ച ദുരന്തത്തില്‍  പ്രതിഷേധമറിയിക്കുന്ന, പരിഹാരം തേടുന്ന ജനതയെ തല്ലുകയും ഉപദ്രവിക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്യാന്‍  ജനതയുടെ രക്ഷകരെന്ന് കള്ളപ്പേരുള്ള പോലീസിനെ ഉപയോഗിക്കുന്നത്.  ഒരു ദുരന്തമുണ്ടാവുമ്പോള്‍ കുറച്ച്  മുതലക്കണ്ണീര്‍ത്തടാകങ്ങള്‍ ഉണ്ടാക്കുക മാത്രം ചെയ്ത്, എല്ലാവരും ഒരുമയോടെ  അടുത്ത ദുരന്തത്തിനു കാത്തിരിക്കുന്നത്. 

കഴിഞ്ഞ  നാല്‍പതു വര്‍ഷങ്ങളായി അതായത് 1971 2011 കാലയളവില്‍ ഇന്ത്യാ മഹാരാജ്യത്തില്‍   ബലാല്‍സംഗം  792%  ആണ് വര്‍ദ്ധിച്ചത് .  കഠിനമായ കുറ്റകൃത്യങ്ങളായി കരുതപ്പെടുന്ന  കൊലപാതകം  106%വും  മോഷണവും തട്ടിക്കൊണ്ടു പോകലും  296 % വും ആണ്  വര്‍ദ്ധിച്ചതെന്നറിയുമ്പോഴാണ് സ്ത്രീകളോടുള്ള നമ്മുടെ പെരുമാറ്റം എത്രമാത്രം നികൃഷ്ടമായിത്തീരുന്നുവെന്ന് വെളിവാകുന്നത്.  സ്ത്രീകളുടെ നേരയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നത് ശിക്ഷ ലഭിക്കാനുള്ള കാലതാമസമാണ്. മറ്റൊരു കാരണം വളരെ നിസ്സാരമായ സാങ്കേതികതകളുടെ പേരും പറഞ്ഞ് കുറ്റവാളികളെ രക്ഷപ്പെടാന്‍  അനുവദിക്കുന്ന നമ്മുടെ  നിയമവ്യവസ്ഥയിലെ പഴുതുകളാണ്. ഏതു  പെണ്ണിനെയും  ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍  ഏതൊരു പുരുഷനും ജന്മസിദ്ധമായ അധികാരമുണ്ടെന്ന  അടിയുറച്ച സമൂഹ വിശ്വാസമാണ്.

ബലാല്‍സംഗം പോലെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നമ്മുടെ പോലീസുകാര്‍  വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്.  പോലീസുകാരില്‍ ഭൂരിപക്ഷവും കരുതുന്നത് മിക്കവാറും എല്ലാ ബലാല്‍സംഗവും സ്ത്രീകളുടെ സമ്മതത്തോടെയാണ് നടക്കുന്നതെന്നാണ്. തെഹല്‍ക്ക മാഗസിന്‍ നടത്തിയ ഒരു പഠനത്തില്‍ പോലീസുകാരുടെ ഈ മനോഭാവം ഭംഗിയായി  വ്യക്തമാക്കപ്പെടുന്നുണ്ട്. അതനുസരിച്ച് എഴുപതു ശതമാനം ബലാല്‍സംഗങ്ങളും സ്ത്രീകളുടെ അനുമതിയോടെ നടക്കുന്ന ലൈംഗികബന്ധങ്ങളാണ്. ബാക്കിയുള്ളത് ആവശ്യപ്പെട്ട രൂപ  കൊടുക്കാന്‍  പുരുഷന്‍ തയാറാവാതെ വരുമ്പോഴും ലൈംഗികബന്ധം ആരെങ്കിലും കാണാനിടയാവുമ്പോഴും ആണ് ബലാല്‍സംഗമായി തീരുന്നത്. ബലാല്‍സംഗം ഒരു ബിസിനസ്സായികൊണ്ടു നടക്കുന്ന പെണ്ണുങ്ങള്‍ മാത്രമേ താന്‍  ബലാല്‍സംഗം  ചെയ്യപ്പെട്ടൂ എന്ന് പരാതി പറയുകയുള്ളൂവത്രെ! ഇത്രയും സ്ത്രീ വിരുദ്ധമായ മനോഭാവമുള്ള പോലീസുകാരില്‍ നിന്ന് എന്തു നീതിയാണ് നമ്മള്‍ സ്ത്രീകള്‍ പ്രതീക്ഷിക്കേണ്ടത്. പോലീസുകാരും അല്ലാത്തവരുമായ പുരുഷന്മാര്‍  ചെയ്യുന്ന ബലാല്‍ക്കാരങ്ങളെ ന്യായീകരിക്കാന്‍ ഇതിലും പറ്റിയ വാദമുഖങ്ങള്‍ ഇല്ലല്ലോ.

ഈയിടെ നന്നെ കൊച്ചുകുട്ടികളുടെ ഒരു ടി വി ഷോ കാണാനിടയായി. ഒരു  ആറു വയസ്സുകാരി കൊഞ്ചിപ്പറയുന്നു. ആണ്‍കുട്ടികള്‍ ഒറങ്ങുമ്പോ നമ്മള്‍  ശല്യപ്പെടുത്താന്‍ പാടില്ല , കാരണം ഒറക്കത്തിലു അവര്‍ ധ്യാനിച്ച് ദൈവത്തിന്‍റെ  അടുത്ത്  നിന്ന്  ശക്തി നേടുകയാണത്രെ! എന്തിനാ ആണ്‍കുട്ടികള്‍ അങ്ങനെ ശക്തി നേടുന്നത് എന്ന ചോദ്യത്തിനു  അവളുടെ ഉത്തരം. നല്ല പെണ്‍കുട്ടികളെ രക്ഷിക്കുവാനാണത്രെ! ഭാഗ്യത്തിനു  ആരാണു നല്ല പെണ്‍കുട്ടി എന്ന് ആ അനൌണ്‍സര്‍ ചോദിച്ചില്ല. പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍  അങ്ങനെ ധ്യാനിച്ചാല്‍ ദൈവം ശക്തി കൊടുക്കുകയില്ലേ എന്നും ആ  അനൌണ്‍സര്‍  ചോദിച്ചില്ല. ആണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ ശല്യപ്പെടുത്തരുത്  എന്നു തുടങ്ങുന്ന ഇത്തരം ആശയങ്ങളാണ്   ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ നല്ല ഭക്ഷണം, കൂടുതല്‍  നല്ല വിദ്യാഭ്യാസം, കൂടുതല്‍ സ്വത്തവകാശം.... അങ്ങനെ എല്ലാ നിലയിലും നീണ്ടു വളര്‍ന്ന് ആണ്‍പെരുമ ഊട്ടിയുറപ്പിക്കുന്നത്.  കൊച്ചുകുട്ടികളുടെ മനസ്സില്‍പ്പോലും ഇമ്മാതിരി വികല ചിന്തകള്‍ കുത്തിവയ്ക്കുന്ന    സമൂഹവും അവരുടെ മാതാപിതാക്കന്മാരും   കാലങ്ങളായി കണ്ണടച്ച് ജീവിച്ചതിന്‍റെയും ഇപ്പോഴും അങ്ങനെ ജീവിക്കുന്നതിന്‍റെയും തിന്മകളാണ് നമ്മള്‍ കാണുന്നതെല്ലാം. 

