Monday, March 4, 2013

ചിരിക്കുന്ന വീടുകളുടെ തമ്പുരാന്‍



https://www.facebook.com/echmu.kutty/posts/894756337370328

( കുടുംബമാധ്യമത്തിലെ  സ്വകാര്യത്തില്‍  2013  മാര്‍ച്ച്  1 നു പ്രസിദ്ധീകരിച്ചത്. )

കുട്ടിയായിരിക്കുമ്പോള്‍ ഒരു ദിവസം അച്ഛനാണ്  ലാറി  ബേക്കര്‍ എന്ന്   ആദ്യമായി പറഞ്ഞു കേള്‍പ്പിച്ചത്. തിരുവനന്തപുരത്ത്  ബ്രിട്ടീഷുകാരനായ ഒരു  ആര്‍ക്കിടെക്ട്  സായിപ്പുണ്ടെന്നും വിചിത്രമായ ചില  കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയാണ് അദ്ദേഹത്തിന്‍റെ ജോലിയെന്നും അച്ഛന്‍ പറഞ്ഞു. സായിപ്പുണ്ടാക്കുന്ന വീടുകള്‍ പാട്ടു പാടുകയും  പല്ലു കാട്ടി ചിരിക്കുകയും ഒക്കെ ചെയ്യുമെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു പോയി.നല്ല കാറ്റും വെളിച്ചവുമുള്ള വീടുകളാണ് അവയെന്നാണ് അച്ഛന്‍ ഉദ്ദേശിച്ചത്. അത്തരം കെട്ടിടങ്ങളില്‍ സമൃദ്ധമായുണ്ടായിരുന്ന   വിവിധ തരം ജാലി വര്‍ക്കുകളായിരുന്നു അച്ഛന്‍ ചൂണ്ടിക്കാട്ടിയ ചിരിക്കുന്ന പല്ലുകള്‍. അച്ഛന്‍റെ ഒരു  സുഹൃത്ത് അതുമാതിരിയൊരു വീട്ടിലാണ് താമസിക്കുന്നതെന്നും ഇനി തിരുവനന്തപുരത്ത് പോകുമ്പോള്‍ ആ വീട്  കാണിച്ചു തരാമെന്നും അച്ഛന്‍  വാഗ്ദാനം ചെയ്തു. പിന്നീട് പലവട്ടം അച്ഛനൊപ്പം തിരുവനന്തപുരത്ത്  പോയെങ്കിലും ആ  വീട്  ഞാനൊരിക്കലും കാണുകയുണ്ടായില്ല. 

നല്ലവണ്ണം മുതിര്‍ന്നതിനു ശേഷമാണ് ഒരിക്കല്‍,  ആര്‍ക്കിടെക്ട് സായിപ്പിന്‍റെ ക്ലാസ് കേള്‍ക്കാന്‍ അവസരമുണ്ടായത്. ഒരു സാധാരണ മലയാളം മീഡിയം സ്കൂളില്‍ പഠിച്ച എനിക്ക്, ശുദ്ധമായ ബ്രിട്ടീഷ്   ശൈലിയില്‍ സായിപ്പ് പറഞ്ഞതൊന്നും തന്നെ കാര്യമായി  മനസ്സിലായില്ല. മനുഷ്യര്‍ കടം വാങ്ങി വീടു വെക്കുന്നുവെന്നും പിന്നീട് ആജീവനാന്തകാലം ആ കടം അടച്ച്  സ്വന്തം എന്നു കരുതപ്പെടുന്ന വീട്ടില്‍ വാടകക്കാരനായി കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകെപ്പാടെ അതു മാത്രമാണ് എന്‍റെ തലയില്‍ കയറിയത് . എങ്കിലും  സദസ്സിലുണ്ടായിരുന്ന മഹാന്മാരും മറ്റു വിവരമുള്ളവരും  ചിരിക്കുമ്പോഴും തല കുലുക്കുമ്പോഴും എല്ലാം മനസ്സിലായ മട്ടില്‍  ഞാനും അവരെപ്പോലെ ചിരിക്കുവാനും  തല കുലുക്കുവാനും പണിപ്പെട്ടു. 

അങ്ങേയറ്റം പ്രതികൂല  സാഹചര്യങ്ങളിലെ  ഒരു കെട്ടിട നിര്‍മ്മാണത്തിനിടയിലാണ് ഞാന്‍ പിന്നീട്  സായിപ്പിനെ കാണുന്നത്.  ചില കെട്ടിടങ്ങള്‍ അങ്ങനെയുമാവാറുണ്ടല്ലോ, ആഗ്രഹിച്ചു പണിയുമ്പോഴും നമ്മെ അടിമുടി  തകര്‍ത്തു  കളയുന്നവ, ആശിച്ചും മോഹിച്ചും ഒന്നിക്കുമ്പോഴും നമ്മെ  നുറുങ്ങുകളായി  ചിതറിച്ചു  കളയുന്ന ചില  ജീവിതങ്ങളെ പോലെ...  അത്തരമൊരു  തീവ്രനൊമ്പരമായിരുന്നു ആ  കെട്ടിട നിര്‍മ്മാണം. പടികള്‍ അടര്‍ന്നു പോയ  ഏണി  കയറി പെട്ടെന്ന്   മുമ്പില്‍ പ്രത്യക്ഷപ്പെട്ട  അദ്ദേഹത്തെ കണ്ട് ഞാന്‍ അമ്പരന്നു നിന്നു. അദ്ദേഹം വരുമെന്നുള്ളതിന്‍റെ  ഒരു സൂചനയും എനിക്ക്  ലഭിച്ചിരുന്നില്ല.  അതുകൊണ്ടു തന്നെ  ഒന്നു കൈകൂപ്പുവാനോ ഒരു ഗ്ലാസ് പച്ചവെള്ളം എടുത്തു കൊടുക്കുവാനോ പോലും  അന്നെനിക്ക് സാവകാശമുണ്ടായില്ല. ബേക്കര്‍  ചിരിക്കുകയും കെട്ടിടവും വര്‍ക് സൈറ്റും എനിക്ക് ആഹ്ലാദം പകരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും  ചെയ്തു. ആ കെട്ടിടത്തിന്‍റെ മുക്കിലും മൂലയിലും പോലും അദ്ദേഹത്തിന്‍റെ സൂക്ഷ്മദൃഷ്ടികള്‍ പതിയുന്നത് ഞാന്‍ വിസ്മയത്തോടെ വീക്ഷിച്ചു .

