Thursday, March 27, 2014

എഴുപത്തഞ്ചു വര്‍ഷം നിരന്തരമായി എഴുതുകയായിരുന്നു... അദ്ദേഹം


https://www.facebook.com/echmu.kutty/posts/257470827765552

(ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. )

ഇന്‍ഡ്യാ പാക് വിഭജനമെന്ന കൊടും ക്രൂരത  നേരില്‍ അനുഭവിച്ച ഒരാളാണ് ഖുശ്വന്ത് സിംഗ്. ശ്രീ ഭീഷ്മ സാഹ്നിയുടെ തമസ്സിനോടൊപ്പം ഒരുപക്ഷെ,  അതിലുമധികം ആധികാരികതയോടെ വായിക്കപ്പെട്ട  ട്രെയിന്‍ ടു പാകിസ്ഥാന്‍ എന്ന പുസ്തകം എഴുതാന്‍  ഖുശ് വന്ത് സിംഗിനെ പ്രാപ്തനാക്കിയതില്‍ ഈ  അനുഭവങ്ങള്‍ക്ക് വലിയ  പങ്കുണ്ട്.  ദില്ലിയിലെ പ്രത്യേകിച്ചും ലുട്ട്യന്‍സും  ഹെര്‍ബെര്‍ട്ട് ബേക്കറും ഡിസൈന്‍  ചെയ്തു നിര്‍മ്മിച്ച ന്യൂഡല്‍ഹിയുടെ  സിവില്‍  കോണ്‍ ട്രാക് ടര്‍ ഖുശ്വന്ത്  സിംഗിന്‍റെ  അച്ഛന്‍ ശോഭാസിംഗും മുത്തച്ഛന്‍ സുജാന്‍ സിംഗും  ആയിരുന്നു. സുജാന്‍  സിംഗിന്‍റെ സ്മരണാര്‍ഥം  പേരിട്ട സുജാന്‍ സിംഗ് പാര്‍ക്കിലാണ്, മുത്തച്ഛന്‍ പണിത  ആ വീട്ടിലാണ്  ഖുശ്വന്ത് സിംഗ് ജീവിതകാലമത്രയും പാര്‍ത്തത്.  

മുപ്പതു നോവലുകള്‍ , അനവധി കഥാസമാഹാരങ്ങള്‍, ഒട്ടനവധി ലേഖനങ്ങള്‍ ഇവയെല്ലാം ഖുശ് വന്ത് സിംഗ് എഴുതീട്ടുണ്ട്.  ട്രെയിന്‍ ടു പാകിസ്ഥാന്‍, ഡല്‍ഹി, ഐ ഷാല്‍ നോട്ട് ഹിയര്‍ ദ നൈറ്റിംഗേല്‍, ദ കമ്പനി ഓഫ് വിമന്‍, അഗ്നോസ്റ്റിക്  ഖുശ് വന്ത്, ദ ഗുഡ്    ബാഡ് ആന്‍ഡ്    റിഡിക്യുലസ്  ഇവയെല്ലാം അനവധി  വായനക്കാരെ ആകര്‍ഷിച്ച  പുസ്തകങ്ങളാണ്.

ഹിന്ദുസ്ഥാന്‍  ടൈംസ്, നാഷണല്‍ ഹെറാള്‍ഡ് എന്നീ പത്രങ്ങളുടേയും ഇലസ്ട്റേറ്റഡ് വീക് ലിയുടേയും പത്രാധിപര്‍ ഖുശ്വന്ത് സിംഗ് ആയിരുന്നു. പ്ലാനിംഗ് കമ്മീഷന്‍റെ  മുഖപ്രസിദ്ധീകരണമായ യോജന തുടങ്ങിയതും  അദ്ദേഹമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും  കൂടുതല്‍  ആളുകള്‍ വായനക്കാരായി ഉണ്ടായിരുന്ന കോളമിസ്റ്റും അദ്ദേഹമല്ലാതെ മറ്റാരുമായിരുന്നില്ല. നിയമബിരുദധാരിയായ അദ്ദേഹത്തിന്‍റെ  വിത് മാലിസ് ടു വേര്‍ഡ്സ്  വണ്‍ ആന്‍ഡ് ഓള്‍ എന്ന കോളം ഇംഗ്ലീഷിലായിരുന്നു എഴുതപ്പെട്ടിരുന്നത്.. 

