Friday, June 10, 2016

പരിഭവിക്കുകയും പിണങ്ങുകയും ചെയ്യുന്ന സാരികള്‍

31/08/2018https://www.facebook.com/photo.php?fbid=1027766080736019&set=a.526887520823880&type=3&theater


‘എത്ര സാരിയുണ്ടായാലാണ് നിനക്ക് മതിയാവുക? ഇങ്ങനെയുമുണ്ടോ ഒരു സാരിക്കൊതി... ‘

ഇമ്മാതിരിയൊരു വാചകം കേള്‍ക്കാത്ത പെണ്ണുങ്ങളുണ്ടാവുമോ ഈ ലോകത്ത്... ?
എവിടെ നിന്നെങ്കിലും ഒക്കെ ഇതു കേട്ടിട്ടുണ്ടാവും..
സാരിയല്ലെങ്കില്‍ ചുരിദാര്‍ ... അല്ലെങ്കില്‍ ഫ്രോക്ക്.. അല്ലെങ്കില്‍ മറ്റെന്തെങ്കിലും തുണി.. പറഞ്ഞു വന്നതെന്തെന്ന് വെച്ചാല്‍ പെണ്ണുങ്ങള്‍ക്ക് വല്ലാത്ത വസ്ത്രക്കമ്പമാണെന്നാണ് പൊതുവേ ഉള്ള വിശ്വാസം.
ഭാര്യയ്ക്ക് സാരി വാങ്ങിക്കൊടുക്കാനാണ് ജോലിക്ക് പോകുന്നതെന്നും കൈക്കൂലി വാങ്ങിയതെന്നും ഒക്കെ പലപ്പോഴും ഭര്‍ത്താക്കന്മാര്‍ പറയാറുണ്ട്.

എന്‍റെ പെരിയമ്മയെക്കുറിച്ച് പെരിയപ്പാവും അങ്ങനെ ഒരു സാരിക്കമ്പക്കാരി എന്ന് തന്നെയാണ് വഴക്കിട്ടിരുന്നത്.

അറുപതു വര്‍ഷം നീണ്ട ദാമ്പത്യം.
എനിക്ക് ഒട്ടും അടുപ്പമുണ്ടായിരുന്നില്ല, അവരുമായി. വളരെക്കുറച്ചു തവണകളേ തമ്മില്‍ കണ്ടിട്ടുള്ളൂ. കുടുംബവഴക്കുകളും ജാതിയുടേയും മതത്തിന്‍റേയും സദാചാരത്തിന്‍റെയും കൂറ്റന്‍ മതിലുകളും ഞങ്ങള്‍ക്കിടയില്‍ സദാ ഉയര്‍ന്നിരുന്നു.
ദില്ലിയിലാണ് അവര്‍ ജീവിച്ചിരുന്നത്. പെരിയപ്പാ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു. സ്വന്തം കുടുംബത്തിലെ മൂത്ത മകനായിരുന്നതുകൊണ്ട് അനിയന്മാരെ പഠിപ്പിക്കുക, അനിയത്തിമാരെ കല്യാണം കഴിപ്പിക്കുക, ജീര്‍ണിച്ച തറവാട്ടു മഠത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുക എന്നിങ്ങനെ ഒത്തിരി ഭാരിച്ച ചുമതലകള്‍ അദ്ദേഹത്തിനു നിര്‍വഹിക്കാനുണ്ടായിരുന്നു.

നന്നേ അരിഷ്ടിച്ചാണ് അവര്‍ ദില്ലിയില്‍ ജീവിച്ചത്. മാസാവസാനമാകുമ്പോള്‍ പെരിയപ്പാ ഓഫീസിലേക്ക് നടന്നു പോകും, കാരണം ബസ്സു കൂലിയ്ക്ക് പണമുണ്ടാവില്ല. ന്യൂസ് പേപ്പര്‍ വരുത്തിയിരുന്നില്ല, വളരെക്കാലം. സിനിമ കാണാന്‍ ചെലവില്ലായിരുന്നു. ഇന്‍ഫര്‍മേഷന്‍ & ബ്രോഡ് കാസ്റ്റിംഗ് മിനിസ്ട്രിയിലായിരുന്നു പെരിയപ്പാവിനു ജോലി. അപ്പോള്‍ സിനിമാപാസ്സുകള്‍ കിട്ടിയിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട സിനിമാക്കാരേയും എഴുത്തുകാരേയും കവികളേയുമൊക്കെ നേരിട്ടറിഞ്ഞിരുന്നു പെരിയപ്പാ. എങ്കിലും സ്വന്തം കാര്യങ്ങള്‍ക്ക് ആരുടെയും ഒരു ചെറിയ സഹായം തേടാന്‍ പോലും ആ അഭിമാനി തയാറായിരുന്നില്ല.
പത്താം ക്ലാസ് പാസ്സായിരുന്ന പെരിയമ്മയ്ക്ക് വീട്ടുപണികള്‍ മാത്രമായിരുന്നു ജോലി. ഭാര്യയെ ജോലിക്ക് പറഞ്ഞയക്കുന്നത് അക്കാലങ്ങളിലെ ഏതൊരു പുരുഷനേയും പോലെ പെരിയപ്പാവിനും കുറച്ചിലായി തന്നെ തോന്നി.

