പന്ത്രണ്ടാം ഭാഗം
ഞങ്ങളുടെ വിവാഹത്തിനു ശേഷം ...
നിറയാന്‍ തുടങ്ങുന്ന കണ്ണുകളോടെ, തലയില്‍ കൈ വെച്ച് എന്നെ ആശീര്‍വദിച്ചതിനു
ശേഷം..
അന്ന് സന്ധ്യയ്ക്ക് വിലയേറിയ ഒരു വജ്രമോതിരം സ്വന്‍സല്‍ എന്റെ
വിരലിലണിയിച്ചതിനു ശേഷം..
ഇതാ ഇന്നുവരെ ഞാന്‍
ഇച്ചാക്കയെ കണ്ടിട്ടില്ല.
ഇച്ചാക്ക എവിടെ അപ്രത്യക്ഷനായി
എന്നെനിക്കറിയില്ല. സ്വന്സലിന്
അറിയില്ല.. പൂജയ്ക്കറിയില്ല ... ദില്ലി
പോലീസിനറിയില്ല..
ആര്‍ക്കുമറിയില്ല...
തൊണ്ണൂറു ശതമാനത്തോളം പൂര്‍ത്തിയാക്കിയ
ഒരു ഹൌസിംഗ് കോളനിയുടെ വിശദാംശങ്ങളുമായി അവസാനവട്ട ചര്‍ച്ചകള്‍ക്ക് പോയതാണ്
ഇച്ചാക്ക. നവി മുംബൈയിലെ അലി ബാഗിലേക്കാണ് മുംബൈ എയര്‍ പോര്‍ട്ടില്‍
നിന്ന് ഇച്ചാക്ക ആദ്യം പോയത്. വളരെ പഴയൊരു ക്ലയന്റിന്റെ മരണത്തില്‍ ആ കുടുംബാംഗങ്ങളെ
കണ്ട് വ്യക്തിപരമായി അനുശോചനമറിയിക്കാനായിരുന്നു അത് .
ദില്ലിയില്‍ നിന്ന് മുംബൈയിലേക്കും പിന്നെ അഹമ്മദാബാദിലേക്കും ആയിരുന്നു ശരിക്കും ഇച്ചാക്കയുടെ യാത്ര തീരുമാനിക്കപ്പെട്ടിരുന്നത്.
എന്നത്തേയും പോലെ , ഓഫീസിലെ
എല്ലാവരുടേയും ടൂര്‍ പ്രോഗ്രാമുകള്‍ തയാറാക്കുന്നതു പോലെ പൂജയാണ് എല്ലാ കാര്യങ്ങളും ചെയ്തത്. അലിബാഗില്‍ നിന്ന്
കാറില്‍ മുംബൈ എയര്‍പോര്‍ട്ടിലേക്ക്
പോകുമ്പോള്‍ ഇച്ചാക്ക സന്ദീപ് സാറിനെ
വിളിച്ചിരുന്നു. പൂജയേയും വിളിച്ചു സംസാരിച്ചിരുന്നു.
അഹമ്മദാബാദിലെ ഹൌസിംഗ് പ്രൊജക്ട്
മിക്കവാറും നമുക്ക് തന്നെ
കിട്ടുമെന്ന് ഇച്ചാക്ക ആത്മവിശ്വാസം
പ്രകടിപ്പിച്ചതായി അവര്‍ ഇരുവരും പറഞ്ഞു. ഗുജറാത്തിലുണ്ടായ ഭൂമികുലുക്കത്തില്‍ കച്ചിലും ഭുജിലുമെല്ലാം
ഇച്ചാക്കയും സന്ദീപ് സാറും കൂടി ചെയ്ത അനവധി കെട്ടിടങ്ങള്‍ കണ്ട് തൃപ്തി
വന്നവരായിരുന്നു അഹമ്മദാബാദിലെ ക്ലയന്റ്സ്. ഇച്ചാക്ക അതുകൊണ്ടു തന്നെ വളരെ സന്തുഷ്ടനായിരുന്നു. സംഭാഷണത്തിലുടനീളം അദ്ദേഹം അതീവസാധാരണമായ
കാര്യങ്ങള്‍, മാത്രമേ പറഞ്ഞുള്ളൂ എന്നും സന്ദീപ് സാറും പൂജയും പിന്നീട് എത്രയോ വട്ടം ഓര്‍മ്മിച്ചു.