ദില്ലിയിലെ  ജോലിസ്ഥലത്തു വെച്ച്  ബേക്കറെ കാണുമ്പോള്‍  എന്‍റെ ജീവിത സാഹചര്യങ്ങളും  കാഴ്ചപ്പാടുകളും  എന്തിനു  രൂപം തന്നെയും  മാറിക്കഴിഞ്ഞിരുന്നു. തീരെ പരിമിത സാഹചര്യങ്ങളില്‍, അതീവ നിസ്സാരമെന്ന് എണ്ണപ്പെടാവുന്ന  ജോലി ചെയ്തിരുന്ന എന്നോടും  വലിയ  പരിഗണനയോടെ  അദ്ദേഹം  സംസാരിച്ചു. വളരെ ഉയര്‍ന്ന  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരൊന്നിച്ചു  വര്‍ക് സൈറ്റിലേക്ക് വന്ന ബേക്കറോട് നേരത്തെ കണ്ടിട്ടുണ്ടെന്ന്  പറയുവാനുള്ള ധൈര്യമോ മനസ്സാന്നിധ്യമോ  ആത്മവിശ്വാസമോ  എനിക്ക്  ഉണ്ടായിരുന്നില്ല. ഏണിപ്പടികള്‍ കയറി കെട്ടിടത്തിന്‍റെ മുകള്‍ നിലയിലേക്ക് അദ്ദേഹം പോകുന്നത് നോക്കി ഞാന്‍ നിശ്ശബ്ദയായി നിന്നതേയുള്ളൂ.  

എന്നെ അമ്പരപ്പിച്ചുകൊണ്ട് രണ്ട് മിനിറ്റിനകം ബേക്കര്‍  താഴെക്കു വന്നു. ഓ ഇറ്റ്സ് യൂ ...  ഇറ്റ്സ് യൂ   എന്നായിരുന്നു  അദ്ദേഹത്തിന്‍റെ പ്രതികരണം. എന്നെ മറന്നുപോയതില്‍  ഞാന്‍ അദ്ദേഹത്തോട് ക്ഷമിക്കണമെന്ന് പറഞ്ഞ ആ ശബ്ദത്തില്‍  സത്യസന്ധമായ ആത്മാര്‍ഥത തുളുമ്പിയിരുന്നു.  മനുഷ്യരില്‍ പൊതുവേ സുലഭമായി കാണാറുള്ള അല്‍പ്പത്തം  ബേക്കറെ തൊട്ടു തീണ്ടിയിരുന്നില്ല. ഇന്ത്യയുടെ  ക്യാബിനറ്റ് സെക്രട്ടറിയും  വര്‍ക് സൈറ്റില്‍ മണ്ണിഷ്ടിക എണ്ണുന്നവളും മനുഷ്യരെന്ന നിലയില്‍  തുല്യരാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മനുഷ്യരില്‍ അധികം പേര്‍ക്കും ഇല്ലാത്ത, അതുകൊണ്ടു  തന്നെ  തികച്ചും അപൂര്‍വമായ   മാനവികതാ ബോധമായിരുന്നു അത്.

പിന്നീട് ദില്ലിയില്‍ എത്തുമ്പോഴൊക്കെയും ഞങ്ങളുടെ ചെറിയ മുറിയില്‍ അദ്ദേഹം വന്നു.  പ്രഭാത ഭക്ഷണം ഇന്ത്യന്‍ പ്രസിഡന്‍റിനൊപ്പം കഴിക്കുകയും, ഉച്ചയൂണു  കഴിക്കുവാന്‍ ഞങ്ങളുടെ കൊച്ചുമുറിയില്‍ വരികയും ചെയ്യുക എന്നത്  ബേക്കര്‍ക്ക്  മാത്രം  സാധിക്കുന്ന മഹനീയ ലാളിത്യമാണ്. അതീവ ലളിതമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചുകൊണ്ട് ഒട്ടനവധി നേരമ്പോക്കുകള്‍ പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിക്കുകയും ഞങ്ങളെ എല്ലാവരേയും  ചിരിപ്പിക്കുകയും ചെയ്തു. അസുലഭമായ നര്‍മ്മ ബോധം  ബേക്കറുടെ കൂടപ്പിറപ്പായിരുന്നുവല്ലോ. അപ്പൂപ്പന്മാരുടെ മടിത്തട്ടുകളില്‍ ഒരിക്കലും പൂര്‍ണമായും സ്വാഗതം ചെയ്യപ്പെട്ടിട്ടില്ലാത്ത എന്‍റെ മകള്‍ക്ക്    മടിയിലിരിക്കാനും ആ താടിയില്‍ റബര്‍ ബാന്‍ഡ് ചുറ്റി വിവിധ  സ്റ്റൈലുകള്‍ വരുത്താനും അനുവാദമുണ്ടായിരുന്നു. മകള്‍ വരച്ചയക്കാറുള്ള പിക്ചര്‍ പോസ്റ്റ് കാര്‍ഡുകളും ബേക്കര്‍ മുത്തശ്ശാ എന്ന സംബോധനയും വളരെ സന്തോഷിപ്പിക്കാറുള്ളതായി, എപ്പോഴും അദ്ദേഹം പുഞ്ചിരി തൂകിയിരുന്നു.

