Friday, May 18, 2018

പച്ചകളാണ് ഈ വയനാട്



https://www.facebook.com/groups/1945563405669128/permalink/2599148113643984/
https://www.facebook.com/groups/812445722293457/permalink/895067050697990/

https://www.azhimukham.com/wayanad-greenery-tourism-forest-travel-echmukutti/

(31-08-2015ല്‍ അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്)

പ്രഭാതമായപ്പോഴും രാത്രിയുടെ മഴപ്പാട്ട് അനസ്യൂതം മുഴങ്ങുന്ന ഒരു മനോഹരവാദ്യത്തെ ഓര്‍മ്മിപ്പിച്ചു. എണീക്കാന്‍ നല്ല മടി തോന്നിയെങ്കിലും പുലരും മുന്‍പേ യാത്ര ആരംഭിക്കണമെന്നറിയുന്നതുകൊണ്ട് വേഗം തന്നെ ഞാന്‍ തയാറായി. എന്‍ഡേവര്‍ ആയിരുന്നു ഇത്തവണയും ഒപ്പം. സഹയാത്രികരില്‍ വാസ്തുശില്‍പികളും സാങ്കേതിക വിദഗ്ദ്ധരും വനംവകുപ്പുദ്യോഗസ്ഥരുമുണ്ടായിരുന്നു.

പുതിയ കാലത്തെ വാസ്തുശില്‍പികളില്‍ പലരിലും ധാരാളിത്തത്തിന്റെ ഉത്പന്നമായ അലക്ഷ്യമാക്കലുകള്‍ വളരെയേറെയുണ്ടെന്ന് ഈ യാത്ര എന്നെ പഠിപ്പിച്ചു. അവരെ പറഞ്ഞിട്ടും കാര്യമില്ല. അവരിലധികംപേരും പൊതുവേ സമൃദ്ധിയുടെ മടിത്തട്ടില്‍ ഒറ്റക്കുട്ടികളായി വളര്‍ന്നവരാണ്. സാധനങ്ങള്‍ പാഴാക്കുക എന്നതൊരു അനുഷ്ഠാനംപോലെ ശീലിച്ചവരാണ്. അത് ആഹാരമായാലും വെള്ളമായാലും കടലാസ്സായാലും പെട്രോളായാലും; ബിഗ് ബസാറിലെ റാക്കുകളില്‍നിന്ന് അവര്‍ക്ക് ആഹാരം കിട്ടുന്നു. മിനറല്‍ വാട്ടറെന്ന കുപ്പിവെള്ളം കുടിക്കുന്നു. വലിയ സ്‌റ്റേഷനറി കടകളില്‍ നിന്നോ ഓണ്‍ലൈനായോ വരയ്ക്കാനും കണക്ക് കൂട്ടാനുമാവശ്യമായ വസ്തുക്കളൊക്കെ പണംകൊടുത്ത് ഇഷ്ടംപോലെ വാങ്ങുന്നു. അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകള്‍ വീശി പെട്രോളോ ഡീസലോ വണ്ടികളുടെ ടാങ്കുകളില്‍ നിറയ്ക്കുന്നു. അവര്‍ക്ക് മറ്റുള്ളവരുടെ അധ്വാനമെന്നോ പൊതുസമ്പത്തെന്നോ ഉള്ള സങ്കല്‍പങ്ങള്‍ക്ക് ഒട്ടും വ്യക്തതയുണ്ടാവുന്നില്ല. നമ്മുടേതു മാതിരിയൊരു ദരിദ്രരാജ്യത്ത് എന്തുസാധനവും ഏതുസമയവും ഏതുസമ്പത്തും പാഴാക്കിക്കളയുക എന്നതൊരു ക്രിമിനല്‍ കുറ്റമാണെന്ന് അവര്‍ പഠിച്ചിട്ടില്ല. എന്റെ തലമുറയില്‍പ്പെട്ട അധികംപേരുമാണെങ്കില്‍ സാമ്പത്തിക സുരക്ഷിതത്വമെന്ന ഒറ്റ ലക്ഷ്യത്തിലൂന്നി ജീവിച്ചതുകൊണ്ട്, അത്തരം കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നതില്‍ ഒട്ടും ശ്രദ്ധ വെച്ചതുമില്ല.