അതിനുശേഷം മുംബൈയില്‍ നിന്ന് ഇച്ചാക്ക
അഹമ്മദാബാദിലേക്ക് പോയി എന്ന് മാത്രമേ അന്നു മുതല്‍ ഇന്നു വരെ പൂജയ്ക്കും ബാക്കി എല്ലാവര്ക്കും അറിയൂ.
പിന്നെ ഇച്ചാക്ക അപ്രത്യക്ഷനായി..എത്ര വിളിച്ചാലും ഇച്ചാക്കയുടെ ഫോണ്‍ ബെല്ലുതിര്ക്കാതെയായി..
ഗുജറാത്തിലെ ലഹളകള്ക്കിടയിലേക്കാണ് ഇച്ചാക്ക ചെന്നെത്തിയിട്ടുണ്ടാവുക.
കൃത്യം ആ ദിവസം..
ലഹളകള്‍ അനേകം കിലോമീറ്റര്‍ അപ്പുറത്തുള്ളവരുടെ ജീവിതങ്ങളെയും
ഒരിക്കലും നേരെയാക്കാനാവാത്ത വിധം തകര്‍ത്തു
കളയുമെന്ന് ഞങ്ങള്‍ ഓരോരുത്തരും അറിഞ്ഞത്... അങ്ങനെയാണ്.
വിവാഹം നല്കിയ ജീവിത സൌകര്യത്തിന്റേയും സുഖസമൃദ്ധിയുടേയും ആലസ്യം പൂണ്ട ഒരു അര്‍ദ്ധമയക്കത്തിലായിരുന്നു അക്കാലങ്ങളില്‍ ഞാന്‍.
എന്തെങ്കിലും ഒരു ചെറിയ കാരണം
കണ്ടുപിടിച്ച് ഓഫീസില്‍
പോകാതിരിക്കുക എന്റെ ഒരു ശീലമായി. ജീവിതം
തികച്ചും അവിശ്വസനീയമായി എനിക്ക്
തോന്നുന്നുണ്ടായിരുന്നു. ഞാന്‍ ഒരു സ്വപ്നം കാണുകയാണെന്നായിരുന്നു എന്റെ വിചാരം. എന്നാല്‍ ആ സുഖകരമായ മധുരസ്വപ്നം ഒരിക്കലും
അവസാനിക്കരുതെന്ന്
എനിക്ക് അടങ്ങാത്ത കൊതിയുമുണ്ടായിരുന്നു.
ജീവിതം ഇത്ര പെട്ടെന്ന് ഇങ്ങനെ
മാറിപ്പോകുമെന്ന്
കരുതാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഗ്രേറ്റര്‍
കൈലാസിലെ കൂറ്റന്‍ വീട്ടിലേക്ക് താമസം
മാറുന്നതും ദില്ലിയിലെ നിരത്തുകളിലൂടെ വലിയ കാറില്‍
സഞ്ചരിക്കുന്നതും ഒരു തികഞ്ഞ ഉത്തരേന്ത്യന്‍
ബഹുവായി ജീവിക്കുന്നതും ഒന്നും എന്റെ മുഴു ഭ്രാന്തന്
കിനാവുകളില്‍ പോലും ഉണ്ടായിരുന്നില്ലല്ലോ.
അശ്വിനിശര്‍മ്മയുടെ മാതാപിതാക്കന്മാര് യാതൊരു
കറയുമില്ലാതെ എന്നെ ഏറ്റെടുത്തു. അമ്മ എന്ന വാക്കിന്റെ ആഴവും വ്യാപ്തിയുമെന്തെന്ന് അച്ഛന് എന്ന വാക്കിന്റെ എടുത്താല്‍ പൊങ്ങാത്ത
ഉത്തരവാദിത്തമെന്തെന്ന് അവരാണെനിക്ക് മനസ്സിലാക്കിത്തന്നത്.