 ഒരു അധ്യാപികയാകാന്‍ ആഗ്രഹിച്ച മകളോട് അധ്യാപനമെന്ന അതീവ ഗൌരവതരമായ ചുമതലയെക്കുറിച്ചും  അധ്യാപകര്‍ നയിക്കേണ്ട കാപട്യമില്ലാത്ത മാതൃകാ ജീവിതത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.  ഭാവിയിലേക്ക് ചൂണ്ടപ്പെട്ട വിരലുകളാണ് അധ്യാപകന്‍റേതെന്നും ഭൂതകാലത്തില്‍ മാത്രം ജീവിക്കുന്നവര്‍ അധ്യാപകരാകുന്നത്  വിദ്യാര്‍ഥികളുടെ മാത്രമല്ല  ഒരു രാഷ്ട്രത്തിന്‍റെ ഭാവിയെ സംബന്ധിച്ചു കൂടി ആത്മഹത്യാപരമാണെന്നും ബേക്കര്‍  വിശ്വസിച്ചിരുന്നു. അടിത്തട്ടു കാണാവുന്ന നൈര്‍മല്യവും നിരന്തരമായ ഒഴുക്കും ഉള്ള  ജലമാവണം  അധ്യാപകരെന്ന് അദ്ദേഹം കരുതി. അധ്യാപകരുടെ ചുമലുകള്‍ക്ക്  വിദ്യാര്‍ഥികളുടെ താങ്ങാവാനുള്ള അസാധാരണമായ  കരുത്തുണ്ടാവണമെന്ന്  അദ്ദേഹം മകളോട് പറഞ്ഞു. 
     
ബേക്കറുടെ  സമയ ബോധവും കൃത്യനിഷ്ഠയും അപാരമായിരുന്നു. തൊണ്ണൂറു വയസ്സിനടുത്തായിരിക്കുമ്പോഴും മഞ്ഞുകാലമോ മഴക്കാലമോ  വേനല്‍ക്കാലമോ എന്നില്ലാതെ കൃത്യസമയത്ത് അദ്ദേഹം വര്‍ക് സൈറ്റുകളില്‍ എത്തിയിരുന്നു.  ഉയരങ്ങളിലും താഴ്ചകളിലും ഭയമോ ചാഞ്ചല്യമോ  കൂടാതെ അദ്ദേഹം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും  പരിശോധനകള്‍ നടത്തുകയും ചെയ്തു .   സാങ്കേതിക വിദഗ്ദ്ധരായ പല ചെറുപ്പക്കാര്‍ക്കും മറ്റു പല കാര്യങ്ങളിലുമെന്ന പോലെ  ഇക്കാര്യത്തിലും ബേക്കറോടൊപ്പമെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് മങ്ങിപ്പോയ കാഴ്ചയോടെ മൈ ഡ്രോയിംഗ് ഡേയ്സ് ആര്‍ ഓവര്‍ എന്നദ്ദേഹം പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞത്. അനിവാര്യമായത്  ആരംഭിക്കുകയായിരുന്നു, അപ്പോള്‍. 

വാസ്തുവിദ്യയുടെ  അതി വിശാലമായ ലോകത്ത് ബേക്കര്‍ ആരായിരുന്നുവെന്നും  എന്തായിരുന്നുവെന്നും വിലയിരുത്താനുള്ള  സാങ്കേതിക പരിജ്ഞാനമോ ബൌദ്ധിക വിജ്ഞാനമോ  ഒന്നും എനിക്കില്ല.  പക്ഷെ, നമ്മുടേതു മാതിരി ഒരു രാജ്യത്തില്‍ കഴിഞ്ഞ അഞ്ചു തലമുറകളായിപ്പോലും പാര്‍പ്പിടമില്ലാതെ ജീവിക്കുന്ന മനുഷ്യരുണ്ടെന്നും ഏകദേശം നാല്‍പത്തൊമ്പതിനായിരം ചേരികളിലായി പത്തുകോടിയോളം മനുഷ്യജന്മങ്ങള്‍ വെറും പുഴുക്കളെപ്പോലെ കഴിഞ്ഞു  കൂടുന്നുണ്ടെന്നും മിസ്സോറാമില്‍  മാത്രമാണ് എല്ലാവരുടേയും തലയ്ക്കു മുകളില്‍  കൂരകളുള്ളതെന്നും ഞാനും മനസ്സിലാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ മേഖലയിലെ അഴിമതിയും  കെടുകാര്യസ്ഥതയും പാവപ്പെട്ടവരെ എങ്ങനെയെല്ലാമാണ് തെരുവോരങ്ങളിലേക്കും   പലപ്പോഴും ചക്രവാളത്തിന്‍റെ അതിരുകളിലേക്കും വരെ ഒതുക്കിക്കളയുന്നതെന്ന് കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും ന്യായീകരിക്കാനാവാത്ത പൊങ്ങച്ചവും ധൂര്‍ത്തും കോരിയൊഴിച്ച് നിര്‍മ്മിക്കപ്പെടുന്ന  അരോചകമായ കെട്ടിടങ്ങള്‍,  എല്ലാവര്‍ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളെ എവ്വിധമെല്ലാം  മാരകമായി കൊള്ളയടിക്കുന്നുവെന്ന് വേദനയോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ദുശ്ശീലങ്ങളിലെല്ലാം തന്നെ  കെട്ടിടങ്ങളുടെ ഏറ്റവും വലിയ ജന്മിയായ  സര്‍ക്കാറും ഒരു കെട്ടിടമെങ്കിലും ഉണ്ടാക്കാന്‍ കഴിവുള്ള  സാധാരണ ജനങ്ങളും എപ്പോഴും ഞാനധികം ഞാനധികം എന്ന്  പരസ്പരം മല്‍സരിക്കുകയാണ് ചെയ്യാറ്.  അപ്പോഴെല്ലാം സ്വന്തം ജീവിതം കൊണ്ട്  ബേക്കര്‍ ചൂണ്ടിക്കാണിക്കാന്‍  ശ്രമിച്ച അതിനിശിതമായ ലാളിത്യവും മറ്റു മനുഷ്യരോടും പ്രകൃതിയോടുമുള്ള  ആ കരുതലും പരിഗണനയും ഏറ്റവും അത്യാവശ്യമായത് മാത്രം ചെയ്യുക എന്ന അദ്ദേഹത്തിന്‍റെ  സന്ദേശവും എത്രമാത്രം കൃത്യമാണെന്ന് ബോധ്യമാവാതെ വയ്യ. 

കൂടെ ജോലി ചെയ്തവര്‍ക്ക് അദ്ദേഹം  ഡാഡിയും ആ ജീവിതം മുഴുവന്‍ ഒന്നിച്ചു പങ്കിട്ട  ഡോ.എലിസബെത്ത് ബേക്കര്‍ മമ്മിയുമായിരുന്നു.  മമ്മിയോട്  പ്രേമവും സ്നേഹവും മാത്രമല്ല,  നിറഞ്ഞ ബഹുമാനവും ആദരവും  കൂടി ഉണ്ടെന്ന് തുറന്നു സമ്മതിക്കാന്‍ അദ്ദേഹത്തിനു ഒരിക്കലും മടിയുണ്ടായിരുന്നില്ല. 