തികഞ്ഞ നാസ്തികനായിരുന്നു ഖുശ് വന്ത് സിംഗ്.  അദ്ദേഹം സിഖുകാരുടെ  ചരിത്രത്തെപ്പറ്റി എഴുതിയ  എ ഹിസ്റ്ററി ഓഫ്  സിഖ്സ് എന്ന രണ്ട്  ഭാഗങ്ങളുള്ള ചരിത്ര ഗ്രന്ഥം  ഈ വിഷയത്തില്‍ ഏറ്റവും  ആധികാരികവും  ഏതു  സാധാരണക്കാരനും വായിച്ചാല്‍  മനസ്സിലാകുന്നതുമാണ്. 

കവിതകള്‍ അദ്ദേഹത്തിനു ഒത്തിരി ഇഷ്ടമായിരുന്നു. സൂഫി സൂക്തങ്ങള്‍ അദ്ദേഹം എപ്പോഴും ഉപയോഗിച്ചു. ഇംഗ്ലീഷ്, ഉറുദു, ഗുരുമുഖി ഭാഷകളിലുള്ള അനവധി കവിതകള്‍ അദ്ദേഹത്തിനു മന: പാഠമായിരുന്നു. ഖുശ് വന്ത്  സിംഗ് ദില്ലിയിലെ സുജാന്‍സിംഗ് പാര്‍ക്കിലാണ് താമസിച്ചിരുന്നതെങ്കിലും  .   ഖുശ് വന്ത് സിംഗ്, ദില്ലി.  എന്ന മേല്‍ വിലാസം മാത്രം  മതിയായിരുന്നു അദ്ദേഹത്തിനു കത്തുകള്‍ ലഭിക്കാന്‍. ലോകത്തിന്‍റെ പല  ഭാഗത്തു നിന്നും  പലരും  അയക്കുന്ന  തമാശകളും നുള്ളു നുറുങ്ങുകളും സ്വന്തം കോളത്തില്‍ അയച്ച വ്യക്തിയുടെ  പേരും മേല്‍ വിലാസവും സഹിതം പ്രസിദ്ധീകരിച്ചിരുന്ന അസാധാരണ സത്യസന്ധനായിരുന്നു  ഖുശ് വന്ത്  സിംഗ്.  

പ്രകൃതിയെ  പരിരക്ഷിക്കേണ്ടതിനെപ്പറ്റി അദ്ദേഹം  കോളത്തില്‍  നിരന്തരം  ഉദ്ബോധിപ്പിച്ചു. എല്ലാ ത്തരം കാപട്യത്തേയും വഞ്ചനയേയും അന്ധവിശ്വാസങ്ങളേയും എപ്പോഴും നഖശിഖാന്തം  എതിര്‍ത്തു. അതീവ രൂക്ഷതയോടെ  പരിഹസിച്ചു.  മനുഷ്യത്വ വിരുദ്ധമായ സദാചാരത്തേയും  മതത്തേയും പരിഹസിക്കുന്നത്  അദ്ദേഹത്തിന്‍റെ  പതിവായിരുന്നു. സമയം എന്ന ഏറ്റവും വിലപിടിപ്പുള്ള  വസ്തുവിനെ പാഴാക്കുന്നത്  ഏറ്റവും  വലിയ  തെറ്റായി  അദ്ദേഹം കരുതി. നേരത്തെ സമയം  തീരുമാനിച്ച്   കൃത്യസമയത്ത്  ചെന്നില്ലെങ്കില്‍ അദ്ദേഹം ആരേയും  കാണാന്‍  കൂട്ടാക്കിയിരുന്നില്ല. ഒരിക്കല്‍  നേരം വൈകിച്ചെന്ന പ്രധാനമന്ത്രി രാജീവ്  ഗാന്ധിയെപ്പോലും അദ്ദേഹം  കാണാന്‍  വിസമ്മതിച്ചു.  ടെന്നീസ്  കളിച്ച്  ശരീരം  ഫിറ്റാക്കി  നിറുത്താന്‍  ഖുശ് വന്ത്  സിംഗ്  പ്ര യത്നിച്ചിരുന്നു.  എണ്‍പത്തിനാലു വയസ്സു  വരെ ദില്ലിയിലെ നിരത്തുകളില്‍ അദ്ദേഹം കാര്‍  സ്വയം ഓടിച്ചിരുന്നു. 