സ്വന്തം വീടും നാടും മാതാപിതാക്കന്മാരെയും ഒക്കെ വിട്ട് ഭര്‍ത്താവിന്റെ
വീട്ടിലേക്ക് കയറി വരുന്ന പെണ്‍കുട്ടി വേരടര്‍ന്ന വാട്ടം ബാധിച്ച ചെടിയാണെന്ന് അവരാണ്
എന്നോട് പറഞ്ഞത്. അവളെ പുതിയ മണ്ണില്‍ ഉറപ്പിച്ചു നിറുത്തി വെള്ളവും വളവും കൊടുത്ത്
മഹാവൃക്ഷമാക്കേണ്ടുന്നതിനു പകരം ആ മണ്ണില്‍ ഉറച്ചു നില്ക്കുന്നവര് തന്നെ ആ ചെടിയെ ഉണക്കിക്കളയാനും പിഴുതു
മാറ്റാനും ശ്രമിക്കുന്നതാണ്
കുഴപ്പമെന്ന് അവര്‍ വിശദീകരിച്ചു.
മായാജാലക്കാരെപ്പോലെ
അവരെന്നെ കീഴ്പ്പെടുത്തുകയായിരുന്നു.
യഥാര്‍ഥത്തില്‍ രണ്ടു
സ്ത്രീകള്‍ തമ്മിലുള്ള
വഴക്കല്ല, അമ്മായിയമ്മ മരുമകള്‍ പോരെന്ന് ആ അമ്മ എന്നോട് പറയുകയായിരുന്നു. മകനെ
പൂര്‍ണമായി സ്നേഹിക്കാന്‍ കഴിയാത്ത
അമ്മ മറ്റൊരു വീട്ടിലെ
പെണ്ണിനെ മറയാക്കി
നിറുത്തി തന്റെ സ്നേഹരാഹിത്യം മകനില്‍ നിന്ന് ഒളിച്ചു പിടിക്കാന്‍
പ്രയത്നിക്കുകയാണ്. അങ്ങനെയങ്ങനെ അമ്മയില്‍ നിന്നുള്ള പതനം ആരംഭിക്കുകയാണ്... ഈ പ്രയത്നത്തില്‍ പങ്ക്
ചേരുന്നതോടെ അച്ഛനും സ്വന്തം നിലയില്‍ നിന്നുള്ള ഇറക്കം തുടങ്ങുകയാണ്. ഇത് അമ്മയ്ക്കും അച്ഛനും തന്നോടുള്ള സ്നേഹം
കൊണ്ടാണെന്നും ഭാര്യയായി വന്ന പെണ്ണ് എല്ലാവരേയും മനസ്സിലാക്കി ജീവിക്കണമെന്നും മകന്
വിചാരിക്കുന്നതോടെ ഭര്‍ത്താവ് എന്ന നിലയില്‍ നിന്നുള്ള മകന്റെ പതനവും ആരംഭിക്കുകയായി. ഇറക്കങ്ങള്ക്കുള്ള കുഴപ്പമെന്താണെന്നു
വെച്ചാല്‍ അവയെ ഒരിക്കലും
പകുതിയില്‍ നിറുത്താന്‍
കഴിയില്ല... ഇറങ്ങിയ പടികളൊന്നും തിരിച്ചു കയറാന്‍ കഴിയാത്തവണ്ണം അവ ഏറ്റവും താഴേ എത്തും വരെ, അടി
മുട്ടുന്നതു വരെ തുടര്‍ന്നു കൊണ്ടിരിക്കും.
അങ്ങനെയാണ് ഒരു
മകനു അമ്മയും അച്ഛനും
ഭാര്യയും ഒരേ സമയം ഇല്ലാതാകുന്നത്.