ഡാഡിയില്ലാതെ ജീവിയ്ക്കേണ്ടി വന്ന  കാലങ്ങളില്‍, തമ്മില്‍   കാണുമ്പോഴെല്ലാം  മമ്മി സംസാരിച്ചിരുന്നത് അദ്ദേഹത്തെപ്പറ്റി മാത്രമായിരുന്നു. തൊണ്ണൂറു വയസ്സിനു മുകളില്‍ നിന്നുകൊണ്ട്   അസാധാരണമായ സ്നേഹവായ്പോടെയും ഹൃദയംഗമമായ അടുപ്പത്തോടെയും  മമ്മി സംസാരിക്കുമ്പോള്‍ ലാറി ബേക്കര്‍ എന്ന പച്ചമനുഷ്യന് ആയിരം സ്നേഹസൂര്യന്മാരുടെ അതിശയപ്രഭയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു.  
  
എപ്പോള്‍  കാണുമ്പോഴും അതീവ വാല്‍സല്യത്തോടെ ബേക്കര്‍ എന്നെ ആ  നെഞ്ചോട് ചേര്‍ത്തു പിടിച്ചു. അദ്ദേഹം കടന്നു പോയപ്പോള്‍ എനിക്കില്ലാതായത് ആ അടുപ്പവും കരുതലു മാണ്. സ്നേഹവും വാല്‍സല്യവും മിടിക്കുന്ന  ആ നെഞ്ചോടു ചേര്‍ന്നു  നില്‍ക്കാനായിരുന്ന അപൂര്‍വ  സൌഭാഗ്യമാണ്. 

എന്‍റെ കണ്ണുകള്‍ ഇപ്പോള്‍ നിറയുന്നതും  അതുകൊണ്ടാണ്......
          

52 comments:

Echmukutty said...

മാര്‍ച്ച് രണ്ടാം തീയതി ശ്രീ ലാറി ബേക്കറുടെ ജന്മദിനമായിരുന്നു.
നിര്‍മ്മിക്കപ്പെടാത്ത കെട്ടിടമാണ് പ്രകൃതിയോട് ഏറ്റവും കൂടുതല്‍ ഇണങ്ങി നില്‍ക്കുന്നതെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമായിരുന്ന അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി ഈ പോസ്റ്റ്....

Manoj Vellanad said...

നല്ല പോസ്റ്റ്‌...,..

പട്ടേപ്പാടം റാംജി said...

സ്മരണയിലൂടെ കുറെ കാര്യങ്ങള്‍ ...

ജന്മസുകൃതം said...

ഇങ്ങനെ മറക്കനാവാത്ത എത്രയൊ നല്ല ബന്ധങ്ങൾ ...

അനില്‍കുമാര്‍ . സി. പി. said...

അദ്ദേഹത്തോടുള്ള ആദരവ് ഇരട്ടിപ്പിച്ചിരിക്കുന്നു എച്മുവിന്റെ ഈ കുറിപ്പ്.

ലംബൻ said...

അദ്ദേഹത്തെ ഒക്കെ അടുത്തറിയാവുന്ന ആള്‍ ആണോ, എന്‍റെ ഫേസ്ബുക്കില്‍ ഫ്രണ്ട് ആയിരിക്കുന്നത്. ദേ എനിക്ക് ഒരു കൊച്ചു അഭിമാനം വരുന്നുണ്ടോ എന്ന് ഒരു സംശയം.

മറക്കാനാവില്ല വീട് വെച്ചത്, കല്യാണതിനോട് അനുബന്ധിച്ച് രണ്ടു റൂം എന്നുള്ളത് മൂന്നാക്കാനും അടുക്കള ഒന്ന് ശേരിയാക്കാനുമായി ഒരു മേസ്തിരിയെ ഏല്‍പ്പിച്ചു. കല്യാണത്തിന്റെ രണ്ടു മാസം മുന്‍പ് ഏല്‍പ്പിച്ച ആ പണി കല്യാണത്തിന്റെ തലേന്ന് റൂം പണിതു തന്നു, ടോയിലറ്റ് ഇല്ല, അടുക്കള, പാതകം പണിതു അടുപ്പ് പണിതില്ല.

ലാറി ബേക്കറെ കുറിച്ചുള്ള സ്മരണിക നന്നായി എന്ന് ഞാന്‍ പറയണ്ട കാര്യം ഇല്ലാലോ. ഉഷാറായിട്ടുണ്ട്.

Manef said...

ലാളിത്യം ജീവിതത്തിലും ഭവനനിര്‍മ്മാണകലയിലും സമ്മേളിപ്പിച്ച അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്ക് മുന്നില്‍ വിനയാന്വിതനാവുന്നു ഈ ഞാനും...

© Mubi said...

ഈ കുറിപ്പിലൂടെ ആ വ്യക്തിത്വത്തെ കൂടുതല്‍ അറിയാനായി...

മുകിൽ said...

vaayichu. jeevithathilekku sekharichu vachirikkunna kure nalla ormakal.. nannayi.

ശ്രീനാഥന്‍ said...

എത്ര മിഴിവാർന്ന ചിത്രം.ഇതിലും നന്നായി എങ്ങനെ വരച്ചിടും ബക്കറിന്റെ ചിത്രം. വരികൾക്കിടയിലൂടെ എച്ചുമുക്കുട്ടിയുടെ ചിത്രവും കൂടുതൽ തെളിയുന്നു.അദ്ധ്യാപനത്തെക്കുറിച്ച് ബക്കർ മകളോട് പറഞ്ഞത് വായിച്ചപ്പോൾ ലജ്ജ കൊണ്ട് ചൂളിപ്പോയി ഞാൻ.

കുഞ്ഞൂസ്(Kunjuss) said...

അദ്ധേഹത്തെ കൂടുതല്‍ അറിയാന്‍ ഇടയാക്കിയതിന് നന്ദി എച്മൂ...

jayanEvoor said...