ഒരു ധനിക ജമിന്ദാര്‍ അയ്യരുടെ മകളായിരുന്ന പെരിയമ്മ തയ്യല്‍പ്പണികള്‍ ചെയ്തു ലാഭമുണ്ടാക്കി. തകരടിന്നുകളില്‍ പച്ചക്കറി വളര്‍ത്തി വിളവെടുത്ത് ചെലവ് ചുരുക്കി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു കുറച്ച് ധനം കുടുംബച്ചെലവിലേക്ക് സ്വരുക്കൂട്ടി. ജിലേബിയും ലഡ്ഡുവുമൊക്കെ ഉണ്ടാക്കി പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും വിറ്റു കിട്ടുന്ന പണം ഒരു തലയിണയില്‍ നിറച്ചു സൂക്ഷിച്ചു.
പെരിയമ്മയുടെ മകള്‍ പഠിച്ച് എയര്‍ ഫോഴ്സിലെ ഡോക്ടറായി...

മകന്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് ആര്‍മിയില്‍ ചേര്‍ന്നു... മക്കള്‍ക്ക് സ്വന്തം കുടുംബങ്ങളൂണ്ടായി.
പെരിയപ്പാ അടുത്തൂണ്‍ പറ്റി പിരിഞ്ഞപ്പോഴാണ് ആ പണം ഉപയോഗിച്ച് സൌത്ത് ദില്ലിയില്‍ പെരിയമ്മയും പെരിയപ്പാവും സ്വന്തം വീടുണ്ടാക്കിയത്.

പണത്തിന്‍റെ ഞെരുക്കം മാറിയപ്പോള്‍ ട്യൂഷന്‍ പഠിപ്പിക്കുന്നത് പെരിയമ്മ തികച്ചും സൌജന്യമാക്കി. അങ്ങനെ ഹൌസിംഗ് കോളനിയില്‍ അടിച്ചു തുടയ്ക്കുന്നവരും പാചകക്കാരുമായ പാവപ്പെട്ട സ്ത്രീകളും അവരുടെ മക്കളും എഴുത്തും വായനയും പഠിച്ചു. ഇംഗ്ലീഷും ഹിന്ദിയും തമിഴും മലയാളവും സംസ്കൃതവും പെരിയമ്മയ്ക്ക് നല്ല വശമായിരുന്നു.
വീട്ടു മാനേജുമെന്‍റിന് നോബല്‍ പ്രൈസുണ്ടായിരുന്നെങ്കില്‍ അത് എന്‍റെ പെരിയമ്മയ്ക്ക് കിട്ടേണ്ടതാണ്...

ദാമ്പത്യം തുടങ്ങിയ കാലത്ത് എന്നു വെച്ചാല്‍ അറുപതു കൊല്ലം മുന്‍പ് വാങ്ങിയ സ്പൂണ്‍ മുതലുള്ള സാധനങ്ങള്‍ ഒരു കേടുപാടും പറ്റാതെ അവരുടെ അടുക്കളയിലുണ്ടായിരുന്നു. പെരിയമ്മയുടെ അമ്മ ഉപയോഗിച്ചിരുന്ന നൂറു വര്‍ഷത്തിലധികം പഴക്കമുള്ള സ്ഫടിക ജാറുകള്‍, മണ്‍ ഭരണികള്‍ അതെല്ലാം അവര്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. മുള്ളാണി, സ്ക്രൂ ,വലിയ ആണി… അങ്ങനെ ഒരു വീട്ടില്‍ വല്ലപ്പോഴുമൊക്കെ വേണ്ടി വരുന്ന ഇമ്മാതിരി ലൊട്ടുലൊടുക്ക് സാധനങ്ങള്‍ പോലും അവരുടെ പക്കലുണ്ടാവും. ഇതൊക്കെയും അറുപതു വര്‍ഷം പഴക്കമുള്ളതു വരെ ആവാം. ഈ ഇരുമ്പ് സാമഗ്രികളൊന്നും തുരുമ്പ് പിടിക്കുന്നവയുമല്ല, കാരണം എണ്ണ പുരട്ടി ബട്ടര്‍ പേപ്പറിലും പിന്നെ ബ്രൌണ്‍പേപ്പറിലും പൊതിഞ്ഞ് പേരെഴുതി കരുതലോടെ സൂക്ഷിച്ചവ എങ്ങനെ തുരുമ്പ് പിടിക്കും?