അശ്വിനി ശര്‍മ്മയുടെ
സ്വഭാവത്തിലെ
മാധുര്യവും തീരുമാനങ്ങളിലെ
വ്യക്തതയും വ്യക്തിത്വത്തിലെ ആത്മവിശ്വാസവും എങ്ങനെ കിട്ടിയെന്ന് എനിക്ക് ബോധ്യമായി. പണം നല്കിയ സൌകര്യങ്ങളിലും സുഖത്തിലും ജീവിക്കുമ്പോഴും
അദ്ദേഹത്തിനു തെളിമയുള്ള
ജീവിതവീക്ഷണമുണ്ടായതിന്റെ നേര്‍ചിത്രം ഞാന്‍
കണ്ടറിയുകയായിരുന്നു. മാതാപിതാക്കള്‍ ഭാഗ്യവും
ദൈവാനുഗ്രഹവും മാത്രമാണെന്ന് ഒരു അടിയുറച്ച
ഈശ്വരവിശ്വാസിയെപ്പോലെ എനിക്ക് തോന്നിത്തുടങ്ങി.
ആ വീട്ടില്‍ മകളായിപ്പിറന്നിരുന്നെങ്കില് എന്ന് ഞാന്‍ ഉല്‍ക്കടമായി മോഹിച്ചു... അങ്ങനെ
ആലോചിക്കുമ്പോഴെല്ലാം എനിക്ക്
കരച്ചില് വന്നു..
അമ്മയും അച്ഛനും ബാബാ രാംദേവിന്റെ യോഗാഭ്യാസങ്ങളിലും മരുന്നുകളിലും വിശ്വസിച്ചിരുന്നു.
സാധിക്കുമ്പോഴെല്ലാം ബാബയുടെ ടി വി
പരിപാടികളില്‍ അവര്‍ സ്വയം മറന്നു. എന്നെ
പരിപാടികള്‍ കാണാന്‍
പ്രേരിപ്പിക്കുകയും ചെറിയ യോഗാഭ്യാസമുറകള്‍ ശീലിപ്പിക്കുകയും ചെയ്യുന്നത്
അവരുടെ ഒരു ഇഷ്ടവിനോദമായി. ദില്ലിയുടെ ഇരുന്നൂറോ മുന്നൂറോ കിലോ മീറ്ററുകള്‍ക്കുള്ളില്‍ ബാബാ രാം
ദേവ് തന്റെ യോഗാഭ്യാസശിബിരങ്ങള്ക്കായി വരുമ്പോഴെല്ലാം അമ്മയും അച്ഛനും എന്നെയും കൂട്ടിക്കൊണ്ടു പോവുക പതിവാക്കി.
പുരുഷന്റെ സ്നേഹത്തിനു ശരിക്കും
അവസാനിക്കാത്ത മധുരമുണ്ടെന്നും
പരസ്പരമുള്ള ശരീരലാളനകളില്‍ നിര്വൃതിയുണ്ടെന്നും അശ്വിനി ശര്‍മ്മ പതുക്കെപ്പതുക്കെ, എന്നെ അറിയിച്ചുകൊണ്ടിരുന്നു.
അത് ദൂരത്തിലുറപ്പിച്ചു
നിറുത്തിയ ഒരു കാന്തം
ഇരുമ്പിനെ പുണരുന്നതു പോലെയായിരുന്നു.
മെല്ലെമെല്ലെയുള്ള ഒരു വലിച്ചടുപ്പിക്കലായിരുന്നു. എന്നാല്‍ ഒരിയ്ക്കലും വിട്ടു
പോകാന്‍ കഴിയാത്ത വിധം തീവ്രവുമായിരുന്നു.
ചെറുതും വലുതുമായ കുറെ യാത്രകള്‍ ഞങ്ങളൊരുമിച്ചു
ചെയ്തു. കുഫ്രിയിലേക്കായിരുന്നു ആദ്യം പോയത്.