ചാരുതയാർന്നഓർമ്മക്കുറിപ്പ്!

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം..
സ്നേഹവും ആദരവും നിറഞ്ഞ ഒരു കുറിപ്പിലൂടെ ന്റെ ദിനം തുടങ്ങിയിരിക്കുന്നൂ..
നന്ദി അറിയിക്കട്ടെ..
സമർപ്പണം പ്രശംസനീയം..!

ente lokam said...

ഒരു വീട് വെയ്ക്കാന്‍ ആലോചിപ്പോള്‍ ആണ്
ആദ്യമായി ലാറി ബെകേറെ പ്പറ്റി അറിയാന്‍
ശ്രമിച്ചത്..

അതില്‍ നിന്നും എത്രയോ വ്യതസ്തം ആര്‍ന്ന
വ്യക്തിത്വം ആണ് അദ്ദേഹം എന്ന് ഈ വായനയില്‍
അറിഞ്ഞു. നന്ദി എച്മു ഈ കുറിപ്പിന്.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സ്മരണിക നന്നായി...............

ശ്രീ said...

ഹെന്റമ്മോ.... അപ്പോ വല്യ വല്യ ആളുകളുമായൊക്കെ ഇത്ര അടുപ്പമുണ്ടല്ലേ?


നല്ല സ്മരണകള്‍, ചേച്ചീ...

keraladasanunni said...

ലാറി ബേക്കറുടെ മഹത്വം വിളിച്ചോതുന്ന പോസ്റ്റ്.

vettathan said...

ലാറി ബെക്കറെക്കുറിച്ചുള്ള ഈ ഓര്മ്മ അതീവ ഹൃദ്യമായി. ബെക്കറെ മലയാളി ശരിക്ക് അറിഞ്ഞോ എന്നു സംശയമാണ്.കാരണം ബേക്കര്‍ വീടുകള്‍ പോലും ദുര്‍ച്ചെലവിന്റെ കൂടാരങ്ങളാക്കി നമ്മള്‍ മാറ്റി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരിക്കലും ന്യായീകരിക്കാനാവാത്ത പൊങ്ങച്ചവും ധൂര്‍ത്തും കോരിയൊഴിച്ച് നിര്‍മ്മിക്കപ്പെടുന്ന അരോചകമായ കെട്ടിടങ്ങള്‍,

A Big salute for this. I don't know if our people will realise this.

Cv Thankappan said...

ജീവിതചര്യകളിലും വ്യക്തിത്വം കാത്തുസൂക്ഷിച്ച മഹാന്‍!<!
ഈ ഓര്‍മ്മകുറിപ്പില്‍ തെളിഞ്ഞ നന്മയുടെ പ്രകാശംചൊരിയുന്ന പ്രകാശഗോപുരങ്ങള്‍ പിന്‍ഗാമികള്‍ക്ക്
മാര്‍ഗ്ഗദര്‍ശനം നല്‍കുമെന്ന് വിശ്വസിക്കാം!

ആശംസകള്‍

Unknown said...

ലാറി ബേക്കറെ ഓര്‍ക്കുമ്പോള്‍ ആ ചിരിയും ആ വീടും മനസ്സില്‍ നിന്ന് മറഞ്ഞു പോവില്ല

the man to walk with said...

Memories bricked with Goodness and commitment of Larry Baker.

Nice One

Best wishes

ചന്തു നായർ said...

ഒന്നേകാൽ കോടി രൂപ മുടക്കി എന്റെ ഒരു ചങ്ങാതി വീട് വച്ചു.ധാരാളിത്തത്തിന്റെ മുഖമുദ്ര.2കോടിയെങ്കിലും ആകണം എന്ന ചിന്ത അയ്യാളെ വല്ലാതെ വിഷമിപ്പിച്ചിരുന്നൂ.പണം മന്നിൽ കുഴിച്ചിടാൻ കാണിക്കുന്ന മലയാളിയുടെ പ്രതി രൂപമാണ് അയ്യാൾ... ഞാൻ ലാറീബേക്കറുമായി അടുക്കുന്നത്.എറണാകുളത്ത്രെന്റെ സഹോദരനു വേണ്ടി ഒരു വീട് വക്കുന്നതുമായി ബന്ധപ്പെട്ടാണ്. സിമന്റ് പൂശാത്ത ചുമരുകളും,ഓട് വച്ച് വാർക്കുന്ന തട്ട്കളും അദ്ദേഹത്തിന്റെ പ്രത്യേതകളാണ്.പ്രകൃതിയും വാസസ്ഥലവും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് മലയാളികൾക്ക് കാണിച്ച് കൊടുത്ത വലിയ മനുഷ്യനാണദ്ദേഹം...ഞാൻ ഇപ്പൊൾ താമസിക്കുന്ന വീടിന്റെ രൂപ കല്പന ചെയ്തത് അദ്ദേഹമാണ്.അന്ന് എനിക്ക് ചിലവായത് 75 ആയിരം രൂപ....മറ്റു സഹോദരങ്ങളും ,ബന്ധുക്കളും മണി സൌങ്ങൾ പണിഞ്ഞ് ജീവിക്കുമ്പോഴും എനിക്ക് മോഹനമായി തോന്നുന്നത് എന്റെ കൊച്ച് വീട് തന്നെയാ..ീ ചിന്ത് എന്നിൽ കുടിയേറ്റിയതും ലാറി ബേക്കർ എന്ന മഹാൻ തന്നെയാണു. .തിരുവനൻഹപുരത്തെ കോഫീഹൌസ്,നെടുമുടി വേണുവിന്റെ വീട് ഒക്കെ അദ്ദേഹത്തിന്റെ ചിന്തയുടേയും,ലാളിത്യത്തിന്റേയും മുഖ മുദ്രയാണ്.അദ്ദേഹത്തെപ്പറ്റി ഇവിടെ ചിന്തിച്ചതിനും,കുറിപ്പെഴുതിയതിനും എച്ചുമുക്കുട്ടിക്ക് ഒരു വലിയ നമസ്കാരം...

Unknown said...

എച്മുവേട്ടത്തീ... നിങ്ങടെ കൂട്ട് നമ്മുടെ അഭിമാനം ആണു...