എല്ലാം അത്യാവശ്യത്തിനു പണം ചേര്‍ത്തുവെച്ച് ബുദ്ധിമുട്ടി വാങ്ങിയതാണ്. ഇനിയൊരിക്കല്‍ വാങ്ങാന്‍ കഴിയുമോ എന്നറിയില്ല, അതുകൊണ്ട് സൂക്ഷിച്ച് കരുതലോടെ ഉപയോഗിച്ചു, ബാക്കി വന്നതും സൂക്ഷിച്ചു വെച്ചു.

ഒന്നും അനാവശ്യമായി ചെലവാക്കാതെ, ഒരു തപസ്വിനിയുടെ ശ്രദ്ധയോടെയാണ് പെരിയമ്മ ജീവിച്ചത്. ഏറ്റവും പഴയ മോഡല്‍ ഗൃഹോപകരണങ്ങള്‍ എല്ലാം പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന ഒരു അല്‍ഭുത വീടായിരുന്നു പെരിയമ്മയുടേത്. ഒന്നും കേടു വരാത്തതുകൊണ്ട് പുതിയ മോഡലുകള്‍ ഒരിക്കലും വാങ്ങേണ്ടി വന്നതുമില്ല.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഈരണ്ടു മാസം പെരിയമ്മയും പെരിയപ്പാവും എന്‍റെ കൂടെ വന്നു താമസിച്ചു. എന്‍റെ കൂട്ടുകാരന്‍ അവരെ പിള്ളേരേ എന്ന് വിളിച്ചിരുന്നത് അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ടൂറു പോകുമ്പോള്‍ ഫോണ്‍ ചെയ്തു ചോദിക്കും. ‘ നമ്മുടെ പിള്ളേരൊറങ്ങിയോ? അത്താഴം കഴിച്ചു തന്നെ ഒറങ്ങിയത്?’

രണ്ട് മാസക്കാലത്തെ ആ താമസത്തിനിടയില്‍ പെരിയമ്മ പലതരം അച്ചാറുകള്‍ ഉണ്ടാക്കി തന്നു, എനിക്ക്. ആ പഴയ സ്ഫടിക ജാറുകള്‍ തന്നതിലൊരെണ്ണം , തൊണ്ണൂറുവര്‍ഷം പഴകിയ ഒരെണ്ണം ഞാനീയിടെ പൊട്ടിച്ചു. അതു കൈയില്‍ നിന്ന് വഴുതി... ഒരു നിമിഷം കൊണ്ട് തകര്‍ന്നുടഞ്ഞു.
പെരിയമ്മയുടെ വലിയ ദൌര്‍ബല്യമായിരുന്നു സാരികള്‍. പുതിയ സാരി കിട്ടിയാല്‍ അതില്‍ ഫാള്‍ വെച്ച് സാരിയുടെ വക്ക് തുന്നി ബ്ലൌസും തയാറാക്കിയിട്ട് മാത്രമേ അവര്‍ അത് ഉടുക്കുമായിരുന്നുള്ളൂ. പുതിയ സാരി ഉടുത്താല്‍ അത് ധരിച്ചുകൊണ്ട് വിളക്കു കത്തിയ്ക്കുകയും ഗുരുവായൂരപ്പനെ നമസ്ക്കരിക്കുകയും ചെയ്യും. കോട്ടണ്‍ അല്ലെങ്കില്‍ പട്ട് സാരികള്‍ മാത്രമേ അവര്‍ ധരിച്ചുള്ളൂ. കോട്ടണ്‍ സാരികളില്‍ കഞ്ഞി പിഴിഞ്ഞ് ബലം വരുത്തി അവര്‍ ഭംഗിയായി ഉടുക്കും. സിന്തറ്റിക് തുണികള്‍ക്ക് ഒരു ചീപ് ലുക്കും ചീപ് ഷൈനിംഗും ഉണ്ടെന്നായിരുന്നു അവരുടെ കണ്ടു പിടുത്തം. പിന്നെ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അത് ചേരുകയില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു.
ഞങ്ങള്‍ തിരുവനന്തപുരത്തും എറണാകുളത്തും ഒക്കെ ചുറ്റിത്തിരിഞ്ഞ് സാരികള്‍ മേടിച്ചു. പുസ്തകവായനയില്‍ അതിരറ്റ ആഹ്ലാദം കണ്ടെത്തിയിരുന്ന, അടുത്തൂണ്‍ പറ്റിയതിനു ശേഷം സ്വന്തമായി ഒരു കര്‍ച്ചീഫ് പോലും വാങ്ങാതിരുന്ന പെരിയപ്പാവിനു, നിറഞ്ഞ വാര്‍ദ്ധക്യത്തിലെ പെരിയമ്മയുടെ ഈ സാരിമോഹം ഒട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. രണ്ട് മാസത്തില്‍ നാലാമത്തെ സാരി വാങ്ങിയ ദിവസം അദ്ദേഹം കലശലായി കോപിച്ചു.....