നാഷ്ണല്‍ കമ്മീഷന്‍ ഓഫ്  വിമന്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്‍റ് തുടങ്ങി  സ്ത്രീ ശാക്തീകരണത്തെ പറ്റി വാദിക്കുന്നവര്‍ പോലും ഈ ആറു വയസ്സുകാരിയെപ്പോലെ,  സ്ത്രീകള്‍ ജന്മനാ അരക്ഷിതരാണെന്ന മട്ടിലാണ് എപ്പോഴും സംസാരിക്കാറ്. സ്ത്രീ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീ പോലീസ്, സ്ത്രീ കളക്ടര്‍, സ്ത്രീകള്‍ മാത്രം ബസ്സ്…….  അങ്ങനെ അങ്ങനെ സ്ത്രീകള്‍ മാത്രം ഉള്ള ഒരു നാട്....... അതു മതിയോ? എന്തുകൊണ്ടാണ് ഒരു പുരുഷ പോലീസിനും പുരുഷ കളക്ടര്‍ക്കും പുരുഷന്മാരുള്ള ബസ്സിനും സ്ത്രീകള്‍  അപമാനിതരാകുന്നതിന്‍റെ  വേദന മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കരുതേണ്ടി വരുന്നത്? അത്തരം ഉദ്യോഗസ്ഥ വീര പുരുഷന്മാരെ  ശിക്ഷിക്കാനാവാത്തത്ര ദുര്‍ബലമായ നിയമ വ്യവസ്ഥയാണോ നമ്മുടേത്? സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ നല്‍കുന്നതു മാത്രമാണോ  പുരുഷന്മാരുടെ ഉത്തരവാദിത്തം ?  ബലാല്‍സംഗം  അതനുഭവിക്കേണ്ടിവരുന്ന ഒരു  പെണ്ണിന്‍റെ അല്ലെങ്കില്‍ ഒരു പെണ്‍കുഞ്ഞിന്‍റെ മാത്രം ശാരീരിക പ്രശ്നമാണോ?

സ്ത്രീകള്‍ക്ക്  പ്രത്യേക സംരക്ഷണവും കാവലും അല്ല ഉണ്ടാകേണ്ടത് ,പകരം  സ്ത്രീയും പുരുഷനുമടങ്ങുന്ന മൊത്തം സമൂഹത്തിനു കൃത്യമായ ബോധവല്‍ക്കരണവും ഉറപ്പുള്ള നിയമങ്ങളും ആ നിയമങ്ങളെ നടപ്പിലാക്കാനാവശ്യമായ കരളുറപ്പുള്ള ഭരണവുമാണ്  വേണ്ടത്. നിയമം അതിന്‍റെ  വഴിക്ക്   മെല്ലെ മെല്ലെ നടന്ന്  കുറ്റവാളികളെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്തുകൊള്ളുമെന്ന്  പറയുന്ന ഒരു ഭരണകൂടമല്ല  നമുക്ക്  ആവശ്യം. കുറ്റവാളികള്‍ ആരു തന്നെയായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തുന്ന ഭരണകൂടമാണ്.  അതോടൊപ്പം അനിയന്ത്രിതമായ   സൌജന്യങ്ങളും അവസാനമില്ലാത്ത അവകാശങ്ങളും ആണ് പൌരുഷമെന്ന തെറ്റായ ധാരണയില്‍  നിന്ന് പുരുഷന്മാരും സ്ത്രീകളും  സ്വയം മുക്തരാവുകയും അടുത്ത തലമുറയെ മുക്തരാക്കാന്‍ വേണ്ട വിവരം നേടുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പെണ്‍കുട്ടിയെ ഒഴിവാക്കേണ്ട ഭാരമായും ആണ്‍കുട്ടിയെ തപസ്സു ചെയ്ത് നേടേണ്ട ധനമായും കാണുന്ന നമ്മുടെ മനസ്ഥിതി സ്ത്രീയെ അതീവ നിസ്സാരമായ ഒരു  ചരക്കായി കാണാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നു.  താണു വണങ്ങി പെണ്ണെന്ന അരക്ഷിതത്വം ഒരു  പേസ്റ്റ് പോലെ മുഖത്തു പൂശി നില്‍ക്കാത്തവളെ ഒതുക്കിയില്ലെങ്കില്‍  നമുക്ക് ഒരു ജനതയെന്ന നിലയില്‍  തന്നെ മനസ്സമാധാനം ഇല്ല. പെണ്ണ് അടങ്ങിയൊതുങ്ങിക്കഴിയണം അല്ലെങ്കില്‍ അങ്ങനെയൊക്കെ ഉണ്ടാവും എന്ന് ഒരിക്കലെങ്കിലും പറയുകയും ആ വചനത്തില്‍  ഉറച്ചു വിശ്വസിക്കുകയും ചെയ്യാത്തവര്‍ തീവ്ര വിപ്ലവത്തിന്‍റെ  ഇടത്തേ അറ്റത്തു പോലുമുണ്ടാവാറില്ല.

ബാഹ്യലോകം മാറിയ വേഗതയില്‍  ആന്തരികലോകം മാറാത്തതുകൊണ്ട്  തന്‍റെ  അവസരങ്ങളും ഉയര്‍ന്ന സ്ഥാനവും ഇത്തിരിയെങ്കിലും പങ്കിടാന്‍ വരുന്നവളോടുള്ള  വെറുപ്പും വൈരാഗ്യവും പലപ്പോഴും പുരുഷന്മാരുടെ പ്രവൃത്തികളിലും  പെരുമാറ്റത്തിലും വാക്കുകളിലും ചിന്തകളിലും ദൃശ്യമാവുന്നുണ്ട്.  മാതാപിതാക്കന്മാര്‍ക്കും  തീര്‍ച്ചയായും സമൂഹത്തിനും  പുരുഷന്‍റെ  മേല്‍ക്കോയ്മയില്‍  സംഭവിക്കാന്‍  തുടങ്ങുന്ന ഈ അല്‍പ മാറ്റങ്ങളുമായി പൊരുത്തപ്പെടുവാന്‍ സാധിക്കണം. ഇതൊരു വലിയ ഉത്തരവാദിത്തമാണ്. നിയമങ്ങള്‍ പഴുതില്ലാത്തവയാവുകയും അവ  കര്‍ശനമായി നടപ്പിലാക്കപ്പെടുകയും ചെയ്യുന്നതോടൊപ്പം രാഷ്ട്രീയമായ ഇച്ഛാശക്തിയുള്ള, സമര സജ്ജമായ  ജനതയും,  ഉത്തരവാദിത്തമുള്ള  ഭരണകൂടവും  പ്രതിബദ്ധതയുള്ള മാധ്യമങ്ങളും ഉണ്ടായേ മതിയാകൂ.   

പുര കത്തുമ്പോഴുള്ള വാഴ വെട്ടല്‍ അഭിനയം എല്ലാവരും നിറുത്തേണ്ട കാലം എന്നേ കഴിഞ്ഞു....

Wednesday, January 9, 2013

ത്രിവേണി ഒഴുകും കാലം .... .......


http://www.chintha.com/node/138951            
                      
                 

(2013 ജനുവരിയിലെ തര്‍ജ്ജനി മാസികയില്‍ വന്ന  കഥ.)
                  
തീരെ ആവതില്ല തന്തയ്ക്ക് ന്ന് വല്യ ഡോക്ടറ് മൊഖത്തോക്കി പറഞ്ഞപ്പളാണു ഞാന്‍ സമ്മതിച്ചത്. തീട്ടോം  മൂത്രോം എത്ര വേണങ്കിലും കോരാം. അതിനൊക്കെള്ള മനസ്സ്ണ്ടെങ്കിലും ആവതുള്ള ഇത്തീരി  ആരോഗ്യള്ള ഒരു തന്തേ നോക്കാന്‍ നിക്ക് പറ്റ് ല്യാ. ലേശങ്കിലും ആവതുണ്ടെങ്കി  തോണ്ടലും പിച്ചലും അമക്കലുമൊന്നുല്ലെങ്കിലും സാധിച്ചാ ഏതു  തന്തേം മങ്ണി  ഒന്ന്  അനക്കി കാണിക്കാണ്ടിരിക്കില്ല. വെട്ടുവഴീല് തെണ്ടി നടക്കണോനായാലും കാറിലും വിമാനത്തിലും കേറണ കോന്തപ്പനായാലും ആ കാര്യത്തില്  ഒരു മാറ്റല്യ. അനക്കാന്‍ പറ്റണില്ലെങ്കി  ഒന്ന് മാന്തിക്കാണിക്കും. എരപ്പകള് ! അതു കണ്ടാ അപ്പോ വരും നിക്ക് കലി. എത്ര ആണങ്ങള് ടെ ചൊറിച്ചില് മാറ്റീതാന്നോ ഞാന്‍. കാശും കൂടി തരാണ്ട് കടി  മാറ്റിയോര്ണ്ട് , ഇഷ്ടം പോലെ. ഇതിപ്പോ ആ വകയൊന്നും പേടിക്കണ്ട. തീരെ ആവതില്ല. അധികം  കാലം സുസ്രൂഷിക്കണ്ടി വര് ല്ല. അപ്പളേക്കും ദൈവം വിളിക്കുംന്നാണു വല്യ ഡോക്ടറ് പറഞ്ഞത്.   