റിനി ശബരി said...

ഹൃദയത്തില്‍ തട്ടിയുള്ള സ്മരണ .....
വായിക്കുമ്പൊള്‍ ഉള്ളിലേ സ്നേഹവും
ഓര്‍മയുടെ തെളിച്ചവും പ്രകടമാകുന്നുണ്ട് നന്നായി തന്നെ ..!
" ഒരിക്കലും നിര്‍മ്മിക്കാനിടയില്ലാത്ത ഗൃഹമാണ്"
"പ്രകൃതിയോട് ഏറ്റം അടുത്ത് നില്‍ക്കുന്നത് "
ആ ചിന്തയില്‍ തന്നെ ആ മനുഷ്യന്റെ ഹൃദയമുണ്ട് ..
മനുഷ്യന്‍ എന്നത് എന്താകണമെന്നും , അവന്‍ പ്രകൃതിയോടെ
എത്ര അടുത്ത് ജീവിക്കുന്നുവെന്നും കാട്ടി തരുന്നു ..
നാമും , നമ്മുടെ സമൂഹവും അറിയാതെ പൊകുന്നു പലതും ...

വീകെ said...

ലാറി ബേക്കർ എന്ന മനുഷ്യനെ വ്യക്തിപരമായി അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്ക് വെളിച്ചം വീശിയ ഈ കുറിപ്പ് ഏറ്റവും നല്ല സ്മരണാഞ്ജലിയായി.
ആശംസകൾ..

Unknown said...

പ്രിയപ്പെട്ട ചേച്ചി,
കുറിപ്പ് വളരെ നന്നായി. അദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
ചേച്ചിയോട് വളരെ വളരെ ബഹുമാനം ഉണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്‌

Muralee Mukundan , ബിലാത്തിപട്ടണം said...

ഹാ..ഹാ ലോട്ട് ഓഫ്
മെമൊറീസ് എബൌട്ട് ലാറി ബേക്കർ...
ലാളിത്യം വീടുനിർമ്മിതിയിൽ കാട്ടിക്കൊടുത്ത ഒരു അതുല്ല്യ പ്രതിഭ തന്നെയാണ് അദ്ദേഹം..!

എച്ചു ഈ ദേഹിയെ കുറിച്ച് നല്ല രീതിയിൽ സ്മരിച്ചുവെച്ചിരിക്കുകയും ചെയ്തിരിക്കുന്നൂ..

San said...
This comment has been removed by the author.
San said...

വളരെ നന്ദി എച്മു ശ്രീ ബക്കറിന്റെ ചിത്രം ഇത്ര ഇണക്കത്തോടെ വരച്ചു തന്നതിന് ...

വീട്ടില്‍ വരുത്തുന്ന പത്രമായ മാതൃഭൂമിയുടെയും കേരള ശാസ്തര്‍ സാഹിത്യത് പുസ്തകങ്ങളിലൂടെയും ആണ് കുട്ടിക്കാലത്ത് ശ്രീ ബക്കറിനെ അറിയുന്നത് .. അന്ന് തൊട്ടേ അദ്ദേഹത്തോട് വലിയ ബഹുമാനം ആയിരുന്നു .. ശാസ്തമ് സാമൂഹ്യ വിപ്ല്വതിനെ വേണ്ടിയുല്ലതക്കണം എന്നും അതല്ല എങ്കില്‍ ബുദ്ധിയും ശാസ്ത്രവും കൊണ്ട് പത്തു പൈസയുടെ പ്രയോജനം ഇല്ല എന്നും അന്നും ഇന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു ആള്‍ ആണ് ഞാന്‍ ..അത് കൊണ്ട് തന്നെ ഉള്ളില്‍ പൊള്ളയായ ഇഷ്ടികകള്‍ കൊണ്ട് ബക്കര്‍ തീര്‍ക്കുന്ന ശാസ്ത്രീയമായ ഉറപ്പുള്ള വീടുകള്‍ ഒരു ശാസ്ത്ര വിദ്യാര്‍ഥി എന്നാ നിലയില്‍ എനിക്ക് അഭിമാനം ആയിരുന്നു ..ഒപ്പം ശാസ്തര്തിനും നന്മ നിറയുന്ന മനസുകള്‍ക്കും ഒന്നിച്ചു നിന്നാല്‍ സമൂഹത്തില്‍ കാര്യമായ ഗുണ ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്ന കാര്യം .. പാരിപ്പിടം എന്നാ അവശ്യ ഘടകത്തെ ധൂര്‍ത്തും ദുരയും നിമിത്തം ഏറെ ചിലവുല്ലതാക്കി മാറ്റിയ ഒരു കാലത്തായിരുന്നു ശ്രീ ബക്കര്‍ ഇവിടെ വരുന്നത് ...

പ്ലാസ്ടര്‍ തേക്കാതെ വീടുകള്‍ക്ക് സാമാന്യതെക്കാള്‍ കൂടുതല്‍ ഭംഗിയുണ്ടാകും എന്ന് കാണിച്ചു തന്നത് ബക്കര്‍ ആണ് . ഹോലോ ബ്രിക്സ് എന്നാ പദം ആദ്യമായി നാം കേള്‍ക്കുന്നതും ബക്കറിനെ കുറിച്ച് വരുന്ന ലേഘനങ്ങളില്‍ കൂടി ആയിരുന്നു ..

ആ നല്ല വ്യക്ത്വിത്വത്തെ അടുത്ത് നിന്ന് പരിചയപ്പെടുത്തിയതില്‍ ഒരിക്കല്‍ കൂടി നന്ദി !

aboothi:അബൂതി said...

നല്ല ബന്ധങ്ങള്‍ നല്ല ഓര്‍മ്മകള്‍ തരുന്നു.
നല്ല ഓര്‍മ്മകള്‍ ആവട്ടെ, നമ്മെ സ്ഫുടം ചെയ്തെടുക്കുന്നു..
വളരെ നല്ല ഒരു രചന.. നല്ലൊരു ഓര്മ കുറിപ്പ്

Rainy Dreamz ( said...

ഈ കുറിപ്പിലൂടെ അദ്ധേഹത്തെ കൂടുതല്‍ അറിയാന്‍ ഇടയാക്കിയതിന് നന്ദി

Pradeep Kumar said...