ബുദ്ധിപരമായി, ശാസ്ത്രീയമായി നമ്മുടെ സമ്പത്തും സമയവുപയോഗിക്കണമെന്ന് ശാഠ്യം പിടിച്ച ലാറിബേക്കറിന്റെ നിര്‍മ്മാണരീതികളെ ഇത്തരം പുതുതലമുറക്കാര്‍ പരിചയപ്പെടാന്‍ ശ്രമിച്ചാലോ?ആ അല്‍ഭുതക്കാഴ്ചയായിരുന്നു ഇത്തവണത്തെ എന്റെ യാത്രയുടെ അടിയൊഴുക്ക്.

 തൃശൂരു നിന്ന് കോട്ടയ്ക്കല്‍ വരെയുള്ള ദൂരം എന്‍ഡേവര്‍ പറക്കുകയായിരുന്നു. അതിരാവിലെ വാഹനങ്ങളൊഴിഞ്ഞ റോഡില്‍ യാത്ര സുഗമമായി. കുറ്റിയാടി വഴി പോയി ചുരം കയറാമെന്നായിരുന്നു വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞത്. കുഞ്ഞോം എന്ന സ്ഥലത്തായിരുന്നു ചെന്നെത്തേണ്ടിയിരുന്നത്. കോട്ടയ്ക്കല്‍ എത്തിയപ്പോള്‍ പ്രഭാതഭക്ഷണമാവാമെന്നായി. ഇടതടവില്ലാതെ നേരിയ മഴ പൊഴിയുന്നുണ്ടായിരുന്നു. രാവിലത്തെ കുളിരില്‍ ഹോട്ടലുകള്‍ തുറന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
വേഗം ഭക്ഷണം കഴിക്കണമെന്നും മഴ ഉറച്ചാല്‍ ചുരം കയറുന്നത് പ്രയാസമാകുമെന്നും െ്രെഡവര്‍ ഓര്‍മ്മിപ്പിച്ചു. അത് കേട്ടപാടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏകദേശം മുഴുവനായിത്തന്നെ പുതിയ തലമുറക്കാരായ വാസ്തുശില്‍പികള്‍ പാഴാക്കിക്കളഞ്ഞു. ഇന്ത്യയിലെ മറ്റ് നാടുകളേക്കാള്‍ കേരളത്തില്‍ പട്ടിണി കുറഞ്ഞിട്ടുണ്ടാവാം. എങ്കിലും നന്നായി വിശക്കുന്ന, ഹോട്ടല്‍ പലഹാരങ്ങളെ ആര്‍ത്തിയോടെ നോക്കുന്ന കുട്ടികള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്.

കുറ്റിയാടിയിലെത്തി ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ സുഖകരമായ തണുപ്പും കുളിരും കാറിനുള്ളിലേക്ക് ഒഴുകിയിറങ്ങി. വയനാടന്‍ മലനിരകള്‍ പച്ചച്ചും നീലിച്ചും അപൂര്‍വ സുന്ദരങ്ങളായി കാണപ്പെട്ടു. ഒരു ഹെയര്‍പിന്‍ വളവ് തിരിയുമ്പോഴായിരിക്കും നീര്‍ച്ചോലകളെ രഹസ്യങ്ങളില്‍ ഒതുക്കിപ്പിടിച്ചുകൊണ്ട് നീലിമയോലുന്ന പച്ചവര്‍ണത്തില്‍ ഒരു മല പൊടുന്നനെ പ്രത്യക്ഷപ്പെടുക. മഴയെ ഗര്‍ഭം ധരിച്ച മേഘങ്ങള്‍ ആ മലകളെ വാല്‍സല്യത്തോടെ മുത്തമിടുന്നതു കാണാമായിരുന്നു. വിദൂരതകളില്‍ ഉതിരുന്ന നനുത്ത മഞ്ഞുകണങ്ങളുടെ വെണ്‍പുക അത്യുന്നതങ്ങളിലെ മയില്‍വര്‍ണമുള്ള മലകളെ അരുമയോടെ ചുറ്റിപ്പടര്‍ന്നു.

കുഞ്ഞോം ഫോറസ്റ്റ് സ്‌റ്റേഷനിലായിരുന്നു ആദ്യം എത്തിയത്. പുതിയ സ്‌റ്റേഷനും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും പണിയുന്നതായിരുന്നു പ്രോജക്ട്. സാങ്കേതിക വിദഗ്ധരുടെ ആദ്യ സന്ദര്‍ശനം.