വല്യ  ഡോക്ടറ്ക്ക് ലേശം പ്രാന്തുണ്ട്ന്ന് നിക്ക് പലപ്പോളും തോന്നിട്ട്ണ്ട്.  ങ്ങനെ  ആര്ക്കും വേണ്ടാത്ത തന്താരേയും തള്ളാരേയും എവടന്ന്  താങ്ങിക്കൊണ്ട് വരണൂന്നറില്ല.  ദെവസോം ഒന്ന്  രണ്ട് ആളേ ങ്കിലും പുതീതായി സുസ്രൂഷിക്കാന്‍ കിട്ടാണ്ടിരിക്കില്യാ .ചെലപ്പോ ന്നെപ്പോലെ ആരുല്ലാത്തോര്  വയറ്  നെറയെണ്ടാവും  വല്യ  ഡോക്ടറ് പായണേടത്തൊക്കെ. അവടന്ന് കിട്ടണതാവും. 

എല്ലാ  നയ്സുമാര്ക്കും   ആയമാര്ക്കും  വല്യ  ഡോക്ടറോട്  ഇത്തിരി കുണുക്കോം കൊഞ്ചലും  കൂടുതല്  തന്ന്യാ  . വന്ന ദിവസം തന്നെ നിക്കത് തിരിഞ്ഞു.  ആയമാര്ക്ക്   എല്ലാവര്ക്കും ന്നേലും അധികം പ്രായണ്ട്.  ഒരു നാപ്പത്തഞ്ച് അയ് മ്പതൊക്കെ ണ്ടാവും.  നയ്സ്മാരൊക്കെ ഇരുവത്  ഇരുവത്തഞ്ച് ആയിട്ടേള്ളൂ. അത് ന്‍റെ  ഒരു  പൊട്ടിച്ചിരീം ബഹളോം കൊഴാമറിച്ചിലും ഒക്കെ ആസ്പത്രീല്ണ്ട്. വല്യ ഡോക്ടറ് ഒന്നു വിളിക്കാന്‍ കാത്തിരിക്ക്യാണ് എല്ലാ ആയമാരും നയ്സ്മാരും. ഒന്നു വിളിച്ചാ അപ്പത്തന്നെ ഓടി  വരാം എന്ന് പറ്റണ മാതിരിയൊക്കെ എല്ലാരും പറേണുണ്ട്. 

 ഞാനിങ്ങനെ  ഒരു  ചെറ്റത്തരം  വിചാരിക്കണുണ്ടെന്ന്  ആരും അറിയണ്ട. ജോലിക്ക് വന്ന് ട്ട് അധികായില്ലല്ലോ. ബാക്കി  പെണ്ണങ്ങളൊക്കെ  കൂടി ന്നെ കൊത്തിയരിഞ്ഞു  കൂട്ടാന്‍ ണ്ടാക്കും .  ന്‍റെ കഴിഞ്ഞ കാലത്തെ കാര്യങ്ങള്  അറിഞ്ഞാ   പിന്നെ വല്യ പാതിവര്‍ത്യം  പറയണോരാവും ഇവരൊക്കെ.  വല്യ  ഡോക്ടറ്  ഈ പെണ്ണങ്ങള്ടെ  എളക്കോന്നും  അറിയാത്ത പോലെ  എല്ലാരോടും സമത്തില്  പെരുമാറും. ന്നാലും  അഞ്ചുവയസ്സായ   കൊച്ചിന്‍റെ മാതിരി ഒരു  ചിരീം  ഡെട്ടോളിന്‍റേം ഇസ്പിരിട്ടിന്‍റേം ഒക്കെ ഒരു മണോം  ആയിട്ട് തല  ങ്ങനെ നീര്‍ത്തിപ്പിടിച്ച്  നടന്ന്  വരണത്  ഒരു വരവ് തന്ന്യാ.. ആര്ക്കും  തോന്നും ഒരെളക്കം. കണ്ണ് നിറച്ച് കാണുമ്പോ ന്നെ ഒരു കുളിരാ. അറിയാണ്ട്  വെരലോ കൈയോ ഒന്നു മുട്ട്യാലോ..... കറണ്ടടിക്കണ മാതിരി....  അതൊര്  സുഖം തന്ന്യാണ്.   ങാ,  അതു പോട്ടെ.

നല്ല ആണൊരുത്തന്‍റെ ഒപ്പം കഴിയാനും വേണം ഒരു യോഗം, അധികം ആണങ്ങള്‍ക്കും കൊറച്ച് രോമോം  ഒരു മങ് ണീം  മാത്രല്ലേ ള്ളൂ.  വേറെ ഒരു ഒലക്കേം ഇല്യാലോ തമ്പേറടിക്കണ ചേല്ക്ക്.

രണ്ട്.

തന്ത കെടക്കണത്  ത്തിരി കഷ്ടം തന്ന്യാ. ഇട്ട് മൂടാന്‍ കാശൊക്കെണ്ട്, ധാരാളം.  മക്കള്  ഒക്കെ പൊറം നാട്ടിലാ. അവര്ക്ക്  ങ്ങനെ  വന്നു നിക്കാന്‍ പറ്റ് ല്യാ.  അതല്ലേ , ഈ ഓസ്പീസിലാക്കിത്.  ഞാന്‍ പഠിച്ച ഒരു പുത്യ  വാക്കാ ഓസ്പീസ്. ആസ്പത്രിയല്ല , മലയാളത്തിലാക്ക്യാ  വേറെ ഒന്നും....   ന്ന് ച്ചാ ഒരു  ചികില്‍സേം ചെയ്യാന്‍ ഇല്ലാണ്ട്  ചാവാന്‍ കെടക്കണോര്  കാലനേം  നോറ്റിരിക്കണ ഒരു സ്ഥലം ന്ന്  പറയാം.  

 നല്ല   കെട്ടിടങ്ങളാ.  ടൈലൊക്കെ ഇട്ട്,  പെയിന്‍റടിച്ച് കുട്ടപ്പനാക്കീട്ട്ണ്ട്. നല്ല വെടിപ്പും വൃത്തീം.  കേമായിട്ടൊരു പൂന്തോട്ടത്ത്ന്‍റെ ചുറ്റും ആണ് കെട്ടിടങ്ങളൊക്കേം. ഈ തന്താരേം തള്ളാരേം സുസ്രൂ ഷിച്ച് പ്രാന്ത്ട്ക്കുമ്പോ പൂന്തോട്ടത്ത് ല് നോക്കി സന്തോഴിക്കാം. കിളികള്  അവീടെര്ന്ന്  പാട്ട് പാടണത് കേക്കാം. വൈന്നേരായാ  ഒരു ചൊമട്  പൂക്കള് ടെ വാസനേം  പെരട്ടി കുളിര്ള്ള  തണത്ത കടല്‍ക്കാറ്റ്  ങ്ങനെ വീശും. അതും ഒരു ഭാഗ്യന്നെ . നിക്കൊക്കെ ല്ലാം  ഭാഗ്യല്ലേ?  ചോറ് കിട്ടിയാ ഭാഗ്യം, സാരി കിട്ടിയാ ഭാഗ്യം…. പെറാന്‍ പറ്റിയാ ഭാഗ്യം...   ഒക്കെ ഭാഗ്യം.