അനാവശ്യമായി പണം ചെലവാക്കുന്നതിനേയും സാരികള്‍ സ്വന്തമാക്കുന്നതിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

പെരിയമ്മ കരഞ്ഞു. ഇനി ഒരു സാരി പോലും വാങ്ങുകയില്ലെന്ന് പ്രതിജ്ഞ എടുത്തു. അതുകേട്ടപ്പോള്‍ പെരിയപ്പാവിനു പിന്നേയും ദേഷ്യം വന്നു.

പെരിയമ്മയേയും കൊണ്ട് ഷോപ്പിംഗിനു പോവുന്നതിന് എനിക്കും കിട്ടി അപ്പോള്‍ വയറു നിറയെ ചീത്ത...

മേജര്‍ ജനറലായ മകന്‍റെ വീട്ടില്‍ വെച്ചാണ് ഞാനിത്തവണ പെരിയപ്പാവിനെ കണ്ടത്.
‘ഉന്നോട് പെരിയമ്മ അന്ത പൊടവൈ എല്ലാം എങ്കിട്ടയേ വിട്ടിട്ട് പോയിട്ടാള്‍ ... ഒന്നും കെട്ടിക്കലൈ ‘ എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.

ആ സാരിക്കെല്ലാം ബ്ലൌസ് തയിക്കാന്‍ കൊടുത്തിരുന്നു, അത് കിട്ടും മുന്‍പ് പെരിയമ്മ നിഗംബോധ്ഘട്ടില്‍ എരിഞ്ഞടങ്ങി.
സാരികള്‍ പെരിയപ്പാ ആര്‍ക്കും കൊടുത്തിട്ടില്ല. മകള്‍ക്കോ മരുമകള്‍ക്കോ പോലും..
അവ എന്തെങ്കിലുമൊക്കെ പെരിയപ്പാവിനോട് ഇന്നും പറയുന്നുണ്ടാവും... പരിഭവിക്കുന്നുണ്ടാവും...

ഞങ്ങള്‍ എല്ലാവരുടേയും നടുവിലിരിക്കുമ്പോഴും സംഭാഷണങ്ങളില്‍ പങ്കുകൊള്ളുമ്പോഴും പെരിയപ്പാ തനിച്ചായിരുന്നു. പെരിയമ്മയുടെ വര്‍ത്തമാനങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും സാരിമോഹത്തിനും അദ്ദേഹം കാതോര്‍ക്കുകയായിരുന്നുവെന്ന് തോന്നി...
കാണാവുന്ന തൊട്ടെടുക്കാവുന്ന ആ ഏകാന്തത ഹൃദയഭേദകമായിരുന്നു.

19 comments:

വള്ളുവനാടന്‍ said...

നന്നായിട്ടുണ്ട് എച്ച്മു...പെരിയപ്പയും പെരിയമ്മയും മനസ്സില്‍ തട്ടി

keraladasanunni said...

കടുത്ത കുറ്റബോധമാവും പെരിയപ്പാവുക്ക് ഉണ്ടായിരുന്നത്. ഇനി ആ സാരികള്‍ അദ്ദേഹം കാണത്തക്ക വിധത്തില്‍ വെക്കരുത്. ആ സാധുവിന് മനോവിഷമമാവും 

vettathan said...