അട്ടകള്‍ പതുങ്ങുന്ന കാട്ടുവഴികളില്‍ നേരത്തെ പെയ്ത മഴവെള്ളത്തില്‍ കുതിര്‍ന്ന് ചെളിയിലഴുകിപ്പിടിച്ച ഇലകള്‍ ചിതറിക്കിടന്നിരുന്നു. വഴിയിലെ കാട്ടുകല്ലുകള്‍ നേരിയ പച്ചരാശിയും പൂശി കുറച്ചു വഴുക്കലുകള്‍ നല്‍കി. കാട്ടുപോത്തുകള്‍ അതിക്രമിച്ചു കയറാതിരിക്കാന്‍ വൈദ്യുതി കടത്തിവിട്ട കമ്പികള്‍കൊണ്ട് വേലി കെട്ടിത്തിരിച്ചതിനപ്പുറത്ത് കടും പച്ചക്കാട്. അതിന്റെ പച്ചമണം. മഴവെള്ളം കുത്തിയൊലിക്കുന്ന കാട്ടുവഴികള്‍…

ടേപ്പ് പിടിച്ചു സാങ്കേതിക വിദഗ്ധര്‍ അളവെടുത്തു തുടങ്ങുമ്പോഴേ വനംവകുപ്പുദ്യോഗസ്ഥര്‍ അഗ്രം വളഞ്ഞ കത്തികൊണ്ട് മരങ്ങളുടെ ചില്ലകളും ചെറുചെടികളുമെല്ലാം വെട്ടിക്കളയാന്‍ ആരംഭിച്ചിരുന്നു. കാതലില്ലാത്ത മരങ്ങളൊന്നും അവരുടെ കണ്ണില്‍ മരങ്ങളേയല്ല, വളര്‍ച്ചയെത്താത്ത ചെടികള്‍ ചെടികളുമല്ല. വനത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ ഒരുപക്ഷെ,അങ്ങനെയാവുമായിരിക്കാം. പഞ്ചസാരമലയില്‍ ഇരിക്കുമ്പോള്‍ പഞ്ചസാരയുടെ വില നമ്മെ അലട്ടാത്തതുപോലെ. എങ്കിലും ആ പരിഗണനയില്ലായ്മ എന്നെ അലട്ടാതിരുന്നില്ല. അത്ര വേഗത്തിലാണവര്‍ പച്ചത്തലപ്പുകളെ വെട്ടിനിരത്തിയിരുന്നത്.


ചായയും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മീറ്റിംഗുകളില്‍ ലഭ്യമാവുന്ന ഗുഡ് ഡേ ബിസ്‌ക്കറ്റും ജോലിക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. അപ്പോഴേക്കും ഞങ്ങളെ ഉറ്റുനോക്കാനും വിലയിരുത്താനും രണ്ടു മൂന്നു കുരങ്ങന്മാര്‍ മരക്കൊമ്പുകളില്‍ സ്ഥാനംപിടിച്ചു. ചായയും ബിസ്‌ക്കറ്റുമൊന്നും അവരുടെ ശ്രദ്ധ ഒട്ടും തെറ്റിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ പറഞ്ഞു കേട്ടറിഞ്ഞതു പോലെ മനോഹരമായ സ്വര്‍ണവാലുമിളക്കി ഒരു മലയണ്ണാനും ഹാജരായി.

ആനകളും കടുവയും ഇറങ്ങുന്ന കാടാണതെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ വിശദീകരിച്ചു. കടുവ വളരെ വളരെ ദുര്‍ലഭമെങ്കിലും തീര്‍ത്തും ഇല്ലെന്ന് പറഞ്ഞുകൂടാ. ആനക്കൂട്ടങ്ങള്‍ വരാറുണ്ടെങ്കിലും ഒറ്റയാനകളാണ് അധികമെന്നും അവര്‍ പറയാതിരുന്നില്ല.