ലാറിബേക്കറെന്ന വ്യക്തിത്വത്തെ കേവലമൊരു വാസ്തുശിൽപ്പിയെന്ന നിലയിലല്ല, മറിച്ച് മഹത്തായൊരു സന്ദേശം തന്റെ നിർമ്മിതികളിലൂടെ സമൂഹത്തിനു നൽകിയ മനുഷ്യസ്നേഹിയായാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നിസ്വാർത്ഥനായ ആ വ്യക്തിത്വത്തോട് ഇടപെടാൻ കഴിഞ്ഞത് എച്ചുമുവിന്റെ വലിയൊരു നേട്ടം തന്നെയാണ്.

ഒട്ജാടും ജാഡകളില്ലാതെയും ജീവിക്കാമെന്ന് സമൂഹത്തെ പഠിപ്പിച്ച ലാറിബേക്കറുടെ ഓർമ്മ പുതുക്കിയ എച്ചുമുവിന്റെ ഈ ലേഖനത്തോട് പ്രത്യേക ആദരവ് തോന്നുന്നു....

aswathi said...

നല്ല ഓര്‍മ്മക്കുറിപ്പ്‌.. ലാറി ബേക്കറെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു..

വിനുവേട്ടന്‍ said...

ഉജ്ജ്വലമായ ഓർമ്മകൾ... അദ്ദേഹത്തെക്കുറിച്ച് അറിയാമെങ്കിലും ആ അറിവുകൾക്ക് ഈ ലേഖനത്തിലൂടെ കൂടുതൽ തിളക്കമാർജ്ജിച്ചു. നന്ദി എച്ച്മു...

ഞങ്ങളുടെ ശങ്കർജിയും ശ്രീ ലാറി ബേക്കറിന്റെ മാനസശിഷ്യനല്ലേ...? അടുത്ത പോസ്റ്റ് അദ്ദേഹത്തെക്കുറിച്ചായാലോ...?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പലതരത്തിലും, തലത്തിലും ഉള്ള സ്നേഹ വിവരണം വായിച്ചു കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു.

പിന്നെ എഴുത്തിനേക്കുറിച്ചു പറയണ്ടല്ലോ.ചിരിക്കുന്ന വീടുകളുടെ തമ്പുരാനെപ്പോലെതന്നെയാണ് എഴുതുന്ന ഓരോ അക്ഷരങ്ങളിലും നവരസങ്ങൾ നിറക്കുന്ന എച്ചുമു എന്ന ഈ തമ്പുരാട്ടിയും.....

ചിരിക്കുന്ന വീടുകളെ സ്പർശിച്ച ആ ദൈവവിരലുകളാൽ സപ്ർശന അനുഗ്രഹം കിട്ടിയ അമ്മയും മകളും പുണ്യവതികൾ.ആ അനുഭവങ്ങൾ ഞങ്ങൽക്കും കൂടി പങ്കുവച്ചു തന്നതിന് ഒരുപാട് ഉമ്മകൾ മോളേ

റോസാപ്പൂക്കള്‍ said...

എച്ചുമു വളരെ നല്ല പോസ്റ്റ്.
എച്ചുമു ലാറിബേക്കറുടെ സുഹൃത്തായിരുന്നു.
എച്ചുമു എന്റെ സുഹൃത്താണ്.
അങ്ങനെ ലാറി ബേക്കറും എന്റ സുഹൃത്ത്‌.
അദ്ദേഹത്തെ വ്യക്തിപരമായി അറിയാന്‍ സാധിച്ച ഈ നല്ല പോസ്റ്റിനു ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

Kalavallabhan said...

ലളിതമായ ജീവിതവും അതിന്റെ പ്രചാരകത്വവുമാണ്‌ ഇന്നും ആ വലിയ മനുഷ്യൻ നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നത്‌.
എന്റെ മനസ്സിൽ 'ലാറി ബേക്കർ' എന്നു പറയുമ്പോൾ ചെത്തിമിനുക്കിയ ഇഷ്ടിക കൊണ്ടുള്ള ഒരു മനോഹരമായ വീടിന്റെ രൂപണ്‌ തെളിഞ്ഞു വരുന്നത്‌.
ജന്മ ദിനത്തിൽ അനുഭവത്തിലൂടെയുള്ള ഈ ഓർമ്മപ്പെടുത്തൽ നന്നായി.

Admin said...

നല്ല പോസ്റ്റ് ആശംസകള്‍..

പ്രയാണ്‍ said...

ഭാഗ്യം ചെയ്തവള്‍....

കുസുമം ആര്‍ പുന്നപ്ര said...

നല്ല പോസ്റ്റ്.ആശംസകള്‍.ഇത്രയും ഇല്ലെങ്കിലും ഇതേപോലെ MFഹുസൈനെന്ന ചിത്രകാരനെ പരിചയപ്പെടാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഒക്കെ ഒരവസരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ കുടുംബത്തിന് ലഭിച്ചു. ഇപ്പോഴും അദ്ദേഹവും ഒരുമിച്ചുള്ള ഫോട്ടോ സൂക്ഷിച്ച് ആല്‍ബത്തിലുണ്ട്.

A said...

ലാറി ബേക്കറെപ്പറ്റി പത്രങ്ങളില്‍ കുറച്ചൊക്കെ വായിച്ചിട്ടുണ്ട്. കെട്ടിട, വീട് നിര്‍മാണത്തിലെ അദ്ദേഹത്തിന്റെ നവീന രീതികളെ പറ്റിയൊക്കെ ചെറിയ തോതിലോക്കെ അറിഞ്ഞിട്ടുണ്ട്. എച്ചുമുവിന്റെ ഈ കുറിപ്പില്‍ ലാറി ബേക്കര്‍ എന്ന മനുഷ്യനെപ്പറ്റി അറിഞ്ഞു. എച്ച്മു എഴുതിയ കുറഞ്ഞ വരികളിലൂടെ തന്നെ അദ്ദേഹത്തെ ഒരു പാട് അറിഞ്ഞപോലെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നിങ്ങളെന്തൊക്കെ പറഞ്ഞാലും ശരി. അയല്‍വാസിയുടെതിനെക്കള്‍ അല്പം ഉയരോം വിസ്തീര്‍ണ്ണോം എന്റെ വീടിനു നിര്‍ബന്ധമാണ്‌.