സ്പോഞ്ച്,  സോപ്പ് വെള്ളത്തിലു മുക്കി  ആദ്യന്നെ ഭംഗീല്  തൊടപ്പിച്ചു. കാലുമ്മേം  കൈയിമ്മേം  നെഞ്ചത്തും മാത്രല്ല,  പൊറത്തും ചന്തീലും കാലിന്‍റേടേലും മങ്ണീലും ഒക്കെ  തൊടച്ചു. കണ്ട ആണങ്ങളെ ഇങ്ങന്യൊക്കെ  തൊടപ്പിക്കാന്‍ യോഗള്ളപ്പോ അറച്ചിട്ടും  വെറ് ത്തിട്ടും ന്താ കാര്യം ? അത് പോട്ടെ. ..

എത്രായിട്ടും തന്ത  ഒരക്ഷരം  പറഞ്ഞ് ല്ല, ഇത്തിരീശ്ശെ  ഞരങ്ങണ്ട്. വേദന എടുക്കുന്ന്ണ്ടാവും...  ആവോ?  

അപ്പാപ്പന് വേദനീണ്ടോ?’
 
അപ്പാപ്പാ   

ഒന്നും പറയണില്ലല്ലോ, ദൈവമേ...

മേല് അത്ര  പൊട്ടല് ഒന്നും കണ്ട്  ല്ല. എന്നാലും കൊറച്ച്ണ്ട്. അതൊക്കെ വല് തായി പഴുക്കാണ്ടിര്ന്നാ മത്യാര്ന്നു.  തിരിച്ചും  മറിച്ചും കെടത്താന്‍ പാട് തന്ന്യാ . എന്ത് തന്തപ്പടി  ആയാലും ആണൊരുത്തനല്ലേ. ആയ കാലത്ത് നല്ല ആരോഗ്യോം  സൌന്ദര്യോം ഒക്കെ ണ്ടാരുന്ന പോലെണ്ട്. ചുക്കി ചുളുങ്ങീട്ടും ദേഹത്തിനും മൊഖത്തിനും ഒക്കെ നല്ല ഐശ്വര്യം! ചെലപ്പോ ഒടുക്കത്തെ  ഐശ്വര്യാവും.

തൊടപ്പിച്ചിട്ട്  ആ പവുഡറ്  ഇടാനാണു ഡോക്ടറ്  പറഞ്ഞത്.  അതൊരു ഇസ്പെഷല്  പവുഡറാ. നാറ്റം വര് ല്ല, പഴുപ്പോ തൊലീല് ചൊറിയോ ചെരങ്ങോ ഒന്നും ണ്ടാവ് ല്ല, ന്നൊക്കെ പറഞ്ഞു തന്നണ്ട്. പത് ക്കെ പത് ക്കെ ഇട്ട് മേല് തടവി പറ്റിക്കാ. 
 
അപ്പാപ്പാ, എന്തേ എന്താ കൈയിമ്മെ പിടിക്കണ് ? വേദനീണ്ടോ? മെല്ലെന്യാവാം.
 
കൈ വിടണില്ല. നല്ല ബലം തന്തേടെ, കൈയിനു ഇപ്പളും . 

ദൈവമേ, ന്‍റെ കൈ നെഞ്ചത്ത് അമക്കി  വെച്ച്, കണ്ണടക്ക്യാ . പേടിയാവണുണ്ടാവോ  തന്തയ്ക്ക്.....ചാവാന്‍ നേരായോര്ക്ക്  ങ്ങനെ  പേടി കൂടുംന്ന് കേട്ട്ണ്ട്. 

ദേ, ഒറങ്ങി. അയ്യോ! പാവം. നല്ലോണം ഒറങ്ങട്ടെ. എന്നിട്ട്  മതി കൈയെടുക്കല്. ഈ കൈയും എടുത്ത് ഇപ്പോ തെരക്കായിട്ട് കളക്ടറുദ്യോഗം ഭരിക്കാനൊന്നും പോണ്ടല്ലോ എനിക്ക് .    
    
മൂന്ന് 

തന്തേടെ മോളാണ് ഫോണ്‍ വിളിച്ചത്. സ്വന്തം അച്ഛനെ നോക്കണ പോലെ നോക്കണംന്നാണ് അവര്ക്ക്  പറയാള്ളത്. നല്ല കാര്യായി. അവര്ക്ക്  ആ നാട്ടീന്ന്  അനങ്ങാന്‍ പറ്റാത്തത്ര തെരക്കും ബുദ്ധിമുട്ടും പ്രയാസോം  ഒക്കെണ്ട്. അതല്ലേ ന്നെ വിളിച്ച്  ഇവ്ടെ നിറുത്തീരിക്കണത്.  ഞാന്‍ ഒന്നും മി ണ്ടീല്ല.  നിക്കിങ്ങനെ വെറുതെ ഭംഗിക്ക് പറയണോരോട് ഒരക്ഷരം മിണ്ടാന്‍ തോന്ന് ല്ല. ഈ തന്ത ന്‍റെ സൊന്തം അച്ഛനാവോ ഈ ജമ്മത്ത്........ ആയാ പിന്നെ തന്തേ നോക്കണേന് നിക്ക് കാശ് കിട്ടോ? വല്യ ഡോക്ടറ് തരണതിലും കൊറച്ചും കൂടി രൂപ വേറെ അയച്ചരാം, സ്പെഷലായിട്ട് നോക്കണം ന്ന് ആ മോള്  ന്നോട് പറയോ?

അപ്പോ ഈ തന്ത അവരടെ മാത്രം സ്വന്തം അച്ഛനാ. 

നിക്കിപ്പോ  ന്‍റെ അച്ഛന്യൊന്നും ഓര്‍മ്മ വരാറില്ല. ഓര്‍ക്കാന്‍ മാത്രം ന്ത് ഒലക്ക്യാ  കിട്ടീത്? ഒന്നും കിട്ടീല്ല. അതൊന്നും ഓര്‍ക്കണ്ട.  ചത്ത് കെട്ട് പോയോര്  ന്‍റെ അമ്മ്യേ  ഒറ്റച്ചവിട്ടിനു  കൊന്നൂന്നും  പിന്നേം ആരാണ്ട് പെണ്ണങ്ങളെ ഒക്കെ കെട്ടീന്നും  ഒടുക്കൊടുക്കം ഏതാണ്ട് കള്ളു ഷാപ്പീ കെടന്ന് ചത്തൂന്നും ഒക്കെ ന്താപ്പോ ത്ര  കേമായിട്ട് ഓര്‍ക്കാന്‍ ള്ളത്?  

അയ്യയ്യോ  ! ദേ മൂത്രം വരണുണ്ടല്ലോ തന്തയ്ക്ക്. ...  

അപ്പാപ്പാ ഒഴിക്കല്ലേ, ചതിക്കല്ലേ .... ഞാനിപ്പോ മുള്ളക്കോപ്പ കാണിക്കാം.  ദേ, ഇതിന്‍റുള്ളില്‍ക്ക്  ഒഴിക്ക്..  

അയ്യേ!  ദേ ചാടിപ്പോയി... അപ്പടി  മൂത്രോം  കെടക്കേലു വീണില്ലേ? ഇത്ര ബലല്ല്യേ മങ്ണിക്ക് ?  
അയ്യയ്യോ. ... ദേ , ന്‍റെ കഴുത്തിലു  പിടിച്ചോ , ന്ന്ട്ട്  പത് ക്കെ പത്ക്കെ  .....ദേ, ഇത്തിരി നീങ്ങ് ... ഈ വിര്യാ മാറ്റി വേറെ, .... ദേ, ഇത് വിരിക്കട്ടെ... ഒന്നു ചെരിഞ്ഞേ .. ആ ങ്ങനെ ... പത് ക്കെ .കെടന്നൊ.. കെടന്നോ... സ്പോഞ്ചോണ്ട് തൊടപ്പിക്കാം.. 