അടിയന്തിരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ  സെന്‍സര്‍ഷിപ്പിനെ  അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.  1974ല്‍  പത്മഭൂഷണ്‍  കിട്ടിയ  ഖുശ് വന്ത്  സിംഗ്   1984 ല്‍  ഗവണ്‍മെന്‍റ്  നടത്തിയ  ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പ്രതിഷേധിച്ച്    ബഹുമതി  തിരികെ നല്‍കുകയായിരുന്നു. 

അതികഠിനമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു  എഴുത്തുകാരനാണ് ഖുശ് വന്ത് സിംഗ്..

15 comments:

പട്ടേപ്പാടം റാംജി said...

ഖുശ് വന്ത് സിംഗിനെ അറിയില്ലായിരുന്നു. ഇപ്പോള്‍ നല്ല പരിചയമായി. ഇനി വായിച്ചാ മതി.
പരിചയപ്പെടുത്തല്‍ ഉഷാറായി.

Cv Thankappan said...

വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ച ഖുശ് വന്ത് സിംഗിന്‍റെ "ട്രെയിന്‍ ടു പാക്കിസ്ഥാന്‍" എന്ന ഹൃദയസ്പര്‍ശിയായ കൃതിയിലെ സംഭവങ്ങള്‍ ഇന്നും മനസ്സില്‍ തെളിയുന്നു.
ആദരാഞ്ജലികള്‍

Manoj vengola said...

ഉവ്വ്..അതികഠിനമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു എഴുത്തുകാരനാണ് ഖുശ് വന്ത് സിംഗ്..നന്നായി എച്ചുമു, ഈ ഓര്‍മ്മ..

ajith said...

അതികഠിനമായി തെറ്റിദ്ധരിയ്ക്കപ്പെട്ട ഒരു എഴുത്തുകാരന്‍ ആയിരുന്നു സിംഗ്. ഖുശ്വന്ത് സിംഗ് എന്ന് പറഞ്ഞാല്‍ സഖിമാരും ഞാനും എന്ന പുസ്തകമെഴുതിയ.........എന്ന് പറഞ്ഞു തുടങ്ങുന്നവരാണ് ഭൂരിപക്ഷം

vettathan said...

ജീവിതത്തെ സരസമായും ലളിതമായും നേരിട്ട ഒരാളായിരുന്നു ഖുശ്വന്ത് സിംഗ്.ഇല്ലസ്ട്രേറ്റഡ് വീക്കിലി വായിച്ചിട്ടുള്ളവര്‍ക്ക് സിംഗിനെ മറക്കാന്‍ വയ്യ

© Mubi said...

പഠിക്കുന്ന കാലത്ത് Illustrated Weekly യില്‍ വന്നിരുന്ന ഇദ്ദേഹത്തിന്‍റെ എഴുത്തുകളോട് വല്ലാത്ത ഒരിഷ്ടമായിരുന്നു... ഓര്‍മ്മക്കുറിപ്പ് നന്നായി എച്ച്മു

വീകെ said...

ഖുശ്‌വന്ത് സിങിനെക്കുറിച്ച് വളരെ കൂടുതൽ വിവരങ്ങൾ അറിയുന്നു. ഈ പരിചയപ്പെടുത്തലിന് വളരെ നന്ദി എച്മുട്ടി..

Pradeep Kumar said...

മുൻപ് ഇതേ വിഷയത്തിൽ എച്ചുമു എഴുതിയത് വായിച്ചിരുന്നു - നമ്മുടെ നാട്ടിൽ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രതിഭയായിരുന്നു ഖുഷ്വന്ത് സിംഗ്

ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പഴയ ലക്കങ്ങൾ കണ്ടിട്ടുണ്ട് - ആ പ്രസിദ്ധീകരണം നിലനിന്നിരുന്നെങ്കിൽ .... എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ The company of women മാത്രമെ വായിച്ചിട്ടുള്ളു. Train to Pakistan ഇനിയും വായിച്ചിട്ടില്ല എന്നത് ലജ്ജയോടെ പറഞ്ഞുകൊള്ളട്ടെ

ആദരാഞ്ജലികള്‍

റോസാപ്പൂക്കള്‍ said...