(പ്രഭാതഭക്ഷണം പ്രസിഡന്റിന്റെ കൂടെ കഴിച്ച ബക്കറിന്റെ കൂടെ ഉച്ചഭക്ഷണം കഴിച്ച എച്ചുമുവിന്റെ കൂടെ വൈകീട്ടത്തെ കട്ടന്‍ചായ കഴിക്കാന്‍ നമ്മക്ക് യോഗമുണ്ടാവുമോ?)

അസൂയാവഹമായ എഴുത്ത്ശൈലിക്ക് ആശംസകള്‍ നേരുന്നു

Anonymous said...

nannaayi echmu.....


appo immini valyya aalolumaayi changattham und` alle....

thudaru... puthiya puthiya vishayangalumaayi arivukalude lokattheykk~ boolokare koottikondu poku....

aasamsakal......

വേണുഗോപാല്‍ said...

അസാധ്യമായത് എങ്ങിനെ സാധ്യമാക്കാം എന്ന് ഭാരതീയനു കാണിച്ചു കൊടുത്ത അതുല്യ പ്രതിഭ. ശ്രീ ബേക്കര്‍ക്ക് സമം ബേക്കര്‍ മാത്രം ....

Sangeeth vinayakan said...

സ്വന്തം ഇഷ്ട്ടങ്ങള്‍ക്കനുസരിച്ചൊരു വീട് സ്വപ്നം കാണുന്നവനാണ് ഞാന്‍ അതുകൊണ്ട് തന്നെ ഇദ്ദേഹത്തിനെ ചില ലേഖനങ്ങളും മറ്റും വായിക്കുകയുണ്ടായി, inspiring എന്നല്ലാതെ മറ്റൊരു വാക്കില്ല പറയാന്‍ ...

ഈ സ്മരണ നന്നായി.. :)

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

എച്മുവിന്റെ ഈ കുറിപ്പ് വളരെ ഇഷ്ട പ്പെട്ടു.
ആശംസകള്‍ !

kochumol(കുങ്കുമം) said...

എച്ച്മൂന്റെ ഈ ഓര്‍മ്മകുറിപ്പ് കുടുംബമാധ്യമത്തില്‍ വായിച്ചിരുന്നു ..

Philip Verghese 'Ariel' said...

പതിവ് പോലെ ഇവിടെത്താൻ വീണ്ടും വൈകി
ഇപ്പോൾ ഇരിപ്പിടത്തിലെ കുറിപ്പ് കണ്ടു ഇവിടെത്തി
ഇനി പോസ്ടിടുമ്പോൾ ഒരു മെയിൽ ജിമെയിൽ വിടുക,
ഇനി കുറിപ്പിനെപ്പറ്റി. നല്ല ഒരു അനുസ്മരണം.
മനുഷ്യരില്‍ പൊതുവേ സുലഭമായി കാണാറുള്ള അല്‍പ്പത്തം ബേക്കറെ തൊട്ടു തീണ്ടിയിരുന്നില്ല. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറിയും വര്‍ക് സൈറ്റില്‍ മണ്ണിഷ്ടിക എണ്ണുന്നവളും മനുഷ്യരെന്ന നിലയില്‍ തുല്യരാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

ഒരിക്കലും ന്യായീകരിക്കാനാവാത്ത പൊങ്ങച്ചവും ധൂര്‍ത്തും കോരിയൊഴിച്ച് നിര്‍മ്മിക്കപ്പെടുന്ന അരോചകമായ കെട്ടിടങ്ങള്‍, എല്ലാവര്‍ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളെ എവ്വിധമെല്ലാം മാരകമായി കൊള്ളയടിക്കുന്നുവെന്ന് വേദനയോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ദുശ്ശീലങ്ങളിലെല്ലാം തന്നെ കെട്ടിടങ്ങളുടെ ഏറ്റവും വലിയ ജന്മിയായ സര്‍ക്കാറും ഒരു കെട്ടിടമെങ്കിലും ഉണ്ടാക്കാന്‍ കഴിവുള്ള സാധാരണ ജനങ്ങളും എപ്പോഴും ഞാനധികം ഞാനധികം എന്ന് പരസ്പരം മല്‍സരിക്കുകയാണ് ചെയ്യാറ്. അപ്പോഴെല്ലാം സ്വന്തം ജീവിതം കൊണ്ട് ബേക്കര്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച അതിനിശിതമായ ലാളിത്യവും മറ്റു മനുഷ്യരോടും പ്രകൃതിയോടുമുള്ള ആ കരുതലും പരിഗണനയും ഏറ്റവും അത്യാവശ്യമായത് മാത്രം ചെയ്യുക എന്ന അദ്ദേഹത്തിന്‍റെ സന്ദേശവും എത്രമാത്രം കൃത്യമാണെന്ന് ബോധ്യമാവാതെ വയ്യ


ചന്തു മാഷ്‌ സൂചിപ്പിച്ചതുപോലെ
കോടികൾ മണ്ണിൽ കുഴിച്ചിടാൻ വെമ്പൽ കാട്ടുന്ന മലയാളി മന്നൻമാര്ക്ക്
ബേക്കര്‍റെപ്പോലുള്ളവർ എന്നും ഒരു വഴികാട്ടി ആകട്ടെ എന്നാശംസിക്കുന്നു.

Philip Verghese 'Ariel' said...

എച്ചുമുക്കുട്ടി,
ഒരു കാര്യം പറയാൻ വിട്ടുപോയി:
ബക്കറുടെയും ഭാര്യയുടെയും ഒരു ചിത്രം കൂടി ചേർത്തിരുന്നെങ്കിൽ ഈ കുറിപ്പിനൊരു പൂർണ്ണത
കിട്ടുമായിരുന്നു എന്ന് തോന്നിപ്പോയി! ചിത്രമില്ലെങ്കിൽ google search ചെയ്തു ചേര്ക്കുക

ഇരിപ്പിടം വാരിക said...

ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ.....

Vishnu N V said...

നല്ല ഓര്‍മ്മക്കുറിപ്പ്