സാരല്യാ.. പോട്ടെ.. ഇനി ഞാന്‍ സൂക്ഷിച്ച് ഒഴിപ്പിച്ചോളാം.  

തന്തേടെ മൊഖത്ത് ഒരു വെഷമം ണ്ടോ?  ചെലപ്പോ വെറുതേ തോന്നണതാവും. അല്ലല്ല , ദേ മൂടല് ള്ള കണ്ണില്  ന്ന്  വെള്ളം വര്ന്ന്ണ്ട് .

ഞാന്‍ ആ ചുളുങ്ങ്യ നെറ്റീലും കഷണ്ടിത്തലേലും  ഒക്കെ തടവി.  മൊഖം ന്‍റെ  രണ്ട് കൈപ്പത്തിം കൂമ്പിച്ച്  പൊത്തിപ്പിടിച്ചു. 

സാരല്യാ.... വെഷമിക്കണ്ട. എല്ലാര്ക്കും  വയസ്സാവുമ്പോ സൂക്കേട് വരുമ്പോ ങ്ങനെയാ. തൂറലും മുള്ളലും തന്ന്യാ  മനുഷ്യര്ടെ  ഏറ്റോം വലിയ വെഷമം.   അപ്പാപ്പന്‍ ഇപ്പോ ഒട്ടും  വെഷമിക്കണ്ട. ഞാന്‍ നോയ് ക്കോളാം.  നല്ല ധൈര്യായിട്ട് മൂത്രം ഒഴിക്കേ അപ്പീടേ ന്താന്ന് വെച്ചാ ചെയ്തോ...

കരയേ സങ്കടാവേ ഒന്നും  വേണ്ട... ഞാന്‍ ഇല്ല്യേ  ....  

ഞാന്‍  ഈ താടിമീശൊക്കെ  ഒന്നു വടിച്ച് കുട്ടപ്പനാക്കട്ടേ? സമ്മതിച്ചോ?ന്ന്ട്ട്  പവുഡറ് ട്ട് സുന്ദരനാക്കാം ...
 
 കുളിമുറീലിരിക്കണ ബ്ലേഡിന് അത്ര മൂര്‍ച്ചല്ല്യ, ന്നാലും പത് ക്കെപ്പത് ക്കെ വടിച്ചെറക്കി. അത്ര നന്നായി ല്ല. അറിയണ പോലെ . അധികം അറിയാന്‍ പണ്ട് ചെരക്കലായ് രുന്നല്ല്യല്ലോ എനിക്ക്. 

അപ്പാപ്പാ,  സുന്ദരനായിട്ട്ണ്ട് , മ്മ്ടെ  മമ്മൂട്ടിക്ക്  വയസ്സായ മാതിരിണ്ട് .  

എന്തിനാവോ ആ വെറക്കണ വിരല് ങ്ങനെ തപ്പണേ? നോട്ടം എങ്ങട്ടാ?  അതേ മാറത്തേക്ക് തന്നെയാ. ഓ! പാല് ചാലിട്ട് വരണത്  കണ്ടിരിക്കുന്നൂ തന്ത.  എന്ത് ചെയ്യാനാ ? പെറ്റിട്ട് പത്തിരുപതല്ലേ ആയുള്ളൂ.  നെഞ്ച് കടുകടുക്ക്ന്നണ്ടാരുന്നു. 

തലേലെഴുത്താ ,അപ്പാപ്പാ.  ഇത്  കുടിക്കാന്‍ ആരൂല്യാ. പെറ്റിട്ടന്ന് ന്നെ  ആ കൊച്ചു ചത്ത് .
 
പറേമ്പോ ചങ്ക്  ങ്ങനെ നീറി.  വല്യ വായേല്  കരച്ചിലു വരണ്ട്. തന്തല്യാത്താതാ ച്ചാലും   നല്ലൊരു തങ്കക്കൊടം പോലത്തെ മോളായിരുന്നു. ജീവിച്ചിരുന്നെങ്കി നിക്കൊരു മോളുണ്ട് ന്ന് എല്ലാരോടും പറയായിര്ന്നു.  

കണ്ണില്  മൊളക് ചമ്മന്തി പെരണ്ട എരിച്ചിലെടുക്കാണ്. കക്കൂസേ കേറി ബ്ലൌസൂരി  രണ്ട് മൊലേം  നന്നായി പിഴിഞ്ഞു. പ്രാണന്‍ പോണ വേദന . പാല് കക്കൂസേല്   മഴച്ചാറല് മാതിരി ചീറ്റി വീഴണത് ങ്ങനെ നോക്കി നിന്നു.   പണ്ടാറടങ്ങാന്‍... ആകാശത്തിരിക്കണ  ദൈവം തമ്പ് രാന്‍ കണ്ട്  രസിക്കട്ടെ.  ചങ്ക്  പൊട്ടണ കഴപ്പ്ണ്ട്.   ഞാനൊക്കെ കരഞ്ഞാലും ദണ്ണിച്ചാലും  ഏത് ദൈവം കാണാനാ? അതിനല്ലേ ദൈവം മാനത്തിരിക്കണേ?   വല്യ  ആളോളും അവര്ടെ വീടും സങ്കടോം ഒക്കെ  വലുതല്ലേ?  അപ്പോളത്  ദൂരെ മാനത്തിര്ന്നാലും ദൈവത്തിനു കാണാമ്പറ്റും.  അതു പോലെയാ എന്നെപ്പോലെള്ളോരടെ  ദണ്ണം?  

 മാസെത്താണ്ട് ജനിക്കണ പിള്ളേര് കെട്ക്കണ  നയ്സറീലെ നയ്സ് മാര് ചില ദെവസം പാല് കൊണ്ട് പോകും. എന്നും കൊണ്ടു പോവായിരുന്നെങ്കില് നന്നായിര്ന്നു. അത് പ്പോ അവിടെ ആവശ്യണ്ടെങ്കിലല്ലേ വേണ്ടു ? മൊലപ്പാലു  തരാന്ന് അച്ചാരം കൊട്ത്ത് കരാറ്ണ്ടാക്കാന്‍  പറ്റീരുന്നെങ്കി  രക്ഷപ്പെട്ടേനെ . ആരോടാ  കരാറ് ണ്ടാക്കാ?

ചോദ് ക്കാനും പറയാനും ആരൂല്യാത്ത ന്നെപ്പോലത്തെ പെണ്ണങ്ങള് ആണങ്ങള്ക്ക് കാലകത്തിക്കൊടുക്കര്ത്.  കൊട് ത്താ അതിന്‍റെ ശിക്ഷ  വയറ് നിറയെ,  മൊല വിങ്ങേ  അന്‍ ഭവിക്കണം, വയറൊഴിയേ മൊല വറ്റേ അന്‍ഭവിക്കണം. പിന്നെ ഓര്‍മ്മോള്  മായണ വരെ അന്‍ ഭവിക്കണം. ചത്ത് പണ്ടാറടങ്ങണ വരേ അന്‍ഭവിക്കണം.

നാല്. 

അപ്പാപ്പന്‍റെ കാര്യം കഷ്ടാണെന്നാ കൊച്ചു ഡോക്ടറ് പറഞ്ഞ് ത്. ഇപ്പോ ചാവും ഇപ്പോ ചാവുന്ന് വിചാരിച്ച്  ഒന്നു രണ്ട്  പ്രാശ്യം മക്കളൊക്കെ വന്നു നിന്ന് താ. അപ്പോളൊന്നും അപ്പാപ്പന്‍ കാഞ്ഞോയില്ല.  ഇനീം എങ്ങന്യാ വരാന്‍ പറയാന്നാ കൊച്ചു ഡോക്ടറു ചോദിക്കണത്. 