ഹൃദ്യമായ എഴുത്ത്.മുപ്പതു വര്ഷം കഴിഞ്ഞ സാരികളും സെറ്റികളും എന്‍റെ വീട്ടിലുമുണ്ട് .റിട്ടയര്‍ ചെയ്തപ്പോള്‍ സാരി മിക്കതും ഓരോരുത്തര്‍ക്ക് കൊടുത്തു.എങ്കിലും ഓരോന്നും സൂക്ഷിയ്ക്കുന്ന കാര്യത്തില്‍ ശ്രീമതി ഇപ്പൊഴും എനിക്കു അത്ഭുതം തന്നെ

Cv Thankappan said...

മനുഷ്യന്‍റെ കാര്യം ഇത്രയേയുള്ളൂ!
ഇങ്ങനെയുള്ള കുറ്റബോധങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്.
മരണശേഷം അവര്‍ എണ്ണിപ്പെറുക്കി വിലപിക്കുമ്പോഴാണ് നമ്മിലേക്കും ആ ദുഃഖം പെയ്തിറങ്ങുക!
മാതൃകാപരമായ ജീവിതം നയിച്ച പെരിയപ്പായുടെയും,പെരിയമ്മയുടെയും ജീവിതചിത്രം ഇത്രയും തിളക്കത്തോടെ പകര്‍ത്തിയതിന് ആശംസകള്‍

Aarsha Abhilash said...

nothing to write... :(

© Mubi said...
This comment has been removed by the author.
© Mubi said...

ഞാനെന്തെഴുതാന്‍ എച്മു :( :(

വീകെ said...

ആശംസകൾ....

വീകെ said...

ആശംസകൾ....

Geetha said...

സ്ത്രീകളുടെ സാരിമോഹം... അതൊരിക്കലും തീരില്ല. നല്ല ഓർമ്മകൾ എച്ചുമിക്കുട്ടി.

mini//മിനി said...

പണ്ടൊക്കെ ഒരു സാരി കിട്ടാൻ എത്രമാത്രം കൊതിച്ചിട്ടുണ്ട്. ഇപ്പോൾ അലമാരയിൽ ഇരുന്ന് അവയെല്ലാം എന്നെനോക്കി ചിരിക്കുന്നു. പഠിക്കുന്ന കാലത്ത് ഉറക്കത്തിൽ കാണുന്ന സ്വപ്നം നല്ലൊരു സാരി ആയിരുന്നു. മര്യാദക്ക് സാരി ലഭിച്ചിട്ട് 20 വർഷം മാത്രമേ ആയുള്ളൂ. എന്റെ സാരികൾക്ക് പലതിനും കഥ പറയാനുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

പെണ്ണിന്റെ ഓരോ മോഹങ്ങളാണ് അവൾ എന്നും കാത്ത് സൂക്ഷിക്കുന്ന സാരികളും

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

'പൊടവൈ എല്ലാം എങ്കിട്ടയേ വിട്ടിട്ട് പോയിട്ടാള്‍ ... ഒന്നും കെട്ടിക്കലൈ' - മോഹങ്ങളും മോഹഭംഗങ്ങളും ശേഷിക്കുന്നവര്‍ക്ക് നല്‍കി പരാതിയും പരിഭവവുമില്ലാതെ തുടരുന്ന പ്രയാണം.. സ്പര്‍ശിക്കുന്ന രചന.. നൂറു വര്‍ഷങ്ങളിലധികം നീണ്ട കരുതല്‍.. തകര്‍ത്തു കളഞ്ഞല്ലോ.. ഓ..ആതൊതന്നും അത്രവലിയ 'സംഭവ'മല്ലല്ലോ..?

കുഞ്ഞുറുമ്പ് said...

heart touching :) nothing more to say

Anju Ramesh said...

സങ്കടമായല്ലോ എച്ചുമുക്കുട്ടീ..

Anju Ramesh said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

ഹോ.ചേച്ചീ!!!!

Rony said...

കൊള്ളാം ചേച്ചി

വേണുഗോപാല്‍ said...

പെരിയമ്മയേയും പെരിയപ്പയേയും പരിചയപ്പെടുത്തിയത് ഹൃദ്യമായി. ചിലർ നാട് നീങ്ങുന്നത് ഇങ്ങിനേ ചിലതൊക്കെ അവശേഷിപ്പിച്ചാണ്. അതിനെയല്ലേ നാം ജീവിതത്തിൻറെ ബാക്കിപത്രങ്ങൾ എന്ന് പേരിട്ടു വിളിക്കുന്നത്.