 കാട്ടിലെ മഴ കനത്തു പെയ്തപ്പോള്‍ ഞങ്ങള്‍ വനിതാ ഗാര്‍ഡുമാരുടെ ജോലിസ്ഥലത്ത് പോയി അവരുമായി കുറച്ചുനേരം സംസാരിച്ചിരുന്നു. പകലൊക്കെ അവര്‍ക്കും ഫീല്‍ഡ് ഡ്യൂട്ടി ഉണ്ടെന്നും പതിവു വഴിത്താരകളിലൂടെ ഉള്ള സഞ്ചാരത്തില്‍ കാട്ടിനുള്ളില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചാല്‍ അവര്‍ക്ക് പെട്ടെന്ന് അറിയാന്‍ കഴിയുമെന്നും കാട്ടിനുള്ളില്‍ കഴിയുന്നവരില്‍ വളരെ വിശ്വസ്തരായ ഇന്‍ഫോര്‍മാര്‍ ഉണ്ടെന്നും അവര്‍ എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും വനിതാ ഗാര്‍ഡുമാര്‍ പറഞ്ഞു.

 പുരുഷന്മാരായ വനംവകുപ്പുദ്യോഗസ്ഥര്‍ കുടുംബങ്ങളില്‍ നിന്നകന്ന് അധികവും സ്‌റ്റേഷനില്‍ തന്നെയാണ് താമസിക്കുന്നത്. ഒട്ടും സൌകര്യമില്ലാത്ത ഡോര്‍മിറ്ററികളിലും ജീര്‍ണാവസ്ഥയിലായ ക്വാര്‍ട്ടേഴ്‌സിലുമാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. പാമ്പും തേളും പഴുതാരയും ഒക്കെയാണ് അവരുടെ നിത്യസന്ദര്‍ശകര്‍.

ഉച്ചഭക്ഷണത്തിനു സ്ത്രീകള്‍ നടത്തുന്ന ഒരു ഹോട്ടലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെയ്ക്കലും വിളമ്പലും സ്ത്രീകളുടെ പണിയായതുകൊണ്ട് ആഹാരത്തിന് ഒരു വീട്ടുസ്വാദുണ്ടെന്ന് എല്ലാവരും ശരിവെച്ചു. ഊണു കഴിക്കുമ്പോഴും ആഹാരം പാഴാക്കുന്നതില്‍ പുതുതലമുറ വാസ്തുശില്‍പികള്‍ പരസ്പരം മല്‍സരിച്ചു. ഊര്‍ജ്ജോപഭോഗം, സമ്പത്തിനെ ശരിയായി വിനിയോഗിക്കല്‍, മനുഷ്യാധ്വാനം.. ലാറിബേക്കറെക്കുറിച്ച് ഇനിയും ഒത്തിരി അറിയാനുണ്ട് അവര്‍ക്കെന്ന് എനിക്ക് ബോധ്യമായി. അവരെ ആരാണ് അതൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ പോകുന്നതെന്ന ഉല്‍ക്കണ്ഠയും എന്നെ അലട്ടി.


കുഞ്ഞോമില്‍ നിന്ന് പോയത് ബാണാസുരമുടിയുടെ താഴ്വാരത്തിലുള്ള മക്കിയാട് സ്‌റ്റേഷനിലേക്കായിരുന്നു. സ്‌റ്റേഷന്റെ അപ്പുറമാണ് കബനീ നദിയിലെ ബാണാസുര സാഗര്‍ അണക്കെട്ട്. മൂന്നു നിലകളിലായി മുന്നൂറുമീറ്റര്‍ ഉയരത്തില്‍ നിന്നുപതിയ്ക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടവും അടുത്തു തന്നെ. ഇതു രണ്ടും കാണാന്‍ കഴിഞ്ഞില്ല. മഴ വാശിയോടെ പെയ്തു നിറയുകയായിരുന്നു. മഴക്കാലത്ത് മീന്‍മുട്ടി വെള്ളച്ചാട്ടം പല യാത്രികരുടേയും ജീവനെടുക്കാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ താക്കീതു തന്നു.

പച്ച നിറത്തിന്റെ ധാരാളിത്തമായിരുന്നു എവിടേയും. വെണ്‍തേക്ക് എന്ന മരം വെട്ടിമാറ്റി സ്‌റ്റേഷനും ക്വാര്‍ട്ടേഴ്‌സുകളും പണിയുക എന്നതിനോട് യോജിപ്പില്ലാത്ത സാങ്കേതിക വിദ്ഗ്ദ്ധര്‍ കുറച്ചുകൂടി ഉള്ളിലേക്ക് ഉള്ളിലേക്ക് എന്ന് അളവെടുത്ത് പോകുമ്പോള്‍ കാട് അതിന്റെ കടും പച്ചക്കുടയോടെ ഞങ്ങളെ ആവാഹിച്ചുകൊണ്ടിരുന്നു. നല്ല മഴയില്‍ കാട്ടിനുള്ളില്‍ നില്‍ക്കുന്നത് അപൂര്‍വമായ ഒരു ആഹ്ലാദമായി തോന്നി.