അത് ശര്യല്ലേ?

വല്യ   പഠിപ്പുള്ളോര്ക്ക്   ദൂരദേശത്ത്  നല്ല ജോലീം  ശമ്പളോം ഒക്കേണ്ടാവും. അതിന് വേണ്ടുന്ന ചൊമതലോള്ണ്ടാവും . അതൊക്കെ എടയ്ക്കെടെ  വേണ്ടാന്ന് വെയ്ക്കാന്‍ പറ്റ് ല്യ. ഒരു ഒറപ്പും ഇല്യാത്ത കാര്യങ്ങള്ക്ക്  വേണ്ട്യാവുമ്പോ ഒട്ടും പറ്റ് ല്യ. മരിച്ചാ ന്നെ ന്താ? ഐസ് പെട്ടീലു  ഇട്ട് കൊറെ നാളൊക്കെ വെക്കാലോ ഇപ്പളത്തെ കാലത്ത് ......... 

നമ്മളൊക്കെ ല്ലേ കൊച്ചു ഡോക്ടറേ.. ഞാന്‍ നോയ്ക്കോളാം അപ്പാപ്പനെ... ല്ലേ അപ്പാപ്പാ…. ഞാന്‍ ല്ലേ.’ 

അപ്പാപ്പന്‍ ചുളുങ്ങിച്ചുളുങ്ങി ഒരു വര പോല്യായ കണ്‍പോള മിഴിച്ചോക്കി. ഒന്നു ചിരിച്ചൂന്ന് തോന്നി, തല ഒന്നനങ്ങീന്നും  തോന്നി. നമ്മള് മരിക്കണേനെപ്പറ്റി ആരേലും ചെറ്യ്  ഒച്ചേല്  പറഞ്ഞാലും, അതും  കേട്ട്  സഹിച്ച് കെടക്കണത്  ന്ത് വല്യ  ദുരിതാ. ന്ന് ട്ടും പാവം ചിരിക്കണുണ്ടല്ലോ. 

കൊച്ചു  ഡോക്ടറ്  പോയപ്പോ,  നേരം കളയാണ്ട്  അപ്പാപ്പന്‍റെ മൊളിഞ്ഞ കണ്ണങ്കാലിലും കാല്‍പ്പത്തീലും ഒക്കെ കൊറച്ച് ക്രീമ് തടവി പിടിപ്പിച്ചു. അപ്പാപ്പന്‍ വേണ്ടാ വേണ്ടാന്ന്  കൈയെടുത്ത് ആട്ടിക്കാണിച്ചപ്പോ നിറ്ത്താന്‍ തോന്നീല എനിക്ക്. പാവം,  ഇനി എത്ര ദെവസം ചെയ്യണ്ടി വരുന്ന് ആര്ക്കറിയാം. 

വല്യ നെലേല് ആയിരുന്നൂന്ന്  കക്കൂസേം  കുളിമോറീം  അടിച്ചു വാരാന്‍ വരണ തള്ള പറഞ്ഞു. പട്ടാളത്തിലായിരുന്നൂത്രെ.  അത് ശര്യാവും. ഇപ്പളും കൈയിനൊക്കെ നല്ല ബലണ്ട്. ഒരു മോളും ഒരു  മോനും മാത്റേ ഉള്ളൂന്നാ തള്ള പറഞ്ഞത്.  ഭാര്യ  നേര്‍ത്തെ  മരിച്ച്ണ്ടാവും. എത്ര കൊമ്പത്തെ ആണായാലും ഭാര്യല്ലെങ്കി  പിന്നെ ഒരാളും വെല വെയ്ക്കില്ല. ദേഹത്തിന്  ബലള്ള കാലത്ത് ആണങ്ങള്‍ക്ക് അത് ഓര്‍മ്മീണ്ടാവില്ല. പെണ്ണിനെ നിസ്സാരാക്കി  കാണിക്കലാ ആണത്തന്ന് വിചാരിച്ച്,  അങ്ങനെ കാണ്ച്ച് കാണ്ച്ച്  പെണ്ണിന്‍റെ  വെറ്പ്പ് ആവോളം സമ്പാദിച്ച് കൂട്ടും .  ന്ന്ട്ട്  വയസ്സ്കാലത്ത്    നിസ്സാരക്കാരത്തി പെണ്ണില്ലാണ്ടായാലോ  അന്യമ്മാരടെ കാര്ണ്യത്തിനു കാത്ത്  വെറ്ച്ച്  വെറ്ച്ച് ങ്ങ്നെ കെട്ക്കും.

അപ്പാപ്പന്‍റെ കാര്യൊന്നും ഞാന്‍ ചോദ് ച്ചതല്ല, ഇങ്ങ്ട്ട് വെളമ്പീതാണു  തള്ള. ഞാന്‍  ങ്ങനെ  കിണിക്കാന്‍ നിക്കാറില്ല.  മൊല പിഴിഞ്ഞ് പാല് കളയണത് കൊച്ചു മരിച്ചോണ്ടാന്ന്  പറഞ്ഞപ്പോ തള്ളയ്ക്ക് കൊച്ചിന്‍റെ അച്ഛന്‍ എവിട്യാ ന്നറിയണം,  സ്നേഹിച്ച് വീട്ടീന്ന് ചാടിപ്പോന്നതാന്നറിയണം. അയാള്  ഉപേക്ഷിച്ചതാന്നറിയണം.  ഈ ചോദ്യത്തിനൊക്കെ എന്തുത്തരം പറയാനാ? മുക്കീമ്മൂളീം ഞാന്‍ പറഞ്ഞതൊന്നും തള്ള  വിശ്ശോസിച്ച്ട്ട്  ല്ല . അത്  ആ നോട്ടം കണ്ടാ അറിയാം.

അപ്പാപ്പന്‍ ഒന്നും ചോദിച്ച് ല്ല .   ഞാന്‍ തള്ളേ കേപ്പിച്ച നൊണയൊക്കെ കേട്ട് കെടക്കായിരുന്നു. തള്ള പോയപ്പോ കണ്ണ്  മിഴിച്ച്  ങ്ങനെ സൂക്ഷിച്ച് നോക്കി. 

ഞാന്‍ ള്ള  സത്യം  പറഞ്ഞു. കൊറെ ആള്ക്കാര് ,  വീട്ട്ജോലിക്ക് നിന്നോടത്തൊക്കെ  എന്നെ  ചീത്ത്യാക്കീട്ട്ണ്ട്. അങ്ങനെന്യാ  ഗര്‍ഭണ്ടായത്.  പതിന്നാലു വയസ്സിലാ ആദ്യം ചീത്ത്യായത്.  

 പറഞ്ഞ്  കഴിഞ്ഞപ്പോ വല്ലാണ്ട് കരച്ചില് വന്നെങ്കിലും ഞാന്‍ അത് ചവച്ചെറക്കി. കണ്ണും മോറും  അമക്കി ത്തൊടച്ചു. 

അപ്പാപ്പന്‍ വെറക്കണ കൈയോണ്ട്  എന്‍റെ കൈയിമ്മേ പത്ക്കെ  പിടിച്ചപ്പോ, എത്ര ഒത്ക്കീട്ടും ഞാന്‍ നെലോളിച്ചു. അന്ന് ഞാന്‍  കൊറെ നെലോളിച്ചു. അപ്പാപ്പന്‍റെ കണ്ണിലും പൊട്ടി വെള്ളം , അപ്പളാ മൊഖം  കൂര്‍മ്പന്‍ പള്ളീലെ ഈശോയേടെ മാതിരിണ്ടായിരുന്നു. 

ങ്ങനത്തെ അപ്പാപ്പനെ ക്രീമ്  പെരട്ടി തടവാണ്ടിരിക്കാന്‍ പറ്റോ എനിക്ക്.?  ന്‍റെ അപ്പാപ്പനെ...... 