തണുപ്പ് നിറഞ്ഞ കുഫ്രി എന്റെ നെഞ്ചില്‍ എന്നേയ്ക്കും പച്ചപിടിച്ചു നില്ക്കുന്നൊരു
ആദ്യാനുഭവമായി മാറി. രോമസാല്വയില് പൊതിഞ്ഞ്
കുഫ്രിയുടെ നിരത്തുകളിലൂടെ അലഞ്ഞു നടന്ന് സ്നേഹമന്ത്രണങ്ങള്‍ മാത്രം കേള്‍പ്പിച്ച് അശ്വിനി
ശര്‍മ്മ എന്റെ ആത്മാവിനെക്കൂടി സ്വന്തമാക്കി
മാറ്റുകയായിരുന്നു.
പാല്‍പ്പത പോലെ മൃദുലമായിത്തീര്ന്ന, മാധുര്യം കിനിയുന്ന ജീവിതത്തിന്റെ ഇന്നുകളില്‍
എനിക്കെല്ലാമുണ്ട്. എന്നെ ഭയപ്പെടുത്തിയിരുന്ന നിരന്തരമായി നൊമ്പരപ്പെടുത്തിയിരുന്ന എന്റെ പ്രശ്നങ്ങള്‍
അപ്രത്യക്ഷമായിരുന്നു. അപ്പോഴൊക്കെ എനിക്കു തോന്നും പ്രശ്നങ്ങള്‍ ഉള്ളവരെ ആരേയും എനിക്ക് ഇനി കാണേണ്ടെന്ന് .. അവരെ കാണുമ്പോള്‍ എന്നില്‍
ഓര്‍മ്മകള്‍ തുടിക്കും. അവ എന്നെ കുത്തി നോവിക്കുകയും ചിലപ്പോള്‍ എന്നോട്
ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. അവയുടെ ഉത്തരങ്ങള്‍ എന്റെ ഇന്നുകളെ
കുലുക്കിയുണര്ത്തുന്നതായിരിക്കും. അത്തരം ഭൂമികുലുക്കങ്ങള്‍ എനിക്ക് വേണ്ടെന്ന്
ഞാന്‍ വിചാരിക്കുകയും തീരുമാനിക്കുകയും ചെയ്തു.
അതിനിടയിലേക്കാണ് ഇടിവെട്ടുന്നതു പോലെ, കാലില്‍ നിന്ന് ഭൂമി ഉരുണ്ടു മാറുന്നതു പോലെ
ഇച്ചാക്കയെക്കുറിച്ചുള്ള വാര്‍ത്ത വന്നു
വീണത്.
അങ്ങനെ ഒരു മനുഷ്യന്
അപ്രത്യക്ഷനാവാന്‍ കഴിയുമോ എന്ന
സംശയം എല്ലാവരേയും ഒരു പോലെ അലട്ടി,
ഉപ്പ് വെള്ളത്തില്‍ അലിഞ്ഞു പോകുന്നതു പോലെ ... ഒരാള്‍ അങ്ങനെ ഒരു യാത്രയ്ക്കിടയില്‍ എവിടേയോ വെച്ച് ഇല്ലാതായിത്തീരുക...അന്വേഷിച്ചു പോകാന്‍ ഒരു ലക്ഷ്യവും ബാക്കി വെയ്ക്കാതെ...
ആരും പറഞ്ഞില്ല. അന്വേഷിക്കാനോ കണ്ടുപിടിക്കാനോ കഴിയില്ലെന്ന്..
പോലീസുകാര്‍ അവരുടെ സഹജമായ
നിസ്സാരത്വത്തോടെ ആ മാന്‍ മിസ്സിംഗ് പരാതിയെ കൈകാര്യം ചെയ്തു.
യേ സാഹില്‍ കോന്‍ ഹേ?
കിസ് ഇസ്റ്റേറ്റ് കോ ബിലോങ് കര്‍ത്താ ഹേ?
കഹാം ഗയാ?
ക്യോം ഗയാ?