മക്കിയാട് സ്‌റ്റേഷനില്‍ വനിതാ ഉദ്യോഗസ്ഥരില്ല. ഇവിടേയും സൌകര്യങ്ങള്‍ വളരെ വളരെ കുറവാണ്. സ്‌റ്റേഷന്‍ കെട്ടിടത്തിനപ്പുറത്ത് ഒരു ക്വാര്‍ട്ടേഴ്‌സ് ഉണ്ടെങ്കിലും അതിലും കാര്യമായി സൌകര്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.

ജോലിയുടേയും ജീവിതത്തിന്റേയും ഏകാന്തയും മടുപ്പും കൊണ്ടാവണം കുറെ കാന്താരിമുളകും വഴുതനയും വെണ്ടയുമൊക്കെയടങ്ങുന്ന പച്ചക്കറികള്‍ വനം വകുപ്പുദ്യോഗസ്ഥര്‍ സ്‌റ്റേഷന്റെ മുറ്റത്തും കാട്ടുവഴികളിലും നട്ടുവളര്‍ത്തുകയും സാമാന്യം നന്നായി അവയെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്.

 മഴവെള്ളത്തില്‍ കുതിര്‍ന്ന് വഴുക്കലുള്ള കാട്ടുവഴികളില്‍ നടക്കുമ്പോള്‍ പരിചയക്കുറവ് നിമിത്തം ഞാന്‍ കാലിടറി കൈകുത്തി ഭംഗിയായി വീണു. എങ്കിലും ഒന്നുരഞ്ഞതല്ലാതെ കൂടുതല്‍ അപകടമൊന്നും ഉണ്ടായില്.

എസ്‌റ്റേറ്റുടമസ്ഥനായിരുന്ന വെള്ളക്കാരന്‍ കല്യാണം കഴിച്ച ആദിവാസി സ്ത്രീയെക്കുറിച്ചും അവരുടെ നീലക്കണ്ണുള്ള മക്കളെക്കുറിച്ചും കേട്ടു. സായിപ്പ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയപ്പോള്‍ ഇവിടത്തെ എസ്‌റ്റേറ്റും മറ്റും ആദിവാസി സ്ത്രീയുടെ പേരില്‍ എഴുതി നല്‍കിയിട്ടാണു പോയതത്രേ. പൊതുവെ വഞ്ചിതരാവാന്‍ മാത്രം വിധിക്കപ്പെട്ട ആദിവാസികളുടെ കഥകേട്ട് പരിചയിച്ച എനിക്ക് ഈ കഥ അല്‍പം അവിശ്വസനീയമായി തോന്നി. ബാണാസുരന്‍മുടി മഴ പെയ്യുമ്പോള്‍ മഴത്തൂവലുകളിലൊളിച്ചും മഴമാറുമ്പോള്‍ പച്ചപ്പുല്ലുകള്‍ തെളിയിച്ച് കണ്ണിറുക്കി കാട്ടിയും എന്നോടു പറഞ്ഞു; 'ഇനിയെത്ര കഥകളുണ്ട്… ഒരിക്കലൊന്നു വന്നതല്ലേയുള്ളൂ… ഇനിയും വരൂ…'

(ചിത്രങ്ങള്‍ ഗൂഗിള്‍)


3 comments:

സുധി അറയ്ക്കൽ said...

കൊതിപ്പിക്കുന്ന ചിത്രങ്ങള്‍ ആണല്ലോ ചേച്ചീ.ഇതെന്ന്‍ നടന്നതാ?????????

Muralee Mukundan , ബിലാത്തിപട്ടണം said...

മനോഹരം ...
കഥകൾ ചൊല്ലിയാടുന്ന വയനാടൻ പച്ചപ്പുകൾ ...

പട്ടേപ്പാടം റാംജി said...

വയനാട് എന്ന് കേള്‍ക്കുമ്പോഴേ മനസ്സില്‍ ഒരു രൂപമുണ്ട്. ഭംഗിയായി.