ചെറുചൂടില് ഇച്ചിരി കഞ്ഞോള്ളം  കൊട്ത്തിട്ട്  അത് മുഴോനും എറക്കണില്ലല്ലോ ന്‍റെ ഈശ്വരമ്മാരെ..

അഞ്ച്. 

ന്തിനാ അപ്പാപ്പന്‍റെ മോള് വന്ന് ഈ  കോപ്രായൊക്കെ കാണിച്ചേന്നറിയാണ്ട്  അന്തം വിട്ട്  നിക്കാ യിര്ന്നു ഞാന്‍,  ദേ,  ഇതുവരെ. 

കൊച്ചു ഡോക്ടറ് ആ  പെണ്ണ് ഡോക്ടറോട്  പറയണ കേട്ടപ്പളാണു നിക്ക് വിവരം വെച്ചത്. അല്ലെങ്കി നിക്കെന്തു വിവരാ

അപ്പാപ്പന്‍റെ മോളു മാത്രേ വന്നട്ടുള്ളൂ. മക്കളും ഭര്‍ത്താവും ഒന്നും വന്നട്ട് ല്ല. ഇക്കൊല്ലം ന്നെ രണ്ട് പ്രാശ്യം വന്നതാ . എപ്പളും എപ്പളും വരാന്‍ പറ്റോ? മോനും ഭാര്യേം രാത്രിയാവുമ്പോളേക്കും വരുന്ന് പറഞ്ഞു, പ്ലെഷറ് നോക്കാന്‍ വന്ന നയ്സ്. 

അപ്പാപ്പന്‍റെ  മോള്  ഫോണിലൊക്കെ സ്നേഹത്തില് മിണ്ടീതല്ലേന്ന് വെച്ചിട്ട്  ഞാന്‍ ഒരു ബന്ധുക്കാരീനെ  കണ്ട പോലെ സന്തോഷത്തില് ചിരിച്ചു. ചിരിച്ചില്ലാന്ന് മാത്രല്ല,  നീ ആളു മോശക്കാരിയല്ലല്ലോ. അച്ഛന്‍റെ വേണ്ടാത്തിടത്തൊക്കെ കയ്യിട്ട് വാരി  നീ കാര്യം  സാധിപ്പിച്ചു അല്ലേടി.....  എന്നൊരൊറ്റ അലര്‍ച്ചയാര്ന്നു.

നിക്കൊന്നും തിരിഞ്ഞില്ല. അപ്പോ മോളു  പിന്നേം ...... 

നീനക്കതിനൊക്കെ സാമര്‍ഥ്യമുണ്ടെന്ന് ഇവിടെ വന്നപ്പോഴല്ലേ എനിക്ക് തന്നെ മനസ്സിലായത്.

ഈ മരിക്കാന്‍  കെടക്കണ അപ്പാപ്പന്‍റെ  മുറീല് നിന്ന് തോന്ന്യാസം പറേണ്ടാന്ന് വെച്ച്  ഞാനപ്പോ തന്നെ വരാന്തേല്ക്ക്  എറങ്ങി നിന്നു. ന്‍റെ കഴിഞ്ഞ കാലൊക്കെ അവര്ക്ക് ആരെങ്കിലും പറഞ്ഞ് കൊടുത്തിട്ട്ണ്ടാവും. മ്മടെ നാട്ടില് അതിന് ആളെ കിട്ടാനാ പഞ്ഞം?
  
അഞ്ച് പൈസ കൊടുക്കാന്‍ പറ്റില്ല. ഞാന്‍ ഡോക്ടറോട് തീര്‍ത്തു പറഞ്ഞു. ഡാഡി കേള്‍ക്കുന്നുണ്ടോ?

എങ്ങനെയാ ഡാഡിക്ക് ഈ മനസ്സ് വന്നത്?
 
നിക്ക്  സഹിച്ചില്ല. അപ്പാപ്പന്‍ ഇന്നോ നാളെയൊ ന്നും പറഞ്ഞ്  കെടക്കാണു. അപ്പോളും  ഈ മക്കള്  ആര്ക്ക്  കാശ് കൊടുക്കണ കാര്യം പറഞ്ഞിട്ടാ അപ്പാപ്പന്‍റെ മെക്കിട്ട്  കേറണത്

അവള് പൊക്കോട്ടെ, ഇനി ഞാന്‍ നില്‍ക്കാം ഇവിടെ.  ഡാഡി കേട്ടോ. ചേട്ടന്‍ രാത്രിയാവുമ്പോഴേക്കും വരും.  ഞങ്ങള്‍ നോക്കിക്കൊള്ളാം ഡാഡിയെ.

ന്നെ പറഞ്ഞയക്കാന്‍ ഇവര് കഷ്ടപ്പെടണെതെന്തിനാ? വല്യ  ഡോക്ടറ്  ചെയ്തോളില്ലേ ആ ജോലി

ഇപ്പോളാണ് അപ്പാപ്പനെ  നോക്കാന്‍ അവര്ക്ക് സമയം കിട്ടീത്. ഈ പുളീടെല കൂമ്പാന്‍ കാലത്ത്. മുള്ളക്കോപ്പേം തൂറ്റക്കോപ്പേം മാറിമാറി പിടിച്ച്,  ചന്തീം കഴ്കിച്ച്  തൊടപ്പിച്ച് തൊടപ്പിച്ച്  കഞ്ഞീം കോരിക്കൊടുത്ത്, കൈയും കാലും ഉഴിഞ്ഞുഴിഞ്ഞ്, കൊറെ നാളായി, മര്യാദയ്ക്ക്  മനസ്സറിഞ്ഞ് ഞാനൊന്നൊറങ്ങീട്ടില്ല. 

അപ്പാപ്പന്‍ ഒന്നനങ്ങിയാ ഞാന്‍ എണീക്കും.  ഒരു വളി വിട്ടാ തൂറ്റക്കോപ്പ എടുക്കായി...ഒരു ഏമ്പക്കം വന്നാ നെഞ്ച്  തടവായി ...... അപ്പോ  ഒക്കെ ഈ മോള് എവിട്യായിരുന്നു? അപ്പാപ്പാന്ന്   വിളിച്ച്   വിളിച്ച്  നിക്കിപ്പോ  ഇതെന്‍റെ സൊന്തം അപ്പാപ്പനായി.  കാശും പണോം അവരടത്ര മാനോം ഒന്നുല്യാ നിക്ക്. ശര്യന്ന്യാ.  ന്നാലും ഞാന്‍ സ്നേഹിച്ച്ത് ഇല്യാണ്ടാവോ

ധിറുതീല് മുറീന്ന് പൊറത്ത് വന്ന്ട്ട് മോള് കൊച്ചു ഡോക്ടറെ വിളിച്ചു. അങ്ങോര് വരണവരെ ഉപ്പ്റ്റി പൊക്കള്ള  ചെരിപ്പിടിച്ച്  വരാന്തേല് ങ്ങനെ നട്ക്കായിര്ന്നു.  അപ്പാപ്പനെപറ്റി ന്നോടൊന്നും ചോദ്ച്ച് ല്ല, ഞാനൊന്നും  പറ്യാനും പോയില്ല. 

കൊച്ചുഡോക്ടറ് വന്നപ്പോ മോള് പറഞ്ഞു. ഒരു മൂന്നാലു മണിക്കൂറില്   വരാന്‍ പറ്റും. തറവാട്ടില്  പോയി ഗംഗാജലം  കൊണ്ടുവരാം. അപ്പോഴേക്കും ചേട്ടനും ഭാര്യയും ഒക്കെ എത്തും. പിന്നെ ഡാഡി വെളിവില്ലാതെ പറഞ്ഞതൊന്നും കാര്യമാക്കണ്ട  കേട്ടോ.   