എപ്പോഴാണ് മടങ്ങി വരേണ്ടിയിരുന്നത്?
കണക്കിലധികം പൈസ എടുത്തിട്ടുണ്ടോ?
ഓഫീസില്‍ ആരുമായിട്ടെങ്കിലും വഴക്കിട്ടിരുന്നോ?
ഭാര്യയുമായി പിണക്കമുണ്ടോ?
കാമുകിയുണ്ടോ?
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരമെഴുതുന്നതില്ക്കൂടുതല് അവരെന്തു ചെയ്യാനാണ്?
ഫോട്ടോ മേടിച്ച് ഫയലില്‍ വെയ്ക്കുകയും ഗൂം ശുദാ തലാശ് കേന്ദ്രമായ ദരിയാഗഞ്ച് പോലീസ് സ്റ്റേഷനിലേക്ക് വഴികാണിക്കുകയും
ചെയ്യാന്‍ പോലീസുകാര്‍ മറന്നില്ല. കാര്യമായി അന്വേഷിക്കാമെന്നും കണ്ടുകിട്ടിയാലുടനെ വിവരമറിയിയ്ക്കാമെന്നും അവര്‍ പറയാതിരുന്നില്ല.
സന്ദീപ് സാര്‍
പരിചയമുള്ള പോ ലീസ് ഓഫീസര്‍മാരോടും
ഐ എ എസ് ഉദ്യോഗസ്ഥരോടും സഹായം ചോദിച്ചു. ഐ
ടി ഓ പരിസരത്തെ ദില്ലി പോലീസ് കമ്മീഷണര്‍ ആസ്ഥാനത്തില്‍ നിത്യപ്പതിവുകാരനായി സന്ദീപ് സാര്‍. അന്വേഷിക്കാം
കണ്ടുപിടിക്കാം എന്ന വാഗ്ദാനം അവിടെ നിന്നും കിട്ടിയിരുന്നു. പോലീസുകാര്‍ മാത്രമല്ല, ഇച്ചാക്കയെ ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും
കാണാനിടയായിട്ടുള്ളവരെല്ലാം അദ്ദേഹത്തെ അന്വേഷിക്കുക തന്നെയായിരുന്നു .
പക്ഷെ,
ഗുജറാത്ത് കലാപം ഭയാനകമായ ഒരു
തുറവിയുടെ പെട്ടെന്നഴിച്ചു
കളയപ്പെട്ട കൊളുത്തായിരുന്നു. അതിനപ്പുറത്ത്
ഇച്ചാക്കയെപ്പോലെയുള്ള ഒരാള്‍ക്കു പോലും
അഭയമില്ലായിരുന്നുവെന്ന് സന്ദീപ് സാര്‍ അതിവേഗം
തിരിച്ചറിഞ്ഞു.
ഗുജറാത്തിലെ ചീഫ് സെക്രട്ടറിയും ഡി ജി പിയും എല്ലാം സന്ദീപ് സാറിനെ സഹായിക്കാമെന്ന് തന്നെയാണ് വാഗ്ദാനം ചെയ്തത്..
എല്ലാവരും പരിശ്രമിക്കുകയും
എന്നിട്ടും ഒരു ലക്ഷ്യവും ഇല്ലാതായിത്തീരുകയുമായിരുന്നോ എന്നറിയില്ല.
എതു പരിതസ്ഥിതിയോടും
മനുഷ്യന് പൊരുത്തപ്പെടും. അത്തരത്തിലാണ് സാധാരണ മനുഷ്യന്റെ മനസ്സ് നിര്മ്മിയ്ക്കപ്പെട്ടിട്ടുള്ളത്. പക്ഷെ, തീവ്രമായ
പ്രതീക്ഷയുമായി അനിശ്ചിതാവസ്ഥയോട് പൊരുത്തത്തിലാവാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് തികച്ചും ദയനീയമാണ്.
ആ ദയനീയതയിലായിരുന്നു പിന്നീട് എസ് ആന്‍ഡ് എസ് എന്ന ആര്‍ക്കിടെക്ചര്‍ ഫേം.