ട്രെയിന്‍ ടുപാക്കിസ്ഥാന്‍ന്റെയാനെന്നു തോന്നുന്നു കുട്ടികളുടെ പാഠ പുസ്തകത്തില്‍ ഒരു ചാപ്റ്റര്‍ ഉണ്ട്ടായിരുന്നത് ഓര്‍ക്കുന്നു.ട്രെയിനില്‍ ഇരുന്നു കാണുന്ന കാഴ്ച്ചകളായിരുന്നു അതില്‍ പറഞ്ഞിരുന്നത്

Joselet Joseph said...

പലയിടത്തും വായിച്ചും പലരും പറഞ്ഞും കേട്ടിട്ടുണ്ടെങ്കിലും ഖുശ്വന്ത്‌സിംഗിന്‍റെ കൃതികളൊന്നും ഇതുവരെ വായിച്ചിട്ടില്ല. ഇനീ തീര്‍ച്ചയായും ബുക്കുകള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കും.
നന്ദി.

മിനി പി സി said...

എനിക്ക് ഖുശ് വന്ത് സിംഗ് എന്ന് പറയുമ്പോഴേ "ട്രെയിന്‍ ടു പാക്കിസ്ഥാന്‍" ആണ് മനസ്സില്‍ വരുക പിന്നെ ശ്രി .സക്കറിയ അദേഹമൊത്തുള്ള ഡല്‍ഹി അനുഭവങ്ങള്‍ പങ്കുവെചില്ലേ...അതും !എല്ലാംകൂടി നല്ലൊരു ഓര്‍മ്മയാണ് ഖുശ് വന്ത് സിംഗ് എനിക്ക് .

മിനി പി സി said...

എനിക്ക് ഖുശ് വന്ത് സിംഗ് എന്ന് പറയുമ്പോഴേ "ട്രെയിന്‍ ടു പാക്കിസ്ഥാന്‍" ആണ് മനസ്സില്‍ വരുക പിന്നെ ശ്രി .സക്കറിയ അദേഹമൊത്തുള്ള ഡല്‍ഹി അനുഭവങ്ങള്‍ പങ്കുവെചില്ലേ...അതും !എല്ലാംകൂടി നല്ലൊരു ഓര്‍മ്മയാണ് ഖുശ് വന്ത് സിംഗ് എനിക്ക് .

വിനുവേട്ടന്‍ said...

കോളേജ് ലൈബ്രറിയിലെ ഇല്ലസ്ട്രേറ്റഡ് വീൿലി ഓഫ് ഇന്ത്യയിലൂടെയാണ് ഖുശ്‌വന്ത് സിങ്ങിനെ അറിഞ്ഞ് തുടങ്ങുന്നത്...

നല്ലൊരു ഓർമ്മക്കുറിപ്പ്, എച്ച്മു... ആശംസകൾ...

Unknown said...

കോളജ് ജീവിതകാലത്തെ വലിയ മാസിക ഇല്ലസ്ട്രേറ്റഡ് വീക്കിലി... പിന്നെ എല്ലാവരോടും പകയോടെ... ദീപികയില്‍. മകള്‍ക്കു പഠിക്കാനുണ്ടായിരുന്നു ട്രെയിന്‍ ടു... അദ്ദേഹം ദൈവാനുഗ്രഹത്താല്‍ അന്യനല്ല. എന്നാലും എച്മുവിന്‍റെ ലേഖനം മനോഹരം

Muralee Mukundan , ബിലാത്തിപട്ടണം said...

പലപ്പോഴും ഒറ്റക്ക് നിന്ന് തന്നെ
തന്റെ തൂലികയുയർത്തി പോരാടി
കൊണ്ടിരുന്ന ഇന്ത്യ കണ്ട ഏറ്റവും നല്ല പത്രപ്രവർത്തകനായിരുന്നു..ഖുശ് വന്ത് സിംഗ്.