കൊച്ചുഡോക്ടറ്   തലയാട്ടീ. അങ്ങട്ട്  ഒരക്ഷരം പറഞ്ഞ് ല്ല.

മോള് പോയപ്പോ ഞാന്‍ വന്ന് അപ്പാപ്പന്‍റെ അടുത്തിര്ന്നു.  ശ്വാസങ്ങനെ വലിച്ച് വലിച്ച്  കെടക്കണ കണ്ടിട്ട്  ന്‍റെ നെഞ്ചു  പൊടിയാര്ന്നു . ഈ മൊഖത്ത് നോക്കി കാശിന്‍റെ കാര്യൊക്കെ ങ്ങനെ വിളിച്ച് പറയാന്‍  ത്തിരി നെഞ്ഞൂക്കൊന്നും പോരാ. ഇനീപ്പോ അപ്പാപ്പന്‍ നല്ല ഒരു തന്ത്യായിര്ന്നില്ലാന്ന്ച്ചാലും കൂടി  ഈ സമേത്ത്   വിരോധെന്തിനാ?ചാവാറായില്ലേ?കണ്ണടയണവരെ ഒന്ന്  ഷെമിച്ചാ ന്താ ആ മോള്ക്ക്

പൊറത്ത്  ന്‍റെ പേര്  പറയണ കേട്ടപ്പോളാ ഞാന്‍ ചെവി ഒന്ന് സൂക്ഷാക്കീത്. കൊച്ചു ഡോക്ടറും പെണ്ണ്  ഡോക്ടറും തമ്മില് മിണ്ടാന്ന്  നിക്ക് തിരിഞ്ഞു. 

അമ്മിണിക്ക് കൊടുക്കാന്‍ പറഞ്ഞതാണു കാര്യം

എന്ത് കൊടുക്കാനാണ് അമ്മിണിക്ക്?  
  
അദ്ദേഹം  ഇവിടെ കെട്ടിവെച്ച പണമുണ്ടല്ലോ. മരിച്ചു കഴിഞ്ഞാല്‍ കെട്ടിവെച്ചതിലെ ബാക്കി പണം  അമ്മിണിക്ക് കൊടുക്കാന്‍  പറഞ്ഞതാണ് പ്രശ്നമായത്.
 
അത് വലിയ ഒരു തുകയല്ലേ? അമ്മിണിക്ക്  എന്തിനാണ്  ഇത്രയും പണം?
 
പണമുള്ളവര്‍ അങ്ങനെ  രൂപ വെറുതെ നഷ്ടപ്പെടുത്തുകയില്ലെന്ന് നമ്മുടെ  ഡോക്ടര്‍ സാറ് പറയാറില്ലേ? വിവരം കിട്ടിയ പാടെ മകള്‍  പറന്നു  വന്നത്  കണ്ടോ?  

അമ്മിണി ഒരു  ചീത്ത സ്ത്രീയാണ്.  അറിയാമോ? ആ പണമെല്ലാം  അവളുടെ പറ്റ്പടിക്കാരായ വല്ല ഗുണ്ടകളും കൊണ്ടുപോകും. അവളെ പറഞ്ഞു വിടുന്നതാണു നല്ലതെന്ന്  സാറിനോട് പറ്യണം.   

മതി,മതി. ആരാണു നല്ല സ്ത്രീ ? നീ ചിരിക്കാന്‍ പറഞ്ഞതല്ല. ആലോചിക്കാന്‍ പറഞ്ഞതാണ്  

ഞാന്‍ പിന്നെ ഒന്നും കേട്ട് ല്ല. അവര് കിന്നരിക്കട്ടെ. ഞാനെന്തിനാ അത് കേക്കണത്? നിക്കാവശ്യള്ളത് ഞാന്‍ കേട്ടു. അത്ര മതീലോ. 

ആഞ്ഞാഞ്ഞ് കഷ്ടപ്പെട്ട്  ഒടുക്കലത്തെ  ശ്വാസം വലിക്കണ അപ്പാപ്പന്‍റെ മൊഖത്ത് നോക്കീരുന്നു ഞാന്‍ കൊറെ കരഞ്ഞു. ജീവിക്കാന്‍ ഒരു വഴീണ്ടായാല് ന്‍റെ കഷ്ടപ്പാട് തീരുന്ന് ഈ ലോകത്തിലാകേം പോകേം  വിചാരിച്ച ഒരേയൊരു മന്ഷ്യനാണ് ഈ കെടക്കണത്. ജനിച്ചന്ന് മൊതലുള്ള ന്‍റെ  സങ്കട്ങ്ങള്  പണം കൊണ്ടൊന്നും മാറില്ല്യ.  എന്നാലും ചാവാന്‍ കെട്ക്കുമ്പോളും ന്നെപ്പറ്റി ഒരു വിചാരണ്ടായില്ലേ ഈ മനസ്സില്.... ന്നത്തെ തീയ്യതി വരെ ദൈവത്തിനും കൂടി ങ്ങനെ ഒരു  ചിന്തേണ്ടായിട്ടില്ല. 

ഒന്നും കേക്ക്ണ്ടാവില്യാന്ന്ച്ചാലും ഞാന്‍ കരഞ്ഞോണ്ട് പറഞ്ഞു. നിക്ക് ഒന്നും വേണ്ടാ അപ്പാപ്പാ. ഞാന്‍ തെണ്ടിയോ എരന്നോ പുഴുത്തോ ങ്ങനേങ്കിലും കഴിഞ്ഞോളാം. അപ്പാപ്പന്‍ സമാധാനായിട്ട് കെട്ന്നോ. ഞാനിണ്ട് ഇവടെ...
 
അപ്പാപ്പന്‍ ഒന്നു  പെടഞ്ഞ പോലെ തോന്നി നിക്ക്.... വായ ഒന്നും കൂടി തൊറന്ന പോലേം. ഗംഗാവെള്ളോം കൊണ്ട് മോള് വരണവരെ കെട്ക്കില്ലാന്‍റെ പൊന്ന്ന്ന്  നിക്ക്  അപ്പോ മനസ്സിലായി.  ന്‍റെ മാറിലു  കണ്ണീരും മൊലപ്പാലും കൂടി നനയണ്ടായിരുന്നു ആ നേരത്ത് ...  

മുറീന്‍റെ വാതല്  അട്ച്ച് ട്ട്, പാല് ചൊരക്കണ  മൊലക്കണ്ണ്  ഞാന്‍  അപ്പാപ്പന്‍റെ ഒണങ്ങി വേടു കടിച്ച ചുണ്ടുമ്മേ  ചേര്ത്ത് പിട്ച്ചു.  ഇതിലും പുണ്യള്ള ഒരു  ഗംഗാവെള്ളോം ന്‍റേല് അപ്പോ കൊട്ക്കാന്‍ ഇല്യാ. അപ്പാപ്പന്‍റെ കഷണ്ടിത്തല ന്‍റെ  നെഞ്ഞത്തേക്ക് ചാരി പിട് ച്ച് , അപ്പാപ്പനെ തട് വീട്ട്   ആ ശോഷിച്ചൊണങ്ങിച്ചുങ്ങ്യേ  ശരീരത്ത്മ്മേ ഒട്ടി ഞാന്‍ കെട്ന്നു. 

ന്‍റെ മൊലേന്നു പാലും കണ്ണ്ന്ന് വെള്ളോം  അപ്പളും  ങ്ങനെ ഒഴ് കണ്  ണ്ടാരുന്നു, ഗംഗാ വെള്ളത്തിന്‍റെ ചേല്ക്ക് ... വിങ്ങീട്ടായാലും  ഞാന്‍ തൊണ്ടകാറി പാടി...... 
 
ന്‍റെ പൊന്നുങ്കട്ട ഒറങ്ങിക്കോ...
 
ന്‍റെ വാവ ഒറങ്ങിക്കോ....

കണ്ണും പൂട്ടി ഒറങ്ങിക്കോ....