പിന്നീടുള്ള കാലങ്ങളില്‍ ഒരു അജ്ഞാത മൃതദേഹം, ഒരു ഭ്രാന്തന്, അനാഥനായ വികലാംഗന്,
സംസാരിക്കാന്‍ കഴിവില്ലാത്ത ആള് .... അങ്ങനെ ഹൃദയം തകര്‍ക്കുന്ന ഓരോരോ ഫോണ്‍ സന്ദേശങ്ങളായി ഇച്ചാക്കയെ
പ്രതീക്ഷിയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി..
എല്ലാത്തവണയും നിലയ്ക്കാതെ
കണ്ണീരൊഴുക്കി ...
ദില്ലിയിലെ പരിചയക്കാരുടെ ജീവിതങ്ങളില്‍ നിന്നകന്നു കഴിയുമ്പോള്‍
ഇച്ചാക്ക എന്ന ഞങ്ങളുടെ സ്നേഹവാനായ ബോസ് ഒരു ടിക്കറ്റ് നമ്പറും കമ്പ്ലയിന്റ് നമ്പറും കേസ് നമ്പറും മാത്രമായി മാറുമെന്ന്
ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു.
പിന്നെപ്പിന്നെയുള്ള ദിവസങ്ങളിലും മാസങ്ങളിലും വര്‍ഷങ്ങളിലുമായി ഇച്ചാക്ക എന്നുച്ചരിക്കാന്‍ ഞങ്ങളും മടിച്ചു
തുടങ്ങി..
ഇച്ചാക്കയെ മറക്കാന്‍ ഞങ്ങള്‍ പരിശീലിക്കുകയായിരുന്നു.
എത്രയെല്ലാം ശ്രമിച്ചിട്ടും ആര്‍ക്കും അതു കഴിഞ്ഞില്ല.
അനവധി പേര്‍ക്ക് അന്നം നല്കിയ ഞങ്ങളൂടെ ഓഫീസാകട്ടെ പതുക്കെപ്പതുക്കെ തകര്ന്നുകൊണ്ടുമിരുന്നു.
സന്ദീപ് സാറിനു പല പ്രോജക്ടുകളും ഒഴിവാക്കേണ്ടി വന്നു.
ഇച്ചാക്കയുണ്ടല്ലോ എന്നത് എത്ര വലിയ ധൈര്യവും
വിശ്വാസവുമായിരുന്നുവെന്ന് അദ്ദേഹം ഓരോ
പ്രോജക്ടുകള്‍ ഒഴിവാക്കുമ്പോഴും പരസ്യമായി വിങ്ങിപ്പൊട്ടി..
ഇച്ചാക്കയുടെ ഓഫീസ്
ഉപേക്ഷിച്ച് ആദ്യം പുറത്തിറങ്ങിയത്
ഞാനും അശ്വിനി ശര്‍മ്മയുമായിരുന്നു. ഞാന്‍ ഒരു മുഴുവന്‍ സമയ ഉത്തരേന്ത്യന്‍ വീട്ടമ്മയായി മാറി. അശ്വിനി ശര്‍മ്മ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്ന ഇന്റര്‍നാഷണല്‍ ഓഡിറ്റിംഗ് ഫേമില്‍ ചേര്‍ന്നു.
പ്രദീപ് ജെയിന് ആര്‍ക്കിടെക്ചര്‍
ഉപേക്ഷിച്ച് ഒരു തികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകനായി.
അന്ന് അതത്ര നല്ല തീരുമാനമായി
തോന്നിയില്ലെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍
പ്രദീപ് ചെയ്തത് തികച്ചും ശരിയാണെന്ന്
ഞാന്‍ മനസ്സിലാക്കി. അത്ര
ഉജ്ജ്വലമായിരുന്നു പിന്നീടുള്ള പ്രദീപിന്റെ
പ്രവര്‍ത്തനങ്ങള്‍.
( തുടരും )